Tuesday, February 9, 2016

"മ്" (ഷോഭാ ശക്തി )

"മ്"  (ഷോഭാ ശക്തി )
--------------------------------
രണ്ട് ചോദ്യങ്ങളിൽ നിന്ന് ഈ കുറിപ്പ് തുടങ്ങാം.

1) "മ്"...? എന്താണ് ഈ "മ്"..?  
   ഷോഭാ ശക്തി എന്ന ശ്രീലങ്കാൻ എഴുത്തുകാരന്റെ      പുസ്തകത്തിന്റെ പേര് കേട്ടപ്പോൾ ഞാൻ സ്വയം ചോദിച്ച ഒരു ചോദ്യമായിരുന്നു ഇത്.  
2) ഷോഭാ ശക്തി..?
 ഷോഭാ ശക്തി ഒരു തൂലികാ നാമമാണ്. ആന്റണി ദാസൻ എന്ന ഒരു ശ്രീലങ്കൻ തമിഴ് വിമോചന പോരാളിയുടെ തൂലികാ നാമം. തമിഴ് പുലികൾക്കൊപ്പം ആയുധമേന്തി യുദ്ധം  ചെയ്യുകയും പിന്നീട് എല്.ടി.ടി.ഇ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ഫാസിസത്തിന്റെതാണെന്ന് തിരിച്ചറിഞ്ഞു പ്രസ്ഥാനം ഉപേക്ഷിച്ച് യൂറോപ്പിൽ അഭയാർത്ഥിയായി കഴിയുന്ന ഒരു വ്യക്തി. ഞാൻ ഒരു സാഹിത്യകാരനല്ലെന്നും. കേവലം പത്താം ക്ലാസിൽ പഠിപ്പ് നിർത്തി ആയുധമേന്തിയ ഒരു ശ്രീലങ്കൻ തമിഴൻ മാത്രമാണെന്നും അദ്ദേഹം ആദ്യമേ പ്രസ്താവിച്ച് വയ്ക്കുന്നുണ്ട്.  ഒന്നും ചെയ്യാനില്ലതായപ്പൊൾ എഴുത്ത് തുടങ്ങിയ ഒരു ആൾ മാത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം നോവലിലേക്ക് കടക്കുന്നത് തന്നെ. എന്നാൽ ശ്രീലങ്കാൻ വംശീയ കലാപത്തിന്റെ പശ്ചാത്തളത്തിൽ തന്നെ " ഗറില്ല ", " ദേശദ്രോഹി " എന്നീ നോവലുകളുറെയും, സെങ്കടൽ എന്ന ചാല്ചിത്രത്തിന്റെയും രചയിതാവാണ് ഇന്ന് ഇദ്ദേഹം. ഇത്രയും ആമുഖമായി പറഞ്ഞു  "മ്" എന്ന നോവലിനെ പരിചയപ്പെടുത്തട്ടെ.   "മ്" എന്ന ഒരു മൂളൽ ശബ്ദം എന്തിനെയൊക്കെ സൂചിപ്പിക്കുന്നു..? കേവലം ഒരു മൂളൽ ആണെങ്കിലും അതിനു പല അർത്ഥങ്ങളും കൽപ്പിക്കാം. ചിലപ്പോൾ ശരിയെന്ന അർത്ഥത്തിലാകാം. അമർത്തി മൂളിയാൽ സംശയം.. മറ്റൊരു തരത്തിൽ ദേഷ്യം പ്രകടിപ്പിക്കൽ, മാത്രമല്ല ഹാസ്യം, പരിഹാസം, ദൈന്യത എല്ലാത്തിനും ഈ മൂളൽ ശബ്ദം ഒരുപോലെ പ്രയോഗിക്കുക പതിവുണ്ട്‌. എന്നാൽ ഷോഭാശക്തിയുടെ  "മ്"  എന്ന നോവൽ ഇതൊന്നുമല്ല മുന്നോട്ട്‌ വയ്ക്കുന്നത്‌. നോവലിന്റെ ആരംഭത്തിൽ തന്നെ ഷോഭാശക്തി കുറിച്ച്‌ വച്ചിട്ടുള്ള ഒരു വാചകം ഇതിനുത്തരം പറയുന്നുണ്ട്‌. അത്‌ ഇങ്ങിനെയാണു

