Thursday, December 27, 2007

മംഗലശ്ശേരി നീലകണ്ഠന്‍ vs മുണ്ടയ്ക്കല്‍ ശേഖരന്‍

തളിപ്പറമ്പിനടുത്ത് തലോറയെപ്പറ്റി മറുനാട്ടുകാരറിഞ്ഞിരുന്നത് 2 തലതെറിച്ചവന്മാരുടെ “(കു)പ്രസിദ്ധി”കൊണ്ടായിരുന്നു. അതിലൊന്ന് മറ്റാരുമല്ല ഈയുള്ളവന്‍ തന്നെ. നാടും നഗരവും കുട്ടിച്ചോറാക്കി ഒടുവില്‍ ബ്ലോഗ ലോകത്തെതന്നെ കുളംതോണ്ടാന്‍ എത്തിയിട്ടുള്ള സാക്ഷാല്‍ ജയനാരായണന്‍. മറ്റേയാള്‍ എന്നോളം പ്രശസ്തനല്ലെങ്കിലും തല്ലുകൊള്ളിത്തരത്തില്‍ എന്നോളം തന്നെ പോന്നവന്‍. തല്‍ക്കലത്തേക്ക് നമുക്കയാളെ പുത്തലം ബാബു എന്നു വിളിക്കാം. (ഇതില്‍ അദ്ദേഹത്തിന്റെ യഥാര്‍ഥനാമം എഴുതി എന്നു പറഞ്ഞ് പുള്ളിക്കാരനിനി വിഷമമാകണ്ടല്ലോ.) എന്തായാലും തലോറനാട്ടില്‍ ഈയുള്ളവനോട് മുട്ടാന്‍ അന്നും ഇന്നും ചങ്കൂറ്റമുള്ള ഒരുത്തന്‍. മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ. അടിതടകളില്‍ ഒപ്പത്തിനൊപ്പം. വീട്ടുകാര്‍ക്ക് തലവേദന. നാട്ടുകാര്‍ക്ക് പേടിസ്വപ്നം.
അതിനിടയ്ക്കണ് നാട്ടുകാരുടെ പൊതു വികാരം മാനിച്ച് മഹത്തായ ഒരു ദൌത്യം എന്റെ പിതാശ്രീ എറ്റെടുത്തത്. എന്നെ നേരെയാക്കുക. അച്ഛന്റെ തീരുമാനമറിഞ്ഞ് ഞട്ടിത്തരിച്ച പലരും പറഞ്ഞു,
“ന്റെ രജേട്ടാ‍.. നിങ്ങളിതെന്തു ഭാവിച്ചാ.. അപ്പൂനെ നേരെയക്കുകയോ..? കാര്യമൊക്കെ കാര്യംതന്നെ. ഇത തലോറനാടിന്റെ മൊത്തം ആവശ്യമാണ്. പ്ക്ഷേ ഇരുതലയുള്ള വാള്‍ നക്കുക, തീ തുപ്പുന്ന വ്യാളിയുടെ മുഖത്ത് ഉമ്മ വയ്ക്കുക തുടങ്ങിയ ഭീകര കലാപരിപാടികള്‍ ഏറ്റെടുക്കുന്നതുപോലും ഇത്രേം റിസ്കില്ല. വെറുതെ എന്തിനാ കൂട്ടിയാല്‍ കൂടാത്ത പരിപാടി ഏറ്റെടുക്കുന്നത്? തടി കേടാവുന്ന ഏര്‍പ്പാടാണ്!”

ഇതുകൂടിക്കേട്ടപ്പൊ അച്ഛനും വാശിയായി. എന്നെ ചട്ടം പഠിപ്പിച്ചേ അടങ്ങൂ എന്ന മഹത്താ‍യ തീരുമാനം അച്ഛന്‍ കൈകൊണ്ടു. എന്നെ അക്ഷരാര്‍ത്ഥത്തില്‍ കോലിന്മേല്‍ നിര്‍ത്തുകയായിരുന്നു പിന്നെ അച്ഛന്‍. അടി കൊണ്ട് കാലിന്റെ തോലു പോകാതിരിക്കാന്‍ വള്ളി ട്രൌസറിനു മുകളില്‍ കവുങ്ങിന്‍പാള വച്ച് കെട്ടേണ്ടിവരും എന്ന അവസ്ഥയായപ്പോള്‍ ഞാനാ‍ തീരുമാനമെടുത്തു. തല്‍ക്കാലത്തേക്കെങ്കിലും ഒരു നല്ലനടപ്പ്. വന്‍ വിജയമായിരുന്നു നല്ലനടപ്പ്. 6മാസം കൊണ്ട് നാട്ടിലെ ഏറ്റവും തലതെറിച്ചവന്‍ എന്ന പേര് എറ്റവും മിടുക്കന്‍ എന്നതിലേക്ക് ഞാന്‍ മാറ്റിയെടുത്തു. അച്ചടക്കം,വിനയം. ഇവനെ കണ്ടുപഠിക്ക് എന്ന് നാട്ടിലെ മുതിര്‍ന്നവര്‍ മറ്റുകുട്ടികളോട് പറഞ്ഞുതുടങ്ങി. അച്ഛനെ നാട്ടുകാര്‍ അഭിനന്ദനം കൊണ്ട് മൂടി. “രാജേട്ടാ സമ്മതിച്ചു.. എന്നാലും നാട്ടുകാരുടെ ഒരു പൊതു ആവശ്യം വിജയകരമായി നിറവേറ്റിയല്ലൊ..”

പക്ഷേ കോമ്രേഡ് നീലകണ്ഠന്റെ വീഴ്ച്ച അതിലും വലിയ അരാജകത്വം നാട്ടില്‍ സൃഷ്ടിക്കുകയായിരുന്നു. നമ്മടെ കോമ്രേഡ് മുണ്ടയ്ക്കല്‍ ശേഖരന്‍ നീലകണ്ഠന്റെ വീഴ്ച്ച ആഘോഷമാക്കി. ബൈപോളാര്‍ തലോറ യുനിപോളാര്‍ തലോറയായി. ശീതയുദ്ധകാല‍ഘട്ടത്തിനു ശേഷമുള്ള ലോകത്തിന്റെ അവസ്ഥയായി തലോറനാട്ടില്‍. ജനം പൊറുതിമുട്ടി. മുന്‍പ് ഏറ്റുമുട്ടലുകള്‍ നേര്‍ക്ക് നേരായിരുന്നത് പ്രതിയോഗി ഇല്ലതായതോടെ നാട്ടുകാര്‍ക്ക് നേരെയാക്കി നമ്മുടെ മുണ്ടയ്ക്കല്‍ശേഖരന്‍. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് വഴിയാത്രക്കാര്‍ക്ക് കല്ലെറിയല്‍, റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്ത പഴയ ലാംബി ഓട്ടോയുടെ പെട്രോള്‍ടാങ്കില്‍ കല്ലുപ്പു നിറയ്ക്കുക, അടുത്തവീട്ടിലെ പട്ടിക്ക് ഉള്ളില്‍ മൊട്ടുസൂചി വച്ച ഉണക്കമീന്‍ കൊടുക്കുക. കൊഴിക്കൂട്ടില്‍ എലിവിഷം വയ്ക്കുക തുടങ്ങിയ കലാപരിപാടികളിലൂടെ ശേഖരന്‍ നാട്ടില്‍ അരാജകത്വം അഴിച്ചുവിട്ടു.

ഒരിക്കല്‍ നീലകണ്ഠന്റെ പതനം നേരിട്ട് ആസ്വദിക്കാന്‍ എന്റെ മുന്നിലുമെത്തി കോമ്രേഡ് ശേഖരന്‍. “എന്നോ എന്റെ കാലില്‍തറച്ച മുനയൊടിഞ്ഞ മുള്ളുമാത്രമാണു എനിക്ക് നീ... ആ മുള്ളിന് ഇനി എന്നെ കുത്തി നോവിക്കനാവില്ല; വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....”
എന്ന ഡയലോഗ് പറഞ്ഞ് ഞാനവനെ അന്ന് വെറുതേ വിട്ടു. പക്ഷേ അഹങ്കാരത്തിന്റെ ആള്‍ രൂപമായി ശേഖരന്‍ നാട് കുട്ടിച്ചോറാക്കി. ഒടുവില്‍ മംഗലശേരി നീലക്ണ്ഠനും മുണ്ടയ്ക്കല്‍ ശേഖരനും തമ്മിലുള്ള യുദ്ധം തലോറ നാട്ടില്‍ അനിവാര്യമായി വന്നു... സാക്ഷാല്‍ദേവാസുരയുദ്ധം”.

1992 ജൂണ്‍..

