Sunday, December 4, 2016

തകര പെട്ടി

മഴപെയ്ത്‌ തോർന്ന വെളുപ്പാൻ കാലം.
പത്രത്തിലെ ആ വാർത്ത വായിച്ചപ്പോൾ ഉള്ളിലേക്ക്‌ ആരോ തീ കോരിയിട്ടത്‌ പോലെ തോന്നി ദിവാകരൻ മാഷിനു. എന്തൊക്കെയോ സമാനത. ഓർമ്മയുടെ നെരിപ്പോടിൽ വർഷങ്ങളായി പുകഞ്ഞ്‌ കൊണ്ടിരിക്കുന്ന വേദനയ്ക്ക്‌ ആക്കം കൂടിയ പോലെ. വിറയ്ക്കുന്ന കൈകൾ, തുടിക്കുന്ന ഹൃദയം. ഒരാവർത്തി കൂടി വായിക്കാൻ ശ്രമിച്ചെങ്കിലും കണ്ണിനെ എന്തോ വന്ന് മൂടുന്നത്‌ പോലെ തോന്നി. ഒരു ഇരുട്ട്‌. കണ്ണടച്ചിരുന്നു. ഓർമ്മകളുടെ വേലിയേറ്റത്തിൽ കണ്ണുകൾ നിറഞ്ഞു.  ഒലിച്ചിറങ്ങിയ ഓർമ്മ തുള്ളികളെ കണ്ണട മാറ്റി തുടച്ച്‌ നീക്കുമ്പോൾ നാൽപ്പത്തഞ്ച്‌ വർഷം മുമ്പത്തെ ആ തണുത്ത രാത്രി അയാളിൽ വന്ന് നിറഞ്ഞു.
............................................................

നാൽപ്പത്തഞ്ച്‌ കൊല്ലം മുൻപത്തെ ചിങ്ങമാസം. അത്തം പിറന്നിട്ടില്ല. എന്നാൽ ഓണക്കാലത്തിനുള്ള തയ്യാറെടുപ്പുകൾ പ്രകൃതി തുടങ്ങിയിട്ടുണ്ട്‌. മഴ ചന്നം പിന്നം പെയ്ത്‌ തോർന്ന നേരം. രാത്രിവണ്ടി പതിവിലും വൈകി സ്റ്റേഷനിലെത്താൻ. അധികമാരും ഇറങ്ങാനും കേറാനുമില്ലാത്ത സ്റ്റേഷൻ.

പെട്ടിയിങ്ങു തരൂ.. ഞാൻ പിടിക്കാം. വണ്ടിയിറങ്ങുമ്പോൾ നാരായണൻ പറഞ്ഞു.

വേണ്ട.. ഞാൻ തന്നെ പിടിച്ചോളാം, തകര പെട്ടി മുറുകെ പിടിച്ച്‌ ശ്രദ്ധയോടെ ദിവാകരൻ മാഷ്‌ വണ്ടിയിറങ്ങി.

നേരം പാതിരാവ്‌ കഴിഞ്ഞിരുന്നു. വണ്ടി വിട്ടപ്പോൾ വിജനമായ സ്റ്റേഷനിൽ ഒരു ട്രങ്ക്‌ പെട്ടിയും താങ്ങി പിടിച്ച്‌ ദിവാകരൻ മാഷും അയാളുടെ അളിയൻ നാരായണനും മാത്രം. ഇപ്പോ നടന്ന് തുടങ്ങിയാൽ നേരം പുലരുമ്പോളെക്കും വീട്‌ പിടിക്കാം. ഇരുവരും നടത്തം തുടങ്ങി. അങ്ങാടിയിലെ നിരത്ത്‌ വെളിച്ചം നാൽകവലവരെയേ ഉള്ളൂ. അത്‌ കഴിഞ്ഞാൽ ഇരുട്ട്‌ പറ്റി പോണം. നാരായണൻ കൈബാഗിന്റെ മൂലയിൽ നിന്ന് ഒരു മെഴുകുതിരി പുറത്തെടുത്തു. ഒരു കടലാസ്‌ അതിനു ചുറ്റി. തീപ്പെട്ടിയുരച്ച്‌ കത്തിച്ചു. ഒരു ബീഡിയും കത്തിച്ച്‌ ചുണ്ടിൽ വച്ചു. പിന്നെ കൈ വിരലുക്കൾ മടക്കി കാറ്റ്‌ കൊള്ളാത്ത വിധം പിടിച്ച്‌ അവർ മുന്നോട്ട്‌ നീങ്ങി.

