Monday, January 28, 2008

അവകാശമില്ലത്തവരുടെ ഭൂമി

ഉറ‍ക്കമുണര്‍ന്നപ്പോള്‍ ആദ്യം ശ്രദ്ധിച്ചത് ഡേവിസ്സേട്ടന്റെ കൂര്‍ക്കം വലി ഇപ്പളും ഉണ്ടൊ എന്നായിരു‍ന്നു. ഇല്ല; കൂര്‍ക്കം വലി എന്തായാലുമില്ല. മൂടിപ്പുതച്ച ബ്ലാങ്കറ്റ്മാറ്റി ഞാന്‍ തൊട്ടടുത്ത ബര്‍ത്ത് നോക്കി. ബര്‍ത്ത് കാലി. ഡേവിസ്സേട്ടന്‍ കാലത്തുതന്നെ എഴുന്നേറ്റുകാണും. രാത്രി 9 മണിക്ക് കേറിക്കിടന്നപ്പൊ തുടങ്ങി കൂര്‍ക്കം വലി. ഒരുമാതിരി ലൈലന്റ് ബസ്സ് കുന്നു കേറണമാതിരി ശബ്ദം. കുന്നുകേറി വലിമുട്ടിയാ ഡേവിസ്സേട്ടന്‍ ഗിയറൊന്നുമാറ്റും. എന്നിട്ട് വീണ്ടും തുടങ്ങും വലി. തീവണ്ടിയുടെ കുടു കുടു ശബ്ദം പോലും ഇത്ര പ്രശ്നമില്ല. ഉറക്കം കെട്ട ഞാന്‍ ഡേവിസ്സേട്ടന്റെ ഭാര്യയെ മനസുകൊണ്ട് സ്തുതിച്ചു.

വണ്ടി കേറണെന്റെ മുന്‍പെ കമ്പാര്‍ട്ടുമെന്റിനു പുറത്തെ ചാര്‍ട്ട് നോക്കി. 3 ദിവസത്തെ മനം മടുപ്പിക്കുന്ന തീവണ്ടി യാത്രയ്ക്ക് ഇത്തിരി ആശ്വാസം പകരാന്‍ സഹബര്‍ത്തിന്റെ അവകാശി വല്ല സുന്ദരികുട്ടിയും ആകണെന്നയിരുന്നു പ്രാര്‍ത്ഥന. പക്ഷേ ചാര്‍ട്ട് കണ്ടപ്പൊ പ്രതീക്ഷകള്‍ മുഴുവന്‍ മലവെള്ളപ്പാച്ചില്‍ പോലെ ഒലിച്ചു പോയി. A K ഡേവിസ് 57 വയസ് ബോര്‍ഡിംഗ് ഫ്രം തൃശ്ശൂര്‍. ശപിച്ചോണ്ടാണ് കേറിയത്. കണ്ടപ്പോ പൂര്‍ത്തിയായി. മണ്ണ് ഉരുട്ടി നിലത്തിട്ട പൊലെ ഒരു രൂപം. കൊമ്പന്‍ മീശ, കഷണ്ടിത്തല. വിടവുള്ള പല്ല് മുഴുവന്‍ കാട്ടി മൂപ്പരൊരു ചിരി പാസാക്കി. എന്നിട്ട് ചോദിച്ചു “എങ്ങോട്ടാ..? ഡല്‍ഹിക്കണോ...? ഞാനും ഡല്‍ഹിക്കുതന്നെയാ..” കുരിശ്ശ് എന്ന് മനസ്സില്‍ പ്രാകി അതു പുറത്തു കാട്ടാതെ ഞാന്‍ ഒരു ചിരി പാസാക്കി. പക്ഷേ പിന്നീടുള്ള 2 മണിക്കൂര്‍; ലോകത്തിലെ ഏറ്റവും വലിയ കത്തിയെന്ന് സ്വയം അഹങ്കരിച്ചിരുന്ന എന്റെ പതനം. ഇതു വരെ എന്റെ നേര്‍ക്കുണ്ടായതില്‍ വച്ച് എറ്റവും വലിയ ആക്രമണം. ലോകത്തിലുള്ള എന്തിനെക്കുറിച്ചും ഡേവിസ്സേട്ടന്‍ സംസാരിക്കും. പക്ഷേ ആനയാണ് പുള്ളീടെ ഇഷ്ട വിഷയം. “ ഡാ ഗഡീ... മ്മടെ തിരുവമ്പാടി ശിവസുന്ദറിനെ യ്യ് കണ്ട്ണ്ടാ.. ജാതി ഐറ്റാസ്റ്റാത്..., തെച്ചിക്കോട്ടുകാവ് രാമചന്ദ്രനേയ് മാറി നില്‍ക്കും. പക്ഷേ രാമചന്ദ്രനും... ആളു പുലിയാട്ടാ..” പാമ്പാടി രാജന്‍, കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്‍, പിതൃക്കോവില്‍ ഗണപതി തുടങ്ങി നീണ്ട ഒരു ലിസ്റ്റ്. ഒരു കണ്ണൂര്‍ക്കരന് പൊതുവെ താല്‍പ്പര്യം കുറഞ്ഞ ഒരു വിഷയം. ഒരുപറ്റം ആനകളുടെ ജീവചരിത്രമടങ്ങുന്ന ഒരു ക്ലാസ്.. ഒടുവില്‍ സഹികെട്ടപ്പോ തടിതപ്പാന്‍ ഉറക്കം നടിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. അങ്ങിനെയാ നേരത്തെ കേറിക്കിടന്നത്. ഒരു ഇര നഷ്ടപ്പെട്ട സങ്കടത്തില്‍ എടുത്താല്‍ പൊങ്ങാത്ത ശരീരവും വച്ച് മൂപ്പരും വലിഞ്ഞുകേറി. കിടന്ന അപ്പൊ തുടങ്ങിയതാ കൂര്‍ക്കം വലി. ഇതിലും ബേധം മൂപ്പരുടെ കത്തി തന്നെയാണെന്ന് അപ്പളാണ് മനസിലായത്. മനസില്‍ ശപിച്ചു കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവില്‍ ഉറങ്ങിയത് പുലര്‍ച്ചെ എപ്പളോ ആണ്. ഉണര്‍ന്നപ്പോള്‍ സമയം നോക്കി 9 മണി കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഉറക്കച്ചടവ് മാറിയിട്ടില്ല. ഏ.സി.കോച്ചിന്റെ തണുപ്പും. ഞാനൊന്നൂടെ മൂടിപ്പുതച്ച് കിടന്നു.