മഴ ആഘോഷമാക്കാറുള്ള കാലം. കനത്ത മഴപെയ്താല്‍ തലോറ നാട്ടിലെ പാടം മുഴുവന്‍ വെള്ളത്തിനടിയിലാകും. മലവെള്ളപ്പാച്ചിലില്‍ കുപ്പം പുഴ നിറഞ്ഞു കവിയുന്നതാണ് കാരണം. കുട്ട്യോള്‍‍ക്കത് ഉത്സവകാലമാണ്. വാഴത്തട കൂട്ടികെട്ടിയ ചങ്ങാടമുണ്ടാക്കി ഞങ്ങള്‍ വെള്ളപ്പൊക്കം കാണാനിറങ്ങും. മലവെള്ളത്തിലൊലിച്ചു വരുന്ന തേങ്ങ പച്ചക്കറികള്‍ തുടങ്ങിയവ സംഭരിക്കലാണ് ഏറ്റവും വലിയ വിനോദം. ഇതിനാണെങ്കില്‍ കുട്ട്യോള്‍ തമ്മില്‍ മത്സരവുമാണ്. ഏറ്റവും സാധനങ്ങള്‍ ആര്‍ക്ക് കിട്ടുന്നു എന്നതാണ് വിജയിയെ നിശ്ചയിക്കുന്നത്. അത്തരമൊരു മഴക്കാലത്താണ് തലോറനാട് ദേവാസുര യുദ്ധവേദിയായി കോമ്രേഡ് നീലക്ണ്ഠനും കോമ്രേഡ് ശേഖരനും തിര്‍ഞ്ഞെടുക്കുന്നത്.

ഇടവപ്പാതി മഴ ഇത്തവണ ഇത്തിരി കനത്തു. മഴ കനത്തപ്പോള്‍ ജില്ലാ കലക്ടര്‍ 2 ദിവസം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പതിവു കലാപരിപാടിയുമായി ഞങ്ങള്‍ ഇറങ്ങി. പക്ഷേ പതിവിനു വിപരീതമായി ഇത്തവണ ശേഖരന്‍ രംഗത്ത്. ഞാനും എന്റെ അനിയനും എത്തുന്നതും കാത്ത് വാഴത്തട ചങ്ങാടവുമായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ കൂട്ടുകാരെ കൈകാര്യം ചെയ്യുകയായിരുന്നു കക്ഷി. എന്നെ ക്ണ്ടതോടെ സഖാവിനു കലിപ്പുകൂടി. ചങ്ങാടത്തില്‍ കയറാന്‍ ശ്രമിച്ച അനൂനെ കക്ഷി വെള്ളത്തില്‍ തള്ളിയിട്ടു.
ഞാന്‍ മീശ പിരിക്കുന്നതിനു പകരം വള്ളി ട്രൌസര്‍ കേറ്റി മസിലുപിടിച്ച് ഒരലക്കന്‍ ഡയലോഗൊന്നു കാച്ചി.

“ശേഖരാ.. നിന്നെ തോടാത്തത് എന്റെ കഴിവുകേടായി നീ കരുതിയെങ്കില്‍ തെറ്റി. നീലകണ്ഠനിപ്പോ ജീവിക്കാന്‍ പഠിക്കുകയാ.. അല്ലേല്‍ കഴിഞ്ഞ തവണ മുട്ടിയപ്പോതന്നെ മോഹന്‍ലാലിന്റെ മാതിരി ശെഖരന്റെ കയ്യ് ഞാന്‍ വെട്ടിയേനേ.., അനൂനെ വിട് ധൈര്യമുണ്ടെങ്കില്‍ നീ എന്നോട് മുട്ടാന്‍ വാ”.

പ്ക്ഷേ.. ശേഖരനിതെത്ര കണ്ടതാ... അനൂനെ അവന്‍ വെള്ളത്തിലിട്ട് മുക്കി. അതോടെ അങ്കക്കലിമൂത്ത് ഞാന്‍ അവന്റെ നേര്‍ക്ക് ചാടി. മൂട്ടു മടക്കി വയറ്റിനിട്ട് ഒരെണ്ണം. എന്നിട്ട് അനുവിനെ വലിച്ച് കറയ്ക്കു കേറ്റി. ഏന്നിലെ നീലകണ്ഠന്‍ ആടുതോമയും കടന്ന് പൂമുള്ളി ഇന്ദുചൂഡനായി. സാക്ഷാല്‍ നരസിംഹാവതാരം.

“ മോനെ ദിനേശാ... 6 മാസം. 6 മാസത്തെ ഇടവേള ക്ഴിഞ്ഞ് ഞാന്‍ വന്നു. ചില കളികള്‍ കളിക്കാനും ചിലത് കളിപ്പിക്കാനും... നീ പോ.. നീ പോ മോനേ ദിനേശാ...”

യെവടെ.. ശേഖരന്‍ രണ്ടും കല്‍പ്പിച്ചാ വ്ന്നേക്കുന്നെ.. അവന്‍ എനിക്കിട്ടൊരെണ്ണം ചാമ്പി. അതുകൂടിയായപ്പോ ഞാന്‍ അവനെ തൂക്കിയെടുത്ത് വെള്ളത്തിലേക്കിട്ടു. എന്നിട്ട് അവന്റെ മുക്കളില്‍ കയറി ഇരുന്നു. ശേഖരന്‍ ശ്വാസം മുട്ടി പീടഞ്ഞു... ഒടുവില്‍ ദയ തോന്നി ഞാന്‍ എഴുന്നേറ്റു. അവനെ വലിച്ച് കരയ്ക്കിട്ടു. എന്നിട്ട് വീണ്ടും കാച്ചി ഒരു ഡയലോഗ്...

“ ശേഖരാ... ഇന്ന്; ഈ നിമിഷം; തല്ലുകൊള്ളിത്തരമവസനിപ്പിച്ച് നല്ല നടപ്പിന് തയ്യാറായാല്‍ നിനക്ക് നന്ന്. ഈനാട്ടില്‍ ഒരു തല്ലുകൊള്ളി മതി. അതിനു ഞാനുണ്ട്. എന്റെ പരിധി കയ്യേറാന്‍ ഇനിയെങ്ങാനും വന്നാല്‍ മോനെ ദിനേശാ പച്ചയ്ക്ക് കൊളുത്തും ഞാന്‍.....”

ദേവാസുര യുദ്ധത്തോടെ തലോറനാട് ശാന്തമായി. പക്ഷേ തല്ലുകൊള്ളിത്തരത്തില്‍ നിന്ന് ഹീറോയ്യിസത്തിലേക്കുള്ള ഈയുള്ളവന്റെ വളര്‍ച്ച തുടങ്ങി എന്ന് മാത്രം പ്രിയ ബ്ലോഗ്ഗ് വായനക്കാര്‍ കരുതരുത്. എത്ര കിടക്കുന്നു ഇനിയും വീരേതിഹാസങ്ങള്‍...

Sunday, December 16, 2007

യക്ഷി വേട്ട

ഇതു വായിച്ച് യ്ക്ഷിവേട്ടയ്ക്കിറങ്ങുന്നവര്‍ കയ്യില്‍ കരുതേണ്ട സാധനങ്ങള്‍

‍പേനാകത്തി............................................ 1
ചുണ്ണാമ്പ്( അമര്‍വിലാസ്-വാസനയുള്ളത്). 1
വെറ്റില.............................3
അടയ്ക്ക............................1
ഈറന്‍ തോര്‍ത്ത്...............1
പാലപ്പൂവ്.................... 10
ധൈര്യം..................... ആവശ്യത്തിന്

ഇത്രയുമായാല്‍ നിങ്ങള്‍ക്കും യ്ക്ഷിവേട്ടയ്ക്കിറങ്ങാം.


NB: യക്ഷികളില്‍ വിശ്വാസമുല്ലവര്‍ മാത്രം യക്ഷിവേട്ടയ്ക്കിറങ്ങുക.
യക്ഷി ചുണ്ണാമ്പ് ചോദിച്ചാല്‍ കൈ കൊണ്ട് കൊടുക്കതെ കത്തിമുനകൊണ്ട് മത്രം കൊടുക്കുക

യക്ഷികള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ കള്ളിയങ്കാട്ട് നീലിയെ മനസില്‍ ധ്യാനിച്ച് തുടര്‍ന്നു വായിക്കുക..


“ന്റെ കുഞ്ഞിയേള്യേട്ത്തേ.. ങ്ങ ബിചാരിക്കുമ്പോലെ ഒന്നുമല്ല ഈ യ്ക്ഷി. ങ്ങളെന്ത്ന്നാ ബിചാരിച്ചിനി ഈ യ്ക്ഷീനക്കുറിച്ച്...? ബെള്ള സാരീം ഉട്ത്ത്, അന്ത്യോളം പൊട്ടി ചിരിച്ചോണ്ടിരിക്കുന്ന സാധനാന്നാ..? ഈ യക്ഷിണ്ടല്ല അങ്ങിനെയൊന്ന്വല്ല ഉണ്ടാവ്വാ.. ങ്ങള മനസില് ഏറ്റവും ബെല്യ സുന്ദരി ആരാന്നോ ഓളപ്പോല്യാ യ്ക്ഷി ങ്ങള മുന്നില് ബെര്വ..”