ഒരു ചിരട്ട കിട്ടിയിരുന്നെങ്കിൽ മെഴുകുതിരി  കെടാതിരിക്കാൻ മറയാക്കി പിടിക്കാമായിരുന്നു. ബീഡി ആഞ്ഞു വലിച്ച്‌ നാരായണൻ പറഞ്ഞു. മാഷ്‌ പക്ഷേ മറുപടിയൊന്നും പറഞ്ഞില്ല. അയാളിൽ നിന്ന് ഒരു മറുപടി നാരായണൻ പ്രതീക്ഷിച്ചുമിരുന്നില്ല.

വേഗം പോവ്വാം, ഇടയ്ക്ക്‌ മാഷ്‌ പറഞ്ഞു. നാരായണൻ ഒന്ന് മൂളുക മാത്രം ചെയ്തു. മഷ്‌ വല്ലാതെ അസ്വസ്ഥാനായി തോന്നി. ഓർമ്മകളുടെ വേലിയേറ്റം അയാളിൽ സംഭവിക്കുകയായിരുന്നു. ഇടയ്ക്കെപ്പൊഴോ കവിളിലേക്ക്‌ ഒഴുകിയെത്തിയ ഓർമ്മ ചാലുകളെ തുടച്ച്‌ കളഞ്ഞ്‌ അയാൾ നടന്നു.

നേരം കുറച്ചായി നടക്കാൻ തുടങ്ങിയിട്ട്‌. തളർച്ച ശരീരത്തെ ബാധിച്ച്‌ തുടങ്ങിയിരിക്കുന്നു. രണ്ട്‌ ദിവസത്തെ ഉറക്കവും ശല്യപ്പെടുത്തുന്നുണ്ട്‌. പെട്ടിയുടെ ഭാരം കൂടിയാകുമ്പോൾ നടത്തത്തിനു വേഗത കുറഞ്ഞു. കാലു പൊങ്ങുന്നില്ല. വീഴുമെന്ന് തോന്നിയപ്പോൾ നിരത്ത്‌ വക്കിലെ ഒരു ആലിൻ ചുവട്ടിൽ അൽപ്പമൊന്നിരുന്നു. അപ്പോഴും അയാൾ പെട്ടി താഴെ വച്ചിരുന്നില്ല.
.........................
ക്ഷാമകാലമാണത്‌. ഒരു യുദ്ധം കഴിഞ്ഞ്‌ വർഷം ഏറെയായില്ല. രാജ്യം അടുത്ത യുദ്ധത്തിലേക്ക്‌ നീങ്ങിയ സമയം. സർവ്വത്ര പട്ടിണി, പരിവട്ടം. സർക്കാർ ഏർപ്പേടുത്തിയ റേഷൻ സമ്പ്രദായം കൊണ്ട്‌ വീട്ടിലെ ആറേഴ്‌ വയറുകൾ കഴിയണം. അങ്ങിനൊരു കാലത്താണു ആദ്യമായി അസുഖം തുടങ്ങിയത്‌. ചെറിയൊരു തലവേദനയായിട്ടാണു തുടക്കം. വിട്ട്‌ മാറാത്ത തല വേദന. മാരാരു വൈദ്യരുടെ ചികിത്സ ഫലം ചെയ്യാഞ്ഞപ്പോഴാണു അന്ന് നാട്ടിലെ ഏക അലോപതി ചികിത്സാലയമായ അസീസിന്റെ ആശുപത്രിയിലേക്ക്‌ പോയത്‌. അസീസ്‌ ഡോക്ടർ നാട്ടിൽ ഒരു ജനകീയനാണു. എന്ത്‌ രോഗത്തിനും അദ്ദേഹത്തിന്റെ കയ്യിൽ മരുന്നുണ്ട്‌. ഡോക്ടറുടെ കുറിപ്പടിയുമായി ചെന്നാൽ കമ്പോണ്ടർ ഒരു ചെറുകുപ്പിയിൽ ചുവന്ന ഒരു ദ്രാവകം തരും. എന്ത്‌ അസുഖവും മാറ്റുന്ന മരുന്നാണത്‌. എന്നാൽ ഈ തലവേദന മാത്രം ആ മരുന്നിനു മാറ്റാൻ സാധിച്ചില്ല. ദിനം പ്രതി വേദന കൂടിക്കൊണ്ടിരുന്നു. അങ്ങിനൊരു തവണ ഡോക്ടറെ കണ്ടപ്പോൾ എന്നും ചിരിക്കാറുള്ള അസീസ്‌ ഡോക്ടറുടെ മുഖം പതിവില്ലാതെ മ്ലാനമായിരുന്നു. അദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചു. അൽപ്പം ഗൗരവമുള്ള വിഷയമാണെന്ന് ആമുഖമായിത്തന്നെ പറഞ്ഞയിരുന്നു സംസാരം.