സാമൂതിരി നാട് കുളം തൊണ്ടിയ പഴയ തല്ലുകൊള്ളിക്ക് നാടുകടത്തല്‍ ശിക്ഷ. ഇന്ദ്രപ്രസ്ഥത്തിലേക്ക്. അറിയാത്ത നാട്, തീരെ വശമില്ലത്ത ഭാഷ. മുകുന്ദന്റെ ഡല്‍ഹി വായിച്ചിട്ടുണ്ട്; അരവിന്ദന്‍ അലഞ്ഞു തിരിഞ്ഞ നഗരം. അരവിന്ദന്റെ ഗതിയാകുമോ എനിക്കും? അങ്ങിനെ ഓരോന്നലൊചിചോണ്ടായിരുന്നു യത്രയ്ക്ക് തയ്യാറായത്. ഞാന്‍ ഡേവിസേട്ടനെ ഒന്നൂടൊന്ന് നൊക്കി. പുള്ളിക്ക് മറ്റൊരു ഇരയെ കിട്ടിയിരിക്കുന്നു. ഒരു പാവം സര്‍ദാര്‍ജി. ഇയാളോടും ആനകഥതന്നെയാണോ പറയണത്? ഞാന്‍ ചെവി വട്ടം പിടിച്ചു. അല്ല ഇത് രാഷ്ട്രീയമാണ്. ദേശീയ രാഷ്ട്രീയം. ഇടയ്ക്ക് റയില്‍ മന്ത്രി ലാലുപ്രസാദ് യാദവിന്റെ പരിഷ്കാരങ്ങളും കടന്നു വരുന്നുണ്ട് പാവം സര്‍ദാര്‍ജി. ഞാന്‍ മനസില്‍ കരുതി. എന്തായാലും തല്‍ക്കാലം രക്ഷപ്പെട്ടു എന്ന ആശ്വാസവും.

വണ്ടി കേറുമ്പോ അമ്മ പറഞ്ഞു,
“അപ്പൂ കണ്ണീ കണ്ടതൊന്നും കഴിച്ച് വയറ് ചീത്തയാക്കല്ലേ.., കാച്ചിയ എണ്ണതന്നെ തേക്കണേ.. വെള്ളം മാറിക്കുളിച്ച് വല്ല അസുഖവും വന്നാലോ..? കുളി കഴിഞ്ഞാല്‍ മറക്കാതെ നെറുകേല് രാസ്നാദിപ്പൊടി തിരുമ്പണംട്ടൊ...”
“ദിവസവും തമ്പുരാന്‍ പെരുംതൃക്കോവിലപ്പന് നൈവിളക്ക് കത്തിക്കണേ.., എന്തൊക്കെയായാലും നമ്മടെ പാരമ്പര്യം; അത് മറക്കരുതേ അപ്പൂ... ” എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.
രണ്ടു പേരേയും സമാധാനിപ്പിച്ച് വണ്ടിയില്‍ കയറിയപ്പൊ എന്തോ പെട്ടെന്ന് ഒറ്റയ്ക്കായിപ്പോയി എന്നൊരു തോന്നല്‍. കണ്ണു നിറഞ്ഞുവോന്നൊരു സംശയം.


ഒരു രാത്രി കൂടി ഡേവിസേട്ടന്റെ കൂര്‍ക്കം വലി സഹിക്കേണ്ടി വരുമല്ലോ എന്ന വിഷമത്തില്‍ രാത്രി ഭക്ഷണം കഴിഞ്ഞ ഉടനെത്തന്നെ ബര്‍ത്തിലോട്ട് വലിഞ്ഞ് കയറി. ഡേവിസേട്ടന്‍ ലൈലന്റ് ബസ് സ്റ്റാര്‍ട്ട് ചെയ്യണതുനു മുന്പേ ഉറങ്ങണം. ഇല്ലെങ്കില്‍ ഇന്നും കാള രാത്രി. ഇടയ്ക്കൊന്ന് ഡേവിസ്സേട്ടനെ പാളി നോക്കി. പുള്ളിക്ക് ഉറങ്ങാനുള്ള വല്ല പരിപാടിയുമുണ്ടോ? ഇല്ല; പുള്ളിക്ക് പുതിയൊരു ഇരയെ കിട്ടിയിരിക്കുന്നു. കാസര്‍ക്കോട് നിന്ന് കയറിയ ഒരപ്പൂപ്പന്‍. പാവം വയസാം കാലത്ത് ചെന്നു പെട്ടത് പുലി മടയിലാണല്ലോ എന്ന് ഞാന്‍ സഹതപിച്ചു. പുതിയ വിഷയമെന്താണെന്നറിയാന്‍ കാതോര്‍ത്തു. ആനകഥയും ലാലു പുരാണവുമല്ല, മറ്റെന്തോ ആണ്. ഒന്നൂടെ ശ്രദ്ധിച്ചപ്പോ പുതുതലമുറയുടെ തോന്ന്യവാസങ്ങളാണ് വിഷയം എന്നു മനസിലായി. അപ്പൂപ്പനു ദൈവം തുണ. ഞാന്‍ മനസില്‍ പ്രാര്‍ഥിച്ചു. ചെറുതായി ഉറക്കം വരുന്നുണ്ട്. പക്ഷേ വണ്ടിയുടെ കുലുക്കം കൊണ്ട് സുഖാവുന്നില്ല. അതിനിടയിലെപ്പൊളോ ഡേവിസ്സേട്ടന്റെ സംസാരം ഒന്നൂടെ ശ്രദ്ധിച്ചു.

“ മഷെ.. 2020 ആകുമ്പോളേക്കും മ്മടെ ഇന്ത്യേ വികസിത രാജ്യാക്കാനാ ചെലോരടെ പരിപാടി. അപ്പളേക്കും മ്മടെ രജ്യം അമേരിക്കേനേം, ബ്രിട്ടനേം, ഫ്രാന്‍സിനേം ഒക്കെപ്പോലെ സമ്പന്നരാജ്യാകുംത്രേ... രാജ്യത്ത് സമ്പന്നരു മാത്രേ ഉണ്ടാവൂത്രേ.. ന്റെ മാഷേ.. എന്തൂട്ടാ ഇവ്റ്റൊള് പറേണേ..? മ്മടെ തൃശ്ശൂര് അയ്യന്തൊളിലുമാത്രം ഉച്ചക്കഞ്ഞി പോലും കുടിക്കാന്‍ ഗതീല്യാത്ത എത്ര കുടുമ്മങ്ങള്ണ്ട്ന്ന് നിശ്ശണ്ടാ.. അങ്ങനെ ഇന്ത്യാ മഹാരജ്യം മൊത്താകുമ്പൊ എത്ര പട്ടിണിക്കാര്‍ണ്ടാകുംന്ന്വാ.. ഈ ഗതീല്യാത്തൊരെ മൊത്തം എങ്ങന്യാ ഇവറ്റോള് സമ്പന്നരാക്ക്വ..? എന്തൂട്ട് തേങ്ങ്യാ ഇവ്റ്റോള് കാട്ടാന്‍ പോണെ..? ഈ പട്ടിണിക്കരെ മൊത്തം അറബിക്കടലില് കോണ്ട് തള്ളാനാണോ പരിപാടി...? ഇല്യ മാഷേ.. ബടെ പാവപ്പെട്ടോനെ ആര്‍ക്കും വേണ്ടാ.. പണള്ളോനെ മാത്രം മതി. അഗതിയൊള്‍ക്ക് ജീവിക്കാനവകാശമില്ല മാഷേ ഈ ഭൂമിയില്..... ”
“ അഗതിയോള്‍ക്ക് ജീവിക്കാനവകാശമില്ല മാഷെ ഈ ഭൂമിയില്‍” ഡേവിസേട്ടന്റെ ഈ വാക്കുകള്‍ എന്തോ മനസിലെവിടെയോ തറച്ചപോലെ തൊന്നി.