കേളപ്പന്‍ കോമരത്തിന്റെ യക്ഷിപുരാണം കേട്ടപ്പൊള്‍ അന്ന് എന്റെ മനസില്‍ വന്ന രൂപം ഏന്റൊപ്പം പഠിച്ച രാജേഷിന്റെ ചേച്ചിയുടെതായിരുന്നു. അന്ന് എന്റെ സൌന്ദര്യ സങ്കല്‍പ്പപ്രകാരം ഭൂമിമലയാളത്തിലേറ്റവും സുന്ദരി ആ ചേച്ചിയായിരുന്നു. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരില്‍ നിന്ന് ഈയുലകത്തില്‍ മനുഷ്യനു പുറമെ യക്ഷി എന്നൊരു ക്യാറ്റഗറി കൂടി ജീവിച്ചിരിപ്പുണ്ട് എന്ന് മനസിലാക്കിയത്. അന്നു മുതല്‍ തുടങ്ങിയ റിസര്‍ച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോളാണ് ഇതേ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ മറ്റൊരാള്‍ എന്റെ നാട്ടില്‍ തന്നെ ഉണ്ട് എന്ന മഹാ സത്യം എനിക്ക് വെളിപ്പെട്ടത്.. സക്ഷാല്‍ കേളപ്പന്‍ കോമരം. ചുട്ട കോഴിയെ പറപ്പിക്കണ കക്ഷി. യക്ഷിയെ കൈവള്ളയിലിട്ട് അമ്മാനമാടിയിട്ടുണ്ടത്രേ.. ഭയ ഭക്തി ബഹുമാനത്തോടെ ഞാന്‍ കേളപ്പന്‍ കോമരത്തിന് വെറ്റിലയും അടക്കയും വച്ചു.

“കുഞ്ഞേളിയേട്ത്തേ.. ഇതെന്നാപ്പാ ഇപ്പം ഈ ബയിക്കെല്ലാം...? ങ്ങക്കെന്നാ ബേണ്ടേ...?” കേളപ്പന്‍ കോമരം എന്നോട് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. യക്ഷിയാണ് എന്റെ പ്രശ്നം എന്ന് മനസിലായതോടെ കേളപ്പന്‍ കോമരത്തിന് ആവെശം കേറി. മൂപ്പരുടെ വീരസാഹസിക കഥകളും, പറഞ്ഞുകേട്ട യക്ഷിക്കഥകളുമെല്ലാം പൊടിപ്പും തൊങ്ങലുംവച്ച് കക്ഷികേറി പെരുക്കി. അതിന്റെടെലാ യക്ഷിയെ അടിമയാക്കിയ ഒരു മാന്ത്രികന്റെ കഥ ഞാന്‍ ശ്രദ്ധിച്ചത്. അക്കാര്യം വിശദമായിത്തന്നെ എന്റെ റിസര്‍ച്ച് ഗൈഡിനോട് ഞാന്‍ ചോദിച്ചു മനസിലാക്കി.

ഒരാള്‍ക്ക് ഇപ്പോള്‍ യക്ഷിയില്‍ കടുത്ത വിശ്വാസമുണ്ടെങ്കില്‍, മനസില്‍തട്ടി വിളിച്ചാല്‍ യക്ഷി വരും. പക്ഷേ അങ്ങിനെ എപ്പൊ വിളിച്ചാ‍ലും മൂപ്പത്ത്യാര് വരില്ല. 41 ദിവസത്തെ കഠിന വ്രതം, പ്രാര്‍ത്ഥന. 41 ദിവസം കഴിഞ്ഞ് വരുന്ന അമാവാസി ദിവസം രത്രി 12 മണികഴിഞ്ഞാല്‍ കുളത്തില്‍ മുങ്ങിക്കുളിച്ച്, ഈറനുടുത്ത്, കുളക്കടവിലിരുന്ന് വെറ്റില മുറുക്കി, അരയില്‍ കത്തിയും തിരുകി, ഒരുകയ്യിലിത്തിരി പാലപ്പൂവും, മറുകയ്യില്‍ ചുണ്ണാമ്പുമായി അടുത്തുള്ള യ്ക്ഷിക്കവിലേക്കോ ശ്മശാനത്തിലേക്കോ നടക്കുക. പിന്നില്‍ നിന്ന് എന്ത് ശബ്ദം കേട്ടാലും തിരഞ്ഞ് നോക്കാതെ, ഉരിയാടാതെ വേണം നടക്കാന്‍. പല പരീക്ഷണങ്ങളും വഴിയില്‍ നേരിടേണ്ടി വരും. ഇതൊക്കെ അതിജീവിച്ച് ശ്മശാനത്തിലെത്തി വലതുകയ്യിലെ പാലപ്പൂവ് മൂന്നുതവണയായി ആരാധിച്ച്, തിരിഞ്ഞ് നിന്ന് വായിലുള്ള മുറുക്കാന്‍ തുപ്പിക്കളഞ്ഞ് കത്തിമുനകൊണ്ട് ചുണ്ണാമ്പ് കോരി കണ്ണടച്ച് യക്ഷിയെ പ്രാര്‍ത്ഥിക്കുക. പിന്നില്‍ നിന്ന് പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കുമ്പോ തിരിഞ്ഞ് നോക്കുക. യക്ഷി മുന്നിലുണ്ടാകും. യക്ഷിയുടെ കാല്‍ നിലത്തു മുട്ടുന്നുണ്ടെങ്കില്‍ യക്ഷി നിങ്ങളുടെ അടിമ. മറിച്ചെങ്കില്‍ നിങ്ങള്‍ യ്ക്ഷിയുടെ ഇര.

കേളപ്പന്‍ കോമരത്തിന്റെ യക്ഷി പുരാണം കേട്ട് ഞാന്‍ അന്തിച്ചിരുന്നു. ദിവസങ്ങളോളം ഞാന്‍ അതു തന്നെ ആലോചിച്ച് നടന്നു. യക്ഷി അടിമയായുണ്ടെങ്കില്‍ ഉള്ള സൌകര്യങ്ങള്‍ ആലോചിച്ച് ഞാന്‍ തല പുണ്ണാക്കി. അലാവുദ്ദീനു കൈട്ടിയ അദ്ഭുതവിളക്കിലെ ഭൂതത്തെപോലെ യക്ഷിയെ വച്ച് എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കാം! ഹോംവര്‍ക്ക് ചെയ്യേണ്ട ഉത്തരവാദിത്തം യ്ക്ഷിക്ക് വിടാം. ക്ലാസില്‍ ടീച്ചര്‍മാരുടെ അടികൊള്ളാതിരിക്കനുള്ള ഉത്തരവാദിത്തം, അഥവാ അടിച്ചാല്‍ ടീച്ചര്‍ക്കിട്ടൊരു പണി കൊടുക്കുന്നത്, ക്ലാസിലെ എന്റെ ഗുണ്ടായിസത്തിന്‍ വഴങ്ങാത്തവര്‍ക്കുള്ള പണി.. അങ്ങിനെ യക്ഷിയെക്കൊണ്ട് എനിക്കുള്ള ലളിതമായ ഉപകാരങ്ങളുടെ വലിയൊരു ലിസ്റ്റ് ഞാന്‍ ഉണ്ടാക്കി. കൂട്ടുകാരുടെ വിലയേറിയ ഉപദേശം കൂടി വന്നപ്പോള്‍ ഞാന്‍ തീരുമാനമെടുത്തു. അടുത്ത ഓപ്പറേഷന്‍ യ്ക്ഷി വേട്ട.അച്ഛനുമമ്മയുമറിയാതെ യക്ഷിവേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കേളപ്പന്‍ കോമരത്തിന്റെ അനുഗ്രഹാശിസ്സുകളോടെ 41 ദിവസത്തെ വ്രതം, പ്രാര്‍ത്ഥന..

