Wednesday, February 13, 2008

പന്തയക്കോഴി

ഓഫീസില്‍ നിന്ന് ഇറങ്ങാ‍ന്‍ വൈകി. കോരിച്ചൊരിയുന്ന മഴയത്ത് നനഞ്ഞൊലിച്ച് റയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോളെക്കും മണി ഒന്‍പതര. ഭാഗ്യം ട്രയിന്‍ വന്നു നില്‍ക്കുന്നതേ ഉള്ളൂ. ആലപ്പുഴയില്‍ നിന്ന് കണ്ണൂര്‍ക്ക് പോകുന്ന എക്സിക്കുട്ടീവ് എക്സ്പ്രസ്സ്. ഓടിച്ചെന്ന് ടിക്കറ്റെടുത്തു. ഒരു കണ്ണൂര്‍.

കോഴിക്കോട്ട് ജോലി നോക്കിയിരുന്ന കാലം. മാസത്തിലൊരു തവണയാ നാട്ടില്‍ പോക്ക്. സ്ഥിരം ഈ വണ്ടിക്കാണ് യാത്ര. 10.45 ആകുമ്പോളെക്കും കണ്ണൂരെത്തും. കോഴിക്കോട് കഴിഞ്ഞാ വണ്ടി പൊതുവേ കാലിയാകും. കമ്പാര്‍ട്ടുമെന്റില്‍ കഷ്ടിച്ച് പത്തുമുപ്പതു പേര്‍ കാണും. എന്തായാലും ചെറിയ ഒരു ഉറക്കം പാസാക്കാനുള്ള നേരമുണ്ട്. ഞാന്‍ സീറ്റില്‍ നീണ്ടു നിവര്‍ന്നു കിടന്നു.

“ങ്ങള് ചാനല് റിപ്പോര്‍ട്ടറാ....?” കണ്ണൂര്‍ ഭാഷയിലുള്ള ഒരു ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞ് നോക്കി. എന്റെ ഐഡന്റിറ്റിക്കാര്‍ഡും പിടിച്ച് ഒരാള്‍ നില്‍ക്കുന്നു. അയാളത് എനിക്ക് നേരെ നീട്ടി.

“ങ്ങള് കിടന്നപ്പം കീശേന്ന് വീണതാ.. ങ്ങളെ ടി.വിന്റെ കാര്‍ഡ്..” എഴുന്നേല്‍ക്കാ‍ന്‍ ശ്രമിക്കുന്നതിനിടെ ഞാന്‍ അയാള്‍ക്ക് താങ്സ് പറഞ്ഞു. അപ്പോളാ‍ണ് ഞാന്‍ അയാളെ ശ്രദ്ധിച്ചത്. ഒരു തോര്‍ത്തുമുണ്ട് വലതു കണ്ണ് മറച്ച് തലയിലൂടെ ചെരിച്ചു കെട്ടിയിരിക്കുന്നു. ഇടതു കയ്യ് ഇല്ല. വെളുത്ത മുണ്ട് ഇറക്കിയിട്ടതു കാരണം കാല് കാണാന്‍ പറ്റുന്നില്ല. പ്രായം കൃത്യമായി തിട്ടപ്പെടുത്താന്‍ പറ്റാത്ത ഒരു രൂപം. അയാളെത്തന്നെ ഞാന്‍ നോക്കിയിരിക്കുന്നതിലെ അസ്വസ്ഥത അയാളില്‍ പ്രകടമായതു പോലെ തോന്നി. എന്റെ നോട്ടം ഒഴിവാക്കാനായി അയാളൊരു ചോദ്യമിട്ടു.“എങ്ങോട്ടാ യാത്ര..?, ഏട്യാ വീട്....?”

“കണ്ണൂര്‍ക്കാണ്; തളിപ്പറമ്പിലാ വീട്...” ഞാന്‍ പറഞ്ഞു.

“ഞാന്‍ തലശ്ശേരിക്കാ... ആട അടുത്ത് കതിരൂരാ വീട്. ഗുരുവായൂര്‍ക്ക് പോയതാ.. കുറ്റിപ്പുറത്ത് നിന്ന് കേറി.” അയാല്‍ ഒറ്റയടിക്ക് പറഞ്ഞു നിര്‍ത്തി. പിന്നെ ഒരു സിഗരറ്റ് എടുത്ത് ചുണ്ടത്തു വച്ചു. തീപ്പട്ടിയും കോലും ഒരു പ്രത്യേകതരത്തില്‍ പ്ടിച്ച് ഒറ്റക്കൈകൊണ്ട് തന്നെ അയാള്‍ തീകത്തിച്ചു.