2006 മെയ് 19

കാലത്ത് 11 മണി. വണ്ടി ആഗ്രയിലെത്തി. പ്രണയ സൌധത്തിന്റെ നാട്. എന്തായാലും ഒന്ന് പുറത്തിറങ്ങി നോക്കം. ഞാന്‍ തീരുമാനിച്ചു. പ്ലാറ്റ്ഫോമിലൂടെ ഇത്തിരി ദൂരം മുന്നോട്ട് നടന്നു. അതി മലിനമായ ഒരു സ്റ്റേഷന്‍. പ്ലാറ്റ്ഫോം നിറയെ ഭക്ഷണാവശിഷ്ട്ടങ്ങളും മറ്റ് ചപ്പ് ചവറുകളും. പശുക്കളും പട്ടികളും അലഞ്ഞു നടക്കുന്നു. അതി കഠിനമായ ദുര്‍ഗന്ധം. എന്നാലും ഇത്തിരി കൂടി മുന്നോട്ട് നടന്നു. കഞ്ചാവ് വലിക്കുന്ന കാഷായ വേഷധാരികള്‍, വഴിവാണിഭക്കാര്‍, ഹിജഡകള്‍, യാചകര്‍. ഉത്തരേന്ത്യന്‍ റയില്വേസ്റ്റേഷനുകളിലെ പതിവു കാഴ്ച്ചകളെല്ലാം ഞാനവിടെ കണ്ടു. പെട്ടെന്നാണ് തെല്ലുമാറി എന്തോ ബഹളം ഞാന്‍ ശ്രദ്ധിച്ചത്. അവിടെ കണ്ട കാഴ്ച തികച്ചും ദയനീയം. 60 വയസിലധികം പ്രായമുള്ള ഒരു വൃദ്ധന്‍, ചളി പിടിച്ച ജഡ, താടി, പട്ടിണിപ്പേക്കോലം, പൂര്‍ണ്ണ നഗ്നന്‍, ഇരു കൈകളും പ്ലാറ്റ്ഫോമില്‍ തൂണുകളോട് ചേര്‍ത്ത് ബന്ധിച്ചിരിക്കുന്നു. ചുറ്റിലും നിന്ന് മൂന്നുനാലുപേര്‍ ചേര്‍ന്ന് മൃഗീയമായി മര്‍ദ്ധിക്കുന്നു. മൂക്കിലും വായയിലും പൊട്ടിയൊലിക്കുന്ന ചോര. അതു കണ്ട് ആസ്വദിച്ചുകൊണ്ടൊ അതോ പ്രതികരിച്ചിട്ട് കാര്യമില്ലെന്നതു കൊണ്ടോ നിര്‍വികാരമായി നോക്കി നില്‍ക്കുന്ന ജനം. അറിയാവുന്ന മുറി ഹിന്ദിയില്‍ ഒരാളോ‍ട് കാര്യം തിരക്കി. തൊട്ടടുത്ത കടയില്‍ നിന്ന് ഒരു ആപ്പിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നതാണ് അയാല്‍ ചെയ്ത കുറ്റമെന്നറിഞ്ഞപ്പോള്‍ തകര്‍ന്നു പോയി.



കാലത്ത് സ്വാദില്ലെന്ന കാരണത്താല്‍ തീവണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞ ഭക്ഷണമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ പാവത്തിന്റെ വിശപ്പു മാറിയേനേ.. ഇത്തരത്തില്‍ എത്ര പേര്‍..? ആഡംബരത്തിന്റെയും പണക്കൊഴുപ്പിന്റെയും ഹുങ്കില്‍ ജീവിക്കുന്ന ഞാനടങ്ങുന്ന സമൂഹം കാണാതെ പോകുന്നവര്‍. ഒരു നേരത്തെ വിശപ്പുമാറ്റാന്‍ വഴിയില്ലാത്തവര്‍. ഡേവിസ്സേട്ടന്‍ പറഞ്ഞതുപോലെ 2020 ലെ സമ്പന്ന ഇന്ത്യയ്ക്ക് വേണ്ടി ഒരുകൂട്ടര്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ക്കിടെ മനപ്പൂര്‍വ്വം തമസ്ക്കരിക്കപ്പെടുന്നവര്‍. ലീക്കൂപ്പറിന്റെ ഷൂസും, ഫ്ലൈയിങ്ങ് മെഷീന്റെ ജീന്‍സും, ലീയുടെ ടീഷര്‍ട്ടും; ഞാന്‍ എന്റെ ഉടയാടകള്‍ക്ക് വിലയിട്ടു. ഏകദേശം 4000 രൂപ. എന്റെ ആഡംബരമോര്‍ത്ത് സ്വയം ലജ്ജിച്ചു.

അല്‍പ്പ സമയത്തിനകം ട്രയിന്‍ പോകുമെന്ന മുന്നറിയിപ്പ് റയില്‍വേസ്റ്റേഷനില്‍ മുഴങ്ങി. മുന്നില്‍ ആള്‍ക്കൂടത്തിനു നടുവില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്ന പട്ടിണിപ്പേക്കോലം. അപ്പോളും ചിലര്‍ അയാളെ മര്‍ദ്ദിക്കുന്നുണ്ട്. എന്തു ചെയ്യുമെന്നറിയാതെ ഞാന്‍ പകച്ചു നിന്നു. പിന്നെ കരുണയില്ലാത്ത സമൂഹത്തിലെ മറ്റൊരുത്തനായി തിരിഞ്ഞ് നടന്നു. വണ്ടിയില്‍ കയറുമ്പോള്‍ അയാളെ ഒന്നുകൂടി നോക്കി. “ബേട്ടാ...” ദയനീയ സ്വരത്തില്‍ അയാള്‍ വിളിച്ചുവോ..? ഇല്ല അയാള്‍ വിളിച്ചില്ല. “ അഗതിയോള്‍ക്ക് ജീവിക്കാനവകാശമില്ല മാഷേ ഈഭൂമിയില്‍...” ഡേവിസേട്ടന്റെ വാക്കുകള്‍ എന്റെ ചെവിയില്‍ മുഴങ്ങുന്നപോലെ തോന്നി എനിക്ക്........