ഒടുവില്‍ ആ മഹത്തായ ദിവസം വന്നെത്തി. അമാവാസി ദിവസം. രാത്രി എല്ലാരുമുറങ്ങുന്നതുവരെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു. രാത്രി മണി 11 അടിച്ചു. എന്റെ ഓപ്പറേഷന്‍ തുടങ്ങാന്‍ ഇനിയുമുണ്ട് അര മണിക്കൂര്‍ കൂടി. വല്ലാത്തോരു അസ്വസ്ഥത. സമയം നീങ്ങുന്നേ ഇല്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.. തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് അടിക്കുന്നു. ക്ഷമകെട്ട് ഞാന്‍ എഴുന്നേറ്റു. ശബ്ദമുണ്ടാക്കതെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ധൈര്യം തരാന്‍ പെരുംതൃക്കോവിലപ്പനെ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഇല്ലത്തിനു തെക്കോറത്തുള്ള കുളത്തില്‍ മുങ്ങിക്കുളിച്ചു. പലപ്പൂവും കത്തിയും ചുണ്ണാമ്പും നേരത്തെ തയ്യറാക്കി വച്ചിരുന്നത് കയ്യിലെടുത്തു. ഈറന്‍ തോര്‍ത്തുമായിഞാന്‍ നടന്നു. അമ്പലം കുന്നു കയറിയിറങ്ങണം, അതിനപ്പുറം ഒരു ഇടവഴി, അതു കഴിഞ്ഞാല്‍ ശ്മശാനമായി. അതാണു ലക്ഷ്യം. പിന്നില്‍ നിന്ന് എന്തു ശബ്ദം കേട്ടാലും തിരിഞ്ഞ് നോക്കരുതെന്നാ കോമരം പറഞ്ഞത് അതോണ്ട് വല്ല ശബ്ദവും കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തായിരുന്നു എന്റെ നടപ്പ്. തിരിഞ്ഞ് നോക്കാന്‍ വല്ലത്ത പ്രേരണ. പല പരീക്ഷണങ്ങളും യക്ഷി നടത്തും. എല്ലാം അതിജീവിക്കണം. തണുത്ത കാറ്റ്, മനസ് വല്ലതെ അസ്വസ്ഥമായി. “പെരുംതൃക്കോവിലപ്പാ കാത്തോളണേ...നമ:ശിവായ,നമ:ശിവായ..” ഞാന്‍ മനസില്‍ പ്രാര്‍ത്ഥിച്ചു. പേടിമൂലം നടത്തത്തിന് വേഗത കൂടി. കാല് എവിടെയോതട്ടി പൊട്ടി. നല്ല നീറ്റല്‍. പേടികൊണ്ട് ഹൃദയം ഡിസ്കോ കളിച്ചു. പെട്ടെന്ന് ഒരു കുറുക്കന്‍ എന്റെ മുന്നിലൂടെ പാഞ്ഞു. ഞാന്‍ 2 അടി പിറകോട്ട്.. അതോടെ സംഭരിച്ചു വച്ചിരുന്ന സകല ധൈര്യവും ചോര്‍ന്നു പോയി. അമ്മേക്കാണമെന്ന് തോന്നി എനിക്ക്. വേണ്ട യ്ക്ഷീം ഒരു മണ്ണാങ്കട്ടയും വേണ്ട. എനിക്ക് തിരിച്ച് പോയാല്‍ മതി. ഇനി ഒരടി മുന്നോട്ട് വയ്ക്കാനാകില്ലെന്നായപ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചു. പക്ഷേ തിരിഞ്ഞ് നിന്ന ഞാന്‍ ഞെട്ടിത്തരിച്ചു പോയി. തൊട്ടുമുന്നില്‍ ഇടതു വശത്ത് ഒരു വാഴയും ചാരി നില്‍ക്കുന്നു യക്ഷി. അമ്മേ....... എന്നുറക്കെ വിളിച്ചോണ്ട് ഞാന്‍ ഓടി. ഓട്ടത്തിനിടേല്‍ കയ്യിലുണ്ടായിരുന്ന കത്തിയും ചുണ്ണാമ്പും, എന്തിന് ഉടുത്തിരുന്ന ഈറന്‍ തോര്‍ത്ത് അടക്കം പോയി. എങ്ങിനെയൊ ഞാന്‍ ഇല്ലത്ത് തിരിച്ചെത്തി. കട്ടിലീക്കേറി മൂടിപ്പുതച്ചു കിടന്നു. പിറ്റേന്ന് കാലത്ത് അമ്മ എന്നെ വിളിക്കാന്‍ വന്നപ്പോളേക്കും ചുട്ടുപൊള്ളുന്ന് പനിയുമായി ഞാന്‍ കിടന്നു വിറയ്ക്കുന്നു. എന്തായാലും യക്ഷി കാരണം 2 ദിവസം സ്കൂളില്‍പ്പോക്ക് ഒഴിവായിക്കിട്ടി.


പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് പണിക്കാരോടൊപ്പം അമ്പലം കുന്നില്‍ പോയപ്പോളാണ് എന്നെ പേടിപ്പിച്ച യക്ഷിയെ ഞാന്‍ പകല്‍ വെളിച്ചത്തില്‍ കാണുന്നത്. വാഴത്തോട്ടത്തില്‍ കണ്ണേറ് കൊള്ളാതിരിക്കാന്‍ വച്ച കൊലമായിരുന്നു ഞാന്‍ കണ്ട കള്ളിയങ്കാട്ട് നീലി.

ഗുണ്ടാ ആക്ട്

തല്ലുകൊള്ളിത്തരത്തിന്റെ പുതിയ മേഖലകള്‍ ഞാന്‍ തിരഞ്ഞുകൊണ്ടിരുന്നു. ഏതൊരു തല്ലുകൊള്ളിക്കും മാതൃകയാക്കാവുന്നതരത്തിലായിരുന്നു ഈയുള്ളവന്റെ വളര്‍ച്ച. പഴയ തല്ലുകൊള്ളി വളര്‍ന്ന് തെമ്മാടിയും, തെമ്മാടി വളര്‍ന്ന് പേരുകെട്ട ഗുണ്ടയുമായി. സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടകളെ ഒതുക്കാന്‍ ഗുണ്ടാആക്ട് രൂപീകരിക്കുവാന്‍ ആലോചിക്കുന്നതിനും എത്രയോ മുന്‍പ് ഈ തല്ലുകൊള്ളിയെ ഒതുക്കാന്‍ ഒരു ഗുണ്ടാ‍ആക്റ്റിന് രൂപം നല്‍കിയ ഒരു സ്ഥാപനമുണ്ട്; തൃച്ചമ്പരം യു.പി.സ്കൂള്‍. ഈയുള്ളവന്റെ തല്ലുകൊള്ളിത്തരത്തിന്റെ വീരഗാഥകള്‍ ഇന്നും ആ സ്കൂളില്‍ പിന്ഗാമികള്‍ പാടിനടക്കുന്നു. ഒരു വീരപുരുഷനെയെന്നവണ്ണം അവര്‍ ജയനാരായണനെ സ്മരിക്കുന്നു. പുതിയ കുട്ടികളുടെ അഡ്മിഷന്‍ സമയത്ത് ടീച്ചര്‍മാര്‍ ദൈവങ്ങളോട് കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നു; ഒരുകാലത്ത് ഈ സ്കൂളിനെ കുട്ടിച്ചോറാക്കിയ ജയനാരായണന്‍ തിരുമനസിനെപ്പോലെ ഒരെണ്ണം ഇക്കൂട്ടത്തില്‍ ഉണ്ടാകാനിടയാവരുതേ എന്ന്.

1988 ജൂണ്‍ 1

ആ വര്‍ഷത്തെ ഇടവപ്പാതിമഴ തുടങ്ങിയതന്നായിരുന്നു. എന്റെ വിദ്യാലയപര്‍വ്വം തുടങ്ങിയതും അന്നാണ്. പുതിയ നീലയും വെള്ളയും നിറമുള്ള യൂനിഫോമിട്ട്, കോരിച്ചൊരിയുന്ന മഴയത്ത് അമ്മേടെ കയ്യും പിടിച്ച് ഞാന്‍ സ്കൂളിലോട്ട് ചെന്നു. നേരെ സ്റ്റാഫ് റൂമിലെത്തി. ഞങ്ങളെ അവിടെ ഉണ്ടായിരുന്ന ആധ്യാപരെല്ലാം ആവേശത്തോടെ സ്വാഗതം ചെയ്തു.
“ആഹാ... ഹൈമവതിടീച്ചറുടെ മകന്‍; ജയനാരായണന്‍ ല്ലേ.. മിടുക്കനാകണംട്ടോ..”
രേണുകടീച്ചറാ‍ണ് ആദ്യം എന്നോട് സംസാരിച്ചത്. അമ്മേടെ കയ്യില്‍തൂങ്ങി നമ്മളിതെത്ര കേട്ടിരിക്കുണു എന്നമട്ടില്‍ ഞാന്‍ തലയാട്ടി. ടീച്ചര്‍ അമ്മയോട് ചോദിച്ചു;
“ടീച്ചര്‍ക്കിപ്പൊ ക്ലാസില്ലേ? ജയനെ ഞാന്‍ കൊണ്ടുചെന്നാക്കാം, ഞാനല്ലെ ഇവന്റെ ക്ലാസ് ടീച്ചര്‍”. ഞാന്‍ മനസില്‍പ്പറഞ്ഞു “പാവം”. രേണുകട്ടീച്ചറുറ്റെ കയ്യും പിടിച്ച് ചെന്ന എന്നെ ക്ലാസിലെ കുട്ടികള്‍ അത്രതന്നെ ഭയഭക്തിബഹുമനത്തോടെ നോക്കിനിന്നു. ഹൈമവതിടീച്ചറുടെ മകന്‍ എന്ന വിശേഷണത്തോടെ രേണുകട്ടീച്ചര്‍ എന്നെ കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഇത്തിരി അഹങ്കാരത്തോടെ ഒന്നമത്തെ ബഞ്ചില്‍ ഒന്നാമനായി ഞാനിരുന്നു.

