സീന്‍ 1
ദിവസങ്ങൾ എണ്ണി നിൽക്കുന്ന ഒരു വയസൻ അറവമാട്. കശാപ്പ് ശാലയിലേക്കുള്ള തന്റെ ഊഴത്തിനുള്ള കാത്തിരിപ്പിലാണത്. കഴുത്തിൽ കത്തി വീഴും മുൻപെയുള്ള മരവിപ്പിക്കുന്ന ആ കാത്തിരിപ്പ് വേളയിൽ സമ്പന്നവും ആർക്കും അസൂയ്യ ജനിപ്പിക്കുന്നതുമായ തന്റെ യൗവ്വന കാലത്തേക്ക് ഒരു തിരിഞ്ഞ് നോട്ടം നടത്തി. ഒരു ഭൂതകാല കുളിർ. ആരാലും പരാജയപ്പെടുത്താനാകാത്ത കാരിരുമ്പിന്റെ കരുത്തും ഈറ്റപ്പുലിയുടെ കുതിപ്പും ഒരുമിച്ച് ചേർന്ന വന്യ ശക്തി. കടലിരമ്പത്തിന്റെ മുഴക്കമായിരുന്നു തന്റെ കുതിപ്പുകൾക്ക്. ഏത് കുതിപ്പിലും കിതയ്ക്കാത്ത മെയ്വഴക്കമായിരുന്നു കൈമുതൽ. കല്ലും മണ്ണും തന്റെ കാലടിക്കുള്ളിൽ മെതിഞ്ഞമർന്നിരുന്നു ആ കാലത്ത്. ഓരോ കാൽ വയ്പ്പുകളും കണ്ട് അഭിരമിച്ച് നിൽക്കാൻ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. അവരുടെ കയ്യടികളും ആർപ്പുവിളികളും പന്തയക്കളങ്ങളിൽ പുതു ചരിത്രം രചിക്കാൻ പ്രേരണയേകി. ഓരോ കുതിപ്പിനും കാതങ്ങളുടെ ദൂരമുണ്ടായിരുന്നു. എതിരാളികൾ മത്സരിക്കാൻ പോലും മടിച്ച് നിന്ന കാലമായിരുന്നു അത്. താര കിരീടം എന്നും ഈ കൊമ്പുകൾക്കിടയിൽ ഭദ്രമായി ഇരുന്നു. യജമാനൻ തീറ്റയും വെള്ളവും സമൃദ്ധമായി തന്നു. പേശികൾക്ക് കരുത്ത് കൂടാൻ നിത്യേന തൈലമിട്ട് ഉഴിഞ്ഞു. വിശേഷ മരുന്നുകളും പോഷക സമ്പുഷ്ടമായ കാലിതീറ്റയും തന്നു. യജമാനനു തന്നിലുള്ള വിശ്വാസം എല്ലാ കാലത്തും കാത്ത് സൂക്ഷിക്കുവാനും പറ്റി.
പക്ഷേ യജമാനന്റെ കാലശേഷം പുതുതായി തന്നെ ഏറ്റെടുത്തവർക്ക് പക്ഷേ പന്തയക്കളങ്ങളോട് പ്രിയം കുറവായിരുന്നു. ഒരു ചടങ്ങ് പോലെ മാത്രം തന്നെ അവർ കളത്തിലിറക്കി. സർവ്വം കാൽക്കീഴിലാക്കിയെന്ന് അഭിരമിക്കുന്നവർക്ക് പറ്റുന്നത് തന്നെ ഇവിടെയും സംഭവിച്ചു. പുതിയ വേഗങ്ങൾ കുറിക്കാനുള്ള ത്വര പൂണ്ട പുതിയ കരുത്തർ രംഗത്ത് വന്നപ്പോൾ പഴയ കുതിപ്പിന്റെ നിഴൽ പോലുമാകാതെ പോകുന്നത് സ്വാഭാവികമായും ഒരു ഞട്ടലോടെ മനസിലാക്കി. കാരിരുമ്പിന്റെ കരുത്താർന്ന കാലുകൾക്ക് പഴയ ഊർജ്ജം കൈമോശം വരുന്നത് അനുഭവിച്ചറിഞ്ഞു. ഒരു തിരിച്ച് വരവ് ഒരിക്കലും സാധ്യമല്ലാത്ത വിധത്തിൽ ഓരവൽക്കരിക്കപ്പെട്ടു. ആൾക്കൂട്ടത്തിന്റെ ആർപ്പ് വിളി കൂവലുകളായി പരിണമിച്ചു. യജമാനന്റെ അഭിമാനം അവർക്ക് അപമാനമാകുന്നതും അനുഭവിച്ചറിഞ്ഞു. ആകാശ വേഗത്തിലുള്ള കുതിപ്പുകൾ തീർത്ത കാൽമുട്ടിനേറ്റ ക്ഷതം സാവകാശം മുടന്തായി പരിണമിച്ചു. കാഴ്ച്ച കുറഞ്ഞു. പല്ലുകൾ കൊഴിഞ്ഞു. അകാല വാർദ്ധക്യം ബാധിച്ച് എല്ലാവര്ക്കും ഒരു ബാദ്ധ്യതയായി മാറി. ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകാതെ പലരും പിന്മാറി. പഴയ വീരപ്രതാപം പറഞ്ഞത് കൊണ്ട് മാത്രം ഈ ഒരു ബാധ്യത ചുമക്കേണ്ടതില്ലെന്ന് ഇപ്പൊഴത്തെ യജമാനനും നിശ്ചയിച്ചു. കഴുത്തിൽ കത്തി വീഴാൻ അധികം താമസമില്ലെന്ന് സ്വയം തിരിച്ചറിയുകയായിരുന്നു അന്ന്.
