“നിനക്കറിയുമോ... അവന്‍ എഴുതിയത് എന്റെ ഹൃദയത്തിനു മുകളിലായിരുന്നു. ചിതറിവീണ വളപ്പൊട്ടുകണക്കെ ഞാന്‍ അത് ആരാലും പെറുക്കി വയ്ക്കപ്പെടാതെ കാത്ത് സൂക്ഷിച്ചു. പക്ഷേ ഇന്ന് എല്ലാം അവസാനിച്ചിരിക്കുന്നു. എന്നിട്ടും ഒരിക്കലും ആര്‍ക്കും മായ്ക്കാന്‍ പറ്റാത്ത വിധം ആ ഓര്‍മ്മകള്‍ ഇപ്പോളും ഞാന്‍ എന്റെ നെഞ്ചില്‍ കൊണ്ട് നടക്കുന്നു...” കൊണാട്ട് പ്ലേസില്‍ ഇന്നര്‍സര്‍ക്കിളിലെ ഒരു കോഫിഡേ ഷോപ്പിലിരുന്ന് ‘കഫെചിനോ’ എന്ന ഇറ്റാലിയന്‍ കാപ്പി കുടിച്ചു കൊണ്ട് സംസാരിക്കുമ്പോള്‍ മുഖത്ത് പ്രകടമായ നിരാശ മറച്ചു വയ്ക്കാന്‍ അവള്‍ പാടുപെടുകയായിരുന്നു. അന്നാദ്യമായാണ് ഞാന്‍ അവളെ കാണുന്നത്. ഒരുപക്ഷേ അവസാനമായും.
അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണത്രേ ഡല്‍ഹി. ഇതിനു മുമ്പൊരിക്കല്‍ പോലും ഡല്‍ഹിയില്‍ വന്നിട്ടില്ലെങ്കിലും അവള്‍ക്ക് കൊണാട്ട് പ്ലേസും, ബാരക്കമ്പ റോഡും, സ്റ്റേറ്റ്സ്മാന്‍സ് ബില്‍ഡിങ്ങുമെല്ലാം നന്നയറിയാം. എം. മുകുന്ദന്റെ ‘ഡല്‍ഹിയിലെ’ അരവിന്ദന്‍ നടന്ന ഈ വഴികളെല്ലാം അവള്‍ക്ക് ഹൃദിസ്ഥം. ‘ഡല്‍ഹി’ വായിച്ച അന്ന് തൊട്ട് ആഗ്രഹിക്കുകയാണെത്രേ ഇവിടെ വരണമെന്ന്; ഈവഴികളിലൂടേയൊക്കെ ഒന്ന് നടക്കണമെന്ന്. അതാണ് അവള്‍ക്ക് ഏറ്റവും സുപരിചിതമായ കോണാട്പ്ലേസ് തന്നെ ഞങ്ങളുടേ ആദ്യ കണ്ടുമുട്ടലിന് തിരഞ്ഞെടുത്തത്.
“ ജയന് എന്റെ കഥ കേള്‍ക്കണ്ടേ...?”
ഒരിറക്ക് കാപ്പി കുടിച്ച് അവള്‍ എന്നോട് ചോദിച്ചു. വേണ്ട എന്ന് ഞാന്‍ പറഞ്ഞാലും അവള്‍ അത് പറയുമെന്ന് എനിക്കറിയാം, കാരണം അത് പറയാന്‍ മാത്രമാണ് രണ്ടര മണിക്കൂറോളം ഫ്ലൈറ്റ് യാത്രചെയ്ത് അവള്‍ ബാംഗ്ലൂരില്‍ നിന്ന് ഡല്‍ഹിക്ക് വന്നിരിക്കുന്നത്. ദിവസവും ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നെങ്കിലും ഒരിക്കല്‍പ്പോലും അവളെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞിട്ടില്ല.
“നമ്മള്‍ നേരില്‍ കാണുന്ന ദിവസം തന്നോട് എനിക്ക് എന്തെങ്കിലുമൊക്കെ പറയാന്‍ ബാക്കി വേണ്ടേ മാഷേ...” എന്നായിരുന്നു ഞാന്‍ അവളെക്കുറിച്ച് ചോദിക്കുമ്പോളൊക്കെ എന്നോട് പറയാറുണ്ടായിരുന്നത്.