ആദ്യ കുറ്ച്ചുദിവസങ്ങള്‍ കഴുഞ്ഞു. എന്റെ ഗുണ്ടായിസമൊന്നും പുറത്തെടുക്കാതെ ഞാന്‍ മിടുക്കനായി അടങ്ങിയിരുന്നു. കാക്കൊല്ലപ്പരീക്ഷയ്ക്ക് ഒന്നമനായതോടെ ഞാന്‍ ക്ലാസിലെതാരമായി. ഹൈമവതിട്ടീച്ചര്‍ക്ക് ഞാന്‍ അഭിമാനമായി. ഇവനെ മാതൃകയാക്കാന്‍ ക്ലാസിലെ മറ്റുകുട്ടികളോട് ടീച്ചര്‍മ്മാര്‍ ഉദ്ഘോഷിച്ചു. ഇത്രയുമായപ്പൊള്‍ എനിക്ക് സഹികെട്ടു. ഇനിയും അടങ്ങിയിരിന്നാല്‍ ശരിയാവില്ല എന്ന തോന്നല്‍ എന്നിലെ തല്ലുകൊള്ളിയെ ഉണര്‍ത്തി. ക്ലാസിലെ ചില സമാനമനസ്ക്കരെ കണ്ടുപിടിച്ച് ഞാന്‍ ഒരു ഗുണ്ടാപ്പടയ്ക്ക് രൂപം നല്‍കി. ടീച്ചറുടെ മകന് മറ്റുകുട്ടികള്‍ നല്‍കിയിട്ടുള്ള ഭയഭക്തി ബഹുമാനം ഗുണ്ടാപ്പടയ്ക്ക് കരുത്ത് പകര്‍ന്നു. ക്ലാസില്‍ ഏതു കുട്ടിയും കൊണ്ടുവരുന്ന പുതിയ കളര്‍പെന്‍സിലിനുള്ള അവകാശം എനിക്കായി. എന്റെ അധികാര പരിധിയില്‍ ആരും കൈകടത്താതിരിക്കന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അങ്ങിനെ ചെയ്യുന്നവര്‍ പിന്നീടങ്ങോട്ട് എന്നെ ബഹുമാനിക്കാന്‍ വേണ്ടുന്നതെന്തെന്ന് എനിക്ക് നന്നയി അരിയാമായിരുന്നു. ഞാനാഗ്രഹിച്ചതുപോലെ തന്നെ ക്ലാസിലെ മിടുക്കനെന്ന പരിവേഷം മാറിത്തുടങ്ങി. അമ്മ എന്നെക്കുറിച്ചുള്ള പരാതികള്‍കൊണ്ട് പൊറുതിമുട്ടി.

ആങ്ങിനെയിരിക്കെയാണ് ക്ലാസിലെ ഏറ്റവും പാവത്താനായ പ്രശാന്ത് ഗള്‍ഫിലുള്ള അമ്മാമന്‍ കൊണ്ടുകൊടുത്ത പുത്തന്‍ പെന്‍സില്‍ ബോക്സുമായി ക്ലാസില്‍ വരണത്. റോസ് നിറത്തില്‍ മിക്കിമൌസിന്റെ ചിത്രമുള്ള നല്ല ഭംഗിയുള്ള ബൊക്സ്. മുനമാറ്റാന്‍ കഴിയുന്ന പെന്‍സില്‍, പ്രത്യേക വാസനയുള്ള റബ്ബര്‍, തൊപ്പിക്കാരന്‍ കട്ടര്‍. ക്ലാസിലെ കുട്ടികള്‍ അദ്ഭുത വസ്തുവിനെ പോലെ അതു നോക്കി നിന്നു. പതിവുപോലെ ഞാനും എന്റെ ഗുണ്ടാപ്പടയും സ്ഥലത്തെത്തി. പ്രശാന്തിനെ അടുത്തേക്ക് വിളിച്ചു. അവന്‍ പുത്തന്‍ ബോക്സ് ഭദ്രമായി ബാഗില്‍ വച്ച് ഞങ്ങളുടെ അടുത്തേക്ക് വന്നു. അവന് എന്നോടുണ്ടായിരുന്ന പതിവു വിനയം ലേശം കുറഞ്ഞിട്ടുണ്ടെന്ന് എനിക്ക് തോന്നി. ബോക്സ് നോക്കന്‍ തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവന്‍ എന്റെ മുഖത്തടിച്ചപോലെ ഇല്ലെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. നഗരത്തെ കിടുകിടാ വിറപ്പിക്കുന്ന ഗുണ്ടയെ പേനാകത്തികാട്ടി വിരട്ടാന്‍ പുതിയൊരുത്തന്‍. കീരിക്കാടനെ വെട്ടാന്‍ കൊച്ചിന്‍ ഹനീഫയൊ? അവന്റെ അഹങ്കാരം വച്ചോണ്ടിരിക്കരുതെന്ന് എന്റെ അംഗരക്ഷകരുടെ ഉപദേശം. അങ്കക്കലിമൂത്ത് എന്റെ മൂക്ക് ചുവന്നു. ഉച്ച ഭക്ഷണ നേരത്ത് ഏവിടുന്നോ ഒരു ബ്ലെയ്ഡ് കഷണം ഞാന്‍ സംഘടിപ്പിച്ചു. പ്രശാന്തിന്റെ ഷര്‍ട്ടിനു പിന്‍ഭാഗം അതുവച്ച് കീറീ. എന്നോട് കളിക്കറുത് എന്നൊരു താക്കീതും കൊടുത്ത് ഞാന്‍ ക്ലാസില്‍ എനിക്കുണ്ടായിരുന്ന പ്രഭാവം വീണ്ടെടുത്തു. ആന്നു രാത്രി ഞാന്‍ സുഖമായി ഉറങ്ങി.

തൊട്ടടുത്ത ദിവസം ഹെഡ്മിസ്ട്രസ്സിന്റെ മുറിയില്‍ ഒരു ബഹളം. എന്റെ അമ്മയും രേണുകട്ടീച്ചറും അങ്ങോട്ട് വിളിപ്പിക്കപ്പെട്ടു. പ്രശാന്തിന്റെ അമ്മയാണ് ബഹളമുണ്ടാക്കുന്നത്. അരമണിക്കൂര്‍ നേരത്തെ സന്ധിസംഭാഷണങ്ങള്‍. പുതിയ ഒരു ഷര്‍ട്ട് വാങ്ങിക്കൊടുക്കാമെന്ന എന്റെ അമ്മയുടെ ഉറപ്പിന്മേല്‍ സഭ പിരിഞ്ഞു. ഒടുവില്‍ ടീച്ചര്‍ ക്ലാസില്‍ തിരിച്ചെത്തി. എന്നേയും എന്റെ പടയാളികളെയും നിരത്തി നിര്‍ത്തി വിചാരണ തുടങ്ങി. ഒടുവില്‍ ശിക്ഷ വിധിച്ചു. ഉള്ളങ്കയ്യില്‍ വടികൊണ്ട് എനിക്ക് നാലും കൂട്ടാളികള്‍ക്ക് രണ്ടും അടി. പോരാത്തതിന് അന്നു ക്ലാസുതീരുന്നതു വരെ ചുമരരികില്‍ നില്‍ക്കാ‍നും വിധിയായി. കലങ്ങി വീര്‍ത്ത മുഖവുമായി എന്നെ കാത്തു നിന്ന അമ്മയുടെ വക അടുത്തതും കൂടെക്കിട്ടി. ഞാന്‍ മനസില്‍പ്പറഞ്ഞു “ഹൊ എന്നെക്കൊണ്ട് ഞാന്‍ തോറ്റു.”

അതുകൊണ്ടരിശം തീരാഞ്ഞ് അവര്‍ ആ സ്കൂളിനുചുറ്റും മണ്ടിനടന്നു. ആ പാച്ചിലില്‍ ആദ്യ ഗുണ്ടാ ആക്ടിണ്ടെ കരടു തടഞ്ഞു. ഞാനുള്‍പ്പടെ സ്കൂളിലെ വില്ലന്മാരെയൊക്കെ ഉള്‍‍പ്പെടുത്തി സമഗ്രമായ ഒരു ഗു‍ണ്ടാലിസ്റ്റിന് സ്കൂളധികൃതര്‍ രൂപം നല്‍കി. എന്തു പ്രയോജനം! തൃച്ചംബരം യു.പി.സ്കൂളില്‍ എന്റെ ഗുണ്ടായിസം തുടര്‍ന്നുകൊണ്ടേയിരുന്നു...


