Friday, November 11, 2016

യക്ഷിപ്പാല

എന്‍റെ മുന്നില്‍ എപ്പോഴോ ഒരു പ്രകാശം വന്നു നിന്നു. പിന്നെ അതു പടരാന്‍ തുടങ്ങി. പ്രകാശത്തിനു നടുവില്‍ അതിലും പ്രകാശത്തോടെ ഒരു രൂപം തെളിഞ്ഞു. തീത്തുള്ളി പോലെ തിളങ്ങുന്ന കണ്ണുകളാണ് ആദ്യം കണ്ടത്. ഏതോ ഗുഹക്കുള്ളില്‍ നിന്നെന്ന പോലെ ഒരു സ്വരം എന്നില്‍ വന്നിടിച്ചു "എനിക്കു നിന്നെ ഇഷ്ടമായി"  പേടിച്ചു പുറകോട്ട്‌ മാറുന്ന എന്‍റെ നേര്‍ക്കു തിളങ്ങുന്ന ചിരിയോടെ ആ പ്രകാശം പരത്തുന്ന രൂപം കൈകള്‍ നീട്ടി. ആ വിരലുകള്‍ എന്നെ തൊടുന്നതിനൊരു നിമിഷം മുന്‍പ് ഞാനലറിക്കരഞ്ഞു. മുറിയിലെ ലൈറ്റ്‌ തെളിഞ്ഞു. എല്ലാവരുമെത്തുമ്പോള്‍ ഭീതി നിറഞ്ഞ കണ്ണുകളുമായി ഇനിയൊരു കരച്ചിലിനു ത്രാണിയില്ലാതെ ഒരു പത്ത്‌ വയസ്സുകാരൻ കിടന്നു വിറച്ചു. അമ്മ തൊട്ട്‌ നോക്കി. പൊള്ളുന്ന പനിയെന്ന് അഛനോട്‌ പറഞ്ഞു.

നാട്ടിൽ യക്ഷി, ഭൂത, പ്രേത പിശാചുക്കളുമായൊക്കെ വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന കേളപ്പൻ കോമരത്തിന്റെ സ്റ്റഡിക്ലാസിൽ നിന്ന് വിജ്ഞാനം ഉൾക്കൊണ്ട്‌ ആദ്യമായി യക്ഷിയെ വശീകരിക്കാൻ ഇറങ്ങിയ ഒരു പിൻ ചരിത്രമുണ്ടെനിക്ക്‌. മൈ ഡിയർ കുട്ടിച്ചാത്തൻ കണ്ട്‌ മനസിൽ കയറിക്കൂടിയ ഒരു ഫാന്റസി, യക്ഷിയെ അങ്ങിനെ ഒരു കൂട്ടായി കിട്ടിയാൽ കൊള്ളാമെന്ന തോന്നലിൽ നിന്ന് ആണു ആ ഉദ്യമം. ആരും കാണാതെ നട്ടപ്പാതിരനേരത്ത്‌ യക്ഷിയെ തേടി കുന്നുകയറി. എന്നാൽ കഠിനമായ ഭയം നിമിത്തം ആ ഉദ്യമം പാതിവഴിക്ക്‌ ഉപേക്ഷിച്ച്‌ തിരിച്ചോടി. പക്ഷേ അന്നത്തെ രാത്രിയിൽ ആദ്യമായി യക്ഷിയെന്ന സങ്കൽപ്പത്തെ അനുഭവിച്ചു. അന്ന് സ്വപ്നത്തിലാണു യക്ഷിയെ ഞാൻ ആദ്യമായി കണ്ടത്‌.