വെറും അഞ്ച് മാസത്തെ മാത്രം പരിചയം. പക്ഷേ അത്രയും സമയം കൊണ്ട് എത്രയൊ വര്‍ഷത്തെ പരിചയമുള്ള സുഹൃത്തുക്കളെ പോലെ ഞങ്ങള്‍ അടുത്തു. പ്രണയ പരാജയത്തെ തുടര്‍ന്ന് ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിടുമ്പോള്‍ എനിക്ക് ഒരു കൈത്താങ്ങായിട്ടാ അവള്‍ വന്നത്. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ഒരാള്‍ തന്ന സ്നേഹവും, സൌഹൃദവും ഒരു ഡിപ്രഷന്‍ സ്റ്റേജിന്റെ വക്കത്തായിരുന്ന എനിക്ക് ആശ്വാസമേകിയത് കുറച്ചൊന്നുമായിരുന്നില്ല. തിരിച്ചു വരികയായിരുന്നു പിന്നെ ഞാന്‍ ജീവിതത്തിലേക്ക്. ഒരിക്കലും തീരാത്ത കടപ്പാടുണ്ട് എനിക്ക് ആ കുട്ടിയോട്. അതിനാല്‍ തന്നെ ആദ്യമായാണ് കാണുന്നതെങ്കിലും ഒട്ടും അപരിചിതത്വം തോന്നിയില്ല ഞങ്ങള്‍ക്ക്.
വൈകീട്ടത്തെ ഫ്ലൈറ്റിന് അവള്‍ക്ക് കൊല്‍ക്കത്തയ്ക്ക് പോകണം. അവിടെ എന്തോ ഒരു സെമിനാറില്‍ പങ്കെടുക്കാനുള്ള യാത്രയാണ്. എന്നെ കാണാന്‍ മാത്രം യത്ര ഡല്‍ഹി വഴിക്കാക്കിയതാണ്.
“ തനിക്ക് എന്തെങ്കിലും കഴിക്കണോ..? എനിക്ക് നല്ല വിശപ്പുണ്ട്. ഒരു പിസ വാങ്ങിച്ചാല്‍ ഷെയര്‍ചെയ്തൂടെ..?” അവള്‍ ചോദിച്ചു.
ഒഫീസില്‍ നിന്ന് ഭക്ഷണം കഴിച്ച ഉടനെ ഇറങ്ങിയതാണ്. ഒട്ടൂം വിശപ്പില്ല “ താന്‍ എന്താച്ചാ കഴിച്ചൊളൂ.. എനിക്ക് ഒന്നും വേണ്ടാ. ഒട്ടും വിശപ്പില്യ..” ഞാന്‍ പറഞ്ഞു.
“എടാ പിശുക്കന്‍ ചെക്കാ.. കാശ് ഞാന്‍ കൊടുത്തോളാം.. ബാംഗ്ലൂരില്‍നിന്ന് തന്നെ കാണാന്‍ മാത്രം ഡല്‍ഹിക്ക് വരാംച്ചാ പിന്നെ ഒരു പിസയുടെ കാശാണോ എനിക്ക് പ്രശ്നം...”
അവളുടെ കളിയാക്കലില്‍ ഇത്തിരി ശുണ്ഠി വന്നെങ്കിലും അതു പുറത്തുകാട്ടാതെ ഞാന്‍ പറഞ്ഞു. “വേണ്ടാഞ്ഞിട്ടാന്റെ മാഷേ...സത്യായിട്ടും. ഒട്ടും വിശപ്പില്ല. തനിക്ക് എന്തു വേണംച്ചാലും വാങ്ങിച്ച് തട്ടിക്കൊ.. പിന്നെ കാശിന്റെ കണക്കൊന്നും പറഞ്ഞ് അങ്ങിനെ അധികം ഞളിയുകയൊന്നും വേണ്ടാട്ടോ...”
