Tuesday, August 21, 2012

തുമ്പപ്പൂക്കാലം


ആ അത്തം നാളിലും ചിങ്ങം ചന്നം പിന്നം പെയ്യുന്നു...  ചെളി മണ്ണിനെ, മഴയെ സ്നേഹിച്ച ബാല്യം. വള്ളി ട്രൌസര്‍ നേരെയാക്കി  മഴയെ അവഗണിച്ചുകൊണ്ട് അനു  മുന്നില്‍ കുതിച്ചു.. ചെളി ഇക്കിളിപെടുത്തുന്ന കാല്‍ വളള കൊണ്ട് വെള്ളം ചീറ്റി തെറിപ്പിച്ച് പിന്നാലെ ഞാനും. ഇനി ഇടക്കെപ്പുറം കൂടി കടന്നു കഴിഞ്ഞാല്‍ ഏഴു കുന്നായി. അനു വിളിച്ചു പറഞ്ഞു "ഏട്ടാ.. വേഗം.. വേഗം..." 

ഇടക്കെപ്പുറം ഒരു ഇടവഴിയാണ്. അവിടെ നിന്നും എന്ത് പറഞ്ഞാലും അതിന്റെ പ്രതിധ്വനി കേള്‍ക്കാം. അത് ഞങ്ങള്‍ കുട്ടികള്‍ക്ക് ഒരു രസമാണ്. എപ്പോഴൊക്കെ അത് വഴി പോയാലും ഞങ്ങള്‍ ഉറക്കെ ശബ്ദമുണ്ടാക്കും. ഇരു മണ്‍ തിട്ട്ടകളിലും തട്ടി ആ ശബ്ദം വീണ്ടും വീണ്ടും കേള്‍ക്കാം. അന്നും ഞാന്‍ ആ പതിവ് തെറ്റിച്ചില്ല. ഞാന്‍ ഒറക്കെ ശബ്ദമുണ്ടാക്കി... ''ഹൂയ്.... ഹൂയ് ... ഹൂയ്'' ഇടക്കെപ്പുറത്തെ   മണ്‍തിട്ടകളും പതിവ്  തെറ്റിച്ചില്ല... എനിക്ക് അവര്‍ മറുപടി തന്നു.. ''ഹൂയ്.... ഹൂയ് ... ഹൂയ്.. ''
''ഏട്ടാ... ഒന്ന് വേഗം വരുന്നുണ്ടോ.. അവരെല്ലാരും അവിടെ എത്തീട്ടുണ്ടാകും'' അനു ഉറക്കെ വിളിച്ചു പറഞ്ഞു.. ''നേരം വൈകി ചെന്നിട്ട് കാര്യം ഇല്ല.. വേഗം.. വേഗം..'' 
ഇടക്കെപ്പുറം പിന്നിട്ട് ഞങ്ങള്‍ ഏഴു കുന്നു കയറാന്‍ തുടങ്ങി. വഴി വാക്കിലെ ഹനുമാന്‍ കിരീടങ്ങള്‍ ഞങ്ങളെ നോക്കി തലയാട്ടി... "ഇപ്പൊ പൊട്ടിക്കണോ..?" അനു ചോദിച്ചു. 
വേണ്ട.. തിരിച്ചു വരുമ്പോ മതി.. തിരിച്ച് വരുമ്പോളും ഇത് ഇവിടെ തന്നെ കാണും,  ഇപ്പൊ ഇത് പോട്ടികാന്‍ നിന്നാല്‍ ഒറ്റ തുമ്പപൂവ്‌ പോലും ബാക്കിയുണ്ടാകില്ല.. വേഗം വേഗം ഓടൂ.." ഞാന്‍ പറഞ്ഞു. 
 ഒടുവില്‍ ഞങ്ങള്‍ ഏഴ്കുന്നിലെത്തി, വെളുത്ത ഒരു കടലുപോലെ ഞങ്ങളുടെ മുന്നില്‍ പരന്നു  കിടക്കുകയാണ് തുമ്പ പൂക്കള്‍ . . തുമ്പ പൂവിന്റെ പറുദീസ.   എല്ലാരം എത്തിയിട്ടുണ്ട്. നിജു, രഘു, കുട്ടന്‍, ഉണ്ണി, സുജിത്ത്, സുനി, ഷാജി. തുമ്പ മാത്രമല്ല, നാക്കുനീട്ടിപ്പൂകള്‍ , ഹനുമാന്‍ കിരീടം, ശംഘു പുഷ്പ്പം, കോളാമ്പി പൂക്കള്‍ എല്ലാം ഉണ്ട്. വേണ്ടുവോളം.  തലോറ, വെള്ളാവ്   എന്നീ  രണ്ടു  കൊച്ചു ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളിലും ഒരു ഓണക്കാലം മുഴുവന്‍ പൂക്കളം ഒരുക്കാനുള്ള  പൂക്കള്‍ അവിടെ ഉണ്ട്. ഈ രണ്ടു നാട്ടിലെയും കുട്ടികള്‍ മുഴുവന്‍ ഈ കുന്നിന്‍ ചെരുവില്‍ ഉണ്ടാകും ഓണക്കാലം മുഴുവന്‍. 

