Wednesday, May 24, 2017

വ്യാസ ഭാരതം അഥവാ ജയം.

മഹാഭാരതം ഇന്ന് ഒരു രാഷ്ട്രീയ വിഷയമായിരിക്കയാണു. ഇരു ചേരികൾ പിരിഞ്ഞ്‌ മഹാഭാരതത്തെ ചൊല്ലി പോർവ്വിളികൾ നടത്തുന്നു. എന്നാൽ വാസ്തവത്തിൽ ഈ പരസ്പരം വാളേന്തി ഏറ്റുമുട്ടുന്നവരിൽ വലിയൊരു ശതമാനവും മഹാഭാരതമെന്തെന്ന് പോലും പൂർണ്ണമായും ഗ്രഹിക്കാത്തവരാണു. അത്തരക്കാർക്ക്‌ വേണ്ടി മഹാഭാരതമെന്ന ഇതിഹാസ രചനയുടെ പശ്ച്ചാത്തലവും അതിന്റെ ഘടനയും എല്ലാമാണു ഈ പോസ്റ്റിന്റെ അന്തസത്ത. അതായത്‌ ഇത്‌ പൂർണ്ണമായും ഒരു രാഷ്ട്രീയ രഹിത പോസ്റ്റ്‌ ആണു.
..........  .......... .......... .............

അന്ന് സരസ്വതി നദിക്കും സിന്ധു നദിക്കും ഇടയിൽ വാസമുറപ്പിച്ച ഒരു സമൂഹം കുറേ അറിവുകൾ സമ്പാദിച്ചു. അവയെല്ലാം ഉൾക്കാഴ്ച്ചകളാകാം, വെറും മന്ത്രിക്കലുമാകാം. പക്ഷേ അവ ലോകത്തിനു ഉൾക്കാഴ്ച്ചയും അർത്ഥവും, ജീവിതത്തിനു ഉദ്ദേശ്യവും നൽകി. ആദിയിൽ അവ കേട്ടവർ, അതിന്റെ പ്രചാരകരായി. അവർ അതിനെ അറിവിന്റെ ഭണ്ഡാകാരമെന്ന അർത്ഥത്തിൽ വേദം എന്ന് പേർ നൽകി. അതിനെ അടിസ്ഥാനമാക്കി ആ ഋഷിമാർ ഒരു സമൂഹം കെട്ടിപ്പടുത്തു. അവർ ഗാന വീചികളായി വേദത്തെ പിൻ തലമുറകൾക്ക്‌ പകർന്ന് കൊടുത്തു.

വർഷങ്ങളേറെക്കഴിഞ്ഞപ്പോൾ വലിയൊരു വരൾച്ചയുണ്ടായി. സരസ്വതീ നദി വറ്റി വരണ്ടു. നീണ്ടകാലത്തെ വരൾച്ചയിൽ സമൂഹം വലഞ്ഞു. അവർ സിന്ധുവിനെ പൂർണ്ണമായും ആശ്രയിച്ചു. പക്ഷേ സിന്ധുവൊരുന്നാൾ രാക്ഷസ രൂപം പൂണ്ടു. വെള്ളപ്പൊക്കത്തിൽ നഗരം നശിച്ചു. നാട്‌ നശിച്ചു. സമൂഹം ശിഥിലമായി. വേദവും ചിതറിപ്പോയി.

വർഷങ്ങൾക്ക്‌ ശേഷം കൃഷ്ണദ്വൈപായനൻ എന്ന ഒരു മുനി ആ വേദങ്ങളെ ക്രോഡീകരിച്ചു. അതുവരെ ലഭ്യമായ വേദത്തെ രണ്ടായി പകുത്തു. ആദ്യം മൂല വേദത്തിൽ നിന്ന് മന്ത്രങ്ങളുടേയും സൂക്തങ്ങളുടേയും കൂട്ടത്തെ വേർപ്പെടുത്തി ഋഗ്‌ വേദം എന്ന പേരിൽ ഋക്കുകളിടെ ഒരു സമാഹാരമുണ്ടാക്കി. പിന്നെ യ്ജ്ഞപ്രധാനമായ(കർമ്മ പ്രധാനമായ്‌) ശേഷിച്ച ഭാഗത്തിനു യജുർവ്വേദം എന്ന് പേർ നൽകി. അതും കഴിഞ്ഞ്‌ അതിൽ നിന്ന് ഗാന ശീലുകളെ അടർത്തിമാറ്റി സാമവേദമെന്ന പേർ നൽകി. ഏറ്റവുമൊടുവിൽ ശേഷിച്ച ഭാഗത്തിനു അധർവ്വ വേദമെന്ന് കൂടി പേർ നൽകി. വേദത്തെ നാലായി പകുത്ത (എഡിറ്റ്‌ ചെയ്ത) കൃഷ്ണദ്വൈപായനനെ വേദങ്ങളുടെ എഡിറ്റർ എന്ന അർത്ഥത്തിൽ വേദ വ്യാസൻ എന്ന പേർ സിദ്ധിച്ചു.