Friday, January 18, 2008

കൊയമ്പത്തൂര്‍ മംഗലാപുരം ഫാസ്റ്റ്പാസഞ്ചര്‍ ( ഒരു തല്ലുകൊള്ളിയുടെ യാത്രാവിവരണം)

ഒരു യാത്രാവിവരണം എഴുതി സാക്ഷാല്‍ എസ്.കെ പൊറ്റക്കാടിന് പിന്മുറക്കരനാകുക എന്ന ഉദ്ദേശത്തോടെയൊന്നുമല്ല ഈയുള്ളവന്‍ ഇതെഴുതുന്നത്. ഒരു യത്ര; അത് തല്ലുകൊള്ളിയുടേതാകുമ്പൊള്‍ എന്തെങ്കിലുമൊക്കെ വിവരിക്കാന്‍ കാണുമല്ലോ.. അത് വിനയപൂര്‍വ്വം അവതരിപ്പിക്കുന്നുവെന്നു മാത്രം. എന്തായാലും പറഞ്ഞു വരുന്നത് സാക്ഷാല്‍ തല്ലുകൊള്ളി നടത്തിയ ഒരു മഹത്തായ യാത്രയെപ്പറ്റിയാണ്.


നാടിനേയും നാട്ടാരെയും വിറപ്പിച്ച പഴയ വള്ളിട്രൌസറുകാരന്‍ തല്ലുകൊള്ളി വളര്‍ന്നു. ഒരു പനയോളം. പനയോളം എന്നു കേള്‍ക്കുമ്പൊള്‍ ഖസാക്കിലെ കാറ്റേറ്റിളകുന്ന കരിമ്പനയോളമാ‍ണെന്നു കരുതിയെങ്കില്‍ തെറ്റി. ഇത് ചെടിചട്ടിയില്‍ വയ്ക്കുന്ന വളര്‍ച്ച മുരടിച്ച കുള്ളന്‍ പന. മുകളിലോട്ടുള്ള വളര്‍ച്ച മുരടിച്ചപ്പോ പിന്നെ വളര്‍ച്ച വശങ്ങളിലോട്ടായി. ആ വളര്‍ച്ച ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അതു വരെ നെരുന്തു പോലിരുന്ന ചെക്കന്‍ ഒരു സുപ്രഭാതത്തില്‍ തടിക്കാ‍ന്‍ തുടങ്ങി. അനുവാണെങ്കില്‍ മെലിയാനും. നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു. “ഈശ്വരാ.. ഈ ചെറുക്കനു കൊടുക്കേണ്ട ഭക്ഷണം കൂടി ഈ തല്ലുകൊള്ളിയാണോ തിന്നണേ..?” പലരും ഇക്കാര്യം അമ്മയൊടും ചോദിക്കാന്‍ തുടങ്ങി. “ അല്ല ഹൈമേ... ഇതെന്താ ഇങ്ങിനേ...?” അമ്മേടെ ചങ്ക് പറിയുമെന്ന അവസ്ഥയായി. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ അമ്മ, ഭൂമിമലയാളത്തില്‍ കിട്ടുന്ന വിറ്റാമിന്‍ ഗുളികകളും, പ്രോട്ടീന്‍ പൌഡറുകളും കൊടുത്ത് അനൂന്റെ ആകാരസൌഷ്ടവം വീണ്ടെടുക്കാന്‍ കടുത്ത പ്രയത്നം തുടങ്ങി. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയുടേയും, എസ്.ഡി ഫാര്‍മ്മസിയുടേയും, നാഗാര്‍ജ്ജുനയുടേയും ചവനപ്രാശങ്ങള്‍ മാറിമാറി തീറ്റിച്ചു. എന്തു ഫലം? അനുവിന്റെ ശോഷിപ്പ് തുടര്‍ന്നു. പകരം കോമ്രെഡ് തല്ലുകൊള്ളി കരുത്തനായിക്കൊണ്ടേ ഇരുന്നു. അങ്ങിനെ ഉരുണ്ടുരുണ്ട് നടക്കുന്ന കാലത്താണ് ഈയുള്ളവന്‍ ചരിത്രപ്രസിദ്ധമായ ആ യാത്രനടത്തുന്നത്.


എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് ഒറ്റയ്ക്ക് ഊരുചുറ്റാനുള്ള പര്‍മിറ്റ് അച്ഛനുമമ്മയും അനുവദിക്കുന്നത്. ഓണക്കാലത്ത് തൃശ്ശൂര്‍ക്ക് ഒരു തീവണ്ടിയാത്ര. കണ്ണൂരീന്ന് ‘തല്ലുകൊള്ളിത്തരമൊന്നും’ കാണിക്കാതെ തൃശ്ശൂരില്‍ ചെന്നിറങ്ങിയപ്പോ ലോകം കീഴടക്കിയ അഹങ്കാരമായിരുന്നു ഉള്ളില്‍. സത്യത്തില്‍ ഈ യാത്രാവിവരണം തുടങ്ങുന്നത് അവിടുന്നല്ല. 7 ദിവസത്തെ തൃശ്ശൂര്‍ വാസത്തിനു ശേഷം നടത്തിയ മടക്കയാത്രയില്‍ നിന്നാണ്.


കാലത്ത് 9:15 പൂങ്കുന്നം റയില്‍വേസ്റ്റേഷന്‍.


തൃശ്ശൂര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ലൊക്കല്‍ സ്റ്റേഷനാണ് പൂങ്കുന്നം. ഉരുണ്ട ശരീരവും, വലിയോരു ബാഗുമായി ഈയുള്ളവന്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചു. 10 മിനുട്ടിനകം കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ക്ക് പോകുന്ന പാസഞ്ചര്‍ ട്രയിന്‍ ആഗതനായി. ഷൊര്‍ണ്ണൂര്‍ വരെ അതില്‍, അവിടുന്ന് മംഗലാപുരത്തേക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റിനാണ് അടുത്ത യാത്ര.



10:45 ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍.


