Saturday, May 17, 2008

മുടി രണ്ടായി പിന്നിയിട്ട ഒരു പെണ്‍കുട്ടി.

ഒരു പഴയ ബ്ലാക്ക് ആന്‍ വൈറ്റ് ഫോട്ടോ മറോടണച്ച് അയാള്‍ പൊട്ടിക്കരഞ്ഞു. കണ്ണുനീര്‍ത്തുള്ളികളില്‍ ആ ഫോട്ടോ കുതിര്‍ന്നിരിക്കുന്നു. പുറത്ത് പെയ്യുന്ന പെരുമഴയുടെ ഘോഷത്തോട് മല്ലടിച്ചുകൊണ്ട് അയാളുടെ കരച്ചില്‍ ആ പീടിക കോലായിയില്‍ മുഴങ്ങുകയാ‍ണ്. വല്ലാത്തൊരു അസ്വസ്ഥത പടര്‍ത്തുകയാണ് അയാളുടെ നിലവിളി . തീക്ഷ്ണമായ എന്തോ ഒന്ന് അയാളെ അലട്ടുന്നുണ്ട് തീര്‍ച്ച “ എന്താ..? എന്തിനാ നിങ്ങള്‍ കരയുന്നത്..?” എനിക്ക് ചോദിക്കാതിരിക്കാനായില്ല. പുറത്ത് തിമര്‍ത്തു പെയ്യുന്ന മഴയുടെ ശബ്ദത്തില്‍ അയാളത് കേട്ടില്ലെന്നു തോന്നുന്നു. കുറച്ചുകൂടി അടുത്തു ചെന്ന് ഞാന്‍ ഉറക്കെ ചോദിച്ചു. “എന്തിനാ ഇങ്ങിനെ കരയുന്നത്..? എന്താ‍.. നിങ്ങടെ പ്രശ്നം.” കരച്ചിലിന്റെ ശബ്ദം കുറഞ്ഞൊതൊഴിച്ചാല്‍ മറ്റ് പ്രതികരണമൊന്നുമില്ല. കുറച്ചു സമയത്തിനു ശേഷം കാല്‍മുട്ടുകളിലൂന്നിയ കൈകള്‍ കൊണ്ട് മുഖത്ത് പൊത്തിപ്പിടിച്ച ഫോട്ടോ ഇത്തിരി താഴത്തി അതിന്റെ വിടവിലൂടെ അയാള്‍ എന്നെ നോക്കി. ധാരയായി ഒഴുകുന്ന കണ്ണീര്‍. പുറത്തെ പേമാരിയുടെ ശബ്ദത്തിനിടയിലൂടെ കേള്‍ക്കുന്ന നേര്‍ത്ത വിതുമ്പല്‍.