ബൃഹത്തായ ഈ പരിശ്രമത്തിനു ശേഷം വ്യാസനു ഒരു ആഗ്രഹമുണ്ടായി ഒരു കഥ എഴുതണം. വേദങ്ങളിലെ സാരാംശം ലോകമെങ്ങുമുള്ള സാധാരണക്കാരനുകൂടി മനസിലാകുന്നവിധത്തിൽ ഒരു കഥയാവണമത്‌. വ്യാസനു എഴുത്തിനു തുണയായി ഗണപതിയെക്കിട്ടി. അദ്ദേഹത്തിന്റെ വംശാവലിയിൽ തന്നെയുള്ള ഒരു കുടുംബത്തിന്റെ മൂപ്പിളമപ്പോരു ഇതിവൃത്തമാക്കി അദ്ദേഹം ഒരു കഥ രചിച്ചു. 60ഭാഗങ്ങളുള്ള ഒരു ബൃഹത്‌ കഥ. ആ കഥാസമാഹാരത്തിനു അദ്ദേഹമിട്ട പേരു "ജയം" എന്നായിരുന്നു. ഈ അറുപത്‌ ഭാഗങ്ങളിൽ ഒരുഭാഗം വ്യാസന്റെ ശിഷ്യനായ വൈശമ്പായനു അദ്ദേഹം കേൾപ്പിച്ച്‌ കൊടുത്തു.(ഓർക്കുക വ്യാസ വിരചിതമായ ആ ഇതിഹാസ കഥയുടെ ആകെ അറുപത്‌ ഭാഗങ്ങളിൽ ഒരു ഭാഗം മാത്രം. ബാക്കി എവിടെയെന്നോ ആ കഥ എന്തെന്നോ ആർക്കുമറിയില്ല.) അർജ്ജുനന്റെ പൗത്രൻ പരീക്ഷിത്തിന്റെ പുത്രൻ ജനമേജയൻ നടത്തിയ സർപ്പ സത്രത്തിനിടെ വൈശംബായനൻ ആദ്യമായി പൊതുജന സമക്ഷം അവതരിപ്പിച്ചു. അന്ന് ഈ കഥ കേട്ട രോമഹർഷണൻ എന്ന സൂതൻ ഇത്‌ തന്റെ പുത്രൻ ഉഗ്രശ്രവസിനെ പഠിപ്പിച്ചു. അയാൾ അത്‌ നൈമിഷാരണ്യത്തിൽ വച്ച്‌ ശൗനകാദികളായ ഋഷിമാരെ കേൾപ്പിച്ചു. ജൈമിനി, ശുകൻ മുതലായവരും പിന്നീട്‌ ഈ കഥ പ്രചരിപ്പിച്ചു.

അങ്ങിനെ പലരും പറഞ്ഞ്‌ പറഞ്ഞ്‌ വ്യാസന്റെ "ജയ"ത്തിലേക്ക്‌ പല കഥകളും കൂടിച്ചേർന്നു. ഒരു വൻ വട വൃക്ഷം കണക്കെ ശാഖോപ ശാഖകളായി ആ കഥ പടർന്ന് പന്തലിച്ചു. പുതിയ പുതിയ ഭാഗങ്ങൾ പുതിയ പുതിയ ആശയങ്ങൾ അതിൽ നിറച്ചു. പതിയെ "ജയം" എന്ന കഥ "വിജയം" എന്ന പേരിലേക്ക്‌ മാറി. കാലം പിന്നെയും പോയി. പോകെ പോകെ ആ കഥ വിപുലമായിക്കൊണ്ടിരുന്നു. കേവലം ഒരു കുടുംബത്തിന്റെ മൂപ്പിളമ പോരിനപ്പുറം ഉപകഥകളും, ശാഖകളുമായി അത്‌ പിന്നെയും വിശാലമായിക്കൊണ്ടിരുന്നു. "ജയവും" "വിജയവും" പിന്നിട്ട്‌ അത്‌ "ഭാരതം" എന്ന പേരിലറിയപ്പെട്ടു. പിന്നെയും പിന്നെയും അത്‌ വളർന്ന്കൊണ്ടേയിരുന്നു. ചരിത്രം, ജനിതകശാസ്ത്രം, ഊർജ്ജതന്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, ജ്യോതിഷം, സാമ്പത്തികശാസ്ത്രം, തത്വശാസ്ത്രം, സാരോപദേശങ്ങൾ തുടങ്ങി നിരവധിയായ വിഷയങ്ങൾ അതിൽ വന്ന് നിറഞ്ഞ്കൊണ്ടേയിരുന്നു.  മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കണക്കാക്കുന്ന ശ്രീകൃഷ്ണന്റെ ബാലലീലകളും ജീവിത കഥയും അടങ്ങുന്ന ഹരിവംശം കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ പതിനെട്ട്‌ അദ്ധ്യായവും, ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുമുള്ള ഒരു മഹാഗ്രന്ഥമായി അത്‌ പരിണമിച്ചു. ഭാരതം അതോടെ മഹാഭാരതമായി. ജയം എന്ന ഒരു കുടുംബത്തിന്റെ ചരിതം മാത്രം പറഞ്ഞിരുന്ന കഥ ഭാരത ദേശത്തിന്റെ തന്നെ മഹാപുരാണവും ഇതിഹാസവുമായി വളർന്നതിന്റെ പരിണാമ ദശയാണു ഈ പറഞ്ഞത്‌.

പരശതം വർഷങ്ങളായി പാടി പതിഞ്ഞതാണു മഹാഭാരതത്തിന്റെ ഓരോ കഥവഴികളും.  വിവിധ ഭാഷകളിൽ, വിവിധ രൂപങ്ങളിൽ നൃത്തമായും, നാട്യമായും, ഗാനങ്ങളായും, ചിത്രങ്ങളായും, നാടോടി കഥാഖ്യാനങ്ങളായും, ഈ മഹാപുരാണം ആവർത്തിച്ച്‌ പറഞ്ഞിട്ടുണ്ട്‌. ഇന്നും പറഞ്ഞ്‌ കൊണ്ടേയിരിക്കുന്നുമുണ്ട്‌. ഇന്ത്യയ്ക്ക്‌ പുറത്ത്‌ അങ്ങ്‌ ഇന്തോനേഷ്യവരെ മഹാഭാരതത്തിന്റെ പലപല ആഖ്യാനങ്ങൾ കാണാം.