സാധാരണ ഒരു തലവേദനയാണു ഇതെന്ന് തോന്നുന്നില്ല. ഒരു കാര്യം ചെയ്യൂ മംഗലാപുരത്തിനപ്പുറത്ത്‌ മണിപ്പാൽ മെഡിക്കൽ കോളേജ്‌ ഉണ്ട്‌. അവിടത്തെ ഡോക്ടർ മഹേശ്വർ നായിക്ക്‌ തന്റെ സുഹൃത്താണു. അദ്ദേഹത്തിനു ഞാനൊരു കുറിപ്പടി തരാം. അതും കൊണ്ട്‌ പോയി അദ്ദേഹത്തെ കാണുക.  അതാണു നല്ലത്‌. ഇനിയും വച്ച്‌ കൊണ്ടിരിക്കുന്നത്‌ പന്തിയല്ല.

മണിപ്പാൽ ആശുപത്രിയിലെ ചികിത്സ. ചിലവേറിയതാണെന്നാണു കേട്ടിട്ടുള്ളത്‌. കയ്യിൽ നയാ പൈസയില്ല. ഇനിയെന്ത്‌ എന്നത്‌ വലിയൊരു പ്രശ്നമായിരുന്നു. അങ്ങാടിയിൽ സേട്ടു ഹാജിയെന്നൊരാളുടെ പണമിടപാട്‌ സ്ഥാപനമുണ്ട്‌.  വീടിന്റെ ആധാരം പണയം വച്ച്‌ അവിടുന്ന് കുറച്ച്‌ പണം കടം വാങ്ങിച്ചു. പിറ്റേന്ന് തന്നെ മണിപ്പാലിലേക്ക്‌ തിരിച്ചു. വിശദമായ പരിശോധനക്ക് ഒടുവിൽ രോഗം സ്ഥിരീകരിച്ചു. തലച്ചോറിൽ താളം തെറ്റി ഒരു മുഴ വളരുന്നു. പക്ഷേ കണ്ടെത്താൻ വളരെ വൈകിപ്പോയി.  ഓപ്പറേഷൻ എന്ന പരീക്ഷണം ഒരു സാധ്യതയായി മുന്നിലുണ്ട്‌. പരീക്ഷണം മാത്രമാണു അത്‌; യാതൊരു ഉറപ്പുമില്ല. ഡോക്ടർ പറഞ്ഞു. മാത്രവുമല്ല തയ്യാറെങ്കിൽ ഓപ്പറേഷൻ തുക 1500 ഉറുപ്പിക മുൻ കൂറായി കെട്ടി വയ്ക്കുകയും വേണം. വിധി തന്നെ നോക്കി കൊഞ്ഞനം കുത്തുകയാണെന്ന് ദിവാകരൻ മാഷിനു തോന്നി.
........................
കുറച്ചേറെ സമയമായി ആ ഇരിപ്പ്‌ തുടങ്ങിയിട്ട്‌. നേരം പുലരുന്നേയുള്ളൂ. രാത്രിമഴയിൽ നനഞ്ഞ്‌ കുതിർന്ന നിരത്തുവക്കിലൂടെ വീണ്ടും നടപ്പ്‌ തുടർന്നു. കുറച്ച്‌ കൂടി പിന്നിട്ടപ്പോൾ നടത്തം നാട്ടിടവഴിയിലേക്ക്‌ മാറി. ദുർഗ്ഘട പാത.  കയ്യിലെ ട്രങ്ക്‌ പെട്ടി ദിവാകരൻ മാഷ്‌ സൂക്ഷ്മമായി പിടിച്ചിട്ടുണ്ട്‌.  ആടിയുലച്ചിൽ ഒഴിവാക്കാൻ പെട്ടി വലത്‌ കൈകൊണ്ട്‌ കൂടി തൊട്ട്‌ പിടിച്ചിട്ടുണ്ട്‌. ക്ഷീണം തോന്നുന്നുണ്ടെങ്കിലും ക്ഷീണിച്ചിരിക്കാൻ നേരമില്ല. വല്ലാത്തൊരു ധൃതി അയാളെ ബാധിച്ചിട്ടുണ്ട്‌. നേരം പുലരുമ്പോളേക്കും വീട്ടിലെത്തണം. മുന്നിൽ നാരായണൻ  കത്തിച്ച്‌ പിടിച്ചിട്ടുള്ള മെഴുകുതിരിയുടെ വെളിച്ചത്തിൽ നടപ്പ്‌ തുടർന്നു. ഇടയ്ക്കെപ്പോഴോ കാലൊന്നു തട്ടി. വീഴാൻ പോയപ്പോഴും അയാൾ പെട്ടിയിൽ നിന്ന് പിടി വിട്ടിരുന്നില്ല.