2005ലെ മഴക്കാലം. കോഴിക്കോട് ജോലി നോക്കിയിരുന്ന സമയമാണ്. ഒഫീസില്‍ നിന്ന് ഇറങ്ങാന്‍ രാത്രി ഏറെ വൈകി. ഇറങ്ങുമ്പോത്തന്നെ ചെറിയ ഒരു മഴയുണ്ട്. മെഡിക്കല്‍ കോളേജ് എത്താറായപ്പോളേക്കും മഴ കനത്തു. മഴക്കോട്ട് ഉണ്ടെങ്കിലും ബൈക്ക് ഒരടി ഒടിക്കാന്‍ വയ്യെന്ന അവസ്ഥ. അടുത്തുകണ്ട കടത്തിണ്ണയ്ക്കുമുന്നില്‍ വണ്ടി നിര്‍ത്തി ആ പീടികക്കോലായിലേക്ക് ചാടിക്കയറി. ആകെ നനഞ്ഞൊലിച്ചിരിക്കുന്നു. മണി 11 കഴിഞ്ഞു. പെരുമഴയത്ത് ഇടയ്ക്ക് വല്ല വലിയ വണ്ടികള്‍ പോകുന്നതൊഴിച്ചാല്‍ ആ പ്രദേശം ശരിക്കും വിജനം. അതിനിടയിലാണ് ഞാന്‍ കയറി നിന്ന പീടിക കോലായുടെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന ചാക്കുകെട്ടുകള്‍ക്കിടയില്‍ നിന്ന് അയാളുടെ കരച്ചില്‍ കേട്ടത്. റോഡു വക്കത്തെ നിയോണ്‍ വെളിച്ചത്തിന്റെ നേരിയ വെട്ടത്തില്‍ അയാളെ കാണാം. മുഖത്തേക്ക് വീണുകിടക്കുന്ന മുടിയും, നീണ്ട താടിയും മൂലം പ്രായം തിട്ടപ്പെടുത്താനാകാത്ത രൂപം. കറുത്തുണ്ങ്ങിയ ശരീരം. കീറിപ്പറിഞ്ഞ കുപ്പായം, ഒരു പട്ടിണി പേക്കോലം. അയാളുടെ അടുത്ത് മുട്ടിലൂന്നി ഇരുന്ന് ഞാന്‍ വീണ്ടും ചോദിച്ചു. “ എന്തിനാ നിങ്ങള്‍ കരഞ്ഞുകൊണ്ടിരിക്കുന്നത്..? എന്താ നിങ്ങള്‍ക്ക് വേണ്ടത്? ഭക്ക്ഷണമൊന്നും കഴിച്ചില്ലേ ഇന്ന്?” ഭക്ക്ഷണത്തേക്കാള്‍ വലുതായിട്ട് ഒന്നുമില്ലെന്നായിരുന്നു അന്നേരമെന്റെ മനസില്‍. മറുപടി പുഛഭാവത്തില്‍ ഒരു നോട്ടം. വീണുകിടക്കുന്ന മുടിയിഴകള്‍ക്കിടയില്‍ തിളങ്ങുന്ന തീക്ഷ്ണമായ കണ്ണുകള്‍. അയാള്‍ കരച്ചില്‍ നിര്‍ത്തി ഇത്തിരി നേരം മിണ്ടാതെ ഇരുന്നു. കയ്യിലിരുന്ന ആ ഫോട്ടോയിലേക്ക് തന്നെ കണ്ണും നട്ടാണ് ഇരിപ്പ്. എന്നിട്ട് അതില്‍ നിന്ന് കണ്ണെടുക്കാതെ അയാള്‍ പറഞ്ഞു; “ഞാന്‍ ഇന്നൊരു യാത്ര പോകുവാന്‍ തുടങ്ങുകയാണ്. ഒരു വലിയ യാത്ര. എന്റെ പൊന്നുമോളുടെ അടുത്തേക്ക്. ഞാനിനി ഇങ്ങോട്ട് വരില്ല; ഒരിക്കലും.” അയാള്‍ ഫോട്ടോ കുറച്ചു കൂടി മുറുക്കിപ്പിടിച്ചു. “അതിനാണോ ഇങ്ങിനെ കരയനത്? എവിടെയാ നിങ്ങളുടെ മോള്? ” എന്റെ ചോദ്യം കേട്ട് എന്തോ ഓര്‍മ്മിച്ചിട്ടെന്ന പോലെ അയാള്‍ വീണ്ടും പൊട്ടിക്കരഞ്ഞു. എന്നിട്ട് വിറയ്ക്കുന്ന കൈകള്‍കൊണ്ട് ആ ഫോട്ടോ എന്റെ നേര്‍ക്ക് നിട്ടി. ഒരു പഴയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. അരണ്ട വെളിച്ചത്തില്‍ കഷ്ടിച്ച് 10 വയസ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ മുഖം അവ്യക്ത്മായി അതില്‍ ഞാന്‍ കണ്ടു. “അവള്... അവളിന്ന് കാലത്ത് മരിച്ചു മോനേ.. എന്റെ മോള് പോയി, എന്നെ തനിച്ചാക്കീട്ട് അവള്‍ പോയി. ഇനി ഒരിക്കലും തിരിച്ചു വരാത്ത യാത്ര...” അയാളുടെ കരച്ചില്‍ ഉറക്കെയായി. “ എനിക്കും പോണം; എന്റെ മോളുടെ അടുത്തേക്ക്; ഞാനും പോവും, എനിക്ക് പൊയേ പറ്റൂ.. ഞാന്‍ പോകും ഇല്ലെങ്കില്‍ എന്റെ മോള്‍ ഒറ്റയ്ക്കാകും. ഇത്തിരി കഞ്ഞി വെള്ളെം വാങ്ങിച്ചു കൊടുക്കാന്‍ പോലും ആരൂണ്ടാവില്ല എന്റെ മോള്‍ക്ക് , ഞാനും പോകുവാ ഇന്ന്... എനിക്ക് പോയേ പറ്റൂ...” അയാള്‍ പുലമ്പിക്കൊണ്ടേ ഇരുന്നു. കൈകാലുകള്‍ വിറങ്ങലിക്കുന്നതു പോലെ. വല്ലാത്തൊരു തളര്‍ച്ച. പീടികക്കോലായിലെ തൂണും ചാരി ഞാന്‍ നിന്നു. “അവളിവിടെത്തന്നെ ഉണ്ട് ദാ.. ഇവിടെ. മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറീല്. എന്നെ കാത്ത് കിടക്കുവാ. ഞാന്‍ ചെന്നിട്ടു വേണം അവള്‍ക്ക് പോകുവാന്‍. ഞാന്‍ പോകും, എനിക്ക് പോണം. അയാള്‍ വീണ്ടും ഓരോന്ന് പറഞ്ഞുകൊണ്ടേ ഇരുന്നു.