“വലിക്കുന്നതു കൊണ്ട് പ്രശ്നമുണ്ടോ...?” എന്റെ മറുപടി കാക്കാതെ അയാള്‍ വലിച്ചു കോണ്ടേയിരുന്നു. കുറച്ചു നേരത്തെ മൌനം. പുറത്ത് നല്ല മഴ. മുഖത്ത് ഇറ്റുവീഴുന്ന മഴത്തുള്ളികള്‍. തണുത്ത കാറ്റ്. തീവണ്ടിയുടെ കുടുകുടു ശബ്ദം, മൊനം അസ്വസ്ഥമായപ്പോള്‍ ഇത്തിരി മടിച്ചാണെങ്കിലും ഞാന്‍ ചോദിച്ചു. “എന്തു പറ്റിയതാ ഇടതു കയ്യിന്....?” പുച്ഛം കലര്‍ന്ന ഒരു ചിരിയിലൊതുങ്ങി മറുപടി. സിഗരറ്റ് അയാള്‍ വീണ്ടും ആഞ്ഞു വലിച്ചു. ചോദ്യം അനാവശ്യമായിപ്പോയി എന്ന തോന്നലില്‍ ഞാന്‍ വല്ലാതായി. സിഗരറ്റു തീരുന്നതു വരെ ആ മൌനം നീണ്ടു.. “ങ്ങള് പത്രക്കാരനല്ലേ....? എന്തിനാ വാര്‍ത്തയാക്കാനാ...?” അയാള്‍തന്നെ മൌനം അവസാനിപ്പിച്ചു. “ ഹേയ് അല്ല.. വെരുതേ ചോദിച്ചെന്നെ ഉള്ളൂ..” ചോദ്യം ചൊദിക്കാന്‍ തോന്നിയ നിമിഷ്ഗത്തെ ശപിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

“സാധാരണ ആളുകള് ചോദിക്കുമ്പം മോട്ടറില്‍ കുടുങ്ങിയതാണെന്നോ ആക്സിഡന്റ് പറ്റിയതാണെന്നൊ ഒക്കെയാ ഞാന്‍ പറയാറ്. പക്ഷേ... ങ്ങള് പത്രക്കാരനായതോണ്ട് ഞാന്‍ നുണ പറയിന്നില്ല..” അയാള്‍‍ തുടങ്ങി.

“സുരേന്ദ്രന്‍ എന്നാ എന്റെ പേര്. നാട്ടില് പാര്‍ട്ടിക്കാരനാണ് ഞാന്‍. പാര്‍ട്ടി പറഞ്ഞാ എന്തും ചെയ്യാന്‍ തയ്യറായി നടന്നീരുന്ന കാലം. അതിനിടയിലാണ്‍ നാട്ടില് ഞങ്ങടെ പാര്‍ട്ടീല്‍പെട്ട രണ്ടാള്‍ക്കരെ മറ്റേപാര്‍ട്ടിക്കാര് കൊന്നത്. ചത്തതില്‍ ഒരുത്തന്റെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ചപോലുമായിട്ടില്ല. മറ്റവനാനെങ്കില്‍ വെറും 18 വയസ്. തിരിച്ച്ടിക്കാണായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. പക്ഷേ ശരിക്കും ഞട്ടിപ്പോയത് പത്താം ക്ലാസുവരെ ഒന്നിച്ച് പഠിച്ച ഗംഗാധരനെ കൊല്ലാന്‍ നിയൊഗിക്കപ്പെട്ട അഞ്ചുപേരിലൊരാള്‍ ഞാനാണെന്നറിഞ്ഞപ്പോളായിരുന്നു. കഴിയില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ പലകുറിശ്രമിച്ചു. പക്ഷേ തിരുവായ്ക്ക് എതിര്‍വായില്ല. പാര്‍ട്ടിപറഞ്ഞാല്‍ അത് പറഞ്ഞതാണ്. നിവൃത്തിയില്ലതെ ഞാനും അതിന് ഇറങ്ങി. ഒരു മഴയുള്ള രാത്രിയായിരുന്നു അത്. ഓന്‍ വീട്ടിലേക്ക് വരുന്ന വഴിയില്‍ ഞങ്ങള്‍ കാത്തിരുന്നു. ഓടിച്ചിട്ട് വെട്ടി. വെട്ടുകൊണ്ട് വീഴുമ്പൊ “എന്നാലും ന്റെ സുരേന്ദ്രാ...” എന്നുള്ള ഓന്റെ വിളി ഇപ്പളും എന്റെ കാതിലുണ്ട്.”