അത്‌ കഴിഞ്ഞ്‌ ഒന്നു രണ്ട്‌ വർഷങ്ങൾക്കപ്പുറം ഒരു വെക്കേഷൻ കാലത്ത്‌ അമ്മാത്ത്‌ വച്ച്‌ വീണ്ടും ഒരിക്കൽ കൂടി യക്ഷിയെ അനുഭവിച്ചു. ഞാനും ഹൃഷിയേട്ടനും വാര്യത്തെ കുട്ടനു മുന്നിൽ വിറച്ചിരുന്ന ഒരു ദിവസം. പൊടിപ്പും തൊങ്ങലും വച്ച്‌ കുട്ടൻ പറഞ്ഞ്‌ പിടിപ്പിച്ച യക്ഷിപുരാണം. അന്ന് രാത്രിയും മുൻപ്‌ കണ്ട അതേ സ്വപ്നം  വള്ളി പുള്ളി തെറ്റാതെ ഞാൻ കണ്ടു. മുത്തശ്ശിയെ കെട്ടിപ്പിടിച്ച്‌ അലറിക്കരഞ്ഞ രാത്രി. പക്ഷേ എന്നെ അമ്പരപ്പിച്ചത്‌ രണ്ട്‌ തവണയും ഒരേ സ്വപ്നം കണ്ടുവെന്നതായിരുന്നു. പിന്നെ വർഷങ്ങളോളം യക്ഷി ഒരു വെളിച്ചം പരത്തുന്ന രൂപമായി മനസിലങ്ങിനെ കിടന്നു.
.......................
വർഷങ്ങൾക്ക്‌ ശേഷം കോളേജ്‌ കാലത്ത്‌ ഒരു എൻ.എസ്‌.എസ്‌ ക്യാമ്പിനിടെ വീണ്ടും യക്ഷിയുടെ ചൂരറിഞ്ഞു. കൈതപ്പുറത്തെ ഒറ്റപ്പെട്ട കുന്നിന്മുകളിലെ കൈലാസനാഥ ക്ഷേത്രം. ചെങ്കൽ പാറയ്ക്ക്‌ നടുക്ക്‌ ഏത്‌ വേനലിലും നീരുറവ വറ്റാത കുഞ്ഞ്‌ തടാകം. തടാകക്കരയിലെ വലിയ ഒരു പാലമരം. ക്യാമ്പിൽ സന്ധ്യാ നേരത്തെ കലാപരിപാടികളിൽ മുഴുകിയ കൂട്ടുകാർ. അവർക്കിടയിൽ നിന്ന് ആരോ എന്നെ പുറത്തേക്ക്‌ നയിക്കുന്നതായി എനിക്ക്‌ തോന്നി. ക്യാമ്പിനു പുറത്തെ മുറ്റത്ത്‌ നിലാവിൽ ഇറങ്ങി നിന്നു. വൃശ്ചിക കുളിരാർന്ന കാറ്റിൽ അങ്ങകലെ തടാകക്കരയിൽനിന്ന് പാല പൂത്ത മണം മൂക്കിലേക്ക്‌ തുളഞ്ഞ്‌ കയറി.

അരണ്ട നിലാ വെളിച്ചത്തിൽ കാറ്റു വന്ന വഴി നോക്കി നടന്ന് തുടങ്ങി. കുളക്കരയിൽ പൂത്തുലഞ്ഞ്‌ നിൽക്കുന്ന പാലമരം. അവിടെ പാതി പൂ ഇതളുകളില്‍ പാല്‍ നിറവും ഉള്‍പ്പൂവില്‍ മഞ്ഞ നിറവുമായി വസന്തം തീര്‍ത്തു നില്‍ക്കുന്ന പൂമരം. കുറേ പൂവു അടര്‍ന്നു വീണൂ കിടക്കുന്നു. നിലത്ത്‌ വീണു കിടക്കുന്ന മഞ്ഞ്‌ കുതിര്‍ന്ന പൂക്കളെ എന്തിനെന്നറിയാതെ വാരിയെടുത്തു മുഖത്തോട് ചേര്‍ത്തു. ആത്മാവിനെ ത്രസിപ്പിക്കുന്ന ഗന്ധം. തിരികെ കയറുമ്പോള്‍ എന്തൊ വെള്ളത്തില്‍ വീഴുന്ന ശബ്ദം. തിരിഞ്ഞു നോക്കുമ്പോഴേക്കും കുളം അതിനെ ഒളിപ്പിച്ചു കഴിഞ്ഞിരുന്നു. ഓളങ്ങള്‍ ഒന്നുമറിയാത്ത പോലെ തീരം തേടുന്നു. എന്തോ ഒരു ഭയം പെട്ടെന്ന് എന്നിലേക്ക്‌ വന്ന് നിറഞ്ഞു. തിരിച്ച്‌ കൂട്ടുകാർക്കരിലിലേക്ക്‌ എത്താൻ ഒരു വെമ്പൽ. ഒന്നും ആലോചിച്ചില്ല, കയ്യിലെ പാലപ്പൂവുകൾ പാന്റ്സിന്റെ ഇരു പോക്കറ്റുകളിലും കുത്തി നിറച്ച്‌ തിരിച്ച്‌ ക്യാമ്പിലേക്ക്‌ ഓടി.