പുറത്ത് മഴയ്ക്ക് ശക്തി കുറഞ്ഞിരിക്കുന്നു. ഇത്തിരി നേരത്തെ മൌനത്തിനു ശേഷം അയാളുടെ മനസിന്റെ നീറ്റല്‍ അവഗണിച്ചു കോണ്ട് ഞാന്‍ വീണ്ടും ചോദിച്ചു. “ നിങ്ങളുടെ മകള്‍ക്ക് സത്യത്തില്‍ എന്താ പറ്റിയത്? എങ്ങിനെയാ ആകുട്ടി മരിച്ചത്?” എന്തോ ആലോചിച്ച് അയാള്‍ പറഞ്ഞ് തുടങ്ങി. “ അവള് ചെറുപ്പത്തിലെ സൂക്കേടുകാരിയായിരുന്നു മോനേ.. എന്തോ പേരറിയാത്ത വലിയ സൂക്കേടാ അവളുടേത്. പത്ത് പന്ത്രണ്ട് കൊല്ലം മുന്‍പ് കോഴിക്കോട് കടപ്പുറത്തെ വടക്കെ കടല്‍പ്പാലത്തിന്റെ അടുത്തുന്നാ എനിക്ക് എന്റെ മോളെ കിട്ടിയത്. പിറന്നുവീണിട്ട് മണിക്കൂറുകള്‍ പോലുമായിട്ടില്ലാത്ത ഒരു പെണ്‍കുഞ്ഞ്. പൊതിഞ്ഞു കൂടിയ ഉറുമ്പിന്‍ കൂട്ടത്തിന്റെ കടിയേറ്റ് നിലവിളിച്ച് തളര്‍ന്ന നിലയിലായിരുന്നു എന്റെ മോള്. അതിനേം കൊണ്ട് ഞാന്‍ തൊട്ടടുത്തുള്ള ബീച്ചാശുപത്രീല്‍ക്ക് ഓടി. രക്ഷപ്പെടുംന്ന് ഡോക്ടര്‍മാരുപൊലും വിചാരിച്ചിട്ടില്ല. എങ്ങിനെയോ രക്ഷപ്പെട്ടു. ബസ്റ്റാന്റില് പത്രം വിറ്റും, ബാക്കി സമയങ്ങളില്‍ കിട്ടിയ പണിയെല്ലാം ചെയ്തും ഞാന്‍ എന്റെ മോളെ പോറ്റി. അതിനെടേല് ഒരൂസം അവള്‍ ഒന്ന് തലകറങ്ങി വീണു. ഞാന്‍ വല്ലാതെ ബേജാ‍റായിപ്പോയെങ്കിലും ഇത്തിരി കഴിഞ്ഞപ്പോ ശരിയായി. പ്ക്ഷേ അതൊരു പതിവായി. വീണാല്‍ കയ്യും കാലുമൊക്കെ ഇട്ട് അടീക്കും, മൂക്കീന്ന് ചോര വരും, വായേന്ന് നുരയും പതയും വരും. കുറേ നേരം ബോധമില്ലാതെ കിടക്കും. അവസാ‍നം ആശുപത്രീല് കാണിച്ചു. പക്ഷേ മരുന്നു വാങ്ങാന്‍ എന്റെ കയ്യിലെവിടെയാ പണം. എന്നിട്ടും കിട്ടുന്ന പൈസ മുഴുവന്‍ ആശുപത്രീല് ചിലവാക്കി. പട്ടിണി കിടന്നും മരുന്ന് വാങ്ങി. പക്ഷേ.. ഇന്ന്... അവള്‍ എന്നെ തനിച്ചാക്കിയിട്ട് പൊയി. ഒരിക്കലും തിരിച്ചു വരാത്ത പോക്ക്... എനിക്കും പോണം, അല്ലെങ്കില്‍ എന്റെമോള്‍ ഒറ്റയ്ക്കാകും, അവളിനീം തലകറങ്ങി വീണാ ആരാ അവളെ നോക്വാ... ഞാനും പോവും, എനിക്കിനി ജീവിക്കണ്ട....” അയാളുടെ പുലമ്പല്‍ ഒരു പോട്ടിക്കരച്ചിലായും, പിന്നെ സാവധാനം നേര്‍ത്ത് ഒരു തേങ്ങലായും മാറി.