ദല്ലാളന്മാർ കച്ചവടക്കാരെയും കൊണ്ട് കയറിയിറങ്ങി. അവർ പല്ലെണ്ണി നോക്കി വിലയിട്ടു. കൂടിയതുകയ്ക്കായുള്ള കച്ചവടക്കണ്ണോടെ യജമാനൻ അടുത്തയാൾക്കായി കാത്തിരുന്നു. അതുവരെയെങ്കിലും ജനിച്ച് വളർന്ന, മോഹിപ്പിക്കുന്ന ഭൂതകാലം സമ്മാനിച്ച ഈ മണ്ണിൽ ആയുസ്സ് നീട്ടിക്കിട്ടിയ ആശ്വാസത്തിൽ ദീർഗ്ഘ നിശ്വാസത്തെടെ ആ വയസൻ കാള കഴിഞ്ഞു. പക്ഷേ ഒടുവിൽ ഒരാളെത്തി. എല്ലിനും, തോലിനും, മാംസത്തിനും എല്ലാം ചേർത്ത് ഒരു വില പറഞ്ഞു. എല്ലാവർക്കും സമ്മതം. കഴുത്തിലെ കയർ കൈമാറി. കളിച്ച് വളർന്ന് തന്നെ താനാക്കിയ മണ്ണിനെ അവസാനമായി ഒരു നോക്ക് കണ്ട് കച്ചവടക്കാരന്റെ പിന്നാലെ മുടന്തി നടക്കുമ്പോൾ കണ്ണുകൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു. ഇന്ന് ഈ രാത്രി കഴിഞ്ഞാൽ കശാപ്പുകാരന്റെ തിളങ്ങുന്ന കത്തി തന്റെ കഴുത്തിൽ വീഴും. ഇനി മണിക്കൂറുകൾ മാത്രം. ആർക്കും വേണ്ടാത്ത താൻ ജീവിച്ചിരിക്കുന്നത് കൊണ്ട് എന്ത് നേട്ടം. ഒന്നുമില്ലെങ്കിലും കുറച്ചു പേരുടെ വിശപ്പടക്കാൻ തനിക്ക് സാധിക്കും. തോൽ ചിലപ്പൊൾ മനോഹരങ്ങളായ തുകൽ ഉൽപ്പന്നമായെക്കാം. മറ്റുചിലപ്പൊൾ ഉത്സവപ്പറമ്പുകളെ ഹരം കൊള്ളിക്കുന്ന ചെണ്ടയോ മറ്റ് എന്തെങ്കിലും തുകൽ വാദ്യമോ ആയേക്കാം. എല്ലു പൊടിച്ച് വളമായി ഉപയോഗിക്കാം. അതെ. ജീവിച്ചിരിക്കുന്നതിനെക്കാൾ എന്തു കൊണ്ടും ലാഭകരമാണു മരിക്കുന്നത്. മരണമുഖത്തെ പുൽകാൻ ആ അറവമാട് കാത്തിരുന്നു.
................................................
സീന്‍ 2
ഓടിളകി കിടക്കുന്ന ഒരു പഴയ തറവാട്; അടിത്തറ തോണ്ടുന്ന ദിനവും കാത്ത് കിടക്കുന്നു. പുറത്തെ ചെത്തി തേക്കാത്ത ചുമരില്‍ ആണിയിളകി കിടക്കുന്ന പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോകള്‍... . ഇളകിയാടുന്ന തൂണുകള്‍, പൊടിയും മാറാലയും പിടിച്ച് ഒരു പ്രേത ഭവനം കണക്കെ അത് നിലകൊണ്ടു. അകത്തെ മച്ചിന്മുകളിളിരുന്ന് ഒരു വയസന്‍ പല്ലി ചിലച്ചു. നാളെ അവസാന ദിവസം. മരണാസന്നമായ ചില വൈകൃതങ്ങള്‍ ആ തറവാട് കാണിച്ചു. അകത്തെ മച്ചിന്‍ മുകളില്‍ നിന്ന് നരച്ചീരുകള്‍ കൂട്ടമായി പാറിയകന്നു. അകല ചരമം പ്രാപിക്കാന്‍ പോകുന്ന തങ്ങളുടെ മണി സൗധത്തെ വിട്ടു പിരിയാന്‍ സമയമായെന്ന സത്യം അവയെ വല്ലാതെ വേദനിപ്പിച്ചു. പുതിയ ഇടത്താവളം കണ്ടെത്തേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവ് അവയില്‍ അനിശ്ചിതത്വ ബോധം സൃഷ്ടിച്ചു. ഒരു നീണ്ട നെടുവീര്‍പ്പോടെ ആ വയസന്‍ കെട്ടിടം തന്റെ പഴയ വീര പ്രതാപ കാലത്തേക്ക് സ്വയം ഒരു തിരിഞ്ഞു നോട്ടം നടത്തി.