" മുപ്പത്‌ വർഷങ്ങളായി കൊടും യുദ്ധം ഒരു ലക്ഷം പേർ കൊല്ലപ്പെട്ടു, അൻപതിനായിരം വികലാംഗർ, ഇരുപതിനായിരം വിധവകൾ, പതിനായിരം പേർക്ക്‌ ഭ്രാന്ത്‌, നാട്‌ നഷ്ടപ്പെട്ടവർ, രാജ്യം നഷ്ടപ്പെട്ടവർ, തമിഴ്‌ ഈഴ നിയമം, ജയിൽ, പീഡനം, ചർച്ചകൾ, പൊതുസമ്മേളനങ്ങൾ ഉയരും തമിഴ്‌ കഥകളും, നീണ്ട കഥകളും പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നു. എല്ലാം കേട്ടിട്ടും  "മ്"  എന്ന് പറഞ്ഞ്‌ കൊണ്ടിരിക്കുന്ന എന്റെ ജനങ്ങൾക്ക്‌"

നിസ്സംഗതയാണ്  "മ്" എന്ന ശബ്ദം കൊണ്ട് നോവലിസ്റ്റ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. നോവലിൽ പല ഘട്ടത്തിലും ഈ നിസ്സംഗത നമുക്ക് കാണാൻ സാധിക്കും. ദൈന്യതയിൽ പോലും പലപ്പൊഴും ഒളിഞ്ഞിരിക്കുന്ന നിസ്സംഗതയെ കാണാം. 

ഞാൻ ഇന്നോളം ഒരു നോവൽ  വായിച്ച് ഇത്രമേൽ അസ്വസ്ഥനായിട്ടില്ല. അത്രമേൽ മനസിനെ മഥിക്കുന്ന ഒരു നോവൽ ആണ്  "മ്". ഉത്തരം കിട്ടാത്ത സമസ്യ പോലെ ഒന്ന് രണ്ട് പ്രശ്നങ്ങൾ വായനക്കാർക്ക് മുന്നിലേക്ക് വച്ച് കൊടുത്ത് ഒരു അർദ്ധ വിരാമാത്തിൽ നോവൽ അവസാനിക്കുമ്പോൾ വാസ്തവത്തിൽ നെശകുമാരൻ എന്ന കഥാനായകനെക്കാൾ വലിയൊരു  "മ്..?" എന്ന പ്രശനം നമ്മുടെ മുന്നില് വന്ന് ഭവിക്കുന്നു. 

ശ്രീലങ്കയിലെ വെളുകിട ജയിലിൽ 1983 ജൂലൈ 25,27 തീയതികളിൽ സിംഹളതടവുകാർ തമിഴ് വംശജരായ തടവ് പുള്ളികളെ കൂട്ടക്കൊല ചെയ്തതാണ് നോവലിന്റെ പ്രധാന ഇതിവൃത്തം. അവിടെ നിന്ന് ഭാഗ്യത്തിന്റെ കടാക്ഷം ഒന്ന് കൊണ്ട് മാത്രം കഷ്ടിച്ച് രക്ഷപ്പെടുന്ന വിമോചന പോരാളിയായിരുന്ന  നേശകുമാരൻ തന്റെ അനുഭവങ്ങൾ  വിവരിക്കുകയാണ് നോവലിൽ. ജയിലിൽ വിചാരണയ്ക്കിടയിലും, അല്ലാതെയും അയാൾക്ക് നേരിടെണ്ടി വരുന്ന പീഡനങ്ങൾ  ഒരു തിരക്കഥയിലെന്ന പോലെ ചിത്രീകരിച്ച് വയ്ക്കുന്നുണ്ട് നോവലിൽ. മരണം തൊട്ട് മുന്നില് വാപിളർന്നു വരുന്ന ഘട്ടത്തിൽ സഹ തടവുകാരുടെ ദാരുണ മരണത്തെ വിവരിക്കുന്ന വരികളുണ്ട്. അതിനു ആമുഖമായി അദ്ദേഹം ഇങ്ങിനെ പറഞ്ഞു വയ്ക്കുന്നു. 

"ഇനി ഞാൻ എഴുതുന്നത് വായിച്ചാൽ നിങ്ങൾക്ക് വെറുപ്പ് തോന്നും, മരണത്തെ പറ്റി വായിക്കുമ്പോൾ നിങ്ങൾക്ക് വിഷമം തോന്നരുത്. ഇനിയുള്ള പുറങ്ങൾ വായിക്കാതെ വിട്ടത് കൊണ്ടോ ഈ പുസ്തകം വലിച്ചെറിഞ്ഞത് കൊണ്ടോ ഒരു കാലഘട്ടത്തെ താണ്ടുവാൻ കഴിയുകയില്ല."