വല്ലാത്തൊരു മാനസീകാവസ്ഥയില്‍ എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിയാതെ ആ പീടിക കോലായിലെ തൂണില്‍ ചാരി ഞാന്‍ ഇരുന്നു. പുറത്ത് മഴ തീര്‍ത്തും മാറി. സമയം നോക്കി. മണി 12:10 പെട്ടെന്ന് ചാടി എഴുന്നേറ്റ് ആ മനുഷ്യനെ ഒന്ന് തിരിഞ്ഞ് നൊക്കുക പോലും ചെയ്യാതെ ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് വേഗത്തില്‍ ഓടിച്ചു പോയി. അക്ഷരാര്‍ത്ഥത്തില്‍ ഒരു മനുഷ്യനെ നിര്‍ദയം മരണത്തിന് വിട്ടു കൊടുത്ത് കൊണ്ട്. കുറ്റബോധം കൊണ്ട് നീറുകയായിരുന്നു ആരാത്രി മുഴുവനും. മകള്‍ നഷ്ടപ്പെട്ട വേദനയില്‍ തകര്‍ന്ന മനസുമായി കഴിയുന്ന അയാളെ ഒന്ന് സമാശ്വസിപ്പിക്കുകയെങ്കിലും ചെയ്യാമായിരുന്നു എനിക്ക്. എന്നിട്ടും അതു ചെയ്യാതെ വളരേ ക്രൂരമായി അയാളെ ആ വഴിവക്കില്‍തന്നെ ഉപേക്ഷിച്ച് പൊന്നിരിക്കുന്നു. എന്റെ മനസിനെ ഞാന്‍ തന്നെ ശപിച്ചു. സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചു. എല്ലാ ആശയും നഷ്ടപ്പെട്ടതുമൂലം മരിക്കാന്‍ തീരുമാനിച്ച ഒരാളുടെ വഴിതടസപ്പെടുത്താതിരിക്കല്‍ തന്നെയല്ലേ അയാളോട് ചെയ്യാവുന്ന ഏറ്റവും വലിയ കരുണ. ആത്മഹത്യയ്ക്ക് കുരുക്കിട്ട് നില്‍ക്കുന്ന ഒരാളുടെ കഴുത്തിലെ കയര്‍ അറുത്ത് കളയുന്നതല്ലേ അയാളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. ഞാന്‍ എന്നെത്തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസ് കൂടുതല്‍ കൂടുതല്‍ അസ്വസ്ഥമാകുകയായിരുന്നു. വാച്ചിലെ സൂചിയുടെ ചെറുചലനം പോലും നീറി നില്‍ക്കുന്ന എന്റെ മനസിനെ വല്ലാതെ വ്രണപ്പെടുത്തി. സമയം പുലര്‍ച്ചെ നാലാകാറയിരിക്കുന്നു. ആ നിമിഷം തന്നെ അയാളെ അന്വേഷിച്ച് പോയാലോ എന്നു പോലും എനിക്ക് തോന്നി. ഒരു പക്ഷേ അപ്പോളെക്കും അയാള്‍ പറഞ്ഞമാതിരി; മോര്‍ച്ചറിയില്‍ അയാളേയും കാത്തിരിക്കുന്ന മകളോടൊപ്പം ഒരിക്കലും തിരിച്ചു വരാത്ത ആ വലിയ യാത്ര അയാള്‍ തുടങ്ങിയെങ്കില്‍! ദൈവമേ... ഞാന്‍ എന്തു വേണം...? ഉത്തരം കിട്ടാത്ത ധര്‍മ്മസങ്കടത്തിലായി ഞാന്‍.