മുന്നറിയിപ്പുകാരി ചേച്ചി വിളിച്ചു പറഞ്ഞു “ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശ്ശൂരില്‍ നിന്ന് ഒരു തടിയന്‍ ചെക്കനേയും വഹിച്ച് കൊണ്ട് വരുന്ന കൊച്ചിന്‍- നിലമ്പൂര്‍ പാസഞ്ചര്‍ ട്രയിന്‍ അല്‍പ്പസമയത്തിനകം എത്തിച്ചേരും.” വരാനിരിക്കുന്ന വലിയ വിപത്തിനെയോര്‍ത്ത് സ്റ്റേഷനിലെ ജനം അസ്വസ്ഥരായി. ഒരു തടിയന്‍ വരുന്നു എന്ന അനൌണ്‍സ്മെന്റ് കേട്ട സ്റ്റേഷനിലെ ചായ കച്ചവടക്കാര്‍ക്ക് ആവേശമായി. “ചായ.. ചായ, കാപ്പി.., ചായ വട സമൂസ, പഴമ്പൊരീ..” തുടങ്ങിയ സൂക്തങ്ങള്‍ മുഴക്കി അവരെനിക്ക് സ്വാഗതമേകി. ആദ്യം കണ്ട ഒരാളില്‍ നിന്നും മുഴുത്ത ഒരു പഴമ്പൊരിയും, ഒരു പരിപ്പുവടയും വാങ്ങിച്ച് അവര്‍ക്ക് ഞാന്‍ പിന്തുണ പ്രഖ്യാപിച്ചു.


11:15 അനൌണ്‍സ്മെന്റ് ചേച്ചി വീണ്ടും കിടന്നു കാറി. “ യാത്രക്കാരേ.. ശ്രദ്ധിക്കണെ.. പൂ..യ്.. മംഗലാപുരത്തേക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റ് ഇപ്പം വരുംട്ടാ....” നമ്മളിതെത്ര കേട്ടിരിക്കുണു എന്നമട്ടില്‍ ഒരു പരിപ്പുവടേം കൂടി മേടിച്ച് ഞാന്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിനു മുകളിലേക്ക് കയറി. റയില്‍വേ സ്റ്റേഷന്റെ ഏരിയല്‍ ദൃശ്യങ്ങള്‍ ആസ്വദിച്ച് അവിടെ അങ്ങിനെ നിന്നു. അതിനിടേല്‍ അനൌണ്‍സ്മെന്റെകാരി ചേച്ചി ഒന്നൂടെ നിലവിളിച്ചതൊന്നും ശദ്ധിച്ചുമില്ല.


11:35 രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് കോമ്രേഡ് തീവണ്ടി എത്തി. മേല്‍പ്പലത്തിനു മുകളില്‍ നിന്ന് ഉരുണ്ടുരുണ്ട് ഇറങ്ങൊമ്പോളേക്കും നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മറ്റൊരുതീവണ്ടിയും ഓടിപ്പാഞ്ഞ് കിതച്ച് നിന്നു. ഏതാണ് എന്റെ വ്ണ്ടി എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ലായിരുന്നു. നേരെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെ വണ്ടിയിലോട്ട് വലിഞ്ഞു കയറി.



11:45 കോമ്രേഡ് തീവണ്ടി അരകിന്റലോളം ഭാരമുള്ള ഈയുള്ളവനേയും പേറി ഞരങ്ങിക്കൊണ്ട് മുന്നോട്ട് നീങ്ങി. ഒരു അടിപൊളിയാത്ര... ബാ‍ക്ക് ഗ്രൌണ്ടില്‍ കൂ കൂ.. കൂ കൂ.. തീവ്ണ്ടി കൂകിപ്പായും തീവണ്ടി.. എന്ന ഗാനം വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍. എന്തായാലും തീവണ്ടിപ്പാട്ട് കേട്ടതോണ്ടാകണം നല്ലൊരു ഉറക്കം പാസാക്കി ഈയുള്ളവന്‍. കുംഭകര്‍ണ്ണസേവ കഴിഞ്ഞ് എഴുന്നേറ്റപ്പോളെക്കും വണ്ടി സ്റ്റേഷനിലെത്തി. ഒറ്റയ്ക്ക് വിജയകരമായി തൃശ്ശൂര്‍ യാത്ര നടത്തിയ സന്തോഷത്തില്‍ ഈയുള്ളവന്‍ ബാഗും തൂക്കി പുറത്തേക്കിറങ്ങി. പക്ഷേ ആവേശം മുഴുവന്‍ കെട്ടത് അപ്പോളായിരുന്നു. കൊയമ്പത്തൂര്‍ റയില്‍വേസ്റ്റേഷന്‍. സമയം ഉച്ച ഉച്ചര ഉച്ചേമുക്കല്. തലയ്ക്ക് കയ്യും വച്ച് ഞാനവിടെ ആസനസ്ഥനായി. ഇനിയെന്തു വേണ്ടൂ എന്നറിയാതെ കരച്ചിലിന്റെ വക്കത്തെത്തി നില്‍ക്കുന്ന ഞാന്‍ അന്ന് ആദ്യമായി ദൈവത്തെ നേരില്‍ കണ്ടു.

കഷണ്ടിത്തലയും, കൊമ്പന്‍ മീശയും, ഹാഫ്ക്കയ്യന്‍ വരയന്‍ ഷര്‍ട്ടും,നീല നിറത്തിലുള്ള ലുങ്കിയുമുടുത്ത് സാക്ഷാല്‍ ദൈവം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് മൊഴിഞ്ഞു;

“ മകനെ...... നിനക്കെന്തു വരമാണു വേണ്ടത്...?”

അതുകൂടി കേട്ടതോടെ ഞാന്‍ പൊട്ടിക്കരഞ്ഞോട് പറഞ്ഞു. “എനിക്കെന്റെ അമ്മേക്കാണണം...”

ചെറിയ ഒരു സ്മയിലോടെ ദൈവം വീണ്ടും പറഞ്ഞു..” ഇത്രേം ഉരുണ്ട ശരീരവും വച്ച് ഇവിടെ കുത്തിയിരുന്ന് കരഞ്ഞാല്‍ നിനക്ക് നിന്റെ അമ്മയെ കാണാനൊക്കുമോ..? മകനെ... 2:30ന് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ പാസഞ്ചറില്‍ കയറുക നിനക്ക് നിന്റെ നാട്ടിലെത്താം”

എന്തായലും ദൈവം കാണിച്ചു തന്ന വഴി പെരുവഴിയായില്ല. രാത്രി 9:30 ആയപ്പോളെക്കും കഷ്ടിച്ച് കണ്ണൂരെത്തി. പിന്നെ ബസ്സ്റ്റാന്റില്‍ ചെന്ന് ബ്സ്സുകയറി തളിപ്പറമ്പ് എത്തി, അവിടുന്ന് ഓട്ടോ പിടിച്ച് ഇല്ലത്തെത്തിയപ്പോളേക്കും സമയം 10;30.