“പിണങ്ങല്ലെ എന്റെ ചെക്കാ... തന്നെ ഞാനൊന്ന് പരീക്ഷിച്ചതല്ലേ.. പിന്നെ തനിക്ക് വേണ്ടെങ്കില്‍ എനിക്കും ഒന്നും വേണ്ടാ.. പക്ഷേ കാപ്പി; അത് ഒരെണ്ണം കൂടി ഞാന്‍ കഴിക്കും.” അവള്‍ പറഞ്ഞു. എന്നിട്ട് ഒരു ‘കഫേചിനോ’ കൂടി അവള്‍ ഓര്‍ഡര്‍ ചെയ്തു...
“ ജയനറിയുമൊ സത്യത്തില്‍ എന്നെ മനസിലാക്കാന്‍ ആര്‍ക്കും പറ്റിയിട്ടില്ല. ഒരു പാട് തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് എന്റേത്. എന്റെ വാശികളും, ശാഠ്യങ്ങളും, സംസാര രീതിയും ശരീരഭാഷയുമെല്ലാം മറ്റുള്ളവരില്‍ തെറ്റിധാരണയുണ്ടാക്കി. എന്റെ സ്വഭാവങ്ങള്‍ സങ്കീര്‍ണ്ണമാകുകയാണ് എന്ന് ചിലപ്പോഴിങ്കിലും എനിക്ക് തോന്നിയിരുന്നു. ഒരിക്കലും അഴിച്ചേടുക്കാനാകാത്ത വിധം അവ കെട്ടുമുറുക്കുകയാണ് എന്നും ഞാന്‍ എന്റെ നേര്‍ക്കുതന്നെ കണ്ണടയ്ക്കുകയാണെന്നും എനിക്ക് തോന്നിയിരുന്നു. പക്ഷേ എന്തുകൊണ്ടോ എനിക്ക് മാറാന്‍ പറ്റിയില്ല. ഒറ്റപ്പെട്ട് നടക്കായിരുന്നു എനിക്കിഷ്ടം. ഒറ്റയ്ക്കുള്ള യാത്രകളും ഒറ്റയ്ക്കുള്ള ജീവിതവും മാത്രം ഞാന്‍ ഇഷ്ടപ്പെട്ടു. പക്ഷേ അതൊന്നുമായിരുന്നില്ല യഥാര്‍ത്ഥത്തിലുള്ള ഞാന്‍. ഒറ്റയ്ക്ക് നടക്കുമ്പോഴും, ജീവിക്കുമ്പോഴും എല്ലാം ഒരു കൂട്ടു വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എന്റെ സ്വഭാവരീതികള്‍ക്ക് ഇണങ്ങുന്ന ഒരാളെപോലും കണ്ടെത്തുവാനെനിക്ക് പറ്റിയില്ല.
അങ്ങിനെയിരിക്കെ തികചും അപരിചതാനായ ഒരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. സ്വഭാവരീതികളിലും, ജീവിതചര്യകളിലുമെല്ലാം തികചും വ്യത്യസ്ഥനായ ഒരാള്‍. പക്ഷേ എവിടെയൊ എന്തൊ ഒരടുപ്പം. അടുത്തപ്പോള്‍ ചിന്താഗതികളിലും, ഇഷ്ടാനിഷ്ടങ്ങളിലുമെല്ലാം ഒരുപാട് സാമ്യമുള്ളവരാണ് എന്ന് മനസിലായി. പലകാര്യങ്ങളിലും ഒരു മനസ്. എന്നെപ്പോലെ കവിതകളേയും കഥകളേയും അയാളും ഭ്രാന്തമായി പ്രണയിച്ചിരുന്നു. സ്വരങ്ങളും, നിറങ്ങളും, ചിന്തകളും ഞങ്ങള്‍ പങ്കു വച്ചു. അയാള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടു. എന്റെ ചിന്താഗതികള്‍ തന്നെയാണ് അയാളിലൂടെ ഞാന്‍ കേള്‍ക്കുന്നതെന്ന് എനിക്ക് തോന്നി. ഞാന്‍ എന്നില്‍ നിന്നും കേള്‍ക്കാനാഗ്രഹിക്കുന്നതു തന്നെയാണ് അയാളില്‍ നിന്ന് കേള്‍ക്കുന്നതെന്ന് ഞാന്‍ മനസിലാക്കി. എന്റെ മനസിന്റെ കോണുകളിലും,വളവുകളിലും, നേര്‍വരകളിലും, നിറങ്ങളിലും, നിറമില്ലായ്മ്മയിലുമെല്ലാം അയാള്‍ അലിഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി.