ഒരു കാലത്ത് ബ്രാഹ്മണ്യത്തിന്റെ ഏത് അളവ് കോല്‍ വച്ച് അളന്നാലും പെരുമയും പ്രതാപവുമാര്‌ന്ന ഒരു ഇല്ലം. യാഗ പാരമ്പര്യം കൊണ്ട് ത്രേതാഗ്നി കെടാത്ത ഭവനം. സമ്പന്നമായ ഭൂതകാലം. എന്നും ആ മുറ്റത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായിരുന്നു. അകത്തളങ്ങളില്‍ വേദ ധ്വനികള്‍ ഉയര്‍ന്നിരുന്നു. ഭഗവത് നാമം മുഴങ്ങിയിരുന്നു. പക്ഷെ കാലം ഇവിടെ കൊണ്ടു ചെന്നെത്തിച്ചു. എത്രയോ തലമുറ ഇവിടെ ജനിച്ച് വളര്‍ന്ന് ഉണ്ട് ഉറങ്ങി പിന്നീട് മരിച്ച് മണ്ണോടു ചേര്‍ന്നു. എത്രയോ പേര്‍ , എത്രയോ പേര്‍ക്ക് ഒരു ഇടത്താവളമായി. എത്രയോ ജീവിതങ്ങള്‍ കണ്ടു. പക്ഷെ ഒടുവില്‍ എല്ലാ ജീവിതങ്ങളെയും പോലെ അന്ത്യനാള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ജനിച്ചാല്‍ മരണം അനിവാര്യമാണ്. എല്ലാത്തിനും ഈ പ്രപഞ്ച നിയമം ബാധകവുമാണ്.
വേണമെങ്കില്‍ ഇത്തിരി കൂടി ദീര്‌ഘിപ്പിക്കാമായിരുന്നു ആ ആസന്ന മരണം. പക്ഷെ ഇനി ആരാലും സാധ്യമല്ലാത്ത വിധം കൈവിട്ടു പോയിരുക്കുന്നു. മരണ പത്രം തയ്യാറായിക്കഴിഞ്ഞു. കല്ലിനും, മണ്ണിനും, മരത്തിനും വിലയിട്ടു കഴിഞ്ഞു. സ്വാഭാവിക മരണമല്ല, ഒരു കൊലപാതകം നടപ്പാക്കപ്പെടുകയാണ്. ഞാനുള്‍പ്പടെയുള്ളവരുടെ അറിവോടെ, സമ്മതത്തോടെ. ആ കെട്ടിടം മേല്‍പ്പറഞ്ഞ അരവുമാറ്റിനു തുല്ല്യമാവുന്നത് ഇവിടെയാണ്. അത് സ്വയം ചിന്തിക്കുന്നുണ്ടാകും ആർക്കും വേണ്ടാത്ത താൻ ജീവിച്ചിരിക്കുന്നത് കൊണ്ട് എന്ത് നേട്ടം. കല്ലിനും, മണ്ണിനും, മരത്തിനും നല്ല വില കിട്ടും. ഒരു പക്ഷെ ഇതേ രൂപത്തില്‍ അതുമല്ലെങ്കില്‍ ചെറിയ രൂപ വ്യത്യാസങ്ങളോടെ ഇതേ കല്ലും, മരവും കൊണ്ട് ഒരു പുനര്‍ ജന്മം സിദ്ധിച്ചേക്കാം.
ജീവിച്ചിരിക്കുന്നതിനെക്കാൾ എന്തു കൊണ്ടും ലാഭകരമാണു മരിക്കുന്നത്. മരണമുഖത്തെ പുൽകാൻ ആ തറവാട് കാത്തിരുന്നു.
...................................................
അവസാനമായി ഒരു നോക്ക് കൂടി കണ്ടു. പൂമുഖ വാതില്‍ക്കല്‍ ഒരു നാരായണ നാമം തൂങ്ങി കിടന്നു.