ഇരുപതാം നൂറ്റാണ്ടിൽ ഈ ഇതിഹാസം ആധുനീക മനസിനെക്കൂടി ഹഠാദാകർഷിച്ചു. ആഴത്തിലുള്ള പഠനങ്ങൾ ഇതിനെ കേന്ദ്രീകരിച്ച്‌ നടന്നു. പുതിയ കാലത്തിന്റെ ശൈലിയിൽ പല പുനരാഖ്യാനങ്ങളും സൃഷ്ടിക്കപ്പെട്ടു. മഹാഭാരതത്തിലെ ഓരോ കഥാപാത്രങ്ങളിലൂടെയും മഹാഭാരതത്തെ പലരും നോക്കിക്കണ്ടു. അങ്ങിനെ വിവിധ കഥാപാത്രങ്ങളുടെ വീക്ഷണ കോണുകളിലൂടെ നിരവധിയായ നോവലുകളും, നാടകങ്ങളും, ചലചിത്രങ്ങളും, സീരിയലുകളും സൃഷ്ടിക്കപ്പെട്ടു. പക്ഷെ ഇക്കൂട്ടത്തിൽ ചിലവയെങ്കിലും അതിന്റെ യഥാർത്ഥ അന്തസത്തയിൽ നിന്ന് വ്യതിചലിച്ചുവെന്ന യാതർത്ഥ്യം തള്ളിക്കളഞ്ഞ്കൂടാ. ചിലപ്പോഴെങ്കിലും യഥാർത്ഥ തത്വങ്ങളെ വിസ്മരിച്ച്‌ അതിന്റെ സങ്കീർണ്ണ ഭാഗങ്ങളെ കൂടുതൽ ലളിതമായ പരാവർത്തനം നൽകുവാൻ ശ്രമിച്ചു. അത്‌ പലപ്പോഴും സ്വാഭാവിക വിവരണങ്ങളെ താറുമാറാക്കി.

എന്തൊക്കെയായാലും ഒന്നുറപ്പ്‌, ഇത്രയധികം തവണ ആവർത്തിക്കുകയും ഇത്രയധികം ജനസമ്മതി നേടുകയും ചെയ്ത ഒരു കൃതിയും ലോകത്തിൽ ഉണ്ടാകില്ല. അതിനാൽ തന്നെ ഇത്‌ കേവലം ഇന്ത്യയുടെ ബൃഹദ്‌ പുരാണമോ, മഹേതിഹാസമോ അല്ല. ഇത്‌ ഇന്ത്യയുടെ കഥയാണു. ഭാരതത്തിന്റെ കഥ. മഹാഭാരത കഥ.  കാരണം അത്‌ ഭാരതീയരെ ഇന്നത്തെ നിലയിലാക്കി. ബാഹ്യാഡംബരങ്ങളെക്കാൾ മാനസീക വികാസത്തിനു വിലകൽപ്പിക്കപ്പെട്ടു. അതിനാൽ തന്നെ ഭാരതത്തിന്റെ മഹത്വത്തിന്റെ കഥയാണു ഇത്‌.