ഇനി ഞാൻ പിടിക്കാം.. പെട്ടിക്ക്‌ നേരെ കൈകാണിച്ച്‌ കൊണ്ട്‌ നാരായണൻ വീണ്ടും പറഞ്ഞു.

വേണ്ട.. കുറച്ച്‌ ദൂരം കൂടെയല്ലേ ഉള്ളൂ.. മാഷ്‌ പെട്ടി ചേർത്ത്‌ പിടിച്ച്‌ പറഞ്ഞു.

നടത്തം പാട വരമ്പത്തേക്ക്‌ മാറി. വീതി കുറഞ്ഞ വരമ്പ്‌. ചളിയുടെ വഴുക്കൽ നടത്തം ദുർഗ്ഘടമാക്കി. പക്ഷേ അതൊന്നും മാഷ്‌ ഗൗനിച്ചേയില്ല. വേഗം നടക്കാം എന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞ്‌ പെട്ടി മുറുക്കെ പിടിച്ച്‌ അയാൾ നടന്നു.

പോകെ പോകെ കിഴക്കൻ ചക്രവാളത്തിൽ സൂര്യോദയത്തിന്റെ ലക്ഷണം കണ്ട്‌ തുടങ്ങി. അധികം ദൂരമില്ല ഇനി. പാടം വിട്ട്‌ നടത്തം മലമ്പാതയിലേക്ക്‌ കടന്നു. അരണ്ട വെളിച്ചം വന്ന് തുടങ്ങിയിരിക്കുന്നു. ഈ മലയ്ക്കപ്പുറമായി വീട്‌. നടത്തത്തിനു വേഗം കൂടി. ഒരു തരം യാന്ത്രികമായ കുതിപ്പ്‌. ദിവാകരനു ഒപ്പമ്മെത്താൻ നാരായണൻ പാടു പെട്ടു. കയ്യിലെ പെട്ടി ചേർത്ത്‌ പിടിച്ച്‌ അയാൾ മല കയറി. രാത്രി പെയ്ത മഴയിൽ പശിമയാർന്ന മണ്ണിൽ കാലൊന്ന് വഴുതി. വീണില്ല. ഒരു മരക്കൊമ്പിൽ പിടുത്തം കിട്ടിയിരുന്നു. വീണ്ടും നടന്നു. കിതപ്പിന്റെ ശബ്ദം ഉയർന്ന് കേൾക്കാം. വീടടുക്കുന്തോറും ഹൃദയമിഡിപ്പും ഉയരുന്നു. കിതപ്പും, മിഡിപ്പും ചേർന്ന് വല്ലാത്തൊരു താളപ്പെരുക്കം തീർക്കുന്നത്‌ അയാളറിഞ്ഞു. ആ താളത്തിനനുസരിച്ച്‌ കാലെടുത്ത്‌ വച്ച്‌ അയാൾ മുന്നേറി.