പക്ഷേ ചെന്നുകേറുമ്പോ മുറ്റത്ത് പതിവില്ലാത്ത ആള്‍ക്കൂട്ടം. കരച്ചിലിന്റെ വക്കത്ത് അച്ഛനും അമ്മയും. സമാധാനിപ്പിക്കാന്‍ നാട്ടുകാര്‍. അതിനിടയിലേ‍ക്കാണ് കോമ്രേഡ് തല്ലുകൊള്ളി തല്ല് ഏറ്റുവാങ്ങാന്‍ തയ്യറായി രംഗപ്രവേശനം ചെയ്തത്.

രണ്ടു കിട്ടിയാല്‍ എന്താ ഇല്ലത്ത് തിരിച്ചെത്ത്യല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍. പെരുംതൃക്കൊവിലപ്പനുള്ള വഴിപാടിനു കാശ് മാറ്റിവയ്ക്കുന്ന അച്ഛനുമമ്മയും...



എന്തായാലും ചരിത്രപ്രസിദ്ധമായ ഈ യാത്രയില്‍ കോമ്രേഡ് തല്ലുകൊള്ളി 2 കാര്യങ്ങള്‍ പഠിച്ചു.



1) ഷൊര്‍ണ്ണൂര്‍ റയില്‍വേസ്റ്റേഷനില്‍ ചെന്നാല്‍ മേല്‍പ്പാലത്തില്‍ കയറിനിന്ന് ഏരിയല്‍ ദൃശ്യങ്ങള്‍ ആസ്വദിച്ച് നില്‍ക്കരുത്. അഥവാ നിന്നാല്‍ മുന്നറിയിപ്പുകാരി ചേച്ചിയുടെ അനൌണ്‍സ്മെന്റ് ശ്രദ്ധിക്കണം.



2) ഇനിയും ഇതുപോലെ വഴിതെറ്റി കൊയമ്പത്തൂര്‍ റയില്‍വേസ്റ്റേഷനിലെത്തി സങ്കടപ്പെട്ടിരുന്നാല്‍ വരയന്‍ഹാഫ്കൈ ഷര്‍ട്ടും നീല ലുങ്കിയുമുടുത്ത് വഴികാണിക്കനായി ദൈവം എത്തിക്കോളും.

Saturday, January 5, 2008

മൂന്നാം ലോകമഹായുദ്ധം(ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരേട്)

1990ല്‍ സോവ്യേറ്റ് യൂണിയന്‍ തകര്‍ന്നതോടെ ശീതയുദ്ധത്തിനു ശമനമായി. അതുവരെ നിലനിന്നിരുന്ന മറ്റോരു ലോകമഹായുദ്ധത്തിന്റെ സാധ്യത ഇല്ലതായതില്‍ ലോകം ആശ്വസിച്ചു. എന്നാല്‍ സോവ്യ്യേറ്റ് യൂണിയന്‍ തകര്‍ന്നിട്ട് കൃത്യം 3 വര്‍ഷം പിന്നിട്ടപ്പോള്‍ ഈ ലോകം മറ്റോരു യുദ്ധത്തിനു സാ‍ക്ഷ്യം വഹിച്ചു. ഗള്‍ഫ് യുദ്ധമെന്നു കരുതിയെങ്കില്‍ തെറ്റി. അതിലും ഘോരമായ മറ്റൊരു ലോകമഹായുദ്ധം. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അവസാനിച്ച ലോകമഹായുദ്ധം. ചരിത്രത്തില്‍ ഇതു വരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരേട്..

നാല് എ ക്ലാസില്‍ ശശിമാഷ് സാമൂഹ്യപാഠം ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തെ കുറിച്ചാണ് പാഠം. ഹിറ്റ്ലറും, മുസോളിനിയും, നാസിസവും, ഫാസിസവും അരങ്ങു തകര്‍ക്കുകയാണ്. അതേ സമയം ക്ലാസിലെ നാലാമത്തെ ബഞ്ചില്‍ ഒരു സംഘം കുട്ടികള്‍ മറ്റൊരു യുദ്ധത്തിന്റെ ആലോചനയിലായിരുന്നു. മൂന്നാം ലോകമഹായുദ്ധം. സംഘത്തിന്റെ നേതാവ് ഒരു ചന്ദനപ്പൊട്ടുകാരന്‍ ‘തല്ലുകൊള്ളി’ പോക്കറ്റില്‍ നിന്ന് ഒരു പേപ്പര്‍ കയ്യിലെടുത്തു സഖ്യകക്ഷികളിലെ പങ്കാളികളുടെ പേരു വിവരമാണ് പേപ്പറില്‍. യുദ്ധത്തിലെ പങ്കാളികളുടെ പേരു വിളിച്ച് നമ്മടെ സംഘത്തലവന്‍ കൂട്ടാളികള്‍ക്ക് ഒരോ ഉത്തരവാദിത്തം ഏല്‍പ്പിക്കുകയാ‍ണ്. അതിനിടെ പിന്‍ബഞ്ച് ചര്‍ച്ചകള്‍ ശശിമാഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. തല്ലുകൊള്ളിയെ പേരുചൊല്ലി വിളിച്ച് മാഷ് ഒരു ചോദ്യമിട്ടു.

“ജയന്‍... സ്റ്റാന്റ് അപ്പ്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണമായ സംഭവമേതാണ്?” തല ചോറിഞ്ഞും, കഴുക്കോലെണ്ണിയും കോമ്രേഡ് തല്ലുകൊള്ളി അടുത്ത തല്ലുവാങ്ങാന്‍ തയ്യാറെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണം അറിയില്ലെങ്കിലും തങ്ങള്‍ പദ്ധതിയിടുന്ന മൂന്നം ലോകമഹായുദ്ധത്തിന്റെ കാരണം മൂപ്പര്‍ക്ക് വ്യക്തമായറിയാമായിരുന്നു.