ഇനി മഹാഭാരതത്തിന്റെ ഘടനകൂടി പരി ശോധിക്കാം.
ആകെ 18 പർവ്വങ്ങൾ.
1) ആദി പർവ്വം 9984 ശ്ലോകങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ക്രമാനുഗതമായി കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും പശ്ചാത്തലം വിവരിക്കുകയും ചെയ്യുന്നു.
2) സഭ: ഇതിൽ 4311 ശ്ലോകങ്ങൾ. ചൂത്‌ കളിയും പാണ്ഡവരുടെ സമ്പൂർണ്ണ പരാജയവും പാഞ്ചാലീ വസ്ത്രാക്ഷേപവും എല്ലാം വരുന്നു.
3) വന പർവ്വം : ആകെ 13664 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. പന്ത്രണ്ട്‌ വർഷത്തെ വനവാസം മുഖ്യ പ്രമേയം.
4) വിരാട പർവ്വം: വിരാട രാജാവിന്റെ മത്സ്യരാജ്യത്തെ 1 വർഷത്തെ അജ്ഞാത വാസം 3500ശ്ലൊകങ്ങളിലായി വർണ്ണിച്ചിരിക്കുന്നു.
5) ഉദ്യോഗ പർവ്വം: ഭഗവത്‌ ദൂതും ഒടുക്കം യുദ്ധത്തിന്റെ അനിവാര്യതയും 6998 ശ്ലോകങ്ങളെക്കൊണ്ട്‌ പരാമർശ്ശിക്കുന്നു.
6) ഭീഷ്മ പർവ്വം: 5884 ശ്ലോകങ്ങൾ. യുദ്ധാരംഭവും, ഭഗവത്‌ ഗീതയും, യുദ്ധത്തിന്റെ പത്താം നാളിൽ ഭീഷ്മരുടെ പതനം വരെയും ഇവിടെ പരാമർശ്ശിക്കുന്നു.
7) ദ്രോണ പർവ്വം: 10919 ശ്ലൊകങ്ങൾ ഉള്ള ഈ പർവ്വത്തിൽ അടുത്ത അഞ്ച്‌ ദിവസത്തെ രക്ത രൂക്ഷിത യുദ്ധം പരാമർശ്ശിക്കുന്നു. അഭിമന്യുവിന്റെ യുദ്ധ വീര്യവും, മരണവും ഇവിടെ കടന്ന് വരുന്നു.
8) കർണ്ണ പർവ്വം:ആകെ 4900 ശ്ലോകങ്ങൾ. ദ്രോണരുടെ മരണ ശേഷം കർണ്ണൻ കൗരവ സേനാധിപതിയാവുന്നത്‌ തൊട്ട്‌ അദ്ദേഹത്തിന്റെ പതനം വരെ ഈ പർവ്വം പരാമർശ്ശിക്കുന്നു.
9) ശല്ല്യപർവ്വം: 3220 ശ്ലൊകങ്ങളിലായി മഹാഭാരതത്തിലെ 18ആമത്തേതും അവസാനത്തേതുമായ ദിവസത്തെ യുദ്ധം ആണു പ്രതിപാദിക്കുന്നത്‌.
10) സൗപ്തിക പർവ്വം: 2870 ശ്ലോകങ്ങളുണ്ടിതിൽ. മഹാഭാരതത്തിലെ ധർമ്മയുദ്ധ സങ്കൽപ്പത്തിന്റെ സകല മര്യാദകളും ലംഘിച്ച്‌ അശ്വഥാമാവും സംഘവും ചേർന്ന് രാത്രിയിൽ പാണ്ഡവ പാളയത്തിൽ നടത്തിയ കൂട്ടക്കൊലയും, അശ്വഥാമാവിനു ശാപം ലഭിക്കുന്നതും ഉത്തരയുടെ ഗർഭസ്ഥ ശിശുവിനു കൃഷ്ണൻ ജീവൻ തിരികെ നൽകുന്നതും ഈ പർവ്വത്തിലെ ഇതിവൃത്തമാണു.
11) സ്ത്രീ പർവ്വം: യുദ്ധാനന്തര ഭീകരതകളും വിധവകളുടെ രോദനവും ഈ പർവ്വത്തിൽ 1775 ശ്ലോകങ്ങളിലൂടെ വരൻണിക്കുന്നു.
12) ശാന്തി പർവ്വം: 14525 ശ്ലോകങ്ങളിലൂടെ ശാന്തി പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും ചർച്ചകളും പ്രതിപാദിക്കുന്നു.
13) അനുശാസനാ പർവ്വം: ശരശയ്യയിൽ മരണം കാത്ത്‌ കിടന്ന ദ്രോണർ പുതിയ രാജാവാകാൻ പോകുന്ന യുധിഷ്ഠിരനും പാണ്ഡവർക്കും നൽകുന്ന മഹത്തായ ഉപദേശങ്ങൾ ആണു ഇതിൽ പ്രതിപാദിക്കുന്നത്‌. ആകെ 12000 ശ്ലോകങ്ങളിലൂടെ ഇത്‌ പറഞ്ഞ്‌ പോകുന്നു.
14) അശ്വമേധ പർവ്വം: പാണ്ഡവരാജ്യ സ്ഥാപനം 4420  ശ്ലോകങ്ങളിലൂടെ പ്രതിപാദിക്കുന്നു.
15) ആശ്രമ പർവ്വം: യുദ്ധാനന്തരം ധൃതരാഷ്ട്രർ, ഗാന്ധാരി, കുന്തി, വിദുരർ തുടങ്ങി അവശേഷിക്കുന്ന വൃദ്ധരായ രാജകുടുംബാംഗങ്ങൾ  സകലതും പാണ്ഡവരെ ഏൽപ്പിച്ച്‌ വാനപ്രസ്ഥത്തിനായി പോകുന്നഭാഗം. ആകെ 1106 ശ്ലോകങ്ങൾ.
16) മൗസല പർവ്വം: 300 ശ്ലോകങ്ങളിലായി യാദവ കുലത്തിന്റെ നാശവും, ഭഗവാൻ കൃഷ്ണന്റെ സ്വർഗ്ഗാരോഹണവും പറയുന്നു.
17) മഹാപ്രസ്താനിക: മഹാഭാരതത്തിലെ ഏറ്റവും ചെറിയ പർവ്വം. ആകെ 120 ശ്ലോകങ്ങൾ. പാണ്ഡവരുടെ മഹാപ്രസ്ഥാനം ആണു ഇതിവൃത്തം.
18) സ്വർഗ്ഗാരോഹണിക : ആകെ 200 ശ്ലോകങ്ങൾ. ഉടലോടെ സ്വർഗ്ഗത്തിൽ ചെന്ന യുധിഷ്ഠിരന്റെ അനുഭവങ്ങൾ.

ഇത്രയും പർവ്വങ്ങൾ മഹാഭാരതത്തിലുണ്ട്‌. ഇതിനു പുറമെ അനുബന്ധ പർവ്വമായി ആകെ 16423 ശ്ലോകങ്ങളെക്കൊണ്ട്‌ ഭഗവാൻ ശ്രീകൃഷ്ണന്റെ ജീവ ചരിത്രം ആകമാനം പ്രതിപാദിക്കുന്ന ഹരിവംശം എന്ന ഒരു പർവ്വം കൂടി മഹാഭാരതത്തിനുണ്ട്‌.
പുടയൂർ ജയനാരായണൻ

Sunday, December 4, 2016

തകര പെട്ടി

മഴപെയ്ത്‌ തോർന്ന വെളുപ്പാൻ കാലം.
പത്രത്തിലെ ആ വാർത്ത വായിച്ചപ്പോൾ ഉള്ളിലേക്ക്‌ ആരോ തീ കോരിയിട്ടത്‌ പോലെ തോന്നി ദിവാകരൻ മാഷിനു. എന്തൊക്കെയോ സമാനത. ഓർമ്മയുടെ നെരിപ്പോടിൽ വർഷങ്ങളായി പുകഞ്ഞ്‌ കൊണ്ടിരിക്കുന്ന വേദനയ്ക്ക്‌ ആക്കം കൂടിയ പോലെ. വിറയ്ക്കുന്ന കൈകൾ, തുടിക്കുന്ന ഹൃദയം. ഒരാവർത്തി കൂടി വായിക്കാൻ ശ്രമിച്ചെങ്കിലും കണ്ണിനെ എന്തോ വന്ന് മൂടുന്നത്‌ പോലെ തോന്നി. ഒരു ഇരുട്ട്‌. കണ്ണടച്ചിരുന്നു. ഓർമ്മകളുടെ വേലിയേറ്റത്തിൽ കണ്ണുകൾ നിറഞ്ഞു.  ഒലിച്ചിറങ്ങിയ ഓർമ്മ തുള്ളികളെ കണ്ണട മാറ്റി തുടച്ച്‌ നീക്കുമ്പോൾ നാൽപ്പത്തഞ്ച്‌ വർഷം മുമ്പത്തെ ആ തണുത്ത രാത്രി അയാളിൽ വന്ന് നിറഞ്ഞു.
............................................................