പാറക്കൂട്ടങ്ങൾ നിറഞ്ഞ ആ കുന്നിൻപുറത്തുകൂടി ഞങ്ങളുടെ ക്യാമ്പ്‌ ഹൗ സിലേക്ക്‌ ഞാൻ പാഞ്ഞു. വഴിയിൽ എതിരെ വന്ന വൃദ്ധൻ എന്നെ കടന്ന് പോയതും അവിടെ നിന്ന് ഒന്ന് തിരിഞ്ഞ്‌ നോക്കി. എനിക്കൊപ്പം പാലപ്പൂവിന്റെ ഗന്ധവും സഞ്ചരിക്കുന്നത്‌ അയാൾ തിരിച്ചറിഞ്ഞിരുന്നു. അയാൾ ഒന്ന് ആഞ്ഞ്‌ ശ്വസിച്ചു. ഭീതിയും ക്രോധവും കലര്‍ന്ന ശബ്ദത്തില്‍ എനിക്കു പിറകില്‍ നിന്നാ ചോദ്യം പാഞ്ഞു വന്നു "കുട്ടി അവിടെപ്പോയല്ലെ?" ഞാൻ പകച്ച്‌ നിന്നു.
 "പാടില്ലായിരുന്നു, യക്ഷി പാലയാണത്‌". കാലത്തിന്‍റെ ചലനം ഒരു നിമിഷം നിലച്ചു. ആകാശം കണ്ണടച്ചു. ഞങ്ങള്‍ക്കിടയില്‍ ഒരു കാറ്റ്‌ പകയോടെ ആഞ്ഞ്‌ വീശി. "കുട്ടി വേഗം പൊയ്ക്കോളൂ" ചുറ്റും ഇരുണ്ട്‌ വരുന്ന അന്തരീക്ഷം നോക്കി അയാള്‍ പറഞ്ഞു. ഒരു രക്ഷപെടലിന്‍റെ ആശ്വാസത്തില്‍ ഞാനെന്‍റെ ഓട്ടം തുടര്‍ന്നു.

അന്ന് രാത്രിയിൽ എപ്പൊളോ ഞാൻ ഉണർന്നു. ക്യാമ്പ്‌ ഹൗസിൽ വല്ലാത്തൊരു നിശബ്ദത തളംകെട്ടി നിന്നു. തണുത്ത കാറ്റിൽ കോച്ചി വിറയ്ക്കുന്നു. മാറിക്കിടന്ന പുതപ്പെടുത്ത്‌ തലവഴി മൂടി പുതച്ച്‌ കിടന്നു. പാലപ്പൂവിന്റെ ഗന്ധം ഒരിക്കൽ കൂടി മൂക്ക്‌ തുളച്ച്‌ വരുന്നു. ഉറക്കം ശരിയാകുന്നില്ല. അങ്ങകലെ നിന്ന് എന്തോ ഒരു ചൂളം വിളി കേൾക്കുന്നത്‌ പോലെ തോന്നി. ഭയം ശരീരമാകെ പടർന്ന് കയറുന്നു. ആരുടെയോ കാൽപ്പെരുമാറ്റം പുറത്ത്‌ ചരൽ മണ്ണിൽ ഉരയുന്നത്‌ കേൾക്കുന്നു.

