ചുവന്നുതുടുത്ത തീഗോളം, പൊട്ടിത്തെറി, ഭൂമികുലുക്കുന്ന പ്രകമ്പനം, ചിതറിത്തെറിക്കുന്ന ശരീരാവശിഷ്ടങ്ങള്‍... ഞട്ടി ഉണര്‍ന്ന് നോക്കുമ്പോള്‍ വിയര്‍ത്തൊലിച്ച് കിടക്കുകയായിരുന്നു ഞാന്‍. മൂന്നുനാലു ഗ്ലാസ് വെള്ളം ഒന്നിച്ചെടുത്തു കുടിച്ചു. കിതപ്പ് മാറുന്നില്ല. സമയം പുലര്‍ച്ചെ 3:45. വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. കണ്ണടയ്ക്കുമ്പോള്‍ വീണ്ടും പഴയ ദൃശ്യങ്ങള്‍, കാതടപ്പിക്കുന്ന മുഴക്കം. ഒന്നുറക്കെ നിലവിളിക്കണമെന്നു തോന്നുന്നു . ഭ്രാന്ത് പിടിക്കുന്നു എനിക്ക്. അയാള്‍ എന്നെ ഉറക്കം കെടുത്തുകയാണ്. ഒരാളുടെ അപകട മരണം. എന്റെ കണ്മുന്നില്‍. അറം പറ്റിയ വാക്കുകള്‍, അതും അയാള്‍ അങ്ങിനെ എന്നോട് പറഞ്ഞ് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോള്‍. കണ്ണടയ്ക്കുമ്പോള്‍ അയാളുടെ മുഖം, കതുകളില്‍ അയാള്‍ എന്നോട് അവസാനമായി പറഞ്ഞ ആ വാക്കുകള്‍... ഞാന്‍ അപ്പോള്‍ അങ്ങിനെ ചോദിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അയാളത് പറയില്ലായിരുന്നു. ആ വാക്കുകള്‍ അറം പറ്റില്ലായിരുന്നു. ആ സംഭവം എന്നെ ഇത്രമാത്രം അലോസരപ്പെടുത്തില്ലായിരുന്നു. അസ്വസ്ഥമായ മനസുമായി ഉറക്കം കിട്ടാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയ്ക്ക് തൃശ്ശൂരിലെത്തിയ കാലം. പരീക്ഷ കഴിഞ്ഞ് കോഴ്സിന്റെ റിസല്‍ട്ട് കാത്തിരിക്കണ സമയം. മുഖ്യധാരാ മാധ്യമലോകത്തെതുന്നതിനു മുന്‍പ് ചില ഉച്ചപ്പത്രങ്ങളിലും, ലോക്കല്‍ ചാനലുകളിലും പയറ്റി നടക്കുന്നകാലമാണത്. അതൊരു പൂരക്കാലമായിരുന്നു. പൂരങ്ങളുടെ പൂരം, തൃശൂര്‍പൂരം. പൂരത്തിന് കാഴ്ചവട്ടങ്ങളൊരുക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ദേശക്കാരേക്കാള്‍ ആവേശമാണ് പൂരക്കാലം തൃശൂരിലെ സായാഹ്നപത്രങ്ങള്‍ക്ക്. ഒന്നൊന്നര മാസം മുന്‍പ് തുടങ്ങും പൂരത്തിന്റെ ഒരുക്കങ്ങള്‍. പന്തലുപണി, എക്സിബിഷന്‍, കുട, ചാമരം, ആലവട്ടം, ആനകള്‍, വെടിക്കെട്ട്, അങ്ങിനെപൊകും പൂരവിഭവങ്ങള്‍. ആ ഒരു പൂരക്കലത്താണ് പുതുതായി തുടങ്ങിയ “കേരളവാര്‍ത്ത” എന്നൊരു സായാഹ്നപത്രത്തിലെത്തുന്നത്. അങ്ങിനെ പൂരക്കാഴ്ചവട്ടങ്ങളില്‍ ഞാനുമൊരു പങ്കാളിയായി.