മീനാക്ഷിയെക്കുറിച്ച്‌ അയാൾ ഓർത്തു. അറിയുമ്പോൾ അവൾ എങ്ങിനെയാവും പ്രതികരിക്കുക എന്ന് അയാൾക്ക്‌ തിട്ടമില്ലായിരുന്നു. അവളും വരാമെന്ന് പറഞ്ഞതായിരുന്നു. പുറപ്പെടുകയും ചെയ്തതാണു. പക്ഷേ ദിവാകരൻ അത്‌ സമ്മതിച്ചില്ല. മാത്രവുമല്ല പ്രായവും രോഗവും തളർത്തിയ അഛനെ തനിച്ചാക്കിയിട്ട്‌ പോകുക വയ്യ. ഇപ്പോൾ തോന്നുന്നു കൂട്ടാമായിരുന്നു.

മലമുകളിലെത്തുമ്പോളേക്കും നേരം നല്ലവണ്ണം പുലർന്നിരുന്നു. മലയടിവാരത്തിലാണു വീടു. ഒരു വശത്ത്‌ പാടവും മറുവശത്ത്‌ മലയും. മലമുകളിൽ നിന്ന് നോക്കിയാൽ അങ്ങകലെ പച്ചപ്പ്‌ നിറഞ്ഞ പാടം കാണാം. വേഗം അവിടെയെത്തണം. അയാൾ പെട്ടി ചേർത്ത്‌ പിടിച്ച്‌ താഴേക്ക്‌ കുതിച്ചു.

സൂക്ഷിച്ച്‌, വീഴാതെ ഇറങ്ങൂ.. ഓടണ്ടാ.. പിന്നിൽ നിന്ന് നാരയണൻ വിളിച്ച്‌ പറഞ്ഞു.

ഒന്നും ഗൗനിക്കാതെ അയാൾ കുതിച്ചു. അയാൾക്കേറ്റവും പരിചിതമായ വഴിയാണിത്‌. അയാൾ മുന്നോട്ട്‌ കുതിച്ച്‌ കൊണ്ടിരുന്നു. വഴിവക്കിൽ ഒന്ന് രണ്ട്‌ പരിചിത മുഖങ്ങൾ. അവർ കാര്യം തിരക്കി. ദിവാകരൻ അവരെയൊന്നും കണ്ടതേയില്ല. മുന്നിൽ വീട്‌ കാണുമാറായിട്ടും പരിഭ്രമമൊഴിയുന്നില്ല. പെട്ടെന്ന് വീട്ടിലെത്തണം. അയാളുടെ നടത്തം ഓട്ടമായി പരിണമിച്ച്‌ തുടങ്ങിയിരുന്നു. മാഷിന്റെ വരവിലെ പന്തികേട്‌ കണ്ട്‌ കൂടുതൽ പേർ എത്തി തുടങ്ങി.  അവരോട്‌ സംസാരിച്ച്‌ നാരായണൻ നടന്നു വന്നു. കേട്ടവർ കേട്ടവർ അമ്പരപ്പോടെ അവർക്ക്‌ പിന്നാലെ കൂടി.

രാത്രി മഴപെയ്ത്‌ തളംകെട്ടി നിൽക്കുന്ന വീട്ട്‌ മുറ്റത്തേക്ക്‌ കയറുമ്പോൾ അയാളുടെ ഉള്ള്‌ പിടഞ്ഞു. കാലൊന്നിടറി. കണ്ണിൽ ഇരുട്ട്‌ കയറി. ഉമ്മറക്കോലായിലെ ചാണകം മെഴുകിയ നിലത്ത്‌ ചിതലു കേറി തുടങ്ങിയ തെങ്ങിന്റെ തൂണിൽ ഒരു നിമിഷം തലചായ്ച്ച്‌ അയാൾ ഇരുന്നു. കിതപ്പും ഹൃദയമിഡിപ്പും ചേർന്നുള്ള താളപ്പെരുക്കം ഉച്ചത്തിലായി. എന്ത്‌ വേണമെന്ന് തിട്ടമില്ലാത്ത കുറച്ച്‌ നിമിഷങ്ങൾ.