ഇതു പറയുമ്പോ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കണ്ണ് നിറഞ്ഞിട്ടുണ്ട്. എത്ര ലാഘവത്തോടെയാണ് അയാളതു പറഞ്ഞത് ഞാന്‍ മനസിലോര്‍ത്തു. കയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി . ദൈവമേ.. സ്വന്തം കൂടുകാരനെ വെട്ടിക്കൊന്ന ഒരാള്‍.. വല്ലത്ത ഒരു തളര്‍ച്ച തൊന്നുന്നു. ഇത്തിരി നേരത്തെ മൌനം. അയാള്‍ വീണ്ടും തുടര്‍ന്നു.

“കുറ്റബോധം കൊണ്ട് നീറുകയായിരുന്നു മോനെ പിന്നെ ഞാന്‍. സ്വന്തം ചങ്ങാതീനെ വെട്ടിക്കൊന്ന പിശാച്. ഞാന്‍ നാടുവിട്ടു. ആദ്യം കൊയമ്പത്തൂര്, അവിടുന്ന് മദ്രാസ്, പിന്നെ ബോംബേ, കല്‍ക്കത്ത.. പലസ്ഥലത്തും അലഞ്ഞു തിരിഞ്ഞു നടന്നു. ഹോട്ടലില്‍ എച്ചില്‍ പാത്രം എടുത്തും, പാത്രം കഴുകിയും വയറു നിറയ്ക്കാനുള്ള വക കണ്ടെത്തി. പക്ഷേ കുറ്റബോധം കൊണ്ട് ഉരുകുകയായിരുന്നു ഞാന്‍. അങ്ങിനെ ഏഴു വര്‍ഷം. ഒടുവില്‍ അജ്ഞാത വാസം അവസാനിപ്പിച്ച് നാടിലേക്ക് തിരിച്ച് ചെന്നു. ഞാന്‍ നാടു വിട്ടതൊടെ തളര്‍ന്നു കിടപ്പിലായ അമ്മ. ഭര്‍ത്താവുപേക്ഷിച്ച പെങ്ങള്‍. കുടുംബത്തെ അനാഥമാക്കാനിറ്റയാക്കിയ നിമിഷത്തെ ഞാന്‍ മനസുകൊണ്ട് ശപിച്ചു. കൂലിപ്പണി ചെയ്തിട്ടായാലും കുടുംബം നോക്കണം. ഒരു പുതിയ ജീവിതം തുടങ്ങണം. കല്‍പ്പണിയും, വാര്‍പ്പ് പണിയും, അങ്ങിനെ കിട്ടുന്നതെന്തു പണിയും ഞാന്‍ ചെയ്തു. അങ്ങിനെയിരിക്കെ ഒരു കല്യാണം ശരിയായി. നിശ്ചയവും കഴിഞ്ഞു.

1999ലെ ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയമായിരുന്നു അത്. കല്യാണ നിശ്ച്യത്തിന്റെ പിറ്റേന്ന്. വായനശാലയില്‍ നിന്ന് രാത്രി കളി കണ്ട് മട്ങ്ങി വരികയായിരുന്നു ഞാന്‍. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു അപ്പോള്‍. കണ്ടം കടന്ന് ഇടവഴിയിലെത്തിയപ്പൊള്‍ ആരൊ പിന്തുടരുന്നുണ്ട് എന്ന് തോന്നി തിരിഞ്ഞ് നോക്കിയതാണ്. കൊല്ലെടാ അവനെ എന്ന് ആരൊ വിളിച്ചു പറഞ്ഞതും മുഖത്ത് വലതു കണ്ണിനു മുകളിലൂടെ വെട്ടു വീണതും ഒന്നിച്ചായിരുന്നു. അമ്മേ... എന്നലറി വിളിച്ചോണ്ട് ഞാന്‍ ഓടി. ഓട്ടത്തിനിടെ രണ്ടുമൂന്ന് വെട്ട് പുറത്തും മുതുകത്തുമൊക്കെയായി കിട്ടി. എന്നിട്ടും ഞാന്‍ ഏന്തി വലിഞ്ഞ് ഓടി. പക്ഷേ അപ്പുറത്ത് തൊട്ടില് ചെന്നു വീണു. അവിടുന്നും കിട്ടി വെട്ടുകള്‍. പിന്നെ ഒന്നും ഓര്‍മ്മയില്ല. ബോധം വന്നത് 12 ദിവസം കഴിഞ്ഞ്. പരിയാരം മെഡിക്കല്‍ കോളെജില്‍ ഐ.സി.യുവിലായിരുന്നു അപ്പോള്‍. പിന്നെ 2 മാസം കൂടി ആശുപത്രിയില്‍ കിടന്നു. പക്ഷേ സ്വാധീനമില്ലാത്ത 2 കാലുകളും ഒരു കയ്യും നരകിക്കാന്‍ ഒരു ജീവനും ബാക്കി. വലതു കണ്ണിന്റെ കാഴ്ചയും അന്ന് പോയി. ” വലതു കണ്ണ് മറച്ചുകൊണ്ട് തലയിലൂടെ കെട്ടിയ തോര്‍ത്തുമുണ്ട് അയാള്‍ അഴിച്ചു മാറ്റി. വികൃതമായിരിക്കുന്നു അയാളുടെ മുഖം.

