Thursday, December 13, 2007

അവതാരോദ്ദേശം - രണ്ടാംഭാഗം

അവതാരോദ്ദേശ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി വാങ്ങിക്കൂട്ടിയ തല്ലുകളൊന്നുകൊണ്ടും തൃപ്ത്തനാകാതെ നമ്മടെ കഥാ നായകന്‍ വളര്‍ന്നു. തല്ലുകൊള്ളിത്തരത്തിന്റെ പുതിയ അധ്യായങ്ങള്‍ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ട്. ജയനാരായണന്‍ എന്ന തല്ലുകൊള്ളിയുടെ കിരീടത്തിലെ രണ്ടാമത്തെ പൊന്‍തൂവല്‍.


22ആം വയസില്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുമായി നാട്ടുകാരെ “പറ്റിക്കാന്‍” ഇറങ്ങിയ ഞാന്‍( എന്റെ കാര്യം മാത്രമാണ് ഇവിടെ ഉദ്ദേശിച്ചത്, മറ്റ് മാധ്യമപ്രവര്‍ത്തകരെയല്ല) സത്യത്തില്‍ ഇവിടെയൊന്നും എത്തേണ്ടവനായിരുന്നില്ല. കുട്ടിക്കാലത്ത് പരീക്ഷ്ണങ്ങളോടായിരുന്നു എനിക്ക് താല്പര്യം. എന്റെ പരീക്ഷണ നിരീക്ഷണ സ്വഭാവം കണ്ട് പലരും മനസില്‍പറഞ്ഞു ഭാവിയില്‍ ഇവന്‍ പിടുത്തംവിട്ട ഒരു ശാസ്ത്ര“അജ്ഞ”നാകുമെന്ന്. മനുഷ്യന്റെ സംശയങ്ങളാണ് ലോകത്തെ കണ്ടുപിടുത്തങ്ങള്‍ക്കെല്ലാം കാരണം. സംശയങ്ങള്‍ ചിന്തകള്‍ക്കും, ചിന്തകള്‍ പരീക്ഷണങ്ങള്‍ക്കും വഴിമാറും. എന്റെ കാര്യവും മറിച്ചായിരുന്നില്ല. സംശയങ്ങള്‍തന്നെയായിരുന്നു എന്റെ മുഖമുദ്ര. എന്തെങ്കിലും ഒരു സംശയം മനസില്‍ക്കേറിയാല്‍പ്പിന്നെ അതു തീരണ വരെ മനസമാധാന്മില്ലാ‍യ്മ.

ദിവസ്ങ്ങളോളം നീളുന്ന അന്വേഷണങ്ങള്‍, പരീക്ഷണങ്ങള്‍. ഒടുവില്‍ അന്വേഷിച്ചത് കണ്ടെത്തിയാല്‍ സമാധാനത്തോടെ അടുത്തതിനായുള്ള അലച്ചില്‍. പിറന്നു വീണ ഉടനെ തുടങ്ങിയതാണ് എന്റെ ഈ സംശയങ്ങളുടെ പട്ടിക. അവതാരമെടുത്ത് ആദ്യ 2 ദിവസം നല്ലകുട്ടിയായി അഭിനയിച്ച് ഞാന്‍ കിടന്നെങ്കിലും മൂന്നാം ദിവസം ആശുപത്രിക്കിടക്കയില്‍ വച്ച് ഞാന്‍ എന്റെ കുഞ്ഞിക്കണ്ണോണ്ട് ഒരു സംഭവം കണ്ടു പിടിച്ചു. അമ്മ ഊണുകഴിക്കുന്നു, അച്ഛന്‍ ഊണുകഴിക്കുന്നു. എന്നെ കാണാന്‍ വരുന്നവരൊക്കെ എന്തൊക്കെയോ മധുര പലഹാരങ്ങള്‍ കഴിക്കുന്നു. എനിക്കു മത്രം അമ്മിഞ്ഞപ്പാല്. ഇതെന്ത് അനീതി...?

ഞാന്‍ അമ്മേതോണ്ടി വിളിച്ച് ചെവിയില്‍ ചോദിച്ചു ഇതെന്താ അമ്മെ ഇങ്ങിനെ എന്ന്?