കാലത്ത് പതിവിലും നേരത്തെ ഇറങ്ങി. എത്രയും വേഗം ആ കടത്തിണ്ണയിലെത്തണം. അവസാനമായി അയാളുടെ ശരീരമെങ്കിലും ഒന്നു കാണണം. ഒരു പക്ഷേ ഇതിനോടകം പൊലീസ് എത്തിക്കാണും. ബോഡി എടുക്കണേന്റെ മുന്നെ അവിടെ എത്തിയേപറ്റൂ. ബൈക്കിന്റെ സ്പീഡോമീറ്റര്‍ നൂറ് തൊട്ടത് അവഗണിക്കുമ്പൊള്‍ മനസില്‍ അതു മാത്രമായിരുന്നു ചിന്ത. പക്ഷേ അവിടെ എത്തിയപ്പൊള്‍ ആ കടത്തിണ്ണയ്ക്ക് ചുറ്റും ഒരു ആള്‍കൂട്ടവും കണ്ടില്ല. പോലീസുമില്ല. കട പതിവുപോലെ തുറന്നിരിക്കുന്നു. ഞാന്‍ കടക്കാരനോട് ആ മനുഷ്യനെക്കുറിച്ചു തിരക്കി. അങ്ങിനൊരാളെ കണ്ടതേ ഇല്ലെന്ന് മറുപടി. അങ്ങിനെയെങ്കില്‍ അയാള്‍ എവിടെയാകും മരിച്ചിട്ടുണ്ടാവുക? ഒരുപക്ഷേ ആ കുട്ടിയെ കളഞ്ഞുകിട്ടിയ കടല്‍പ്പാലത്തിനടുത്തു തന്നെയാകുമോ? അതൊ റയില്‍ ട്രാക്കിലോ മറ്റെവിടെയെങ്കിലുമാകുമോ? മനസില്‍ എന്തൊക്കെയോ തികട്ടി വരുന്നു. അയാള്‍ക്കെന്തു പറ്റിയെന്ന് അറിഞ്ഞേ തീരൂ. നഗര പരിസരത്തെവിടെയെങ്കിലും വച്ചാണ് ആത്മഹത്യ നടന്നിരിക്കുന്നതെങ്കില്‍ സ്പെഷല്‍ ബ്രാഞ്ചില്‍ അറിയാതിരിക്കില്ല. നേരെ സ്പെഷല്‍ ബ്രാഞ്ചില്‍ കാര്യം തിരക്കി. എന്നാല്‍ ആരാത്രി കോഴിക്കോട് നഗര പരിസരത്തിലെവിടെയും ഒരു ആത്മഹത്യയും നടന്നിട്ടില്ല. കേട്ടപ്പോള്‍ ഇത്തിരി ആശ്വാസം തോന്നി. പക്ഷേ അയാള്‍ക്കെന്തു സംഭവിച്ചു? ജീവനോടുണ്ട് എങ്കില്‍ അയാള്‍ മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിക്കടുത്തു തന്നെ കാണും. കാരണം അയാളുടെ മകള്‍ അവിടേയാണ് കിടക്കുന്നത്. എന്റെ മനസു പറഞ്ഞു. നേരെ അങ്ങോട്ടു ചെന്നു. പക്ഷേ വീണ്ടും നിരാശയായിരുന്നു ഫലം. ഒരുപക്ഷേ ആ കുട്ടിയുടെ ശരീരം ഏറ്റുവാങ്ങി അയാള്‍ സ്ഥലം വിട്ടുകാണുമോ? അതിനും സാധ്യതയുണ്ട്. മോര്‍ച്ചറി ജീവനക്കാരനോട് കാര്യം തിരക്കി. ആ മനുഷ്യനെ പോലൊരാളെ കാലത്ത് അവിടെ കറങ്ങി നടക്കുന്നതു കണ്ടു എന്നതൊഴിച്ചാല്‍ വ്യകതമായ മറുപടി അയാളില്‍ നിന്നും കിട്ടിയില്ല. ആശുപത്രി രേഖകള്‍ പരിശോധിച്ചാല്‍ അറിയാനായേക്കുമെന്നും അയാള്‍ പറഞ്ഞു. കാരണം തൊട്ടു മുന്‍പിലത്തെ ദിവസം മാത്രം മരിച്ച ഒരു കുട്ടിയാണത്. ഞാന്‍ ആശുപത്രി അധികൃതരെ സമീപിച്ച് കാര്യം പറഞ്ഞു. എന്നാല്‍ അവിടെ കഴിഞ്ഞ ഒരാഴച്ചയ്ക്കിടെ5നും 15നും ഇടയില്‍ പ്രായമായ ഒരു കുട്ടിപോലും മരിച്ചിട്ടില്ല. ഒരു കുട്ടിയുടെ പോലും ശരീരം ആ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുമില്ല.