തുടർന്നുള്ള വരികൾ മരണത്തിന്റെ താണ്ഡവത്തെയാണു ചിത്രീകരിച്ചിരിക്കുന്നത്. സിംഹള തടവുകാര് ജയിലധിക്രുതരുടെ ഒത്താശയോടെ തമിഴ് തടവുകാരെ കൂട്ട കശാപ്പ് നടത്തുന്ന രംഗങ്ങൾ ദൃക്സാക്ഷി വിവരണം കണക്കെയാണ് വിവരിക്കുന്നത്.  ഒരു നടുക്കത്തൊടെ മാത്രമേ ആ പേജുകൾ നമുക്ക് താണ്ടുവാൻ സാധിക്കുള്ളൂ..

"ഒരു മനുഷ്യനെ കൊടാലി കൊണ്ട് വെട്ടിക്കൊല്ലുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ..? അവന്റെ തൊണ്ടക്കുഴിയിൽ നിന്ന് രക്തം മീറ്റർ കണക്കിനു ഉയരത്തിൽ ചീറ്റി തെറിക്കും. മരിക്കുന്ന മനുഷ്യന്റെ ശബ്ദത്തിനു ഭാഷയുണ്ടാകില്ല. അവന്റെ ശബ്ദം അൽപ്പാൽപ്പമായി കുറഞ്ഞ് അവസാനം നിലയ്ക്കും.  മരണ ശേഷവും അവന്റെ തൊണ്ടയിൽ നിന്ന് ശബ്ദം പിരിഞ്ഞ് പൊയിക്കൊണ്ടേയിരിക്കും.  "

പോലീസിന്റെ പീഡനം, പട്ടാളത്തിന്റെ പീഡനം, ഒടുവിൽ ശിക്ഷ ഇളവ് ചെയ്ത് മോചനം ലഭിച്ചപ്പോൾ സ്വാതന്ത്ര്യം എന്ന സമാധാനത്തോടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ അവിടെ കാത്തിരുന്നത് പുലികളുടെ പീഡനം. പുലിൽകൾ കേവലം വിമോചന പോരാളികൾ മാത്രമല്ലെന്നും അവർ അവിടെ തമിഴർക്കിടയിൽ നടപ്പാക്കിയത് ഫാസിസ്റ്റ് അടിച്ചമർത്തലുകൾ ആണെന്നും നെശകുമാരന്റെ അനുഭവത്തിലൂടെ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നു. ഓരോ വരിയും ഒരു നോവൽ പോലെയല്ല ഒരു നേരനുഭവം പോലെയാണ് നമ്മൾ വായിച്ച് പോകുക. എന്നാൽ ഇത് ഒരിക്കലും ഒരു നേരനുഭാവമായിരിക്കല്ലേ.. കേവലം ഒരു നോവൽ മാത്രമായിരിക്കണേ എന്ന് ഓരോ വായനക്കാരനും ആശിച്ച് പോകുന്ന ഒരു ഘട്ടമുണ്ട് നോവലിൽ. അത് ആണു അതിന്റെ ക്ലൈമാക്സ്. കഥയുടെ ആരംഭത്തിൽ ഒരു ഫ്ലാഷ് ബാക്ക് അനുഭവക്കുറിപ്പായാണു കഥാ നായകൻ നേസകുമാരാൻ ഈ നോവൽ തുടങ്ങുന്നത്. നെശകുമാരന്റെ മകല നിറമി ൽ നിന്നാണു കഥയുടെ തുടക്കം. നോവൽ  അവസാനം വരെ നിറഞ്ഞു നില്ക്കുന്നത് ശ്രീലങ്കൻ തമിഴ് സംഘര്ഷം ആണെങ്കിലും നിറമി നോവലിൽ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആ നിലയ്ക്ക് ഇത് നിറമിയുടെ കൂടി കഥയാണ്. എന്നാൽ ഇതിലെ ക്ലൈമാക്സ്. ഹൃദയം തകർക്കുന്ന ആ ക്ലൈമാക്സ്. ആ വരികൾ രണ്ടാവർത്തി വായിച്ച് നോക്കി. എനിക്ക് വായിച്ച് തെറ്റിയതാണോ എന്ന്. അല്ല. അത് തന്നെയാണ് ക്ലൈമാക്സ്. ബാക്കിയാവുന്ന അതെ നിസ്സംഗത.  "മ്".