ഏന്തായാലും ജനിച്ചു വീണപ്പൊത്തന്നെ ഇത്രയും വലിയ സംശയം ചോദിച്ച എന്റെ പിന്നീടുള്ള എല്ലാ നീക്കങ്ങളും സംശയങ്ങളിലൂടെയും പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുമായിരുന്നു. രാത്രിയാകുമ്പോ ഇരുട്ടാകുന്നതെന്താ? പാലിനെന്താ വെളുപ്പു നിറം? ആച്ഛനെന്താ താടി,അമ്മയ്ക്കെന്താ അതില്ലാത്തെ? അമ്മമ്മേടെ മുടിയെന്താ വെളുത്തിട്ട്? അച്ഛനുമമ്മയും എന്റെ കുഞ്ഞു വായയിലെ എറ്റുത്താപ്പൊങ്ങാത്ത സംശയങ്ങള്‍ക്ക് ഉത്തരം തേടി ഈ ലോകത്തുള്ള എന്‍സൈക്ലൊപീഡിയകള്‍ മുഴുവന്‍ തപ്പി നടന്ന് മടുത്തു. ആങ്ങിനെ ഇരിക്കെയാണ് എന്റെ അവതാരോദ്ദേശത്തിന്റെ രണ്ടാം ഭാഗത്തിന് കളമൊരുങ്ങുന്നത്.

കഴിഞ്ഞ തവണ പറഞ്ഞ ഗ്രേന്റര്‍ സംഭവം കഴിഞ്ഞ് ഇനി അടുത്തതേത് എന്നാലോചിച്ച് നടക്കണ കാലം. മൂന്നു വയസ് പ്രായം. എന്തോ ഒരു സാധനം നേരെയാക്കുന്നതിനായി അച്ഛന്‍ അടുത്തു തന്നെയുള്ള ഒരു ഇരുമ്പു പണിക്കാരന്റെ ആലയില്‍ പോയി. ഞാന്‍ വാശി പിടിച്ചപ്പൊ എന്നെയും കൂടെക്കൂട്ടി. അവിടെ വച്ചാണ് ചുട്ടു പഴുത്തിരിക്കുന്ന ഇരുമ്പിന്റെ ഭംഗി ഞാനാദ്യമായി കാണുന്നത്. ചുവന്ന് മാമ്പഴം പോലിരിക്കുന്ന ഇരുമ്പ് വലിയ ചുറ്റികകൊണ്ട് അടിച്ചു പരത്തുന്നു. പുതിയൊരു അറിവായിരുന്നു എനിക്കത്. ഞൊടിയിട കൊണ്ട് എന്റെ മനസില്‍ ഒരായിരം സംശയങ്ങള്‍ ഉടലെടുത്തു. ആച്ഛന്റെ വിശദീകരനങ്ങളൊന്നും എന്നിലെ വിജ്ഞാനദാഹിയെ അടക്കിയില്ല. ദിവസങ്ങളോളം ഞാന്‍ അതുതന്നെ ആലോച്ചിച്ച് നടന്നു. ഒടുവില്‍ ഞാന്‍ തീരുമാനിച്ചു. പരീക്ഷണത്തിനു മാത്രമെ എന്നിലെ ശാസ്ത്രജ്ഞനെ തൃപ്ത്തിപ്പെടുത്തു. അടി കിട്ടാനുള്ള സാധ്യത കണക്കിലെടുത്ത് ഒരു അവസരം കിട്ടാനായി ഞാന്‍ കാത്തിരുന്നു. ഒടുവില്‍ ഞാന്‍ കാത്തിരുന്ന സുദിനം വന്നെത്തി. പതിവുപോലെ അമ്മ സ്കൂളില്‍ പൊയ നേരം. ആച്ഛനും എങ്ങോ പോയിരുന്നു. അനു(എന്റെ അനിയന്‍) ഉണ്ടായി അഞ്ചാറു മാസമായിരിക്കുന്നു. അനുവിന്റെ കാര്യങ്ങള്‍ക്കൊപ്പം ഞാനെന്ന തലതെറിച്ചവന്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ കൂടി നേരിടാന്‍ അമ്മമ്മ പാടുപെടുന്ന കാലമായിരുന്നു അത്. അമ്മമ്മ അനുവിനെ കുളിപ്പിക്കാനായി മാറിയ നേരം. ഒന്നു കണ്ണുതെറ്റിക്കിട്ടാന്‍ കാത്തിരിക്കുകയായിരുന്ന ഞാന്‍ കിട്ടിയ ‍അവസരം മുതലാക്കുവാന്‍ തന്നെ തീരുമാനമെടുത്തു. “ഒപറേഷന്‍ സ്റ്റാര്‍ട്ട്”. ഞാന്‍ എന്നോട് തന്നെ ആഹ്വാനം ചെയ്തു. അടുക്കളയാണ് പരീക്ഷണശാല. പഴയ വിറകടുപ്പാണ്. അടുപ്പത്ത് പാത്രത്തില്‍ ഉച്ചയ്ക്കേക്കുള്ള അരി കിടന്നു തിളയ്ക്കുന്നു. നല്ലതീയുണ്ട്. ഒരു ഇരുമ്പു കത്തി ഞാന്‍ നേരത്തെ തന്നെ സംഘടിപ്പിച്ചു വച്ചിരുന്നു. കത്തിയുടെ പിടി മാത്രം പുറത്ത് കാണുന്ന തരത്തില്‍ ഞാനതിലിട്ടു. അഞ്ചു മിനുട്ട്. കത്തി പുറത്തെടുത്തു. ചുട്ടു പഴുത്തിരിക്കുന്നു. നല്ല ഭംഗി. അപ്പുറത്ത് ബ്ക്കറ്റില്‍ വെള്ളമിരിപ്പുണ്ട്. ഇത്തിരി വെള്ളമൊഴിച്ചു നോക്കിയാലൊ..? നോക്കി.. ശ്ശ്ശ്ശ്ശ്.... ശബ്ദം കേള്‍ക്കാന്‍ നല്ല രസം. വീണ്ടും ഞാന്‍ കത്തി പഴുപ്പിച്ചു. ചുട്ടു പഴുത്തിരിക്കുന്ന കത്തി കയ്യിലെടുത്തു. പെട്ടെന്ന് പിന്നില്‍ നിന്ന് അമ്മമ്മേടെ ഉറക്കെയുള്ള ശബ്ദം. “അപ്പൂ.... എന്താ കാട്ടണെ അവിടെ?” പിടിക്കപ്പെട്ട കള്ളനെപ്പോലെ ഞാന്‍ ഞട്ടിത്തിരിഞ്ഞു. പെട്ടെന്ന് കയ്യിലിരുന്ന ചുട്ടു പഴുത്തിരിക്കുന്ന കത്തി എന്റെ കവിളത്ത് മുട്ടി....