ആവതാരോദ്ദേശം‌ 3 “ഓപ്പറേഷന്‍ ഗുഡ്നൈറ്റ്”

തല്ലുകൊള്ളിത്തരത്തിന്റെ പുതിയ ഇതിഹാസ്ങ്ങള്‍ സൃഷ്ട്ടിച്ചുകൊണ്ട് ജയനാരയണന്‍ വളര്‍ന്നു. പുതിയ വീരഗാഥകള്‍ സൃഷ്ട്ടിച്ചു. തച്ചൊളി ഒതേനന്റെയും, ആരോമലുണ്ണിയുടെയും വീരകഥകള്‍ കേട്ട് വളര്‍ന്ന മലയാളികള്‍ക്ക് അക്കൂട്ടത്തില്‍ ഒന്നായി അടുത്ത തലമുറയ്ക്ക് കൈമാറാന്‍ മ്റ്റൊരു വീരേതിഹാസമായി അതു മാറി.

ഒരു വെക്കേഷന്‍ കാലത്ത് അമ്മ പതിവുപോലെ എന്നേം,അനൂനേം കൂട്ടി അമ്മാത്ത്( അമ്മെടെ ഇല്ലം) പോയി. വല്യമ്മാമന്‍ അന്ന് തൃശ്ശൂരില്‍ ഷൊര്‍ണ്ണൂര്‍ റൊഡില്‍ കൌസ്തുഭം ഓഡിറ്റോറിയത്തിനു പിന്നില്‍ ഒരു കൊച്ചു വാടകവീട്ടില്‍ താമസിക്കണ കാലം. കണ്ണൂരില്‍ തളിപ്പറമ്പിനടുത്ത് തലോറയെന്ന കുഗ്രാമത്തിലെ കാഴ്ച്ചകളില്‍നിന്ന് എനിക്ക് നഗര ജീവിതത്തിന്റെ ആദ്യ കാഴ്ച്ചകള്‍ എനിക്ക് സമ്മാനിച്ച സ്ഥലമാണ് തൃശ്ശൂര്‍.
നഗരജീവികള്‍ കൊതുകുകടി കൊള്ളാതിരിക്കാന്‍ “ഗുഡ്നൈറ്റ്” എന്ന ഒരു സംഗതി ഉപയോഗിക്കുമെന്ന് ജീവിതത്തിലാദ്യമായി ഞാന്‍ മനസിലാക്കിയതന്നാണ്. ദിവസവും സന്ധ്യാനേരത്ത് വിളക്കുവയ്ക്കുന്ന അത്രതന്നെ പരിശുദ്ധിയോടെ അമ്മാമന്‍ “ഗുഡ്നൈറ്റ്” കോയില്‍മാറ്റി പ്ലഗില്‍ കുത്തുന്നത് ഒരു ചടങ്ങ് എന്ന മട്ടില്‍ തികഞ്ഞ ഭയഭക്തിയോടെ ഞാന്‍ വീക്ഷിച്ചു. സമയം കിട്ടുമ്പോളൊക്കെ ഒരു അദ്ഭുതവസ്തുവിനെപ്പൊലെ ഗുഡ്നൈറ്റ് മെഷീന്‍ കുത്തി വച്ച പ്ലഗിനു ചുവട്ടില്‍ ക്ത്തിയിരുന്ന് ഞാനത് നിരീക്ഷിച്ചു. ഈ സാധനം എങ്ങിനെ കൊതുകിനെ പിടിക്കുമെന്ന സംശയമായിരുന്നു എന്നെ ഏറ്റവും കൂടുതല്‍ അലോസരപ്പെടുത്തിയത്. തിരിച്ച് നാട്ടീപ്പോണെന്റെ മുന്നേ ഇതൊന്നു കണ്ടുപിടിച്ചില്ലെങ്കില്‍ പിന്നെ അടുത്തവെക്കേഷന് അമ്മാത്ത് വരുമ്പോള്‍ മാത്രമേ ഗുഡ്നൈറ്റ് കാണാന്‍ പ്റ്റൂ എന്നത് എന്നിലെ തല്ലുകൊള്ളിയെ ഉണര്‍ത്തി. പരീക്ഷണം; ഞാന്‍ തീരുമാനമെടുത്തു. ഒരു അടിക്കുള്ള സാധ്യത കണക്കിലെടുത്ത് ആരും അവിടെയില്ലാത്ത ഒരു ദിവസത്തിനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഞാന്‍ കാത്തിരുന്ന സുദിനം വന്നെത്തി.

സ്ത്രീപ്രജകള്‍ അടുക്കള ഭരണത്തില്‍ ഏര്‍പ്പെട്ട നേരം. ഒപ്പറേഷന്‍ ഗുഡ്നൈറ്റിനായി ഞാന്‍ ഗുഡ്നൈറ്റ് മെഷീന്‍ ഉറപ്പിച്ചിട്ടുള്ള മുറിയിലേക്ക് മാര്‍ച്ച് ചെയ്തു. ഒരു കസേരയിട്ട് കയറി. ഗുഡ്നൈറ്റും എന്റെ മുഖവും ഇപ്പൊ ഓരേ ഉയരത്തില്‍. ചുവന്ന ഒരു പാത്രത്തില്‍ നീല നിറത്തില്‍ സോപ്പുകട്ട മാതിരി ഒരു സാ‍ധനം. ഛെ... ഇതാണോ ഇത്രയും വലിയ സാധനം? പുഛത്തോടെ ഞാനതു നോക്കി. പക്ഷേ ഇവനെങ്ങിയെനാണപ്പാ കൊതുകിനെപ്പിടിക്കണത്? ഞാന്‍ തലപുകഞ്ഞാലോചിച്ചു. ആകാംക്ഷ മൂത്തപ്പോള്‍ രണ്ടും കല്‍പ്പിച്ച് അതു തൊട്ടുനോക്കി. എന്തൊ ഒരു സാധനം എന്റെ കയ്യിലൂടെ ശരീരമാസകലം പ്രവഹിച്ചു. ആരോ അടിച്ചു തെറിപ്പിച്ചതു പോലെ ഞാന്‍ ചുമരരികിലേക്ക് തെറിച്ചുവീണു. ശബ്ദം കേട്ട് അടുക്കളയില്‍ നിന്ന് അമ്മയും അമ്മായിയുമൊക്കെ ഓടിയെത്തി. കസേര മറിഞ്ഞുവീണതാണെന്ന ഒരു കൊച്ചു കള്ളത്തില്‍ എന്നും ബോണസ്സായി കിട്ടാറുള്ള അടി ഒഴിവാക്കി.

Thursday, December 13, 2007

അവതാരോദ്ദേശം - രണ്ടാംഭാഗം

അവതാരോദ്ദേശ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വാങ്ങിക്കൂട്ടിയ തല്ലുകളൊന്നുകൊണ്ടും തൃപ്ത്തനാകാതെ നമ്മടെ കഥാ നായകന്‍ വളര്‍ന്നു. തല്ലുകൊള്ളിത്തരത്തിന്റെ പുതിയ അധ്യായങ്ങള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ട്. ജയനാരായണന്‍ എന്ന തല്ലുകൊള്ളിയുടെ കിരീടത്തിലെ രണ്ടാമത്തെ പൊന്‍തൂവല്‍.


22ആം വയസില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി നാട്ടുകാരെ “പറ്റിക്കാന്‍” ഇറങ്ങിയ ഞാന്‍( എന്റെ കാര്യം മാത്രമാണ് ഇവിടെ ഉദ്ദേശിച്ചത്, മറ്റ് മാധ്യമപ്രവര്‍ത്തകരെയല്ല) സത്യത്തില്‍ ഇവിടെയൊന്നും എത്തേണ്ടവനായിരുന്നില്ല. കുട്ടിക്കാലത്ത് പരീക്ഷ്ണങ്ങളോടായിരുന്നു എനിക്ക് താല്പര്യം. എന്റെ പരീക്ഷണ നിരീക്ഷണ സ്വഭാവം കണ്ട് പലരും മനസില്‍പറഞ്ഞു ഭാവിയില്‍ ഇവന്‍ പിടുത്തംവിട്ട ഒരു ശാസ്ത്ര“അജ്ഞ”നാകുമെന്ന്. മനുഷ്യന്റെ സംശയങ്ങളാണ് ലോകത്തെ കണ്ടുപിടുത്തങ്ങള്‍ക്കെല്ലാം കാരണം. സംശയങ്ങള്‍ ചിന്തകള്‍ക്കും, ചിന്തകള്‍ പരീക്ഷണങ്ങള്‍ക്കും വഴിമാറും. എന്റെ കാര്യവും മറിച്ചായിരുന്നില്ല. സംശയങ്ങള്‍തന്നെയായിരുന്നു എന്റെ മുഖമുദ്ര. എന്തെങ്കിലും ഒരു സംശയം മനസില്‍ക്കേറിയാല്‍പ്പിന്നെ അതു തീരണ വരെ മനസമാധാന്മില്ലാ‍യ്മ.