എഴുകുന്ന്; തലോറ,  വെള്ളാവ് എന്നീ രണ്ടു നാടുകളുടെ ജീവ ധാരയാണ്. രണ്ടു നാടുകളുടെയും അതിര്. മുന്പ് ഏതോ കാലത്ത് ഏഴു കുട്ടിച്ചാത്തന്‍മാര്‍ ഏഴ് കൊട്ട മണ്ണ് കൊണ്ട് ഇട്ട സ്ഥലമാണത്രേ ഏഴുകുന്ന്. തലോറ നാട് മണ്ണിട്ട്‌ മൂടാന്‍ വന്നതാണത്രേ ചാത്തന്മാര്‍.  ഒറ്റ രാത്രി കൊണ്ടാണത്രേ ചാത്തന്മാര്‍ എഴുകുന്ന് ഉണ്ടാക്കിയത്. പക്ഷെ അപ്പോളേക്കും നേരം പുലര്‍ന്നു. അതോടെ ചാത്തന്മാര്‍ കടന്നു കളഞ്ഞു. അത് കൊണ്ട് മാത്രമാ തലോറ നാട് രക്ഷപെട്ടത്. ഇതൊകെ ഞങ്ങള്‍ തലോറക്കാരുടെ മാത്രം മുത്തശ്ശിക്കഥ.  ഓണക്കാലത്ത് മാത്രമല്ല എന്നും ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട താവളമാണ് എഴുകുന്ന്. മാമ്പഴക്കാലത്ത്  മാമ്പഴം പെറുക്കാന്‍, പെരുമഴക്കാലത്ത് കുന്നിന്‍ ചെരുവിനപ്പുറത്ത് നിന്ന് ഹൂങ്കാര ശബ്ദത്തോടെ പാഞ്ഞെത്തുന്ന മഴ കാണാന്‍, മഴ നനയാന്‍, എന്‍റെ ബാല്യത്തെ നനയിച്ച്‌, മഴയെ സ്നേഹിക്കാന്‍ പഠിപ്പിച്ച കാലം. മലനിരകള്‍ക്കപ്പുറത്ത്‌ നിന്നു മഴ പാറി വരും.  കശുമാവിന്‍ തോട്ടങ്ങള്‍ കടന്ന്‌, കാറ്റിലുലയുന്ന പുല്ലാന്തിക്കാടുകള്‍ താണ്ടി, എന്‍റെ മുന്നിലെത്തും . പിന്നെ പെരുമഴയത്ത് നാടായ നാട് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയാല്‍ വീണ്ടും ഞങ്ങള്‍ ഈ ഏഴുകുന്നു കയറും. വെള്ളം കാണാന്‍. കുപ്പം പുഴയും മുതലിത്തോടും ഒന്നാകുന്ന സമയം. പെക്കാട്ടു വയലും മേനോന്റെ തായാലും, പുറത്തൊടി കണ്ടവും എന്ന് വേണ്ട എഴുകുന്നിനു ചുവട്ടിലുള്ള പാടങ്ങള്‍ മുഴുവന്‍ വെള്ളം കയറുന്ന കാലം. നല്ല രസമാ ആ കാഴ്ച. ആകാശം മുഖം നോക്കാന്‍  എന്ന പോലെ എഴുകുന്നില്‍ വന്നിരുന്നു താഴേക്ക് നോക്കുന്നത് ഞങ്ങള്‍ സങ്കല്പ്പിക്കും. അങ്ങിനെ  അടക്കാനാവാത്ത ആഹ്ളാദത്തിമിര്‍പ്പില്‍ എടുത്തു ചാടിയ എത്രയെത്ര  മഴക്കാലങ്ങള്‍... ,

അങ്ങിനെ തലോറക്കാരുടെ മാത്രം  എഴുകുന്ന്  ഞങ്ങള്‍ക്ക്  ഓണക്കാലത്ത്  പൂക്കള്‍ തന്നു, വേണ്ടുവോളം, മാമ്പഴക്കാലത്ത്  മാങ്ങയും, വെള്ളവും, തണലും തന്നു. മഴയും വെയിലും തന്നു. 
........................................................................................