നാല് ബിയില്‍ പഠിക്കുന്ന അനീഷ് ശിവാലമഠ്മാണ് കുഴപ്പങ്ങള്‍ക്ക് തുടക്കമിട്ടത്. നമ്മടെ കഥാനായകന്‍ തല്ലുകൊള്ളിയുടെ സഹബഞ്ചന്‍ ശ്രീജേഷിന്റെ അച്ഛന്‍ കൊണ്ടുവന്നു കൊടുത്ത ഫോറിന്‍ പേന പുള്ളിക്കരന്‍ അടിച്ചുമാറ്റി. അതു ചോദിക്കാന്‍ ചെന്ന സ്കൂളിന്റെ ആസ്ഥാന തല്ലുകൊള്ളി, നമ്മടെ സംഘത്തലവനെ മൂപ്പിലാനൊന്നു വെല്ലുവിളിച്ചു. നേരിട്ട് ഒരു ഏറ്റുമുട്ടല്‍ നടത്തി തടി കേടാക്കാന്‍ രണ്ടുപേരും തയ്യറല്ലായിരുന്നു. പക്ഷേ സംഭവം സ്കൂളില്‍ വലിയ വാര്‍ത്തയായി. തല്ലുകൊള്ളിയുടെയും അനീഷ് ശിവാലമഠത്തിന്റേയും നേതൃത്വത്തില്‍ നാല് എ യിലെയും നാല് ബിയിലേയും മറ്റ് തല്ലുകൊള്ളികള്‍ അണിനിരന്നു. ഇരുകൂട്ടരും അങ്കം കുറിച്ചു. വരുന്ന വെള്ളിയാഴ്ച്ച പി. ടി പിര്യേഡില്‍ തൃച്ചംബ്ബരം സ്കൂള്‍ ‍ഗ്രൌണ്ടില്‍ നാല് എയിലെ സഘ്യകക്ഷികലും, നാല് ബിയിലെ അച്ചുതണ്ടു ശക്തികളും ഏറ്റുമുട്ടും. മൂന്നാം ലോക മഹായുദ്ധം. ആ വെള്ളിയാഴ്ച്ചയാണ് യുദ്ധതന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതിനിടെ ശശിമാഷ് നമ്മടെ തല്ലുകോള്ളിയെ പൊക്കുന്നത്. ഉത്തരം മുട്ടിനിന്ന പുള്ളിക്കാരനും കൂട്ടുപ്രതികള്‍‍ക്കും ക്ലാസ് തീരും വരെ ചുമരരികില്‍ നില്‍ക്കാന്‍ ശിക്ഷ വിധിച്ച് ശശിമാഷ് ക്ലാസ് തുടര്‍ന്നു. അതേസമയം നാല് ബിയില്‍ അനീഷ് ശിവാലമഠത്തിന്റെ നേതൃത്വത്തിലുള്ള അച്ചുതണ്ട്ശക്തികള്‍ അവരുടെ യുദ്ധതന്ത്രങ്ങള്‍ക്ക് കോപ്പ് കൂട്ടുകയായിരുന്നു.

3:15 pm

പി.ടി പിര്യേഡിന് ക്ലാസ് വിട്ടു. ഗ്രൌണ്ടില്‍ പടയാളികള്‍ അണിനിരന്നു. സഖ്യകക്ഷികളില്‍ സംഘത്തലവന്‍ നമ്മടെ തല്ലുകൊള്ളിക്കൊപ്പം ശ്രീജേഷ്, മനു, രണദിവെ, സജേഷ് തുടങ്ങിയ പ്രമുഖരുള്‍പ്പടെ 21പേര്‍ മറുവശത്ത് അനീഷ് ശിവാലമഠത്തിന്റെ നേതൃത്വത്തില്‍ വിനോദ്, ശ്രീജിത്ത്, മനോജ് തുടങ്ങിയ പേരുകേട്ട മറ്റു തല്ലുകൊള്ളികളും. ആയുധമില്ലാതെ കൈകൊണ്ടാണ് യുദ്ധം, ഇരുകൂട്ടരും അംഗീകരിച്ച യുദ്ധമാന്വലില്‍ അത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. സഖ്യകക്ഷികളും അച്ചുതണ്ട് ശക്തികളും മുഖാമുഖം നില്‍ക്കുകയാണ്. സഖ്യകക്ഷികള്‍ക്കിടയില്‍ നിന്ന് കോമ്രേഡ് തല്ലുകൊള്ളി മുന്നോട്ടു വന്നു, മറുവശത്ത് നിന്ന് അനീഷും. ബ്രാഡ്പിറ്റ് സായിപ്പ് (മ്മടെ ആഞ്ചലീനേടെ കെട്ട്യോന്‍) അഭിനയിച്ച ‘ട്രോയ്’ എന്ന ഇംഗ്ലീഷ് സിനിമേല് വില്ലനും ബ്രാഡ്പിറ്റും മുഖാമുഖം നിലക്കണമാതിരി രണ്ടാളും നിന്നു. എന്നിട്ട് ആ പടത്തിലെപ്പോലെ നമ്മടെ തല്ലുകൊള്ളിബ്രാഡ്പിറ്റ് വില്ലന്‍അനീഷിനു നേരെ ആക്രോശത്തോടെ പാഞ്ഞടുത്തു. സിനിമേല് ബ്രാഡ്പിറ്റ് സായിപ്പ് ഒറ്റക്കുത്തിന് എതിരാളികളുടെ തലവനെ കൊല്ലുകയാണ്. ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. അനീഷ് ശിവാലമഠം നമ്മടെ തല്ലുകൊള്ളിബ്രാഡ്പിറ്റിനെ തൂക്കിയെടുത്ത് ഒറ്റയേറ്... “ഹെന്റമ്മച്ചീ‍............” എന്നൊരു വൃത്തികെട്ട ശബ്ദത്തോടെ കഥാനായകന്‍ നിലത്ത്. പടനായകന്‍ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്നമട്ടില്‍ കിടക്കണതുകണ്ടപ്പോ മൂന്നാം ലോകമഹായുദ്ധത്തിനിറങ്ങിത്തിരിച്ച നാല് എയിലെ സഖ്യകക്ഷികള്‍ക്ക് മുട്ടിടിച്ചു.