നാൽപ്പത്തഞ്ച്‌ കൊല്ലം മുൻപത്തെ ചിങ്ങമാസം. അത്തം പിറന്നിട്ടില്ല. എന്നാൽ ഓണക്കാലത്തിനുള്ള തയ്യാറെടുപ്പുകൾ പ്രകൃതി തുടങ്ങിയിട്ടുണ്ട്‌. മഴ ചന്നം പിന്നം പെയ്ത്‌ തോർന്ന നേരം. രാത്രിവണ്ടി പതിവിലും വൈകി സ്റ്റേഷനിലെത്താൻ. അധികമാരും ഇറങ്ങാനും കേറാനുമില്ലാത്ത സ്റ്റേഷൻ.

പെട്ടിയിങ്ങു തരൂ.. ഞാൻ പിടിക്കാം. വണ്ടിയിറങ്ങുമ്പോൾ നാരായണൻ പറഞ്ഞു.

വേണ്ട.. ഞാൻ തന്നെ പിടിച്ചോളാം, തകര പെട്ടി മുറുകെ പിടിച്ച്‌ ശ്രദ്ധയോടെ ദിവാകരൻ മാഷ്‌ വണ്ടിയിറങ്ങി.

നേരം പാതിരാവ്‌ കഴിഞ്ഞിരുന്നു. വണ്ടി വിട്ടപ്പോൾ വിജനമായ സ്റ്റേഷനിൽ ഒരു ട്രങ്ക്‌ പെട്ടിയും താങ്ങി പിടിച്ച്‌ ദിവാകരൻ മാഷും അയാളുടെ അളിയൻ നാരായണനും മാത്രം. ഇപ്പോ നടന്ന് തുടങ്ങിയാൽ നേരം പുലരുമ്പോളെക്കും വീട്‌ പിടിക്കാം. ഇരുവരും നടത്തം തുടങ്ങി. അങ്ങാടിയിലെ നിരത്ത്‌ വെളിച്ചം നാൽകവലവരെയേ ഉള്ളൂ. അത്‌ കഴിഞ്ഞാൽ ഇരുട്ട്‌ പറ്റി പോണം. നാരായണൻ കൈബാഗിന്റെ മൂലയിൽ നിന്ന് ഒരു മെഴുകുതിരി പുറത്തെടുത്തു. ഒരു കടലാസ്‌ അതിനു ചുറ്റി. തീപ്പെട്ടിയുരച്ച്‌ കത്തിച്ചു. ഒരു ബീഡിയും കത്തിച്ച്‌ ചുണ്ടിൽ വച്ചു. പിന്നെ കൈ വിരലുക്കൾ മടക്കി കാറ്റ്‌ കൊള്ളാത്ത വിധം പിടിച്ച്‌ അവർ മുന്നോട്ട്‌ നീങ്ങി.

ഒരു ചിരട്ട കിട്ടിയിരുന്നെങ്കിൽ മെഴുകുതിരി  കെടാതിരിക്കാൻ മറയാക്കി പിടിക്കാമായിരുന്നു. ബീഡി ആഞ്ഞു വലിച്ച്‌ നാരായണൻ പറഞ്ഞു. മാഷ്‌ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. അയാളിൽ നിന്ന് ഒരു മറുപടി നാരായണൻ പ്രതീക്ഷിച്ചുമിരുന്നില്ല.

വേഗം പോവ്വാം, ഇടയ്ക്ക്‌ മാഷ്‌ പറഞ്ഞു. നാരായണൻ ഒന്ന് മൂളുക മാത്രം ചെയ്തു. മഷ്‌ വല്ലാതെ അസ്വസ്ഥാനായി തോന്നി. ഓർമ്മകളുടെ വേലിയേറ്റം അയാളിൽ സംഭവിക്കുകയായിരുന്നു. ഇടയ്ക്കെപ്പൊഴോ കവിളിലേക്ക്‌ ഒഴുകിയെത്തിയ ഓർമ്മ ചാലുകളെ തുടച്ച്‌ കളഞ്ഞ്‌ അയാൾ നടന്നു.