ഇനി 10 വര്‍ഷങ്ങള്‍ക്ക്  ഇപ്പുറത്തെ കാഴ്ച.

2000 ലാണ് തലോറ നാട്ടില്‍ ആദ്യമായി ജെ.സി. ബിയുടെ ശബ്ദം ആദ്യമായി മുരണ്ടത്. ഇടക്കെപ്പുറത്തെ ഇടവഴിയിലൂടെ ആ മണ്ണ് മാന്തിയുടെ ചക്രങ്ങള്‍ നിരങ്ങി. ഞങ്ങളുടെ ശബ്ദങ്ങള്‍ക്ക് എന്നും മറുപടി തരാറുള്ള ഒറ്റയടി പാത മരിച്ചു. ഇനി ഒരിക്കലും ശബ്ടിക്കാനാകാത്ത വിധം അതിന്റെ മാറ് പിളര്‍ന്ന് ആ മരണ വണ്ടി കടന്നു പോയി. ആ വണ്ടി നിരങ്ങി നീങ്ങിയത് ഞങ്ങള്‍ക്ക് വെള്ളവും, വെളിച്ചവും തന്ന, തണലും മഴയും കാറ്റും തന്ന ഞങ്ങളുടെ പ്രിയപ്പെട്ട എഴുകുന്നിന്റെ ചരിവിലെക്കായിരുന്നു. ആ മരണ വണ്ടി അവിടെ മുരണ്ടു നീങ്ങി. ആ പച്ച പുതച്ച കുന്നിനെ മരുപറമ്പാക്കി മാറ്റി. എല്ലാം കണ്ടു തരിച്ചു നില്‍ക്കാനേ പാവങ്ങളായ ഞങ്ങളുടെ  നാട്ടുകാര്‍ക്കയുള്ളൂ…
..............................................................................................................

2012 ആഗസ്ത്...

12 വര്‍ഷങ്ങള്‍ കൂടി  പിന്നിടുന്നു… മറ്റൊരു ഓണക്കാലം കൂടി 
ശബ്ദിക്കുന്ന മന്തിട്ടകള്‍ ഉണ്ടായിരുന്ന പഴയ ഇടക്കെപ്പുറം ഇന്ന ടാര്‍ ഇട്ട ഒരു റോഡ് ആയി മാറിയിരിക്കുന്നു. ഇരുവശത്തുമായി 12 വര്‍ഷങ്ങള്‍ കൊണ്ട് ഉയര്‍ന്നത്21 വീടുകള്‍...
ഏഴു കുന്ന്! ഒരു റബ്ബര്‍ തോട്ടം ആയി  മാറിയിരിക്കുന്നു. ആ കുന്നിന്‍ പുറത്ത് എല്ലാ കൊല്ലവും ഞങ്ങളെയും, ഓണത്തെയും ഒരുപോലെ കാത്തിരിക്കാറുള്ള തുമ്പ പൂക്കളും, കോളാമ്പിപൂക്കളും, നാക്ക് നീട്ടി പൂക്കളും, ഹനുമാന്‍ കിരീടവും ഇന്നില്ല. തലോറ നാട്ടിലെ കുട്ടികളും മറ്റെല്ലാ മലയാളികളെയും പോലെ ഇപ്പോള്‍ അന്യ നാടുകളിലെ ജമന്തിയെയും, ചെണ്ടുമല്ലിയെയും കാത്തിരിക്കുകയാണ്. ഓണത്തിനു പൂക്കളം ഒരുക്കാന്‍. ഇന്ന്! ഇപ്പോള്‍ ഏഴു കുന്നിന്റെ ചുവട്ടില്‍ നില്കുമ്പോള്‍ വല്ലാത്ത ഒരു നിരാശ . എറ്റവും പ്രിയപ്പെട്ട എന്തോ ഒന്ന് എന്നെന്നേക്കുമായി നഷ്ടപെട്ടതിന്റെ വിങ്ങല്‍...