വല്ലാത്തൊരു മാനസീകാവസ്ഥയില്‍ ഞാന്‍ മെഡിക്കല്‍ കോളേജില്‍ നിന്നും പുറത്തിറങ്ങി. പതുക്കെ കഴിഞ്ഞ രാത്രി ആ മനുഷ്യനെ കണ്ട ആ കടത്തിണ്ണയിലേക്ക് നടന്നു. എന്താണ് സംഭവിച്ചത്? ഒരു പക്ഷേ ഇതെല്ലാം എനിക്ക് തോന്നിയതാകുമോ? അതോ ഏതോ ഒരു സ്വപ്നത്തിന്റെ അതി കഠിനമായ സ്വാധീനമോ? എന്റെ മാനസീക നിലയെപ്പോലും ഞാന്‍ സംശയിച്ചു. ആ പീടികക്കോലായിലേക്ക് കയറി. കടയില്‍ നിന്ന് തണുത്ത ഒരു സോഡാ സര്‍ബത്ത് വാങ്ങിച്ച് കുടിച്ചു. മനസും ശരീരവുമെല്ലാം ഒന്ന് തണുക്കട്ടെ. ഇത്തിരി നേരം അവിടെ ഇരുന്നു. കഴിഞ്ഞ രാത്രി ആ മനുഷ്യന്‍ ഇരുന്ന ചാക്കിന്‍ കെട്ടുകള്‍ അവിടെത്തന്നെ ഉണ്ട്. ഞാന്‍ അതിലേക്ക് സൂക്ഷിച്ചു നോക്കി. ആ ചാക്കുകെട്ടുകള്‍ക്കിടയില്‍ എന്തോ ഒരു സാധനം കിടക്കുന്നു. അടുത്തു ചെന്ന് ഞാന്‍ അതെടുത്തു നോക്കി. അതെടുക്കുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പഴക്കം കൊണ്ട് മൂല മങ്ങിത്തുടങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ. അതില്‍ കഷ്ടിച്ച് 10 വസസ് പ്രായം തോന്നിക്കുന്ന മുടി രണ്ടായി പിന്നിയിട്ട ഒരു പെണ്‍കുട്ടി.


21 comments:

Unknown said...

സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്ന് ഇന്നും തിട്ടപ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടില്ലാത്ത ഒരു അനുഭവം. ഒരുപക്ഷേ എന്റെ മനോ വിഭ്രാന്തിയില്‍ തോന്നിയ ഒന്നാകാം അല്ലെങ്കില്‍ അയാളുടേതാകാം..

വായിക്കുക അഭിപ്രായമറിയിക്കുക.

Mahan Namboori said...

kemaayind jayettta..... ini ippo ende pazhe pani thudaratte, jayettande adutha bloginayulla kathiripp

ജിജി വി തോമസ്... said...

തികച്ചും യാഥാര്‍ത്ഥ്യമെന്നു തോനികുന്ന അനുഭവം ജയാ...
തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത ജീവിതതിലെ ഒരുഅനുഭവം...
നിന്‍റെ മനസിലെ നീറ്റല്‍് പോലെ ഇപ്പൊ എന്‍റെ മനസിലും...
ഒരു പക്ഷെ ആ മനുഷ്യനെ കുരിച്ചരിയാനുള്ള വെമ്പല്‍ ആയിരികാം....
നന്നായിരിക്കുന്നു ജയാ ഈ കുറിപ്...
വീണ്ടും അടുത്ത കുറിപിനുള്ള കാത്തിരിപോടെ...

Vishnuprasad R (Elf) said...

തികച്ചും വിചിത്രമായ എന്നാല്‍ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരു അനുഭവം

ഫസല്‍ ബിനാലി.. said...