ദിവസ്ങ്ങളോളം നീളുന്ന അന്വേഷണങ്ങള്‍, പരീക്ഷണങ്ങള്‍. ഒടുവില്‍ അന്വേഷിച്ചത് കണ്ടെത്തിയാല്‍ സമാധാനത്തോടെ അടുത്തതിനായുള്ള അലച്ചില്‍. പിറന്നു വീണ ഉടനെ തുടങ്ങിയതാണ് എന്റെ ഈ സംശയങ്ങളുടെ പട്ടിക. അവതാരമെടുത്ത് ആദ്യ 2 ദിവസം നല്ലകുട്ടിയായി അഭിനയിച്ച് ഞാന്‍ കിടന്നെങ്കിലും മൂന്നാം ദിവസം ആശുപത്രിക്കിടക്കയില്‍ വച്ച് ഞാന്‍ എന്റെ കുഞ്ഞിക്കണ്ണോണ്ട് ഒരു സംഭവം കണ്ടു പിടിച്ചു. അമ്മ ഊണുകഴിക്കുന്നു, അച്ഛന്‍ ഊണുകഴിക്കുന്നു. എന്നെ കാണാന്‍ വരുന്നവരൊക്കെ എന്തൊക്കെയോ മധുര പലഹാരങ്ങള്‍ കഴിക്കുന്നു. എനിക്കു മത്രം അമ്മിഞ്ഞപ്പാല്. ഇതെന്ത് അനീതി...?

ഞാന്‍ അമ്മേതോണ്ടി വിളിച്ച് ചെവിയില്‍ ചോദിച്ചു ഇതെന്താ അമ്മെ ഇങ്ങിനെ എന്ന്?

ഏന്തായാലും ജനിച്ചു വീണപ്പൊത്തന്നെ ഇത്രയും വലിയ സംശയം ചോദിച്ച എന്റെ പിന്നീടുള്ള എല്ലാ നീക്കങ്ങളും സംശയങ്ങളിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുമായിരുന്നു. രാത്രിയാകുമ്പോ ഇരുട്ടാകുന്നതെന്താ? പാലിനെന്താ വെളുപ്പു നിറം? ആച്ഛനെന്താ താടി,അമ്മയ്ക്കെന്താ അതില്ലാത്തെ? അമ്മമ്മേടെ മുടിയെന്താ വെളുത്തിട്ട്? അച്ഛനുമമ്മയും എന്റെ കുഞ്ഞു വായയിലെ എറ്റുത്താപ്പൊങ്ങാത്ത സംശയങ്ങള്‍ക്ക് ഉത്തരം തേടി ഈ ലോകത്തുള്ള എന്‍സൈക്ലൊപീഡിയകള്‍ മുഴുവന്‍ തപ്പി നടന്ന് മടുത്തു. ആങ്ങിനെ ഇരിക്കെയാണ് എന്റെ അവതാരോദ്ദേശത്തിന്റെ രണ്ടാം ഭാഗത്തിന് കളമൊരുങ്ങുന്നത്.

കഴിഞ്ഞ തവണ പറഞ്ഞ ഗ്രേന്റര്‍ സംഭവം കഴിഞ്ഞ് ഇനി അടുത്തതേത് എന്നാലോചിച്ച് നടക്കണ കാലം. മൂന്നു വയസ് പ്രായം. എന്തോ ഒരു സാധനം നേരെയാക്കുന്നതിനായി അച്ഛന്‍ അടുത്തു തന്നെയുള്ള ഒരു ഇരുമ്പു പണിക്കാരന്റെ ആലയില്‍ പോയി. ഞാന്‍ വാശി പിടിച്ചപ്പൊ എന്നെയും കൂടെക്കൂട്ടി. അവിടെ വച്ചാണ് ചുട്ടു പഴുത്തിരിക്കുന്ന ഇരുമ്പിന്റെ ഭംഗി ഞാനാദ്യമായി കാണുന്നത്. ചുവന്ന് മാമ്പഴം പോലിരിക്കുന്ന ഇരുമ്പ് വലിയ ചുറ്റികകൊണ്ട് അടിച്ചു പരത്തുന്നു. പുതിയൊരു അറിവായിരുന്നു എനിക്കത്. ഞൊടിയിട കൊണ്ട് എന്റെ മനസില്‍ ഒരായിരം സംശയങ്ങള്‍ ഉടലെടുത്തു. ആച്ഛന്റെ വിശദീകരനങ്ങളൊന്നും എന്നിലെ വിജ്ഞാനദാഹിയെ അടക്കിയില്ല. ദിവസങ്ങളോളം ഞാന്‍ അതുതന്നെ ആലോച്ചിച്ച് നടന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. പരീക്ഷണത്തിനു മാത്രമെ എന്നിലെ ശാസ്ത്രജ്ഞനെ തൃപ്ത്തിപ്പെടുത്തു. അടി കിട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു അവസരം കിട്ടാനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഞാന്‍ കാത്തിരുന്ന സുദിനം വന്നെത്തി. പതിവുപോലെ അമ്മ സ്കൂളില്‍ പൊയ നേരം. ആച്ഛനും എങ്ങോ പോയിരുന്നു. അനു(എന്റെ അനിയന്‍) ഉണ്ടായി അഞ്ചാറു മാസമായിരിക്കുന്നു. അനുവിന്റെ കാര്യങ്ങള്‍ക്കൊപ്പം ഞാനെന്ന തലതെറിച്ചവന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടി നേരിടാന്‍ അമ്മമ്മ പാടുപെടുന്ന കാലമായിരുന്നു അത്. അമ്മമ്മ അനുവിനെ കുളിപ്പിക്കാനായി മാറിയ നേരം. ഒന്നു കണ്ണുതെറ്റിക്കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന ഞാന്‍ കിട്ടിയ ‍അവസരം മുതലാക്കുവാന്‍ തന്നെ തീരുമാനമെടുത്തു. “ഒപറേഷന്‍ സ്റ്റാര്‍ട്ട്”. ഞാന്‍ എന്നോട് തന്നെ ആഹ്വാനം ചെയ്തു. അടുക്കളയാണ് പരീക്ഷണശാല. പഴയ വിറകടുപ്പാണ്. അടുപ്പത്ത് പാത്രത്തില്‍ ഉച്ചയ്ക്കേക്കുള്ള അരി കിടന്നു തിളയ്ക്കുന്നു. നല്ലതീയുണ്ട്. ഒരു ഇരുമ്പു കത്തി ഞാന്‍ നേരത്തെ തന്നെ സംഘടിപ്പിച്ചു വച്ചിരുന്നു. കത്തിയുടെ പിടി മാത്രം പുറത്ത് കാണുന്ന തരത്തില്‍ ഞാനതിലിട്ടു. അഞ്ചു മിനുട്ട്. കത്തി പുറത്തെടുത്തു. ചുട്ടു പഴുത്തിരിക്കുന്നു. നല്ല ഭംഗി. അപ്പുറത്ത് ബ്ക്കറ്റില്‍ വെള്ളമിരിപ്പുണ്ട്. ഇത്തിരി വെള്ളമൊഴിച്ചു നോക്കിയാലൊ..? നോക്കി.. ശ്ശ്ശ്ശ്ശ്.... ശബ്ദം കേള്‍ക്കാന്‍ നല്ല രസം. വീണ്ടും ഞാന്‍ കത്തി പഴുപ്പിച്ചു. ചുട്ടു പഴുത്തിരിക്കുന്ന കത്തി കയ്യിലെടുത്തു. പെട്ടെന്ന് പിന്നില്‍ നിന്ന് അമ്മമ്മേടെ ഉറക്കെയുള്ള ശബ്ദം. “അപ്പൂ.... എന്താ കാട്ടണെ അവിടെ?” പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാന്‍ ഞട്ടിത്തിരിഞ്ഞു. പെട്ടെന്ന് കയ്യിലിരുന്ന ചുട്ടു പഴുത്തിരിക്കുന്ന കത്തി എന്റെ കവിളത്ത് മുട്ടി....

പതിവുപോലെ ഉറക്കെയുള്ള നിലവിളി, ചന്തിക്ക് കിട്ടാറുള്ള ചുട്ട അടി എല്ലാം ഇവിടെയും ആവര്‍ത്തിച്ചു.


അന്ന് മുഖത്ത് കിട്ടിയ പൊള്ളലിന്റെ പാട് ഒരു പരീക്ഷണത്തിന്റെ സ്മാരകമായി ഞാന്‍ ഒരുപാടുകാലം കൊണ്ടു നടന്നു. എന്നിട്ടും ഞാന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ല. പരീക്ഷണങ്ങളും അതിന്റെ സ്മാരകങ്ങളും നീണ്ടു. ചില സ്മാരകങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു......