നേരം കുറച്ചായി നടക്കാൻ തുടങ്ങിയിട്ട്‌. തളർച്ച ശരീരത്തെ ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു. രണ്ട്‌ ദിവസത്തെ ഉറക്കവും ശല്യപ്പെടുത്തുന്നുണ്ട്‌. പെട്ടിയുടെ ഭാരം കൂടിയാകുമ്പോൾ നടത്തത്തിനു വേഗത കുറഞ്ഞു. കാലു പൊങ്ങുന്നില്ല. വീഴുമെന്ന് തോന്നിയപ്പോൾ നിരത്ത്‌ വക്കിലെ ഒരു ആലിൻ ചുവട്ടിൽ അൽപ്പമൊന്നിരുന്നു. അപ്പോഴും അയാൾ പെട്ടി താഴെ വച്ചിരുന്നില്ല.
.........................
ക്ഷാമകാലമാണത്‌. ഒരു യുദ്ധം കഴിഞ്ഞ്‌ വർഷം ഏറെയായില്ല. രാജ്യം അടുത്ത യുദ്ധത്തിലേക്ക്‌ നീങ്ങിയ സമയം. സർവ്വത്ര പട്ടിണി, പരിവട്ടം. സർക്കാർ ഏർപ്പേടുത്തിയ റേഷൻ സമ്പ്രദായം കൊണ്ട്‌ വീട്ടിലെ ആറേഴ്‌ വയറുകൾ കഴിയണം. അങ്ങിനൊരു കാലത്താണു ആദ്യമായി അസുഖം തുടങ്ങിയത്‌. ചെറിയൊരു തലവേദനയായിട്ടാണു തുടക്കം. വിട്ട്‌ മാറാത്ത തല വേദന. മാരാരു വൈദ്യരുടെ ചികിത്സ ഫലം ചെയ്യാഞ്ഞപ്പോഴാണു അന്ന് നാട്ടിലെ ഏക അലോപതി ചികിത്സാലയമായ അസീസിന്റെ ആശുപത്രിയിലേക്ക്‌ പോയത്‌. അസീസ്‌ ഡോക്ടർ നാട്ടിൽ ഒരു ജനകീയനാണു. എന്ത്‌ രോഗത്തിനും അദ്ദേഹത്തിന്റെ കയ്യിൽ മരുന്നുണ്ട്‌. ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നാൽ കമ്പോണ്ടർ ഒരു ചെറുകുപ്പിയിൽ ചുവന്ന ഒരു ദ്രാവകം തരും. എന്ത്‌ അസുഖവും മാറ്റുന്ന മരുന്നാണത്‌. എന്നാൽ ഈ തലവേദന മാത്രം ആ മരുന്നിനു മാറ്റാൻ സാധിച്ചില്ല. ദിനം പ്രതി വേദന കൂടിക്കൊണ്ടിരുന്നു. അങ്ങിനൊരു തവണ ഡോക്ടറെ കണ്ടപ്പോൾ എന്നും ചിരിക്കാറുള്ള അസീസ്‌ ഡോക്ടറുടെ മുഖം പതിവില്ലാതെ മ്ലാനമായിരുന്നു. അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. അൽപ്പം ഗൗരവമുള്ള വിഷയമാണെന്ന് ആമുഖമായിത്തന്നെ പറഞ്ഞയിരുന്നു സംസാരം.

സാധാരണ ഒരു തലവേദനയാണു ഇതെന്ന് തോന്നുന്നില്ല. ഒരു കാര്യം ചെയ്യൂ മംഗലാപുരത്തിനപ്പുറത്ത്‌ മണിപ്പാൽ മെഡിക്കൽ കോളേജ്‌ ഉണ്ട്‌. അവിടത്തെ ഡോക്ടർ മഹേശ്വർ നായിക്ക്‌ തന്റെ സുഹൃത്താണു. അദ്ദേഹത്തിനു ഞാനൊരു കുറിപ്പടി തരാം. അതും കൊണ്ട്‌ പോയി അദ്ദേഹത്തെ കാണുക.  അതാണു നല്ലത്‌. ഇനിയും വച്ച്‌ കൊണ്ടിരിക്കുന്നത്‌ പന്തിയല്ല.

മണിപ്പാൽ ആശുപത്രിയിലെ ചികിത്സ. ചിലവേറിയതാണെന്നാണു കേട്ടിട്ടുള്ളത്‌. കയ്യിൽ നയാ പൈസയില്ല. ഇനിയെന്ത്‌ എന്നത്‌ വലിയൊരു പ്രശ്നമായിരുന്നു. അങ്ങാടിയിൽ സേട്ടു ഹാജിയെന്നൊരാളുടെ പണമിടപാട്‌ സ്ഥാപനമുണ്ട്‌.  വീടിന്റെ ആധാരം പണയം വച്ച്‌ അവിടുന്ന് കുറച്ച്‌ പണം കടം വാങ്ങിച്ചു. പിറ്റേന്ന് തന്നെ മണിപ്പാലിലേക്ക്‌ തിരിച്ചു. വിശദമായ പരിശോധനക്ക് ഒടുവിൽ രോഗം സ്ഥിരീകരിച്ചു. തലച്ചോറിൽ താളം തെറ്റി ഒരു മുഴ വളരുന്നു. പക്ഷേ കണ്ടെത്താൻ വളരെ വൈകിപ്പോയി.  ഓപ്പറേഷൻ എന്ന പരീക്ഷണം ഒരു സാധ്യതയായി മുന്നിലുണ്ട്‌. പരീക്ഷണം മാത്രമാണു അത്‌; യാതൊരു ഉറപ്പുമില്ല. ഡോക്ടർ പറഞ്ഞു. മാത്രവുമല്ല തയ്യാറെങ്കിൽ ഓപ്പറേഷൻ തുക 1500 ഉറുപ്പിക മുൻ കൂറായി കെട്ടി വയ്ക്കുകയും വേണം. വിധി തന്നെ നോക്കി കൊഞ്ഞനം കുത്തുകയാണെന്ന് ദിവാകരൻ മാഷിനു തോന്നി.
........................
കുറച്ചേറെ സമയമായി ആ ഇരിപ്പ്‌ തുടങ്ങിയിട്ട്‌. നേരം പുലരുന്നേയുള്ളൂ. രാത്രിമഴയിൽ നനഞ്ഞ്‌ കുതിർന്ന നിരത്തുവക്കിലൂടെ വീണ്ടും നടപ്പ്‌ തുടർന്നു. കുറച്ച്‌ കൂടി പിന്നിട്ടപ്പോൾ നടത്തം നാട്ടിടവഴിയിലേക്ക്‌ മാറി. ദുർഗ്ഘട പാത.  കയ്യിലെ ട്രങ്ക്‌ പെട്ടി ദിവാകരൻ മാഷ്‌ സൂക്ഷ്മമായി പിടിച്ചിട്ടുണ്ട്‌.  ആടിയുലച്ചിൽ ഒഴിവാക്കാൻ പെട്ടി വലത്‌ കൈകൊണ്ട്‌ കൂടി തൊട്ട്‌ പിടിച്ചിട്ടുണ്ട്‌. ക്ഷീണം തോന്നുന്നുണ്ടെങ്കിലും ക്ഷീണിച്ചിരിക്കാൻ നേരമില്ല. വല്ലാത്തൊരു ധൃതി അയാളെ ബാധിച്ചിട്ടുണ്ട്‌. നേരം പുലരുമ്പോളേക്കും വീട്ടിലെത്തണം. മുന്നിൽ നാരായണൻ  കത്തിച്ച്‌ പിടിച്ചിട്ടുള്ള മെഴുകുതിരിയുടെ വെളിച്ചത്തിൽ നടപ്പ്‌ തുടർന്നു. ഇടയ്ക്കെപ്പോഴോ കാലൊന്നു തട്ടി. വീഴാൻ പോയപ്പോഴും അയാൾ പെട്ടിയിൽ നിന്ന് പിടി വിട്ടിരുന്നില്ല.