“14 വെട്ടാ മൊനെ അന്നെനിക്ക് കണ്ടത്. എന്നിട്ടും ഞാന്‍ ചത്തില്ല. ഒരു ഉപകാരവുമില്ലാത്ത എന്നെ പാര്‍ട്ടിക്കാര്‍ക്കും വേണ്ടാതായി. ചത്തെങ്കില് കണ്ണൂര്‍ ജില്ലാ‍കമ്മറ്റി ആപ്പീസിന്റെ മുന്നിലെ ചുമരിമ്പില് എഴിതിവച്ചിട്ടുള്ള രക്ത സാക്ഷികളുടെ ലിസ്റ്റില്‍ ഒരു പേരുകൂടി. പക്ഷേ ജീവിക്കുന്ന രക്തസാക്ഷികളെ ആര്‍ക്കുവേണം....? പന്തയക്കോഴികളെയാ മോനേ പാര്‍ട്ടിക്കാര്‍ക്ക് വേണ്ടത്. പാര്‍ട്ടി പറയുമ്പം പടവെട്ടുന്ന പന്തയക്കോഴികളെ..” അയാള്‍ പറഞ്ഞു നിര്‍ത്തി. വണ്ടി ഏതോ സ്റ്റെഷനിലേക്ക് എത്തുകയാണ്.

“മാഹി എത്തി. അടുത്തത് തലശേരിയാ. ഞാന്‍ ഇറങ്ങും. പത്തേക്കാല് കഴിഞ്ഞില്ലേ.. ലാസ്റ്റ്ബസ്സ് പോയിട്ടുണ്ടാകും. പിന്നെ ഓട്ടോ പിടിക്കെണ്ടി വരും.” അയാള്‍ പറയുന്നത് നിര്‍വികാരമായി ഞാന്‍ മൂളിക്കേട്ടു. അയാള്‍ വീണ്ടും തുടര്‍ന്നു.

“പക്ഷേ ഞാന്‍ ഇപ്പം ജീവിക്കുകയാ മോനേ... ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ എന്റെ കല്യാണം കഴിഞ്ഞു. എന്റെ നരക ജീവിതം പങ്കു വയ്ക്കാനും ഒരാള്. ദൈവം എനിക്ക് തന്ന അനുഗ്രഹമാ ഓള്. രണ്ട് മാസൂം കൂടി കഴിഞ്ഞാല്‍ ഓള് പെറും. ” അയാള്‍ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.

“എണീക്കാനായാല്‍ എനിക്ക് പുതിയൊരു ജീവിതം തന്ന ദൈവങ്ങളെ മുഴുവന്‍ ചെന്നു കാണാമെന്ന് ഞാന്‍ നേര്‍ന്നിരുന്നു. അതാ ഗുരുവായൂര്‍ക്ക് പോയത്. അടുത്ത തവണ മാലയിട്ട് മലയ്ക്ക് പോണം” അയാള്‍ പറഞ്ഞ് നിര്‍ത്തി.

വല്ലാത്തൊരു നിര്‍വികാരതയില്‍ ഒന്നും പറയാനാകാതെ അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. കുരച്ചു നേരത്തെ മൌനം. വണ്ടി തലശേരി റയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കുകയാണ്. ഒരു ചിരിയോടെ. തീവണ്ടിയുടെ ജനല്‍ കമ്പികള്‍ പിടിച്ച് അയാള്‍ എഴുന്നേറ്റു. “മോനെ.. ഞാന്‍ പോവുകയാ.. പറ്റിയാല്‍ ഇനി എപ്പോളെങ്കിലും കാണാം..”

സ്വാധീനക്കുറവുള്ള കാലുകള്‍ നിരക്കി അയാള്‍ പുറത്തേക്ക് നീങ്ങി. അപ്പോളും അയാളെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. എന്റെ കണ്ണുകള്‍ അപ്പൊള്‍ നിറഞ്ഞിരുന്നുവോ..? എനിക്കോര്‍മ്മയില്ല. ഞാന്‍ ജനലഴികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. പുറത്ത് അപ്പോഴും നല്ല മഴ പെയ്യുന്നുണ്ടായിരുന്നു....