Monday, December 10, 2007

അവതാരോദ്ദേശം

എന്റെ അവതാരൊദ്ദേശം എന്താണ് എന്ന കാര്യത്തില്‍ എനിക്ക് ജനിച്ചപ്പൊത്തന്നെ വ്യക്തമായ ധാരണയുണ്ടായിരുന്നെങ്കിലും ഭൂലോക വാസികള്‍ക്ക് അതു മനസിലാകാന്‍ കുറച്ചു കാലം കാത്തു നില്‍ക്കേണ്ടി വന്നു. കൃത്യമായിപ്പറഞ്ഞാല്‍ 2 വര്‍ഷവും 8 മാസവും... ഒരു പക്ഷേ നിങ്ങള്‍ക്ക് അതു മനസിലാകാന്‍ ഇതു മുഴുവന്‍ വായിച്ചു തീരുന്ന വരെയെങ്കിലും കാത്തിരിക്കേണ്ടി വരും.

1985
നമ്മടെ കഥാനായകനന്ന് രണ്ട് രണ്ടര രണ്ടേമുക്കാല്‍ വയസ് പ്രയം വരും. കക്ഷിയുടെ അവതാരോദ്ദേശം നെരത്തേ തന്നെ മനസിലാക്കിയിരുന്ന വീട്ടുകാര്‍ പുള്ളിയെ തലയിലും തറയിലും വയ്ക്കാതെ ഷിഫ്റ്റ് നോക്കി എടുത്തു വളര്‍ത്തിയിരുന്നകാലം. കക്ഷിയാണെങ്കിലോ തന്റെ അവതാരോദ്ദേശം നാലാളെ ആറിയിക്കാന്‍ എന്തു വഴിയെന്നും ആലോചിച്ച് ഒരവസരം കിട്ടാന്‍ തരം നോക്കിയിരിക്കണ കാലം. അങ്ങിനെയിരിക്കെയാണ് ആ സുദിനം വന്നെത്തിയത്. ആ മഹത്തായദിനം.....
സമയം ഉച്ച, ഉച്ചര ഉച്ചേമുക്കല്. വീട്ടില്‍ ആ‍ണ്‍പ്രജകളാരും ഇല്ലാത്ത നേരം. പുള്ളിയുടെ മതാശ്രീ സ്കൂള്‍ വിട്ട് എത്തിയിട്ടില്ല. കഥാനായകനൊപ്പം അമ്മമ്മ മാത്രം. അന്ന് അമ്മമ്മ ഓടിനടന്ന് തറവാട്ട് ഭരണം നടത്തണകാലമായിരുന്നു. ഒപ്പം നമ്മടെ നായകന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സധൈര്യം നേരിടുകയും ചെയ്യും. വൈകീട്ടത്തെ ചായ കാപ്പി കലാപരിപാടികള്‍ ഗംഭീരമാക്കാന്‍ അമ്മമ്മ അടുക്കള ലക്ഷ്യം വച്ച് മാര്‍ച്ച് ചെയ്തു. അതുവരെ മിടുക്കനായി അകത്ത് നാലുകെട്ടില്‍ കളിച്ചോണ്ടിരിക്കുകയായിരുന്ന നമ്മടെ കഥാനായകന്‍ ഒരു തരം കിട്ടിയ സന്തോഷത്തില്‍ അമ്മമ്മയെ പിന്തുടര്‍ന്ന് അടുക്കളയിലേക്ക് നീങ്ങി. രണ്ട്മൂന്ന് നിമിഷങ്ങള്‍ക്കകം കക്ഷി ഒരു സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ചുമരരികിലെ പഴയ കൂറ്റന്‍ ഗ്രേന്ററാണ് പുള്ളിയുടെ ലക്ഷ്യം. 2 സെക്കന്റ് ആദ്യം അതിനടുത്തേക്ക്, പിന്നെ അരികില്‍പ്പിടിച്ച് ഏന്തി വലിഞ്ഞ് ആതിനകത്തേക്ക്. ആദ്യ ഉദ്യമം വിജയിച്ച അഹങ്കാരത്തില്‍ ഇതൊന്നും അറിയാതെ അടുക്കള ഭരണത്തിലേര്‍പ്പെട്ടിരിക്കുന്ന അമ്മമ്മയെ കക്ഷി ഒന്നു നോക്കി. പിന്നെ ദൌത്യ പൂര്‍ത്തീകരണത്തിനുള്ള തയ്യറെടുപ്പ്. പതുക്കെ ചുമരില്‍ ഗ്രേന്റരിന്റെ പ്ലഗ്ഗ് ഫിറ്റ് ചെയ്തിട്ടുള്ള സ്വിച്ച് ഓണ്‍ ചെയ്തു. ആദ്യം ഗ്രേന്റരിന്റെ മുരള്‍ച്ചപിന്നെ വേഗത്തിലുള്ള കറക്കം. മഹാനയ ഇ.പി ജയനാരായണന്റെ ആഹങ്കാരത്തിനേറ്റ ആദ്യ തിരിച്ചടി. പിന്നെ ഒന്നും ആലൊചിച്ചില്ല ഉറക്കെ നിലവിളിച്ചു. ഇതു കണ്ട് ഇനിയെന്തു വേണ്ടൂ എന്നറിയാതെ അമ്മമ്മയുടെ നിലവിളി. ആകെ ബഹളം. എല്ലാം 2 മൂന്ന് മിനുട്ട് നേരത്തേക്ക് നീണ്ടു നിന്നു. ആരോ നിലവിളി കേട്ട് ഓടിയെത്തി. ഗ്രേന്റര്‍ ഓഫ് ചെയ്ത് കക്ഷിയെ എടുത്തു പുറത്തു വച്ചു, പിന്നെ രണ്ടുകയ്യും കൂട്ടിപ്പിടിച്ച് ചന്തിക്കിട്ട് 2 ചുട്ട അടി.
സീന്‍ 2
ഒരു പോറല്‍ പോലും ഏല്‍ക്കാതെ എന്നെ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ പെരുംതൃക്കോവിലപ്പന് വഴിപാട് നേരുന്ന ആമ്മമ്മ. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നമട്ടില്‍ അടുത്ത കര്‍ത്തവ്യത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന നമ്മടെ പാ‍വം കഥാനായകന്‍.
വായനക്കാര്‍ക്ക് ഇപ്പൊള്‍ മനസിലായിക്കാണുമെന്ന് കരുതുന്നു ഈയുള്ളവന്റെ അവതാരോദ്ദേശം.
ഇല്ലെങ്കില്‍ ഞാ‍ന്‍ തന്നെ പറഞ്ഞുതരാം...
“തല്ലുകൊള്ളിത്തരം”....




അവതാരം

1983 മാര്‍ച്ച് 22
ഭൂലോകവാസികള്‍ എല്ലാം സമാധാനത്തോടെ കഴിയണ കാലം. വരാനിരിക്കുന്ന വലിയ വിപത്തിന്റെ ലക്ഷണമെന്നോന്ണം പല ശകുനപ്പിഴകളും ഈ ഭൂമി മലയാളത്തിലരങ്ങേറി. സൂര്യനന്ന് പതിവിലും നെരത്തെ അസ്തമിച്ചു. ഈ ലോകം അതിവേഗം ഇരുട്ടിന്റെ പിടിയിലമര്‍ന്നു. രാ‍ത്രി 10 കഴിഞ്ഞിരിക്കുന്നു. മീനച്ചൂടില്‍ പൊള്ളി നില്‍ക്കുന്ന മലയാള മണ്ണിലേക്ക് ഇടിമിന്നലോടെ അതി ശക്തമായ പേമാരി. ചൂട് തണുപ്പിന് വഴിമാറി. അപ്രതീക്ഷിതമായിപ്പെയ്ത മഴ തോരാന്‍ കടത്തിണ്ണകളിലേക്ക് ഓടിക്കയറിയ വഴിപോക്കര്‍ ഇനിയെന്തു വേണ്ടൂ എന്നറിയാതെ കൂനിപ്പിടിച്ച് നില്‍ക്കുന്നു.
പെട്ടെന്ന് ആകാശത്തിന് അരഞ്ഞാണണിയിച്ച് അതി ശക്തമായ ഒരു ഇടിമിന്നല്‍. പിന്നാലെ ധൂമകേതു പോലെ എന്തൊ ഒരു കുന്ത്രാണ്ടം ഭൂമിയില്‍ വന്നു വീണു. കൃത്യമായിപ്പറഞ്ഞാല്‍ തൃശ്ശൂര്‍ മഹാനഗരത്തിന്റെ ഒത്ത നടുക്ക്......
പ്രിയപ്പെട്ടവരെ ആ കുന്ത്രാണ്ടത്തിന്റെ പേരാകുന്നു ഇ.പി. ജയനാരായണന്‍. അതായത് ഈയുള്ളവന്‍.