പൂരം സാമ്പിള്‍ വെടിക്കെട്ട് ദിവസം. ഓരോ വര്‍ഷവും വെടിക്കെട്ടില്‍ എന്തെങ്കിലും പുതുമകള്‍ ഉണ്ടാകും. അതാണ് സാമ്പിള്‍ വെടിക്കെട്ടു ദിവസം ജനങ്ങള്‍ക്കായി അവതരിപ്പിക്കുക. വെങ്ങന്നൂര്‍ചന്ദ്രന്‍ എന്നയാളാണ് പാറമേക്കാവിനു വേണ്ടി വെടിക്കെട്ടൊരുക്കുന്നത്. തിരുവമ്പാടിക്ക് കുണ്ടന്നൂര്‍ സുന്ദരനും. വെടിക്കെട്ട് കലയിലെ തൃശ്ശൂര്‍ - പാലക്കാട് ജില്ലകളിലെ ഏറ്റവും പ്രഗത്ഭരായ കലാകാരന്മാര്‍. രണ്ടുപേരേയും കാണണമെന്നു കരുതിയാണ് ഇറങ്ങിയത്. തേക്കിന്‍കാട് മൈതാനത്ത് തിരുവമ്പാടിക്കും, പാറമേക്കാവിനും വെടിമരുന്നുപുരകളുണ്ട്. അവിടെ ചെന്നാല്‍ രണ്ടുപേരേയും കാണാമെന്ന പ്രതീക്ഷയിലാണ് ചെന്നത്. ചന്ദ്രനെ കണ്ടു. വിവരങ്ങളെല്ലാമെടുത്തു. പിന്നെ സുന്ദരനെ കാണാന്‍ തിരുവമ്പാടിക്കാരുടെ അടുത്ത് ചെന്നു. സുന്ദരനില്ല എന്ന് മറുപടി. “ ഇന്ന് സാമ്പിളിന് തിരികൊളുത്താനുള്ളതല്ലേ.. കാവില് തൊഴാന്‍ പോയതാ.. ഉച്ച കഴിഞ്ഞ് വന്നോളൂ; കാണാം...” ഉച്ചതിരിഞ്ഞ് വീണ്ടും ചെന്നു.. “ഇല്ല സുന്ദരനെത്തിയിട്ടില്ല.. എക്സ്പ്ലോസീവ് കണ്ട്രോള്‍ ഓഫീസറുമായി എന്തൊ ഒരു മീറ്റിങ്ങുണ്ട്, അതു കഴിഞ്ഞ് കലക്ടറേം കണ്ടിട്ടേ വരൂ... വൈകീട്ട് 4 മണിയാകുമ്പോളേക്കും എത്തും. ” നിരാശപ്പെടുത്തുന്ന മറുപടി വീണ്ടും. നാലുമണിവരെ റൌണ്ടിലും മറ്റും കറങ്ങിതിരിഞ്ഞ് നടന്നു. എന്നിട്ട് വീണ്ടും ചെന്നു. സുന്ദരന്‍ എത്തിയതേ ഉള്ളൂ. തിരുവമ്പാടിദേവസ്വം ഭാരവാഹികളുണ്ട് കൂടെ. അവരുടെ സംസാരം കഴിയട്ടെ എന്നുകരുതി മാറിനിന്നു.
ചെറുപ്പക്കാരന്‍, കഷ്ടിച്ച് 30 വയസ്. എല്ലാവരും പോയിക്കഴിഞ്ഞപ്പൊ ചെന്ന് കാര്യം പറഞ്ഞു. ഹൃദ്യമായ ഒരു ചിരിയോടെ അയാള്‍ എന്നെ സ്വാഗതം ചെയ്തു. സാമ്പിള്‍ വെടിക്കെട്ടിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഇത്തിരി ടെന്‍ഷനിലാണ് എന്ന മുഖവുരയോടെ മാനത്ത് വിരിയിക്കാന്‍ ഒരുക്കിവച്ചിട്ടുള്ള പുത്തന്‍ വിഭവങ്ങള്‍ സുന്ദരന്‍ എനിക്ക് പരിചയപ്പെടുത്തി. വെടിക്കെട്ടിന് ശബ്ദ നിയന്ത്രണം സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുന്നു. വെടിക്കെട്ടില്‍ ശബ്ദം പൂര്‍ണ്ണമായും കുറച്ച് വര്‍ണ്ണക്കൊഴുപ്പുമാത്രമാക്കാനാണ് അധികൃതരുടെ നിര്‍ദ്ദേശം... ഞാന്‍ ചോദ്യം പൂര്‍ത്തിയാക്കുന്നതിനു മുന്‍പേ മറുപടിയെത്തി..
“ന്റെ മാഷേ.. എന്തൂട്ടാ ഈ പറേണേ... ജനങ്ങള്‍ക്ക് വേണ്ടത് വെടിക്കെട്ടാണ്. വെടിക്കെട്ടെന്ന് വച്ചാ.. കെടന്നലയ്ക്കണ ഐറ്റം... കാത്ടയ്ക്കണ പൊട്ടലാപൊട്ട്യാലും നാട്ടാര് പറയ്യാ.. നീം ഒറക്കെ.. നീം ഒറക്കെന്നാ...