തലക്കുള്ളില്‍ ഒരു പെരുപ്പ്‌. കാറ്റിന്‍റെ ചൂളം വിളി എന്‍റെ തലയ്ക്കുള്ളില്‍ കിടന്നു കറങ്ങിത്തുടങ്ങി. ഇരുട്ടിന്‍റെ ഗുഹകളിലൂടെ അതിവേഗതയില്‍ മനസ്സ് പാഞ്ഞു നടന്നു. ക്യാമ്പ്‌ ഹൗസിലെ ഞങ്ങളുടെ മുറിയും, എനിക്ക് ചുറ്റും കുടന്നുറങ്ങുന്നവരും എല്ലാം ഞാന്‍ മറന്നുപോയി. എന്തോ ഒരു രൂപം എന്റെ ഞാൻ കിടന്ന ചുവരരികിലെ ജാലകത്തിനടുത്ത്‌ നീങ്ങുന്നു. പെട്ടെന്ന് ചില്ലുടയുന്ന ഒരു ശബ്ദം കേട്ടു. പിന്നാലെ കാതടപ്പിക്കുന്ന മറ്റൊരു ശബ്ദവും ഭയങ്കരമായ ഒരു നിലവിളിയൊച്ചയുടെ തുടക്കവും പിന്നെയുള്ള അമര്‍ത്തിപ്പിടിക്കലും കേട്ട്‌ കണ്ണ് തുറക്കുമ്പോഴും തലയ്ക്കുള്ളിലെ പെരുപ്പവസാനിച്ചിരുന്നില്ല. എന്താ സംഭവിച്ചതെന്നൊ സംഭവിക്കുന്നതെന്നോ അറിയാതെ ഞാന്‍ ഇരുള്‍ രൂപങ്ങളെ നോക്കി മിഴിച്ചിരുന്നു.

കൂട്ടുകാരെല്ലാം ഉണർന്നിരിക്കുന്നു. ആരാ നിലവിളിച്ചത്‌..? അവർ പരസ്പരം ചോദിച്ചു. അവർക്കിടയിൽ ഞാൻ സ്ഥലകാല ബോധം വീണ്ടെടുത്ത്‌ ഒന്നുമറിയാത്തവനെ പോലെ ഞാനും അവർക്കൊപ്പം കൂടി.  ലൈറ്റിന്റെ ധൈര്യത്തിൽ ആ നിഴൽ രൂപം കണ്ട ജാലകത്തിനു നേരെ നോക്കി.
ഭീതിയുടെ നിഴലുകള്‍ വീണ്ടും പരക്കുന്നത് ഞാനറിഞ്ഞു. ഹൃദയത്തില്‍ ഭയത്തിന്‍റെ വിള്ളലുകള്‍ വീഴ്ത്തിക്കൊണ്ട് ചിലന്തിവല പോലെ തകര്‍ന്നിരിക്കുന്ന ചില്ലുപാളികള്‍ ഞാന്‍ കണ്ടു.

പിറ്റേന്ന് എല്ലാവർക്കും അതായിരുന്നു പറയാനുണ്ടായിരുന്നത്‌.  പടിഞ്ഞാറു ഭാഗത്തേക്ക്‌ തുറക്കുന്ന ചില്ലുജാലകങ്ങള്‍ തകര്‍ന്നിരിക്കുന്നത്.   ഉച്ചകഴിഞ്ഞ്  ചില്ലു മാറാന്‍ വന്നയാള്‍ ഒന്ന് അമര്‍ത്തിത്തൊട്ടപ്പോള്‍ ചില്ലു തുണ്ടുകള്‍ മുറിക്കകത്തേക്കും പുറത്തേക്കും അടര്‍ന്ന് വീണു. “ഇതെങ്ങനെയാ ഇങ്ങനെ പൊട്ടുന്നത്?“ അയാളുടെ ആത്മഗതം. ആ പൊട്ടിയ ചില്ലിലൂടെ ഞാൻ പുറത്തേക്ക്‌ നോക്കി. അങ്ങകലെ തടാകക്കരയിൽ യക്ഷിപ്പാല പൂകൊഴിക്കുന്നുണ്ടായിരുന്നു അപ്പോൾ.
©Pudayoor Jayanarayanan