Wednesday, June 18, 2008

ഓര്‍മ്മകള്‍ക്ക് ഒരു ശ്രാദ്ധം

2007 ജൂണ്‍ 19.

പൊള്ളുന്ന 45 ഡിഗ്രീ ചൂടില്‍ ഉരുകുന്ന ഡല്‍ഹി നഗരം. വീട്ടില്‍ ബാല്‍ക്കണിയില്‍ നിന്ന് പുറത്തേക്ക് ദൃഷ്ടിയൂന്നി നില്‍ക്കുകയാണ്. അപ്പുറത്ത് ഒരു തുറസായ മൈതാനം. അതിലൂടെ പോകുന്ന ടെലഫോണ്‍ കമ്പികളില്‍ ഒരുപറ്റം കൊച്ചു തത്തകള്‍ വന്നിരുന്നു. കുശലം പറയുന്നവണ്ണം പരസ്പരം ചിലച്ചു. പിന്നെ ഉറക്കെ ചിറകടിച്ച് കൂട്ടത്തോടെ എങ്ങോ പറന്നുപോയി. കാലത്ത് തുടങ്ങിയതാണ് ഈ നില്‍പ്പ്. പുറത്തെ വേനല്‍ചൂടിനേക്കാള്‍ തീക്ഷ്ണമായ ചൂടുകാറ്റ് എന്റെ ഉള്ളില്‍ നിറയുകയായിരുന്നു. മനസില്‍ തീക്കനല്‍ കിടന്ന് എരിയുന്നു. ഓര്‍മ്മകള്‍ തികട്ടി വരുന്നു. ഇന്ന് ഒരു തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇനിയും വൈകിച്ചുകൂടാ. വൈകിയാല്‍ ഒരു പക്ഷേ എനിക്ക് നഷ്ടമാകുന്നത് എന്നെ തന്നെയായിരിക്കും. ഒരു തവണകൂടി ശ്രമിച്ചു നോക്കണോ..? എന്തിന്? എന്നിട്ട് വിണ്ടും നാണം കെടാനോ? ഇത്രയും കൊണ്ടെത്തിച്ചതു തന്നെ തെറ്റ്. മനസ് അനുവദിക്കുന്നില്ലെങ്കിലും സ്വയം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. ജീവിതത്തില്‍ ഇതുവരെയനുഭവിച്ചിട്ടില്ലാത്ത; ഇനിയൊരിക്കലും അനുഭവിക്കാനിടവരരുതേയെന്ന് പ്രാര്‍ത്ഥിച്ച തീക്ഷ്ണമായ അവസ്ഥ.

കൃത്യം 2 മാസം മുന്‍പാണ് ഏറ്റവുമൊടുവില്‍ നമ്മള്‍ കണ്ടുപിരിഞ്ഞത്. ഇനിയെന്നുകാണും എന്നായിരുന്നു അന്ന് അവസാനമായി നി എന്നോട് ചോദിച്ചത് . പക്ഷേ അതു പറയുമ്പോള്‍ നിന്റെ കണ്ണുകളില്‍ ഒട്ടും നനവില്ലായിരുന്നുവെന്നത് എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. എനിക്ക് ഒട്ടും പരിചയമില്ലാത്തതെന്തോ ഉണ്ടായിരുന്നു നിന്റെ ശബ്ദത്തില്‍. എന്റെ കയ്യിലെ നിന്റെ പിടി വിടുമ്പോള്‍ എനിക്കറിയില്ലായിരുന്നു അത് എനിക്ക് എന്നെന്നേക്കുമായി നഷ്ടമാവുകയാണെന്ന്. എന്താണ് സംഭവിക്കുന്നത് എന്നു തന്നെ മനസിലാകുന്നില്ല. ക്രൂരവും ഭീകരവുമായത് എന്തോ സംഭവിക്കുന്നു എന്നുമാത്രം മനസിലായി. എനിക്ക് തെറ്റിയിരിക്കുമെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചു. പക്ഷേ ഇല്ല; തെറ്റിയിട്ടില്ല. നിനക്കെന്നെ മടുത്തു. നിന്റെ ജീവിതത്തില്‍ മറ്റൊരാള്‍ വന്നു. ഇനി? ഇല്ല. ഇനിയൊരിക്കലും എനിക്ക് ആ പഴയ ഞാനും നിനക്ക് ആ പഴയ നീയുമാകാന്‍ പറ്റില്ല. ഇന്നലെ രാത്രി നീ വിളിച്ചപ്പോള്‍ ഞാന്‍ ആവുന്നത്ര ശക്തി സംഭരിച്ച് ചിരിക്കാന്‍ ശ്രമിച്ചു. പക്ഷേ പതറിപ്പോയി. സംസാരിക്കാന്‍ ശ്രമിച്ചു. ശബ്ദം വരുന്നില്ല. ശ്വാസം മുട്ടുന്നു എനിക്ക്. രണ്ടു കൈകള്‍ എന്റെ കഴുത്തു ഞരിച്ചമര്‍ത്തുന്നു. ആ കൈകള്‍ക്ക് നിന്റെ ചൂടുണ്ടായിരുന്നു. നിന്റെ മണമുണ്ടായിരുന്നു. അത് നീയായിരുന്നു. എനിക്കെന്തേ അപ്പോള്‍ അങ്ങിനെ തോന്നിയതെന്നറിയില്ല. ഞാനതന്വേഷിച്ചില്ല. കാരണം അതെന്തെന്നന്വേഷിക്കാന്‍ എനിക്ക് ശക്തിയില്ലായിരുന്നു. അതിനിടയിലും നീ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ ഒന്നും കേട്ടതേയില്ല. അവസാനം ഒന്ന് ഒന്നുമാത്രം ഞാന്‍ കേട്ടു. എനിക്ക് ഒരിക്കലും നിങ്ങളുടേതാകാന്‍ ആകില്ലെന്ന നിന്റെ വാക്കുകള്‍. എന്തോ മറുപടി പറയാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അതിനുമുന്‍പ് നിന്റെ ഫോണ്‍ ഡിസ്കണക്ട് ആയി. എത്ര ലാഘവത്തോടേയാണ് നീയതു പറഞ്ഞത്. നിനക്കോര്‍മ്മയുണ്ടോ ഒരു വര്‍ഷം മുന്‍പ് ആ മഴയുള്ള രാത്രി, ഒരു മൊബൈല്‍ ഫോണിന്റെ മാത്രം അകലത്തില്‍ നീ എന്നോട് പറഞ്ഞ വാക്കുകള്‍. പിന്നീടുള്ള ഓരോ ദിവസവും നീ പറഞ്ഞുകൊണ്ടിരുന്നത്. അന്നൊക്കെ നിന്റെ നിശ്വാസം പോലും ഞാനറിഞ്ഞു. നിന്റെ ഹൃദയ മിഡിപ്പിന്റെ താളം പോലും എനിക്ക് ഗണിച്ചെടുക്കാന്‍ പറ്റി. പക്ഷേ ഇന്നലെ രാത്രി അതൊന്നും ഞാന്‍ അറിഞ്ഞില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഞാന്‍ അതൊന്നും അറിയുന്നില്ല. എത്ര ലാഘവത്തോടെ നീ എന്നെ വലിച്ചെറിഞ്ഞു?

പുറത്ത് വെയിലുമാറി ഇരുട്ടായി. മൈതാനത്തിനടുത്ത റോഡിലൂടെ പാഞ്ഞുപോയ ഒരു കാറിന്റെ ഹെഡ് ലൈറ്റ് കണ്ണിലടിച്ചു. കണ്ണഞ്ചിപ്പോയി. മണിക്കൂറുകളായി ഈ നില്‍പ്പ് തുടങ്ങിയിട്ട്. ഇതിനിടെ ഒരുതുള്ളി വെള്ളം കുടിച്ചിട്ടില്ല, ഒന്നിരുന്നിട്ടുപോലുമില്ല, കാലുറയ്ക്കുന്നില്ല. പതുക്കെ നിരങ്ങി കട്ടിലില്‍ ചെന്നു വീണു. നേരം ഇരുട്ടിയിട്ടും ചൂടിനൊരു കുറവുമില്ല. വരണ്ട കാറ്റ് ഫാനില്‍ നിന്ന് വീശിയടിക്കുന്നു. അതു കറങ്ങുന്നത് അരണ്ട വെളിച്ചത്തിലെനിക്ക് കാണാം. അതിന്റെ ഗതിവേഗത്തിനൊപ്പം മനസ് ഗതികിട്ടാതെ കറങ്ങുന്നു. നീ എന്നോടു ചെയ്തത് ക്രൂരമാണ്. അല്ല; നീമാത്രമാണ് എന്നോട് ക്രൂരത കാട്ടിയത്. അതെ; അതാണ് ശരിയായ പ്രയോഗം. പക്ഷേ നിന്റെ ക്രൂരത എന്നതിനെക്കാള്‍ ഇതിനെ വിധിയുടെ ക്രൂരത എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എങ്കിലും നിനക്കെങ്ങിനെ സാധിച്ചു ഇത്? മുന്‍പൊരിക്കല്‍ നീ പറഞ്ഞിരുന്നു; നീ ഞാനും ഞാന്‍ നീയുമാണെന്ന്. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ എന്നില്‍ ഞാനുണ്ട് എന്നാല്‍ ഞാനില്ല. ഇന്ന് ഞാന്‍ ഒരു തീരുമാനമെടുക്കുകയാണ്. 36 ദിവസം മുന്‍പ് മൂര്‍ച്ഛയുള്ള വാക്കുകള്‍ കൊണ്ട് നീ എന്റെ ഹൃദയം അറുത്തുമാറ്റി. അന്നുതൊട്ട് അനുഭവിക്കുന്ന ഈ ശൂന്യത ഇന്ന് അവസാനിപ്പിക്കണമെനിക്ക്. ഞാന്‍ എന്നെന്നേക്കുമായി ഞാന്‍ മാത്രമാകും. എന്നിലെ നീ ഇന്നത്തോടെ പൂര്‍ണ്ണമായും ഇല്ലാതാകും. എന്നിലവശേഷിക്കുന്ന നിന്റെ അവസാനത്തെ കണ്ണി ഞാനിന്ന് അറുത്തുമാറ്റും. അതറുത്തുമാറ്റുമ്പോള്‍ എനിക്കിന്ന് വേദനിക്കില്ല. കാരണം വേദനയുടെ എറ്റവും തീക്ഷ്ണമായ ഭാവം ഞാന്‍ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു.

ജനാലയിലൂടെ ഇപ്പോള്‍ ഇളം തണുപ്പുള്ള കാറ്റടിക്കുന്നുണ്ട്. ഇടി വെട്ടിക്കൊണ്ട് മഴ. ചുട്ടുപഴുത്തു കിടക്കുന്ന ദല്‍ഹിയിയുടെ മണ്ണില്‍ നനവിന്റെ മണം. ഞാന്‍ എടുക്കാന്‍ പോകുന്ന തീരുമാനത്തോടുള്ള പ്രകൃതിയുടെ പ്രതികരണമാകാം. എന്റെ ഹൃദയം നൂറായിരം കഷ്ണങ്ങളായി പൊട്ടിച്ചിതറുകയാണ്. എനിക്കൊന്നുറക്കെ പൊട്ടിക്കരയനമെന്നുണ്ട് . പക്ഷേ ഞാനിന്ന് കരയില്ല. കാരണം അങ്ങിനെയായാല്‍ ഞാന്‍ തോറ്റു പോകും. വേണ്ടാ.. എനിക്ക് ഇനിയും തോല്‍ക്കേണ്ട. എല്ലാം അവസാനിപ്പിച്ചിട്ട് മനസിലെ മഹാസാഗരം ഒന്നു ഒഴുക്കികളയണം എനിക്ക്. ഞാന്‍ വെറുക്കുന്നു. പക്ഷേ നിന്നെയല്ല. എന്റെ മനസിനെ. തണുത്തു വിറങ്ങലിച്ചിരിക്കുന്ന എന്റെ മനസിനെ. ഒരുപക്ഷേ സമൂഹം നിന്നെ കുറ്റപ്പെടുത്തിയേക്കാം, വഞ്ചകിയെന്ന് മുദ്രകുത്തി ശാപവാക്കുകള്‍ ചൊരിഞ്ഞേക്കാം. പക്ഷേ ഞാന്‍ നിന്നെ കുറ്റപ്പെടുത്തില്ല. ശപിക്കില്ല. നീയെന്നെ വഞ്ചിച്ചുവെന്ന് പറയില്ല. കാരണം നീയെന്നെ വഞ്ചിച്ചിട്ടില്ല. നീ എല്ലാമെന്നോട് തുറന്നു പറഞ്ഞു. എന്നെ മടുത്തുവെന്ന്, മറ്റൊരാളുടേതായിക്കഴിഞ്ഞുവെന്ന്. മൂന്നാമതൊരാള്‍ പറഞ്ഞല്ല ഒന്നും ഞാനറിഞ്ഞത്. എല്ലാം നീ തന്നെ വിളിച്ചു പറഞ്ഞു. പക്ഷേ ഒന്നോര്‍ക്കുക; ഇത്തരത്തിലൊരനുഭവം എത്ര തീക്ഷ്ണമാണെന്ന്. അത്തരത്തിലൊന്ന് കേള്‍ക്കേണ്ടി വരുന്ന മനസിന്റെ അവസ്ഥ എന്തെന്ന്. പക്ഷേ എനിക്ക് സന്തോഷമുണ്ട് ഇപ്പോള്‍. നന്ദിയുണ്ട് നിന്നോട്. ഇത്രയെങ്കിലും നേരത്തെ ഇതവസാനിപ്പിച്ചതിന്. ഇനിയും ഇതു വലിച്ചു നീട്ടി ഒരിക്കലും തിരിച്ചു വരാനാകത്ത പടുകുഴിയില്‍ എന്നെ തള്ളിയിടാഞ്ഞതിന്. അങ്ങിനെയൊരു കരുണയെങ്കിലും എന്നോട് കാണിച്ചതിന്. നിന്നെയും എന്നെയും ഒരുമിപ്പിച്ച ചങ്ങലയുടെ അവസാനത്തെ കണ്ണി ഞാന്‍ അറുത്തു മാറ്റുകയാണ്. നിന്നെ തുറന്നു വിടുകയാണ്. നിന്റെ ലോകത്തേക്ക്. നീ സന്തോഷമായിരിക്കുക. നിന്റെ സന്തോഷമാണെനിക്ക് മുഖ്യം. നിന്റെ അഭിലാഷങ്ങള്‍ പൂവണിയട്ടെ. സ്വപ്നങ്ങള്‍ക്കെല്ലാം ചിതകൂട്ടി അതില്‍ സ്വയം എരിഞ്ഞടങ്ങും എന്റെ പ്രണയം. എന്റെ പ്രണയത്തിന് ഉദഗക്രിയകള്‍ ചെയ്യണമെനിക്ക്. എള്ളും, ചന്ദനവും,പൂവും കൂട്ടി നീതന്ന ഓര്‍മ്മകളുടെ പിണ്ഡം വച്ച് എനിക്ക് ബലിയിടണം.


മഴപെയ്തു തണുത്ത ഭൂമി. മനസിലും തണുപ്പ്. ശാന്തത. സ്വസ്ഥത. ഞാന്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇനി തമ്മില്‍ കാണുക എന്നൊന്നുണ്ടാകില്ല. നിനക്ക് വിട. എന്നെന്നേക്കും. ഒരു നീറ്റലായിപ്പോലും നീ ഇനിയെന്റെ മനസില്‍ ഉണ്ടാകരുത്. ഒരു ദുസ്വപ്നമായിപ്പോലും ഇനിയെന്റെ ജീവിതത്തില്‍ നീ വരരുത്. എനിക്കൊന്നുറങ്ങണമിനി. സമാധാനമായി. ഞാന്‍ ഉറങ്ങുകയാണ്. അല്ല ഞാന്‍ ഉണരുകയാണ്.

.