ഒരു ദിവസം അയാള്‍ എന്നോടു ചോദിച്ചു ഞാന്‍ അയാളുടെ ആരാണ് എന്ന്. അയാളെ പരിചയപ്പെട്ടതു മുതല്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ഒരു കാര്യം! എനിക്കറിയില്ലായിരുന്നു അയാളെനിക്കാരാണെന്ന്! ഒരു മറുപടി നല്‍കാനാകാതെ ഞാന്‍ കുഴങ്ങി. പക്ഷേ എന്റെ മറുപടിക്കായി അയാള്‍ കാത്തിരിക്കുകയായിരുന്നു. ദിവസങ്ങളോളം, ആഴ്ചകളോളം, മാസങ്ങളോളം. എന്നിട്ടും എന്റെ മൌനം തുടരുകയായിരുന്നു. എന്റെ മൌനത്തിന്റെ അര്‍ത്ഥം അയാള്‍ മനസിലാക്കുമെന്ന് ഞാന്‍ കരുതി. അങ്ങിനെ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അതുണ്ടായില്ല. എന്നോ ഒരുനാള്‍ എങ്ങുനിന്നോ എന്റെ അരികിലെത്തിയ അയാള്‍ എന്നെ വീണ്ടും തനിച്ചാക്കി എങ്ങോട്ടോ പോയി... എനിക്ക് നഷ്ടം വന്നത് എന്റെ ശബ്ദമാണ് ജയാ... എന്നെതന്നെയാണ്....” അവള്‍ പറഞ്ഞു നിര്‍ത്തി. എന്നിട്ട് മുഖം പൊത്തിയിരുന്നു.
ഇത്തിരി നേരത്തെ മൌനം. പിന്നെ മുഖമുയര്‍ത്തി എന്റെ കണ്ണുകളിലേക്ക് നോക്കി അവള്‍ വീണ്ടും പറഞ്ഞു “ നമ്മുടെ സ്വന്തമെന്നു കരുതിയ ഒരാള്‍ ഒരു സുപ്രഭാതത്തില്‍ അങ്ങിനെയല്ല യാഥാര്‍ത്ഥ്യം തിരിച്ചറിയുംമ്പോളത്തെ വേദന എത്ര തീവ്രമാണെന്ന് തനിക്ക് മനസിലാകില്ലെ ജയാ...? ആ ഒരു തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ പാടുപെടുമ്പൊഴാണ് 5 മാസം മുന്‍പ് ഞാന്‍ തന്നെ പരിചയപ്പെടുന്നത്. എന്നെക്കാള്‍ എത്രയോ അധികം തകര്‍ന്നിരിക്കുന്ന തന്നെ എന്റെ കഥകളൊന്നും പറഞ്ഞ് കൂടുതല്‍ വിഷമിപ്പിക്കേണ്ടെന്ന് ഞാന്‍ കരുതി. അതാ അന്നൊന്നും ഇതൊന്നും തന്നോട് പറയാതിരുന്നത്. പക്ഷേ ജയാ.. തനിക്കറിയുമോ താന്‍ എനിക്ക് തിരിച്ചുതന്നത് എന്റെ നഷ്ടപ്പെട്ട ശബ്ദമാണ്.”
എന്നിട്ട് രണ്ടുകൈകളും കൊണ്ട് എന്റെ വലതുകൈ ചേര്‍ത്തുപിടിച്ച് അവള്‍ ചോദിച്ചു
“ജയാ.... ഞാന്‍ ഒരു കാര്യം ചോദിച്ചാല്‍ താനെന്നോട് സത്യം പറയുമൊ...? താന്‍... താന്‍ എന്റെ ആരാഡോ...?”