പക്ഷേ നമ്മടെ തല്ലുകൊള്ളി ആളൊരു “സോഷ്യലിസ്റ്റാ”. സ്ഥിതിസമത്വം എല്ലാകാര്യത്തിലും വേണമെന്നു വാശിയുള്ള ഒരു കറകളഞ്ഞ സോഷ്യലിസ്റ്റ്. തല്ലാണെങ്കിലും കിട്ടുമ്പോ എല്ലാര്‍ക്കും കിട്ടട്ടേ എന്നാണ് പുള്ളിക്കാരന്റെ നയം. മൂപ്പര് ചാടി എഴുന്നേറ്റു. ട്രൌസറിനു പിന്നില്‍ പറ്റിയ പൊടിതട്ടിക്കളഞ്ഞു. എന്നിട്ട് പടയാളികളൊട് ആഹ്വാനം ചെയ്തു “ആക്രമണ്‍...... ” രാമാനന്ദ് സാഗറിന്റെ പഴയ ‘രാമായണത്തിലെ’ വനരപ്പ്ടയേയും രാക്ഷസപ്പടയേയും പോലെ ഇരുകൂട്ടരും പാഞ്ഞടുത്തു. പൊരിഞ്ഞ യുദ്ധം. അനീഷ് ശിവാലമഠവും സംഘവും തകര്‍ക്കുകയാണ്. തല്ലുകൊള്ളിയെ തിരഞ്ഞു പിടിച്ച് പൂശാന്‍ പ്രത്യേകം ടീമിനെ തന്നെ ഏതിരാളിക്കള്‍ നിയോഗിച്ചിരുന്നു. തടികേടാകുന്ന മട്ടായപ്പോ പുള്ളിക്കരന്‍ പതുക്കെ യുദ്ധരംഗത്തുനിന്നും വലിഞ്ഞു. മാറിനിന്നപ്പോളാണ് സംഭവത്തിന്റെ ഗൌരവം കക്ഷിക്ക് പിടികിട്ടണേ. മറ്റവന്മാര്‍ അടിച്ചു നിരത്തുകയാ. ഇക്കണക്കിന് പോയാ കട്ടപ്പൊക. യുദ്ധം തോറ്റതു തന്നെ. ഇനി അറ്റകയ്യായി അണുആയുധം പ്രയോഗിക്കുകയേ നിവൃത്തിയുള്ളൂ. മഹാഭാരതയുദ്ധത്തില്‍ പോലും അറ്റകൈക്ക് ബ്രഹ്മാസ്ത്രം ഉപയോഗിച്ചിട്ടില്ലേ? കര്‍ണ്ണന്‍ അര്‍ജുനനെക്കൊല്ലാന്‍ മാത്രം കൊണ്ടു നടന്ന ഇന്ദ്രചാപം ഒടുവില്‍ നിവൃത്തി ഇല്ലതായപ്പോള്‍ ഭീമസേനന്റെ മകന്‍ ഘടോല്‍ഖചനെ കൊല്ലാന്‍ ഉപയോഗിച്ചില്ലേ. അതുകൊണ്ടുതന്നെ മറ്റുമാര്‍ഗങ്ങള്‍ ഒന്നുമില്ലാതെ വരുമ്പോള്‍ യുദ്ധരംഗത്ത് മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് ഇതിഹാസഗ്രന്ഥങ്ങളടക്കം പറഞ്ഞിട്ടുള്ളതാണ്. ഇനിയിപ്പോ മറ്റുവഴികളൊന്നുമില്ല. അമേരിക്ക ഹിരോഷിമയിലിട്ട ലിറ്റില്‍ബോയിയെക്കാളും ആഘാതശേഷിയുള്ള ഒരു അണുബോംബ് രഹസ്യമായി നേരത്തേതന്നെ നമ്മടെ കഥാനായകന്‍ കരുതിയിരുന്നു. റോഡുപണിക്ക് അവിടെ കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍കൂനയിലെ ഏറ്റവും മികച്ച ഒരെണ്ണം. അനീഷിനു തന്നെ കൊടുക്കണം അണുബോംബ്. പക്ഷേ എത്ര ഉന്നം പിടിച്ചിട്ടും രക്ഷയില്ല. ഒടുവില്‍ മൂപ്പിലാന്‍ കണ്ണൂം പൂട്ടി ഒരേറു വച്ചു കൊടുത്തു. “അമ്മേ.... എന്നൊരു നിലവിളികേട്ടപ്പോളാണ് കണ്ണു തുറന്നേ. അണുബോംബ് പണി പറ്റിച്ചു. പക്ഷേ കൊണ്ടത് നമ്മടെ വില്ലനായിരുന്നില്ല. തല്ലുകൊള്ളിയുടെ വലംകൈ ശ്രീജേഷിന്റെ തലപൊട്ടി ചോരയൊലിക്കുന്നു. മറ്റുകുട്ടികളെല്ലാം പകച്ച് നില്‍ക്കുന്നു. എന്തായാലും യുദ്ധം നിന്നു. പക്ഷേ യുദ്ധത്തിന്റെ അനന്തരഫലം കടുത്തതായിരുന്നു. ശ്രീജേഷിന്റെ തലയ്ക്ക് 9 സ്റ്റിച്ച്. 4 ദിവസം ആശുപത്രിക്കിടക്കയില്‍ അതില്‍ ഒരു ദിവസം ഒബ്സര്‍വേഷനിലും.

എന്തായാലും തല്ലുകൊള്ളിയുള്‍പ്പടെ യുദ്ധത്തില്‍ പങ്കാളികളായ സകലരും ഹെഡ്ടീച്ചറുടെ മുന്നിലേക്ക് ആനയിക്കപ്പെട്ടു. പതിവു വഴക്കുപറച്ചില്‍. ഒടുവില്‍ ശിക്ഷ വിധിച്ചു. കോമ്രേഡ് തല്ലുകൊള്ളി ഒഴികെ സ്കൂളിലെ ഗുണ്ടാ ലിസ്റ്റിലുള്ള 15 പേര്‍ക്ക് കിട്ടിയ ശിക്ഷ രക്ഷിതാവിനെ കൊണ്ടുവന്ന് മത്രം ഇനി ക്ലാസില്‍ കയറുക. തല്ലുകൊള്ളിയുടെ മാതാശ്രീ പാവം ഹൈമവതി ടീച്ചര്‍ സ്കൂളില്‍ തന്നെയുടല്ലോ. അപ്പോ ഇനി പ്രത്യേകം കൊണ്ടു വരേണ്ടതില്ലല്ലോ..! മറ്റുള്ളവര്‍ മാപ്പു സക്ഷികള്‍.

പ്രിയപ്പെട്ട ചരിത്ര കുതുകികളേ..

നിങ്ങള്‍ക്കായി ചരിത്രത്തിലിതുവരെ രേഖപ്പെടുത്തിയിട്ടിലാത്ത ഒരു ലോകമഹായുദ്ധത്തിന്റെ; അതും ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് അവസാനിച്ച ഒരു മഹായുദ്ധത്തിന്റെ വിശദാംശങ്ങളാണ് ഞാന്‍ എന്ന തല്ലുകൊള്ളി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ഈയൊരു മഹാദൌത്യം നിര്‍വ്വഹിക്കാനായതില്‍ ഞാന്‍ കൃതാര്‍ത്ഥനാണ്. ഇതുവഴി ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം പിടിക്കുകയെന്ന ആഗ്രഹം കൊണ്ടൊന്നുമല്ല ഞാന്‍ ഇതിവിടെ അവതരിപ്പിച്ചത് എന്ന് വിനയ പൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ. പകരം അത്യാഗ്രഹം കൊണ്ട് മത്രമാണ്.