ശബ്ദണ്ടെങ്കിലെ വെടിക്കെട്ട് വെടിക്കെട്ടാവൂന്റെ മാഷേ.. പിന്നെ സര്‍ക്കാര്.. എന്റൂട്ട് നിയന്ത്രണാന്നേയ്... പിന്നെ അതുള്ളോണ്ട് കൊറച്ചോക്കെ ശബ്ദം കൊറവ് വരുത്തീണ്ട്.. പക്ഷേ ജനങ്ങള് സ്വീകരിക്കുവോന്നാ....!
ഈ ശബ്ദം കൊണ്ടൊന്നുമല്ല മാഷെ വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടാകുന്നേ.. ശബ്ദം കൂടീച്ചിട്ട് അപകടെങ്ങന്യാണ്ടാവുക..? അത് അശ്രദ്ധകൊണ്ടാണ്.. പിന്നെ മ്മള്..മ്മടെ ജീവന്‍ പോലും പണയം വച്ചല്ലെ മരുന്ന് കത്തിക്കണത്. മ്മള്‍ക്ക് എന്തെങ്കിലുമ്പറ്റ്യാലും നാട്ടാര്‍ക്ക് ഒന്നൂണ്ടാവരുതേന്നാ മ്മടെ പ്രാര്‍ത്ഥന. പിന്നെ... എല്ലാം... ദാ അങ്ങോരുടെ കയ്യിലാ...”
വടക്കുംനാഥനു നേരെ കൈ ചൂണ്ടി അയാള്‍ പറഞ്ഞു.
“പിന്നെന്റെ മാഷെ.. അപ്പനപ്പൂപ്പന്മാരായിട്ട് തൊടങ്ങിയ പണിയാ ദ്... അവരുണ്ടാക്കിയെടുത്ത പേരാ ന്നും ന്റെ കൈമൊതല്. പിന്നെ പൊട്ടാനാണ് മ്മടെ വിധിയെങ്കില്‍, പൊട്ടിത്തീരും.. അതിപ്പൊ ആര് വിചാരിച്ചാലും മാറ്റാന്‍ പറ്റില്യാലൊ...” സുന്ദരന്‍ പറഞ്ഞു നിര്‍ത്തി. സമയം 5 മണികഴിഞ്ഞു
“സന്ധ്യയ്ക്ക് ഏഴുമണിക്ക് സാമ്പിളിന്‍ തിരികൊളുത്താനുള്ളതാ.. ഇത്തിരീം കൂടി പണിണ്ട്.. എല്ലാം ഒന്നൂടൊന്ന് നോക്കണം. ശരി അപ്പോ കാണാം..” എന്നുപറഞ്ഞ് സുന്ദരന്‍ തിരിഞ്ഞു നടന്നു... എന്തോപറയാന്‍ മറന്നപോലെ സുന്ദരനെ ഞാന്‍ പിന്നില്‍ നിന്നും വിളിച്ചു.“ സുന്ദരേട്ടാ ... ആശംസകള്‍.. തകര്‍ക്കണം ട്ടോ..” ഹൃദ്യമായ ഒരു ചിരി സമ്മാനിച്ച് അയാൾ നടന്നു. ശ്രീമൂലം സ്ഥാനത്തേക്ക്..
7:15 കഴിഞ്ഞു. നടുവിലാലിനടുത്താ ഞങ്ങള്‍ വെടിക്കെട്ട് കാണാന്‍ നിക്കാറ്. എന്നാലെ വെടിക്കെട്ടിന്റെ രസം അതിന്റെ പൂര്‍ണ്ണതോതില്‍ ആസ്വദിക്കാനാകൂ. സാമ്പിളിന് തിരികൊളുത്തി. ഭൂമികുലുങ്ങുന്ന പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ഡയ്നകളും, ഗുണ്ടുകളും അടങ്ങുന്ന കൂട്ടപൊരിച്ചലിനു ശേഷം; വര്‍ണ്ണമഴ വിരിയിക്കുന്ന അമിട്ടിന്റെ സാമ്പിളുകള്‍ പൊട്ടിത്തുടങ്ങി. തിരുവമ്പാടി വിഭാഗക്കാരുടേതാണ് ആദ്യം. അഞ്ചാറ് അമിട്ടുകള്‍ പൊട്ടി വിരിഞ്ഞു. പെട്ടെന്ന് ഒരെണ്ണം താഴെ നിന്ന് തന്നെ പൊട്ടി. എന്തോ സംഭവിച്ചിട്ടുണ്ട്. സാമ്പിള്‍ വെടിക്കെട്ട് നിന്നു. ശ്രീമൂലം സ്ഥാനത്തേക്ക് ഒരു ആമ്പുലന്‍സ് കുതിച്ചു ചെല്ലുന്നു. വെടിക്കെട്ടുകാരിലാര്‍ക്കൊ ഒരാള്‍ക്ക് അപകടം പറ്റി എന്ന് മാത്രമേ ആദ്യം കരുതിയുള്ളൂ. മരിച്ചയാളൂടെ ശരീരം തിരിച്ചറിയാന്‍ പറ്റാത്തവിധം ചിതറിപ്പോയിരിക്കുന്നു. കുറച്ചു കഴിഞ്ഞതോടെ സംഭവം സ്ഥിതീകരിച്ചു. മരിച്ചത് സുന്ദരന്‍. തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരന്‍ കുണ്ടന്നൂര്‍ സുന്ദരന്‍. “ പൊട്ടാനാണ് വിധിയെങ്കില്‍ പൊട്ടിത്തീരും ന്റെ മാഷേ...” സുന്ദരന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങുന്നതായി എനിക്ക് തോന്നി. ദൈവമേ അറം പറ്റിയല്ലോ... ഞാനും അതിനൊരു കാരണക്കാരനായല്ലോ..? ഉറങ്ങാന്‍ പറ്റുന്നില്ല. വീണ്ടു തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം പുലര്‍ച്ചയാക്കി.