ഇനി ഞാൻ പിടിക്കാം.. പെട്ടിക്ക്‌ നേരെ കൈകാണിച്ച്‌ കൊണ്ട്‌ നാരായണൻ വീണ്ടും പറഞ്ഞു.

വേണ്ട.. കുറച്ച്‌ ദൂരം കൂടെയല്ലേ ഉള്ളൂ.. മാഷ്‌ പെട്ടി ചേർത്ത്‌ പിടിച്ച്‌ പറഞ്ഞു.

നടത്തം പാട വരമ്പത്തേക്ക്‌ മാറി. വീതി കുറഞ്ഞ വരമ്പ്‌. ചളിയുടെ വഴുക്കൽ നടത്തം ദുർഗ്ഘടമാക്കി. പക്ഷേ അതൊന്നും മാഷ്‌ ഗൗനിച്ചേയില്ല. വേഗം നടക്കാം എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ്‌ പെട്ടി മുറുക്കെ പിടിച്ച്‌ അയാൾ നടന്നു.

പോകെ പോകെ കിഴക്കൻ ചക്രവാളത്തിൽ സൂര്യോദയത്തിന്റെ ലക്ഷണം കണ്ട്‌ തുടങ്ങി. അധികം ദൂരമില്ല ഇനി. പാടം വിട്ട്‌ നടത്തം മലമ്പാതയിലേക്ക്‌ കടന്നു. അരണ്ട വെളിച്ചം വന്ന് തുടങ്ങിയിരിക്കുന്നു. ഈ മലയ്ക്കപ്പുറമായി വീട്‌. നടത്തത്തിനു വേഗം കൂടി. ഒരു തരം യാന്ത്രികമായ കുതിപ്പ്‌. ദിവാകരനു ഒപ്പമ്മെത്താൻ നാരായണൻ പാടു പെട്ടു. കയ്യിലെ പെട്ടി ചേർത്ത്‌ പിടിച്ച്‌ അയാൾ മല കയറി. രാത്രി പെയ്ത മഴയിൽ പശിമയാർന്ന മണ്ണിൽ കാലൊന്ന് വഴുതി. വീണില്ല. ഒരു മരക്കൊമ്പിൽ പിടുത്തം കിട്ടിയിരുന്നു. വീണ്ടും നടന്നു. കിതപ്പിന്റെ ശബ്ദം ഉയർന്ന് കേൾക്കാം. വീടടുക്കുന്തോറും ഹൃദയമിഡിപ്പും ഉയരുന്നു. കിതപ്പും, മിഡിപ്പും ചേർന്ന് വല്ലാത്തൊരു താളപ്പെരുക്കം തീർക്കുന്നത്‌ അയാളറിഞ്ഞു. ആ താളത്തിനനുസരിച്ച്‌ കാലെടുത്ത്‌ വച്ച്‌ അയാൾ മുന്നേറി.

മീനാക്ഷിയെക്കുറിച്ച്‌ അയാൾ ഓർത്തു. അറിയുമ്പോൾ അവൾ എങ്ങിനെയാവും പ്രതികരിക്കുക എന്ന് അയാൾക്ക്‌ തിട്ടമില്ലായിരുന്നു. അവളും വരാമെന്ന് പറഞ്ഞതായിരുന്നു. പുറപ്പെടുകയും ചെയ്തതാണു. പക്ഷേ ദിവാകരൻ അത്‌ സമ്മതിച്ചില്ല. മാത്രവുമല്ല പ്രായവും രോഗവും തളർത്തിയ അഛനെ തനിച്ചാക്കിയിട്ട്‌ പോകുക വയ്യ. ഇപ്പോൾ തോന്നുന്നു കൂട്ടാമായിരുന്നു.

മലമുകളിലെത്തുമ്പോളേക്കും നേരം നല്ലവണ്ണം പുലർന്നിരുന്നു. മലയടിവാരത്തിലാണു വീടു. ഒരു വശത്ത്‌ പാടവും മറുവശത്ത്‌ മലയും. മലമുകളിൽ നിന്ന് നോക്കിയാൽ അങ്ങകലെ പച്ചപ്പ്‌ നിറഞ്ഞ പാടം കാണാം. വേഗം അവിടെയെത്തണം. അയാൾ പെട്ടി ചേർത്ത്‌ പിടിച്ച്‌ താഴേക്ക്‌ കുതിച്ചു.

സൂക്ഷിച്ച്‌, വീഴാതെ ഇറങ്ങൂ.. ഓടണ്ടാ.. പിന്നിൽ നിന്ന് നാരയണൻ വിളിച്ച്‌ പറഞ്ഞു.

ഒന്നും ഗൗനിക്കാതെ അയാൾ കുതിച്ചു. അയാൾക്കേറ്റവും പരിചിതമായ വഴിയാണിത്‌. അയാൾ മുന്നോട്ട്‌ കുതിച്ച്‌ കൊണ്ടിരുന്നു. വഴിവക്കിൽ ഒന്ന് രണ്ട്‌ പരിചിത മുഖങ്ങൾ. അവർ കാര്യം തിരക്കി. ദിവാകരൻ അവരെയൊന്നും കണ്ടതേയില്ല. മുന്നിൽ വീട്‌ കാണുമാറായിട്ടും പരിഭ്രമമൊഴിയുന്നില്ല. പെട്ടെന്ന് വീട്ടിലെത്തണം. അയാളുടെ നടത്തം ഓട്ടമായി പരിണമിച്ച്‌ തുടങ്ങിയിരുന്നു. മാഷിന്റെ വരവിലെ പന്തികേട്‌ കണ്ട്‌ കൂടുതൽ പേർ എത്തി തുടങ്ങി.  അവരോട്‌ സംസാരിച്ച്‌ നാരായണൻ നടന്നു വന്നു. കേട്ടവർ കേട്ടവർ അമ്പരപ്പോടെ അവർക്ക്‌ പിന്നാലെ കൂടി.

രാത്രി മഴപെയ്ത്‌ തളംകെട്ടി നിൽക്കുന്ന വീട്ട്‌ മുറ്റത്തേക്ക്‌ കയറുമ്പോൾ അയാളുടെ ഉള്ള്‌ പിടഞ്ഞു. കാലൊന്നിടറി. കണ്ണിൽ ഇരുട്ട്‌ കയറി. ഉമ്മറക്കോലായിലെ ചാണകം മെഴുകിയ നിലത്ത്‌ ചിതലു കേറി തുടങ്ങിയ തെങ്ങിന്റെ തൂണിൽ ഒരു നിമിഷം തലചായ്ച്ച്‌ അയാൾ ഇരുന്നു. കിതപ്പും ഹൃദയമിഡിപ്പും ചേർന്നുള്ള താളപ്പെരുക്കം ഉച്ചത്തിലായി. എന്ത്‌ വേണമെന്ന് തിട്ടമില്ലാത്ത കുറച്ച്‌ നിമിഷങ്ങൾ.

കാലത്ത്‌ തന്നെ പുറത്തെ ആൾപ്പെരുമാറ്റം കേട്ട്‌ മീനാക്ഷി അടുക്കളപ്പുറത്ത്‌ നിന്ന് ഓടിക്കിതച്ചെത്തി. ദിവാകരനെ കണ്ടപ്പോൾ അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. സന്തോഷം. ഓടി ഉമ്മറത്ത്‌ എത്തിയ അവളുടെ കണ്ണുകൾ ചുറ്റിലും പരതി.

എവിടെ..? ബാബു മോൻ എവിവിടെ..?

അയാളുടെ കൈകൾ വിറച്ചു. ചങ്ക്‌ പിടച്ചു.
നെഞ്ചോട്‌ ചേർത്ത്‌ പിടിച്ച ആ വലിയ തകര പെട്ടി ഉമ്മറത്തെ നിലത്ത്‌ വച്ചു. പെട്ടി തുറക്കുമ്പോൾ കൈകളുടെ വിറച്ചിൽ നിയന്ത്രിക്കുവാൻ സാധിച്ചില്ല. വല്ലാത്തൊരു ദീന രോദനം അയാളിൽ നിന്ന് ഉയർന്നു. പെട്ടി  തുറന്നു. ഒരു ആറു വയസുകാരൻ അതിൽ ഉറങ്ങിക്കിടക്കുന്നു. പകച്ച്‌ നിൽക്കുന്ന മീനാക്ഷിയുടെ മുന്നിലേക്ക്‌  അയാൾ അവനെ എടുത്ത്‌ കിടത്തി.
-------------------------------------------------------
കാലത്തെ പത്ര വാർത്ത തന്നെയാണു ടിവിയിലെ അന്തിചർച്ചയിലും മുഖ്യ ഇനം. ഒഡീഷയിലെ കാലഹണ്ടിയിൽ ദേനാ മാഞ്ചി എന്നയാൾ ഭാര്യയുടെ മൃതദേഹം ചുമന്ന് വീട്ടിലേക്ക്‌ കൊണ്ട്‌ പോയത്‌ വലിയ കോലാഹലം ഉണ്ടാക്കിയിരിക്കുന്നു. ദാരിദ്ര്യമാണു ചർച്ചകൾ. വികസന നേട്ടങ്ങളുടെ ഭരണതല അവകാശവാദങ്ങൾക്കിടെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ച്ചകൾ അനാവൃതമാകുന്നത്‌ ചർച്ച ചെയ്ത്‌ അന്തിചർച്ചകൾ കത്തിക്കയറുന്നു.  പത്ത്‌ നാൽപ്പത്‌ വർഷം മുൻപ്‌ താൻ കടന്ന് പോയ അതേ പാത. കാലമിത്രകഴിഞ്ഞിട്ടും കാര്യങ്ങളൊട്ടും മാറിയിട്ടില്ല. ഓപ്പറേഷനു കെട്ടിവയ്ക്കാൻ പണമില്ലാതെയാണു അന്ന് മകൻ മരിച്ചത്‌. നാട്ടിലേക്ക്‌ കൊണ്ട്‌ വരാൻ വണ്ടി വിളിക്കാൻ പോലും പണമില്ലായിരുന്നു. പഴയ തകര പെട്ടിയിലടക്കി കള്ളവണ്ടി കയറിയാണു അന്ന് നാട്ടിലെത്തിയത്‌. 20 കിലോമീറ്റർ ആ പെട്ടിയും ചുമന്ന് നടന്നു.

കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ ഓർമ്മച്ചാലുകൾ ഇനിയും വറ്റിയിട്ടില്ല.
ഈ ലോകത്തോട്‌ മൊത്തമുള്ള വല്ലാത്തൊരു അവജ്ഞയോടെ അയാൾ ചാരുകസേരയിൽ ഇരുന്നു. ചുവരിലെ ബ്ലാക്ക്‌ ആന്റ്‌ വ്വൈറ്റ്‌ ഫോട്ടോയിൽ ബാബു മോൻ  ചിരിച്ചു.

©Pudayoor Jayanarayanan