പതിവുപോലെ ഉറക്കെയുള്ള നിലവിളി, ചന്തിക്ക് കിട്ടാറുള്ള ചുട്ട അടി എല്ലാം ഇവിടെയും ആവര്‍ത്തിച്ചു.


അന്ന് മുഖത്ത് കിട്ടിയ പൊള്ളലിന്റെ പാട് ഒരു പരീക്ഷണത്തിന്റെ സ്മാരകമായി ഞാന്‍ ഒരുപാടുകാലം കൊണ്ടു നടന്നു. എന്നിട്ടും ഞാന്‍ പരീക്ഷണങ്ങള്‍ നിര്‍ത്തിയില്ല. പരീക്ഷണങ്ങളും അതിന്റെ സ്മാരകങ്ങളും നീണ്ടു. ചില സ്മാരകങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു......

6 comments:

Unknown said...

കഷ്ടം..കലികാലം അല്ലാതെന്താ പറയാ....

Blue Dolphin said...

keep going...... This is just a begining..... Oru Novel ezhutham

ഭൂമിപുത്രി said...

ഞാന്‍ വിചാരിച്ചു ചുട്ടുചുവന്നുതുടുത്ത കത്തിയെടുത്തുനക്കി സ്വാദെങ്ങാനും നൊക്കിയോന്നു..
സമാധാനമായി

Anonymous said...

da....nintae oru karyam...
nee ennodu parnjathil ninnu kurachu mattam vanno...?

ശ്രീലാല്‍ said...

ജയന്റെ ഫോട്ടോ ഒന്നു വലുതാക്കി നോക്കി. കവിളത്ത് ആ പൊള്ളിയ പാട് ഇപ്പൊഴും ഉണ്ടോന്നു നോക്കാന്‍.. :)

രസം പിടിച്ചു വരുന്നുണ്ട് അവതാരോദ്ദേശങ്ങള്‍. ഓരോന്നായി പോരട്ടേ.. :)

നിരക്ഷരൻ said...

പൊള്ളിയ പാട് കാണാതിരിക്കാനാണോ എപ്പോഴും ഒരു വശത്തേക്ക് തിരിഞ്ഞ് നില്‍ക്കുന്നത് ? :)