പിറ്റേന്ന് കാലത്ത് തെക്കിന്‍കാട്ടിലേക്ക് ഞാന്‍ ചെന്നു. സുന്ദരന്‍ പൊട്ടിതീര്‍ന്ന സ്ഥലം. സ്ഥാനം തെറ്റി ഇളകി തെറിച്ച അമിട്ടിന്റെ കുറ്റി. മണ്ണിലും, പുല്‍ക്കൊടികളിലുമെല്ലാം ചോരക്കറ. സുന്ദരന്റെ അവശേഷിപ്പുകള്‍. വടക്കുംനാഥനു നേരെ ഒന്നു നൊക്കി. എന്നിട്ട് ഒരു നിശ്വാസത്തോടെ തിരിഞ്ഞു നടന്നു. നേരെ ഓഫീസിലേക്കാണ് പോയത്. സുന്ദരന്റെ മരണത്തെക്കുറിച്ച് ഒരു ഫീച്ചര്‍. ഇത്തിരി സെന്റിമെന്‍സും അവിശ്വസനീയതയും എല്ലാം ചേര്‍ത്ത് ഒരെണ്ണം. മറ്റാര്‍ക്കുമില്ലാത്ത ഒരു വാര്‍ത്ത ഒരു സായാഹ്ന പത്രത്തിന്റെ ഒരു ദിവസത്തെ സര്‍ക്കുലേഷന്‍ കൂടാന്‍ ഇതില്‍പ്പരം എന്തു വേണം. വാര്‍ത്ത ഒന്നാമത്തെ പേജില്‍ തന്നെ അടിച്ചു വന്നു. “പൊട്ടാനാണ് വിധിയെങ്കില്‍ പൊട്ടിതീരട്ടേ: സുന്ദരന്റെ വാക്കുകള്‍ അറം പറ്റി” എന്നതലക്കെട്ടിനു താഴെ ഇ.പി. ജയനാരായണന്‍ എന്ന ബൈലൈന്‍. ഒരു വാര്‍ത്തയ്ക്ക് എനിക്ക് ആദ്യമായികിട്ടിയ ബൈലൈന്‍. എന്റെ വാര്‍ത്ത, അതും എന്റെ പേരു സഹിതം. സുന്ദരന്‍ എനിക്കു തന്ന അസ്വസ്ഥത സന്തോഷത്തിനു വഴിമാറി. ദുരന്തങ്ങളെ ആഘോഷമാക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ തലത്തിലേക്ക് ഞാനും ഉയര്‍ന്നിരിക്കുന്നു. ആവേശത്തോടെ അടുത്ത ദുരന്ത വാര്‍ത്തയ്ക്കായി ഞാന്‍ കാത്തിരുന്നു. “ പൊട്ടാനാണ് വിധി എങ്കില്‍ പൊട്ടിത്തീരും ന്റെ മാഷെ..” സുന്ദരന്റെ വാക്കുകള്‍ വീണ്ടും ചെവിയില്‍ മുഴങ്ങുന്നുണ്ടോ..? ഇരുകൈകളും കൊണ്ട് ഞാന്‍ ചെവി മുറുകെ പൊത്തിപ്പിടിച്ചു. ഇല്ല... ഇപ്പോ ഞാനൊന്നും കേള്‍ക്കുന്നില്ല...