ഒരു ഞട്ടലോടെയാണ് ഞാനാ ചോദ്യം കേട്ടത്. ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഒരു കൈത്താങ്ങായി വന്നവളാ അവള്‍. അന്ന് അങ്ങിനെയൊന്ന് ആവശ്യവുമായിരുന്നു. പക്ഷേ അവള്‍ ചോദിച്ചപോലൊരടുപ്പം...? എനിക്കറിയില്ല.... ഇല്ല... ഒരു നല്ല സുഹൃത്ത് അതിനപ്പുറം...? ഇല്ല.. വേണ്ടാ.. ഇനിക്കിനിയും വയ്യ... എന്റെ മനസിലൂടെ ഒരുപാട് ചിന്തകള്‍ ഒന്നിച്ച് കടന്നുപോയി... അപ്പോഴും എന്റെ വലതു കൈ അവളുടെ കൈകള്‍ക്കിടയിലായിരുന്നു. ഞാന്‍ ശക്തിയായി എന്റെ കയ്യ് വിടുവിച്ചു. എന്നിട്ട് അവളുടെ ചോദ്യത്തിനുള്ള ഉത്തരം ഒരിക്കലും പൂരിപ്പിക്കാത്ത ഒരു മൌനമായി അവശേഷിപ്പിച്ച് അവിടുന്ന് എഴുന്നേറ്റ് നടന്നു. ബാരക്കമ്പറോട്ടിലെ ജനക്കൂട്ടത്തിനിടയില്‍ നിന്ന് ഞാന്‍ ഒന്നു തിരിഞ്ഞ് നോക്കുമെന്നെങ്കിലും പ്രതീക്ഷിച്ച് അവള്‍ അവിടെ നിന്നിരുന്നുവൊ....? അറിയില്ല..
***************************************************************************************************************************************
പിന്‍കുറിപ്പ്:
നാലുമാസം മുന്‍പ് പറയാതെ ബാക്കി വച്ച ആമൌനം ഇന്നും തുടരുന്നു. അതിനു ശേഷം ആകുട്ടി എവിടെ പോയെന്നോ, അവള്‍ക്ക് എന്തു സംഭവിച്ചു എന്നൊ അറിയില്ല. തൊട്ടടുത്ത ദിവസം എനിക്ക് ഒരു എഴുത്തു വന്നു. പോസ്റ്റ് ചെയ്തിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നു തന്നെ.
ഇത് എന്നെ എങ്ങോട്ട് നയിക്കുമെന്നറിയില്ല
അടുത്തുള്ളപ്പോള്‍ ഉള്ളിലെ കാത്തിരിപ്പ് തീക്ഷ്ണമാകുന്നു.
ദൂരെയാകുമ്പോള്‍ ശൂന്യത തോന്നുന്നു.
പൊരുതി തോല്‍ക്കുമ്പോള്‍ മടുപ്പു തോന്നുന്നു.
എനിക്ക് വെറി പിടിക്കുന്നു.
ദൌര്‍ഭാഗ്യത്തില്‍ നിന്ന് നാശത്തിലേക്ക് തെന്നിപ്പോകുന്നത് നോക്കൂ..
നിന്നെ നശിപ്പിക്കില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു.
നിനക്ക് വഴിതടസം ഉണ്ടാകാതിരിക്കാന്‍
ഞാന്‍ വേദനയുടെ വശത്തേക്ക് മാറി നില്‍ക്കും
വേദനയ്ക്ക് മുകളില്‍ കയറി നില്‍ക്കും
വേദന തന്നെയാകും...
ആകുട്ടിയെ അവഹേളിക്കുന്ന തരത്തില്‍ ഞാനന്ന് പെരുമാറിയതെന്തിനാണെന്ന് എനിക്കറിയില്ലായിരുന്നു. ഞാന്‍ നഷ്ടപ്പെടുത്തിയത് ഒരു നല്ല സുഹൃത്തിനെയായിരുന്നു. അവളെ പറഞ്ഞ് മനസിലാക്കിക്കാമായിരുന്നു. അതിനായി അവളുടെ പഴയ നമ്പറില്‍ വിളിച്ചു. പലവട്ടം. പക്ഷേ മറുപടി വോഡാഫോണ്‍ കസ്റ്റമര്‍ കെയര്‍ സര്‍വീസിന്റെ കന്നഡത്തിലുള്ള വോയ്സ് മെസേജ്: “ നീങ്കു ഡയല്‍ മാഡിത വോഡാഫോണ്‍ നമ്പര്‍ക്കെ സമ്പര്‍ക്കസിലു ആകുത്തില്ല. ദയവിത്തു ആനന്തര പ്രയത്നസി; ധന്യവാദ.....”