കാലത്ത്‌ തന്നെ പുറത്തെ ആൾപ്പെരുമാറ്റം കേട്ട്‌ മീനാക്ഷി അടുക്കളപ്പുറത്ത്‌ നിന്ന് ഓടിക്കിതച്ചെത്തി. ദിവാകരനെ കണ്ടപ്പോൾ അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം. സന്തോഷം. ഓടി ഉമ്മറത്ത്‌ എത്തിയ അവളുടെ കണ്ണുകൾ ചുറ്റിലും പരതി.

എവിടെ..? ബാബു മോൻ എവിവിടെ..?

അയാളുടെ കൈകൾ വിറച്ചു. ചങ്ക്‌ പിടച്ചു.
നെഞ്ചോട്‌ ചേർത്ത്‌ പിടിച്ച ആ വലിയ തകര പെട്ടി ഉമ്മറത്തെ നിലത്ത്‌ വച്ചു. പെട്ടി തുറക്കുമ്പോൾ കൈകളുടെ വിറച്ചിൽ നിയന്ത്രിക്കുവാൻ സാധിച്ചില്ല. വല്ലാത്തൊരു ദീന രോദനം അയാളിൽ നിന്ന് ഉയർന്നു. പെട്ടി  തുറന്നു. ഒരു ആറു വയസുകാരൻ അതിൽ ഉറങ്ങിക്കിടക്കുന്നു. പകച്ച്‌ നിൽക്കുന്ന മീനാക്ഷിയുടെ മുന്നിലേക്ക്‌  അയാൾ അവനെ എടുത്ത്‌ കിടത്തി.
-------------------------------------------------------
കാലത്തെ പത്ര വാർത്ത തന്നെയാണു ടിവിയിലെ അന്തിചർച്ചയിലും മുഖ്യ ഇനം. ഒഡീഷയിലെ കാലഹണ്ടിയിൽ ദേനാ മാഞ്ചി എന്നയാൾ ഭാര്യയുടെ മൃതദേഹം ചുമന്ന് വീട്ടിലേക്ക്‌ കൊണ്ട്‌ പോയത്‌ വലിയ കോലാഹലം ഉണ്ടാക്കിയിരിക്കുന്നു. ദാരിദ്ര്യമാണു ചർച്ചകൾ. വികസന നേട്ടങ്ങളുടെ ഭരണതല അവകാശവാദങ്ങൾക്കിടെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ച്ചകൾ അനാവൃതമാകുന്നത്‌ ചർച്ച ചെയ്ത്‌ അന്തിചർച്ചകൾ കത്തിക്കയറുന്നു.  പത്ത്‌ നാൽപ്പത്‌ വർഷം മുൻപ്‌ താൻ കടന്ന് പോയ അതേ പാത. കാലമിത്രകഴിഞ്ഞിട്ടും കാര്യങ്ങളൊട്ടും മാറിയിട്ടില്ല. ഓപ്പറേഷനു കെട്ടിവയ്ക്കാൻ പണമില്ലാതെയാണു അന്ന് മകൻ മരിച്ചത്‌. നാട്ടിലേക്ക്‌ കൊണ്ട്‌ വരാൻ വണ്ടി വിളിക്കാൻ പോലും പണമില്ലായിരുന്നു. പഴയ തകര പെട്ടിയിലടക്കി കള്ളവണ്ടി കയറിയാണു അന്ന് നാട്ടിലെത്തിയത്‌. 20 കിലോമീറ്റർ ആ പെട്ടിയും ചുമന്ന് നടന്നു.

കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങിയ ഓർമ്മച്ചാലുകൾ ഇനിയും വറ്റിയിട്ടില്ല.
ഈ ലോകത്തോട്‌ മൊത്തമുള്ള വല്ലാത്തൊരു അവജ്ഞയോടെ അയാൾ ചാരുകസേരയിൽ ഇരുന്നു. ചുവരിലെ ബ്ലാക്ക്‌ ആന്റ്‌ വ്വൈറ്റ്‌ ഫോട്ടോയിൽ ബാബു മോൻ  ചിരിച്ചു.

©Pudayoor Jayanarayanan

No comments: