Sunday, December 16, 2007

യക്ഷി വേട്ട

ഇതു വായിച്ച് യ്ക്ഷിവേട്ടയ്ക്കിറങ്ങുന്നവര്‍ കയ്യില്‍ കരുതേണ്ട സാധനങ്ങള്‍

‍പേനാകത്തി............................................ 1
ചുണ്ണാമ്പ്( അമര്‍വിലാസ്-വാസനയുള്ളത്). 1
വെറ്റില.............................3
അടയ്ക്ക............................1
ഈറന്‍ തോര്‍ത്ത്...............1
പാലപ്പൂവ്.................... 10
ധൈര്യം..................... ആവശ്യത്തിന്

ഇത്രയുമായാല്‍ നിങ്ങള്‍ക്കും യ്ക്ഷിവേട്ടയ്ക്കിറങ്ങാം.


NB: യക്ഷികളില്‍ വിശ്വാസമുല്ലവര്‍ മാത്രം യക്ഷിവേട്ടയ്ക്കിറങ്ങുക.
യക്ഷി ചുണ്ണാമ്പ് ചോദിച്ചാല്‍ കൈ കൊണ്ട് കൊടുക്കതെ കത്തിമുനകൊണ്ട് മത്രം കൊടുക്കുക

യക്ഷികള്‍ക്കിടയിലെ സൂപ്പര്‍സ്റ്റാര്‍ കള്ളിയങ്കാട്ട് നീലിയെ മനസില്‍ ധ്യാനിച്ച് തുടര്‍ന്നു വായിക്കുക..


“ന്റെ കുഞ്ഞിയേള്യേട്ത്തേ.. ങ്ങ ബിചാരിക്കുമ്പോലെ ഒന്നുമല്ല ഈ യ്ക്ഷി. ങ്ങളെന്ത്ന്നാ ബിചാരിച്ചിനി ഈ യ്ക്ഷീനക്കുറിച്ച്...? ബെള്ള സാരീം ഉട്ത്ത്, അന്ത്യോളം പൊട്ടി ചിരിച്ചോണ്ടിരിക്കുന്ന സാധനാന്നാ..? ഈ യക്ഷിണ്ടല്ല അങ്ങിനെയൊന്ന്വല്ല ഉണ്ടാവ്വാ.. ങ്ങള മനസില് ഏറ്റവും ബെല്യ സുന്ദരി ആരാന്നോ ഓളപ്പോല്യാ യ്ക്ഷി ങ്ങള മുന്നില് ബെര്വ..”

കേളപ്പന്‍ കോമരത്തിന്റെ യക്ഷിപുരാണം കേട്ടപ്പൊള്‍ അന്ന് എന്റെ മനസില്‍ വന്ന രൂപം ഏന്റൊപ്പം പഠിച്ച രാജേഷിന്റെ ചേച്ചിയുടെതായിരുന്നു. അന്ന് എന്റെ സൌന്ദര്യ സങ്കല്‍പ്പപ്രകാരം ഭൂമിമലയാളത്തിലേറ്റവും സുന്ദരി ആ ചേച്ചിയായിരുന്നു. മൂന്നാംക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരില്‍ നിന്ന് ഈയുലകത്തില്‍ മനുഷ്യനു പുറമെ യക്ഷി എന്നൊരു ക്യാറ്റഗറി കൂടി ജീവിച്ചിരിപ്പുണ്ട് എന്ന് മനസിലാക്കിയത്. അന്നു മുതല്‍ തുടങ്ങിയ റിസര്‍ച്ച് ഒരു വര്‍ഷം പിന്നിട്ടപ്പോളാണ് ഇതേ വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ മറ്റൊരാള്‍ എന്റെ നാട്ടില്‍ തന്നെ ഉണ്ട് എന്ന മഹാ സത്യം എനിക്ക് വെളിപ്പെട്ടത്.. സക്ഷാല്‍ കേളപ്പന്‍ കോമരം. ചുട്ട കോഴിയെ പറപ്പിക്കണ കക്ഷി. യക്ഷിയെ കൈവള്ളയിലിട്ട് അമ്മാനമാടിയിട്ടുണ്ടത്രേ.. ഭയ ഭക്തി ബഹുമാനത്തോടെ ഞാന്‍ കേളപ്പന്‍ കോമരത്തിന് വെറ്റിലയും അടക്കയും വച്ചു.

“കുഞ്ഞേളിയേട്ത്തേ.. ഇതെന്നാപ്പാ ഇപ്പം ഈ ബയിക്കെല്ലാം...? ങ്ങക്കെന്നാ ബേണ്ടേ...?” കേളപ്പന്‍ കോമരം എന്നോട് ചോദിച്ചു. ഞാന്‍ കാര്യം പറഞ്ഞു. യക്ഷിയാണ് എന്റെ പ്രശ്നം എന്ന് മനസിലായതോടെ കേളപ്പന്‍ കോമരത്തിന് ആവെശം കേറി. മൂപ്പരുടെ വീരസാഹസിക കഥകളും, പറഞ്ഞുകേട്ട യക്ഷിക്കഥകളുമെല്ലാം പൊടിപ്പും തൊങ്ങലുംവച്ച് കക്ഷികേറി പെരുക്കി. അതിന്റെടെലാ യക്ഷിയെ അടിമയാക്കിയ ഒരു മാന്ത്രികന്റെ കഥ ഞാന്‍ ശ്രദ്ധിച്ചത്. അക്കാര്യം വിശദമായിത്തന്നെ എന്റെ റിസര്‍ച്ച് ഗൈഡിനോട് ഞാന്‍ ചോദിച്ചു മനസിലാക്കി.

ഒരാള്‍ക്ക് ഇപ്പോള്‍ യക്ഷിയില്‍ കടുത്ത വിശ്വാസമുണ്ടെങ്കില്‍, മനസില്‍തട്ടി വിളിച്ചാല്‍ യക്ഷി വരും. പക്ഷേ അങ്ങിനെ എപ്പൊ വിളിച്ചാ‍ലും മൂപ്പത്ത്യാര് വരില്ല. 41 ദിവസത്തെ കഠിന വ്രതം, പ്രാര്‍ത്ഥന. 41 ദിവസം കഴിഞ്ഞ് വരുന്ന അമാവാസി ദിവസം രത്രി 12 മണികഴിഞ്ഞാല്‍ കുളത്തില്‍ മുങ്ങിക്കുളിച്ച്, ഈറനുടുത്ത്, കുളക്കടവിലിരുന്ന് വെറ്റില മുറുക്കി, അരയില്‍ കത്തിയും തിരുകി, ഒരുകയ്യിലിത്തിരി പാലപ്പൂവും, മറുകയ്യില്‍ ചുണ്ണാമ്പുമായി അടുത്തുള്ള യ്ക്ഷിക്കവിലേക്കോ ശ്മശാനത്തിലേക്കോ നടക്കുക. പിന്നില്‍ നിന്ന് എന്ത് ശബ്ദം കേട്ടാലും തിരഞ്ഞ് നോക്കാതെ, ഉരിയാടാതെ വേണം നടക്കാന്‍. പല പരീക്ഷണങ്ങളും വഴിയില്‍ നേരിടേണ്ടി വരും. ഇതൊക്കെ അതിജീവിച്ച് ശ്മശാനത്തിലെത്തി വലതുകയ്യിലെ പാലപ്പൂവ് മൂന്നുതവണയായി ആരാധിച്ച്, തിരിഞ്ഞ് നിന്ന് വായിലുള്ള മുറുക്കാന്‍ തുപ്പിക്കളഞ്ഞ് കത്തിമുനകൊണ്ട് ചുണ്ണാമ്പ് കോരി കണ്ണടച്ച് യക്ഷിയെ പ്രാര്‍ത്ഥിക്കുക. പിന്നില്‍ നിന്ന് പേരുചൊല്ലി വിളിക്കുന്നതു കേള്‍ക്കുമ്പോ തിരിഞ്ഞ് നോക്കുക. യക്ഷി മുന്നിലുണ്ടാകും. യക്ഷിയുടെ കാല്‍ നിലത്തു മുട്ടുന്നുണ്ടെങ്കില്‍ യക്ഷി നിങ്ങളുടെ അടിമ. മറിച്ചെങ്കില്‍ നിങ്ങള്‍ യ്ക്ഷിയുടെ ഇര.

കേളപ്പന്‍ കോമരത്തിന്റെ യക്ഷി പുരാണം കേട്ട് ഞാന്‍ അന്തിച്ചിരുന്നു. ദിവസങ്ങളോളം ഞാന്‍ അതു തന്നെ ആലോചിച്ച് നടന്നു. യക്ഷി അടിമയായുണ്ടെങ്കില്‍ ഉള്ള സൌകര്യങ്ങള്‍ ആലോചിച്ച് ഞാന്‍ തല പുണ്ണാക്കി. അലാവുദ്ദീനു കൈട്ടിയ അദ്ഭുതവിളക്കിലെ ഭൂതത്തെപോലെ യക്ഷിയെ വച്ച് എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കാം! ഹോംവര്‍ക്ക് ചെയ്യേണ്ട ഉത്തരവാദിത്തം യ്ക്ഷിക്ക് വിടാം. ക്ലാസില്‍ ടീച്ചര്‍മാരുടെ അടികൊള്ളാതിരിക്കനുള്ള ഉത്തരവാദിത്തം, അഥവാ അടിച്ചാല്‍ ടീച്ചര്‍ക്കിട്ടൊരു പണി കൊടുക്കുന്നത്, ക്ലാസിലെ എന്റെ ഗുണ്ടായിസത്തിന്‍ വഴങ്ങാത്തവര്‍ക്കുള്ള പണി.. അങ്ങിനെ യക്ഷിയെക്കൊണ്ട് എനിക്കുള്ള ലളിതമായ ഉപകാരങ്ങളുടെ വലിയൊരു ലിസ്റ്റ് ഞാന്‍ ഉണ്ടാക്കി. കൂട്ടുകാരുടെ വിലയേറിയ ഉപദേശം കൂടി വന്നപ്പോള്‍ ഞാന്‍ തീരുമാനമെടുത്തു. അടുത്ത ഓപ്പറേഷന്‍ യ്ക്ഷി വേട്ട.അച്ഛനുമമ്മയുമറിയാതെ യക്ഷിവേട്ടയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കേളപ്പന്‍ കോമരത്തിന്റെ അനുഗ്രഹാശിസ്സുകളോടെ 41 ദിവസത്തെ വ്രതം, പ്രാര്‍ത്ഥന..

ഒടുവില്‍ ആ മഹത്തായ ദിവസം വന്നെത്തി. അമാവാസി ദിവസം. രാത്രി എല്ലാരുമുറങ്ങുന്നതുവരെ ഞാന്‍ ഉറക്കം നടിച്ചു കിടന്നു. രാത്രി മണി 11 അടിച്ചു. എന്റെ ഓപ്പറേഷന്‍ തുടങ്ങാന്‍ ഇനിയുമുണ്ട് അര മണിക്കൂര്‍ കൂടി. വല്ലാത്തോരു അസ്വസ്ഥത. സമയം നീങ്ങുന്നേ ഇല്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.. തുറന്നിട്ട ജനലിലൂടെ തണുത്ത കാറ്റ് അടിക്കുന്നു. ക്ഷമകെട്ട് ഞാന്‍ എഴുന്നേറ്റു. ശബ്ദമുണ്ടാക്കതെ വാതില്‍ തുറന്ന് പുറത്തിറങ്ങി. ധൈര്യം തരാന്‍ പെരുംതൃക്കോവിലപ്പനെ കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. ഇല്ലത്തിനു തെക്കോറത്തുള്ള കുളത്തില്‍ മുങ്ങിക്കുളിച്ചു. പലപ്പൂവും കത്തിയും ചുണ്ണാമ്പും നേരത്തെ തയ്യറാക്കി വച്ചിരുന്നത് കയ്യിലെടുത്തു. ഈറന്‍ തോര്‍ത്തുമായിഞാന്‍ നടന്നു. അമ്പലം കുന്നു കയറിയിറങ്ങണം, അതിനപ്പുറം ഒരു ഇടവഴി, അതു കഴിഞ്ഞാല്‍ ശ്മശാനമായി. അതാണു ലക്ഷ്യം. പിന്നില്‍ നിന്ന് എന്തു ശബ്ദം കേട്ടാലും തിരിഞ്ഞ് നോക്കരുതെന്നാ കോമരം പറഞ്ഞത് അതോണ്ട് വല്ല ശബ്ദവും കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തായിരുന്നു എന്റെ നടപ്പ്. തിരിഞ്ഞ് നോക്കാന്‍ വല്ലത്ത പ്രേരണ. പല പരീക്ഷണങ്ങളും യക്ഷി നടത്തും. എല്ലാം അതിജീവിക്കണം. തണുത്ത കാറ്റ്, മനസ് വല്ലതെ അസ്വസ്ഥമായി. “പെരുംതൃക്കോവിലപ്പാ കാത്തോളണേ...നമ:ശിവായ,നമ:ശിവായ..” ഞാന്‍ മനസില്‍ പ്രാര്‍ത്ഥിച്ചു. പേടിമൂലം നടത്തത്തിന് വേഗത കൂടി. കാല് എവിടെയോതട്ടി പൊട്ടി. നല്ല നീറ്റല്‍. പേടികൊണ്ട് ഹൃദയം ഡിസ്കോ കളിച്ചു. പെട്ടെന്ന് ഒരു കുറുക്കന്‍ എന്റെ മുന്നിലൂടെ പാഞ്ഞു. ഞാന്‍ 2 അടി പിറകോട്ട്.. അതോടെ സംഭരിച്ചു വച്ചിരുന്ന സകല ധൈര്യവും ചോര്‍ന്നു പോയി. അമ്മേക്കാണമെന്ന് തോന്നി എനിക്ക്. വേണ്ട യ്ക്ഷീം ഒരു മണ്ണാങ്കട്ടയും വേണ്ട. എനിക്ക് തിരിച്ച് പോയാല്‍ മതി. ഇനി ഒരടി മുന്നോട്ട് വയ്ക്കാനാകില്ലെന്നായപ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കാന്‍ തീരുമാനിച്ചു. പക്ഷേ തിരിഞ്ഞ് നിന്ന ഞാന്‍ ഞെട്ടിത്തരിച്ചു പോയി. തൊട്ടുമുന്നില്‍ ഇടതു വശത്ത് ഒരു വാഴയും ചാരി നില്‍ക്കുന്നു യക്ഷി. അമ്മേ....... എന്നുറക്കെ വിളിച്ചോണ്ട് ഞാന്‍ ഓടി. ഓട്ടത്തിനിടേല്‍ കയ്യിലുണ്ടായിരുന്ന കത്തിയും ചുണ്ണാമ്പും, എന്തിന് ഉടുത്തിരുന്ന ഈറന്‍ തോര്‍ത്ത് അടക്കം പോയി. എങ്ങിനെയൊ ഞാന്‍ ഇല്ലത്ത് തിരിച്ചെത്തി. കട്ടിലീക്കേറി മൂടിപ്പുതച്ചു കിടന്നു. പിറ്റേന്ന് കാലത്ത് അമ്മ എന്നെ വിളിക്കാന്‍ വന്നപ്പോളേക്കും ചുട്ടുപൊള്ളുന്ന് പനിയുമായി ഞാന്‍ കിടന്നു വിറയ്ക്കുന്നു. എന്തായാലും യക്ഷി കാരണം 2 ദിവസം സ്കൂളില്‍പ്പോക്ക് ഒഴിവായിക്കിട്ടി.


പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് പണിക്കാരോടൊപ്പം അമ്പലം കുന്നില്‍ പോയപ്പോളാണ് എന്നെ പേടിപ്പിച്ച യക്ഷിയെ ഞാന്‍ പകല്‍ വെളിച്ചത്തില്‍ കാണുന്നത്. വാഴത്തോട്ടത്തില്‍ കണ്ണേറ് കൊള്ളാതിരിക്കാന്‍ വച്ച കൊലമായിരുന്നു ഞാന്‍ കണ്ട കള്ളിയങ്കാട്ട് നീലി.

10 comments:

പുടയൂര്‍ ജയനാരായണന്‍ said...

എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.
കള്ളിയങ്കാട്ട് നീലിയെ പിടിച്ചുകെട്ടാന്‍ ചെന്ന കടമറ്റത്ത് കത്തനാരല്ല ഞാന്‍.. ഒരു പാവം തല്ലുകൊള്ളി..
തല്ലുകൊള്ളിത്തറത്തിന്റെ ഈ പതിപ്പ് എപ്പഡി. വായിച്ചു കഴിഞ്ഞ് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...

സന്തോഷ് said...

സര്‍വ്വ ബാധാന്‍ മോചയ മോചയ സ്വാഹാ...
പുതുവത്സരാശംസകള്‍..

Soumya Kuberan said...

sarikkum yakshiye pidikkan poyo?

Surya said...

soumya chOchathE enikkum chodikkaan ulloo...sarikkum pOyO? PULU....(rahasyamaayi e-mail ayachaa mathi!). anyway, really very gud. can u elaborate the last part some more? i mean can u make it some more effective?

നിരക്ഷരന്‍ said...

:)

Cartoonist said...

ഈ കാക്കിരി പൂക്കിരി സംഗതികള്‍ മാത്രം എഴുതുന്നതുകൊണ്ടാവാം വെയിലത്തൂന്നു വന്നുകേറി സംഭാരം-മാങ്ങാക്കറി കൂട്ടി ഒരൂണീലേര്‍പ്പെടുന്നപോലെ തോന്നി :)

Cartoonist said...

ഞാന്‍ എന്നെക്കുറിച്ചാണേ പറഞ്ഞത് .. :)

raghu said...

thats a real stuff! u r called tk inimel...(thallu kolli)

Madampu Vasudevan said...

കപുചിണോ ഗ്ലാസും കയ്യില്‍ പിടിച്ചു ബരഖംബ റോഡിലേക്ക്‌ നോക്കിനില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഇപ്പോഴും ഒഴുകി വരുന്നുണ്ടോ?.ഒന്ന് തിരിങ്ങു നോക്കണോ?

മാടമ്പ് വാസുദേവന്‍‌

ജിഹേഷ് said...

പുടയൂര്, ആദ്യമായിട്ടാണു താങ്കളുടെ ഒരു പോസ്റ്റ് വായിക്കുന്നത്.... എഴുത്ത് ഇഷ്ടായി... ഞാന് ഫാനായീട്ടോ..
ബാക്കി പോസ്റ്റുകളിലൂടെ പോയിക്കൊണ്ടിരിക്കുന്നു...

qw_er_ty