“ഇനി തമ്മില്‍ കാണുക എന്നൊന്നുണ്ടാകില്ല; ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കരുതിക്കൊള്‍ക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിട തരിക”: (ലോല: പത്മരാജന്‍)
തേക്കിന്‍കാട്ടില്‍ പതിവിലും തിരക്ക് കുറവാണ്. നീണ്ട നടപ്പാതയില്‍ നിരയായി വളര്‍ന്ന മരങ്ങള്‍ തണല്തീര്ത്തു. തണലിനു താഴെ അലസമായി മയങ്ങി ചിലര്‍. പിന്നെ കുറച്ചു കാല്‍നടക്കാര്‍ മാത്രം. സ്വരാജ് റൌണ്ട് പതിവുപോലെ തിരക്കിട്ടോടുന്നു. പെട്ടെന്ന് എവിടുന്നോ എത്തിപ്പെട്ട ചാറ്റല്‍ മഴ എല്ലാവരെയും അലോസരപ്പേടുത്തി. പുതുമഴയുടെ സുഗന്ധം. നേര്‍ത്ത മഴയുടെ ആവരണം ചുറ്റി പൊതിയുന്നു. മഴത്തുള്ളികള്‍ കുമിളകള്‍ കണക്കെ, വൃത്തത്തില്‍, ആകാശത്തില്‍ നിന്നും അടര്‍വീണുകൊണ്ടിരുന്നു... നമ്മള്‍ ഒരേ മഴക്കുടയില്‍. ഒരേ മൌനത്തിന്റെ വന്‍കരയില്‍. നിന്റെ കണ്ണുകള്‍ക്കിന്ന് പതിവില്‍ക്കവിഞ്ഞ ആര്‍ദ്രത. നിന്റെ നിശ്വാസങ്ങള്‍ പതിവിലും വേഗത്തിലായത് ഞാനറിഞ്ഞു. കൂട്ടുകാരെല്ലാം പിരിയുന്ന യാത്രയയപ്പ് സായാഹ്നം. വടക്കുന്നഥന്റെ നട വഴിയില്‍ കൂട്ടുകാരില്‍ നിന്നെല്ലാം അകന്നുമാറി നമ്മള്‍. എന്താണ് നിനക്കെന്നോട് പറയാനുള്ളത്? എനിക്കറിയാം അതെന്താണെന്ന്. നിന്റെ കണ്ണുകളിലെനിക്കത് വായിച്ചെടുക്കാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി ഞാനതു കാണുന്നുണ്ട്. എന്കിലുമത് അറിയാത്തതായി ഞാന്‍ ഭാവിക്കുകയാണ്. പക്ഷേ ഇത്രയായിട്ടുമെന്തേ നീയെന്നോടത് പറയാഞ്ഞത്. ഇന്ന് ഈ വിടപറയല്‍ ദിവസം വരെ കൊണ്ടെത്തിക്കണമായിരുന്നോ അത്? ഇനി എന്താണ് നിനക്ക് പറയാനുള്ളത്?
മഴമാറി. ശ്രീമൂലസ്ഥാനത്തെ ആല്‍മരത്തിന് കാറ്റു പിടിച്ചു. വിറച്ച് നില്‍ക്കുന്ന ആലിലകള്‍ അതില്‍ പറ്റിപ്പിടിച്ച വെള്ളത്തുള്ളികള്‍ കുടഞ്ഞ് കളഞ്ഞു. മാനം തെളിഞ്ഞു. സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള പോക്കുവെയില്‍ വടക്കുന്നഥന്റെ പടിഞ്ഞാറേ നടയ്ക്ക് മാറ്റുകൂട്ടി. മണിക്കൂറൊന്നായി നമ്മളിവിടെ ഈ നില്‍പ്പു തുടങ്ങിയിട്ട് എന്നിട്ടും നീയെന്തേ ഒന്നും മിണ്ടാത്തത്? അനന്തമായ ഈ മൌനം പങ്കു വയ്ക്കാനാണോ നമ്മളിവിടെ നില്‍ക്കുന്നത്? ഇല്ല; ഞാന്‍ ഒന്നും പറയില്ല. നീയാണ് എന്നെ വിളിച്ചത്. അപ്പോള്‍ നീ തന്നെ വേണം തുടക്കമിടാന്‍. നിനക്കിന്നെന്തു പറ്റി... പറയൂ നിനക്ക് പറയാനുള്ളത് തുറന്നു പറയൂ.. ഇല്ല: എനിക്കറിയാം നീ ഇന്നുമത് പറയില്ല. അന്നൊരിക്കല്‍ എന്റെ ക്ണ്ണുകളിലേക്ക് നോക്കി നീ ഇതു പൊലെത്തന്നെ ഇരുന്നു ഒരുപാടു നേരം. എന്നിട്ട് നീ പറഞ്ഞത് ഇന്നുമെനിക്ക് ഓര്‍മ്മയുണ്ട്. “ You are just not a friend to me.....” എങ്കില്‍ ഞാനാരാണ് നിനക്ക്? എന്നിട്ട് എന്തേ അന്നാ വാക്കുകള്‍ നീ മുഴുമിപ്പിക്കാതിരുന്നത്? പകരം അതിനു തുടര്‍ച്ചയായി ഒരു മൌനം മാത്രം നീ ബാക്കി വച്ചു. ഇപ്പോഴും തുടരുന്ന മൌനം. നിന്റെ ചങ്കിടിപ്പിന്റെ താളം പോലും എനിക്കിപ്പോള്‍ ഗണിച്ചെടുക്കാന്‍ പറ്റുന്നു. എന്നിട്ടും നിനക്ക് പറയാനുള്ളത് എന്തേ നീ ഒളിച്ചു വയ്ക്കുന്നു. ഞാന്‍ സ്വയം മനസിലാക്കി മറുപടി പറയട്ടേ എന്നാണോ നീ ആഗ്രഹിക്കുന്നത്? നിനക്ക് എന്നില്‍ നിന്നു തന്നെ അതു കേള്‍ക്കാനാണോ..? പക്ഷേ നീ എന്നോട് ഒന്നും പറയാത്തിടത്തോളം ഞാന്‍ എങ്ങിനെ ഒരു മറുപടി പറയും?
പകല്‍ മാഞ്ഞുതുടങ്ങി. ആകാശം ചുവപ്പണിഞ്ഞു. വടക്കുന്നാഥനു തിരക്കേറി. തേക്കിന്‍കാടും, പ്രദക്ഷിണ വഴിയും സജീവമായി. ആര്‍പ് വിളിച്ച് ഒരാള്‍കൂട്ടം. ഏതോ വിനോദ യാത്രാ സംഘമാണെന്നു തോന്നുന്നു. ചിരിച്ചും ഒന്നായി പാടിയും അവര്‍ തേക്കിന്‍ കാട്ടില്‍ ഒത്തുകൂടി. വീര്‍പ്പിച്ച് വച്ച വര്‍ണ ബലൂണുകള്‍. അവ പലരൂപത്തില്‍ തൂങ്ങിയാടി. കൌതുകത്തോടെ കുട്ടികള്‍. നേര്‍ത്തകാറ്റു വീശുന്നു. ശ്രീമൂലം സ്ഥാനത്തെ വലിയ ആല് ഇക്കിളികൊണ്ടു. ഒന്നും പറയാതെ പരസ്പരം നോക്കി ഒരു പ്രണയജോടി അതുവഴി കടന്നു പോയി. ഞങ്ങളിപ്പോഴും അതേ ഇരിപ്പ് തുടരുന്നു. ഇപ്പോഴും തുടരുന്ന മൌനം. ഒടുവില്‍ ഞാന്‍ തന്നെ ആ മൌനം അവസാനിപ്പിച്ചു.
“നിനക്ക് പോകണ്ടേ...? ” മറുപടി ഒരു മൂളല്‍ മാത്രം.
“ നേരം വൈകി; സന്ധ്യയായി. കൂട്ടുകാരൊക്കെ നമ്മളെ കാണാതെ പോയിക്കണും.” അവള്‍ വീണ്ടും അലസമായി ഒന്ന് മൂളി.
“എന്താഡോ.. എന്താ തനിക്ക് പറ്റിയേ...? വീട്ടിലെത്താന്‍ വൈകിയാല്‍....?”
“ഞാന്‍ പോകണമെങ്കില്‍ പൊക്കോളാം...” മറുപടിയില്‍ ചെറിയ അമര്‍ഷം പ്രകടമായിരുന്നു.
“അതല്ല; ഇത്രയും വൈകിയിട്ട്... എന്തിനാ വീട്ടുകാരെ വിഷമിപ്പിക്കണേ.. ? അതോണ്ടാ ഞാന്‍ പറഞ്ഞേ...” അവളുടെ മുഖത്ത് ആദ്യം ദേഷ്യവും പിന്നാലെ സങ്കടവും നിറഞ്ഞു. കണ്ണുകള്‍ ഈറനണിഞ്ഞു. എന്റെ കയ്യില്‍ ശക്തിയായി ഒന്ന് നുള്ളി ധൃതിപ്പെട്ട് അവളെഴുന്നേറ്റു.
“ഞാന്‍ പോകുന്നു...”
“ഹേയ്... താനെന്താഡോ.. ഇങ്ങനെ...?”
“ഇല്ല; എനിക്ക് പോകണം.”
“പറ്റില്ല. താനെന്നോട് പറയാന്‍ വന്ന കാര്യം പറയാതെ തന്നെ ഞാന്‍ പോകാന്‍ സമ്മതിക്കില്ല.” ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് കൊണ്ട് ഞാന്‍ പറഞ്ഞു.
“ഇല്ല. എനിക്ക് ഒന്നും പറയാനില്ല...”
“അതല്ല. എനിക്കറിയാം; എന്തായാലും നിനക്ക് പറഞ്ഞുകൂടെ എന്നോട്...?”
“ഇല്ല; ഞാന്‍.......” വാക്കുകള്‍ മുഴുമിപ്പിക്കാനാകാതെ അവള്‍ ഇടറി.
“ഹേയ്... താനിതെന്താഡോ.. എന്തു പറ്റി..? എന്തിനാ ഇങ്ങിനെ...? എന്താ തന്റെ വിഷമം..?”
“ഇല്ല. എനിക്ക് ഒരു കുഴപ്പവുമില്ല. എനിക്കൊരു വിഷമവുമില്ല. സന്തോഷമേ ഉള്ളൂ.. സന്തോഷം.. ഞാന്‍ എറ്റവും കൂടുതല്‍ സന്തോഷിച്ച ദിവസമാ ഇന്ന്... എനിക്ക്...; എനിക്ക്.....” വാക്കുകള്‍ മുഴുമിപ്പിക്കാതെ അവള്‍ മുഖം പൊത്തി നിന്നു. എന്തു ചെയ്യുമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു ഞാന്‍.
“എഡോ... എന്താഡോ.. ഇങ്ങിനെയായാലോ.. പ്ലീസ്. ചെറിയ കുട്ടികളെ പോലെ.. ഛെ.. എനിക്കറിയാം.. എന്താ നിനക്ക് പറയാനുള്ളതെന്ന്. എനിക്കെല്ലാമറിയാം.. സോറി... കണ്ണു തുടയ്ക്കൂ.. ഞാന്‍ പറയട്ടെ.”
“വേണ്ട. ഇല്ല. എനിക്ക് ഒന്നുമില്ല.. ഞാന്‍ പോണൂ...” കയ്യിലിരുന്ന ടവലെടുത്ത് അവള്‍ കണ്ണീരൊപ്പി.
“ജയന്‍. ഇനിയെന്നു കാണുമെന്നെനിക്കയില്ല. പോകണേന്റെ മുന്‍പ് എനിക്ക് ഇതുപോലെഒരു സായാഹ്നം സമ്മാനിച്ചതിന് ഒരുപാട് നന്ദി. എന്റെ ജീവിതത്തില്‍ ഈ ദിവസം ഒരിക്കലും ഞാന്‍ മറക്കില്ല. നന്ദി; ഇത്രകാലവും ഒരു നല്ല സുഹൃത്തായിരുന്നതിന്; എന്നെ സ്നേഹിച്ചതിന്; എല്ലാത്തിനും നന്ദി. മറക്കില്ല ഞാന്‍... കാണാം; ഇനിയെന്നെങ്കിലും;”
ഇത്രയും പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു. രണ്ടടി നടന്ന് എന്തോ മറന്നിട്ടെന്ന പോലെ നിന്നു. എന്നിട്ട് തിരിച്ചു വന്നു. ബാഗില്‍ നിന്ന് ഒരു പൊതി പുറത്തെടുത്ത് എന്റെ നേരെ നീട്ടി. എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന എന്റെ കയ്യിലത് വച്ചു തന്നു. എന്നിട്ട് മുഖത്ത് നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ച് തിരിഞ്ഞു നടന്നു. വടക്കുംനാഥന്റെ പടിഞ്ഞാറേ നടവഴിയിറങ്ങി സ്വരാജ് റൌണ്ടിലെ തിരക്കുകള്‍ക്കിടയില്‍ അവള്‍ അലിഞ്ഞില്ലാതാകും വരെ ഞാന്‍ അതേ നില്‍പ്പ് തുടര്‍ന്നു. അവള്‍ തന്ന പൊതിയഴിച്ചു നോക്കി. അതില്‍ ഒരു പുസ്തകം. പത്മരാജന്റെ “ലോല”. എനിക്കേറ്റവുമിഷ്ട കഥ. ഒരുപാടുതവണ ഞാന്‍ ആ കഥയെക്കുറിച്ച് അവളോട് പറഞ്ഞിട്ടുണ്ട്. ആദ്യത്തെ പേജില്‍ എഴുതിയിരിക്കുന്നു. “ജയന് ഹൃദയപൂര്‍വ്വം; നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു. ഒരുപാട്.....”
തേക്കിന്‍കാട്ടിലെ മരങ്ങളില്‍ കാറ്റു വീശി. ശ്രീമൂലസ്ഥനത്തെ ആല്‍മരം നിന്ന് വിറച്ചു. പറയാന്‍ മറന്ന വാക്കുകള്‍. വിരഹം. ആര്‍ദ്രമായ ഒരു ഏകാന്തത. വീണ്ടും വീണ്ടും.. നീണ്ട നടവഴികള്‍ ശൂന്യം.