വിചിത്രമായ അനുഭവം, സാങ്കല്‍പ്പികം എന്ന് തോന്നാവുന്നത് എങ്കിലും ഹൃദയം തൊട്ടത്

Jayasree Lakshmy Kumar said...

ഇത് അസാധാരണമായ തോന്നലുകളൊന്നുമാവില്ല. ഒരു പക്ഷെ ജയന്‍ കണ്ടുമുട്ടിയ ആ ആളുടെ ഒരു ഭ്രമാത്മകമായ തോന്നല്‍ ആകാം ജയനോട് പറഞ്ഞത്. ഏതായാലും അതിനു പിറകെ ഇത്രയും അന്വേഷണം നടത്തിയല്ലൊ. അതൊരു അസാധാരാമായ മനസ്സാണ് . അഭിനന്ദനീയം

sree said...

കുറിപ്പ് നന്നായിട്ടുണ്ട്. പിടിച്ചിരുത്തി വായിപ്പിച്ചു. സ്വപ്നവും വാസ്തവവും തമ്മില്‍ തലനാരിഴ വ്യത്യാസമെ തോന്നു ചിലപ്പോള്‍. രണ്ടായാലും അതിന്റെ പിറകെ പോകുന്നവരാണ് "the chosen few." അല്ലെ?

ഉപാസന || Upasana said...

ജയന്‍.

ലക്ഷ്മി പറഞ്ഞതായിരിക്കും ശരി.
അദ്ദേഹം എന്തെങ്കിലും മാനസികരോഗം ഉള്ള വ്യക്തി ആയിരിക്കും.
പണ്ടെന്നോ നഷ്ടപ്പെട്ട് പോയ മകളെപ്പറ്റിയായിരിക്കാം പറഞ്ഞത്.

പിന്നെ സാന്ത്വനവാക്കുകള്‍ക്ക് അവയുടെ കര്‍ത്തവ്യം നിറവേറ്റാനാകാത്ത സന്ദര്‍ഭത്തില്‍ മൌനം തന്നെയാണ് നല്ലത്.
ആ അര്‍ത്ഥത്തില്‍ പറയട്ടെ ജയന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാതെ സ്ഥലം വിട്ടതില്‍തെറ്റൊന്നുമില്ല.

പത്രപ്രവര്‍ത്തനകന്റെ കുറിപ്പുകള്‍ നന്നാവുന്നുണ്ട് ജയന്‍.
സമയക്കുറവ് ഊലം പലപ്പോഴും മിസ് ആകുന്നു പല ബ്ലോഗുകളും.

പിന്നെ റിപ്പോര്‍ട്ടഡ് സ്പീച്ച് എഴുതുമ്പോല്‍ ഖണ്ഢികക്കുള്ളിലാക്കി എഴുതാതെ, അതില്‍ നിന്ന് വേര്‍തിരിച്ച് എഴുതിയാല്‍ കൂടുതല്‍ മിഴിവുണ്ടാകും രചനക്ക്.

ആശംസകള്‍
:-)
ഉപാ‍സന

kariannur said...
This comment has been removed by the author.
kariannur said...

സത്യം പറയാന്‍ വലിയ പ്രായാസം ഇല്ല. പൊളി പറയാനും. പൊളി പൊളിയും. സത്യം നിലനില്‍ക്കും. രണ്ടും കൂട്ടി പറയുന്നിടത്താണ് അന്തംവിടല്‍. വന്നു ചേരുന്നത്.

തന്ത്രത്തില്‍ സംഹാരം സൃഷ്ടി, സ്ഥിതി എന്ന മൂന്നു സങ്കല്‍പങ്ങള്‍ ഉണ്ട്. സംഹാരത്തിന്‍റേയും സൃഷ്ടിയുടേയും സങ്കരമാണ് സ്ഥിതി. സത്യത്തിന്‍റേയും പൊളിയുടേയും സമര്‍ഥമായ മിശ്രണം. അതായത് സ്ഥിതി തന്നെ. അത് ജയന്‍റെ കയ്യിലുണ്ട്

മരമാക്രി said...

കോഴിക്കോട്ട് ജോലി ചെയ്തിട്ടുണ്ട്. നമ്മള്‍ അവിടെ ഒരേ കാലത്തുണ്ടായിരിക്കണം. പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു.

nandakumar said...

മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒരനുഭവം.! ഒരു നീറ്റല്‍ മനസ്സിനുള്ളില്‍. പലപ്പോഴും ഞാനും ഇത്തരം സാഹചര്യങ്ങളില്‍ അറിയാതെ വന്നു വീഴാറുണ്ട്. അപ്പോഴൊക്കെ എന്തെന്നറിയാത്ത വിഷമവും കുറ്റബോധവും.. വയ്യ!!..
നന്ദി പുടയൂര്‍, വേദന നുറുങ്ങുന്ന ഒരനുഭവം പങ്കുവെച്ചതിന്.

തോന്ന്യാസി said...

മാഷുടെ പോസ്റ്റുകളോരോന്നു വായിക്കുമ്പോഴും എത്തിപ്പെടുന്നത് ഒരു വല്ലാത്തലോകത്തിലായിരിക്കും.......ഇപ്പോഴും മറിച്ചല്ല............

എന്തോ ....വാക്കുകള്‍ക്കു വല്ലാത്ത ക്ഷാമം....

വായിച്ചു എന്നു മാത്രം പറയാന്‍ ഒരു കമന്റ് അത്രേള്ളൂ...........

Sunith Somasekharan said...

nannayirikkunnu...kollaam

jyothi said...

ജയന്‍...സത്യമേതു മിഥ്യയേതു എന്ന തിരിച്ചറിയല്‍ തന്നെ മനുഷ്യ മനസ്സിന്റെ ഏറ്റവും സങ്കീര്‍ണ്ണമായ പ്രശ്നം.നല്ല വിവരണം. കണിക്കൊന്നയില്‍ ഈ ബ്ലോഗ് ഈയാഴ്ച ഇടുന്നു.ആശംസകള്‍!

ശ്രീ said...

വല്ലാതെ ഒരു ഫീല്‍ തോന്നി, ഇതു വായിച്ചപ്പോള്‍. എനിയ്ക്കു തോന്നുന്നു, മാനസിക നില തെറ്റിയ ഒരാളായിരിയ്ക്കാം അയാളെന്ന്. അയാളുറ്റെ കുട്ടി തന്നെ ആയിരിയ്ക്കാം അത്, ആ കുട്ടി പണ്ടെങ്ങോ മരിച്ചു പോയതാകാം. അയാളുടെ മാനസികാവസ്ഥ ശരിയല്ലാത്തതിനാല്‍ അന്നു രാവിലെ മരിച്ചതാണെന്ന് തോന്നുന്നതാകാം. അയാള്‍ ഇപ്പോഴും ജീവനോടെ ഉണ്ടാകുമെന്ന് തന്നെ ആണ് എന്റെ വിശ്വാസം.
ഇതു പോലെ മാനസിക നില തെറ്റി വളരെ പഴയ കാര്യങ്ങള്‍ പറഞ്ഞു കരയുന്ന ഒരു പ്രായമുള്ള സ്ത്രീയെ എനിയ്ക്കു പരിചയമുണ്ടായിരുന്നു... പാവം! ഇന്ന് ജീവനോടെയില്ല.

ശ്രീ said...

ദാ, കമന്റെഴുതി തീര്‍ത്ത് മുകളിലെ കമന്റുകള്‍ നോക്കുമ്പോള്‍ അതു പോലെ എഴുതിയിരിയ്ക്കുന്നവരും ഉണ്ടല്ലോ...
:)

Reflections said...

Jayan, ithinoru metro chaaya..calicattilum itharam anubhavangal undavumo!!..chilappo kozhikotte raathrikal anikku parijayam illathathu kondayirikkaam..Jayan ninde speciality andhannariyo..ninakku manusharodulla thaalparyam. athra samayam kazhijaalum ..athra vayasayaalum.. chuttumullavare sradhikkaanum avarkku samayam kodukaanumulla genuine aya interest anu ninde sucess..keep it up..touching story yaar...
bagalore il allathathu kondu print out aduthu kodukkunnilla room mates nu. allayirunnengil allarkkum kure parayanundayene.. good luck yaar.

Sarija NS said...

ജയാ,
നിണ്റ്റെ അക്ഷരങ്ങളിലൂടെ നടന്നപ്പോള്‍ എനിക്കസൂയ തോന്നി, നിണ്റ്റെ അനുഭവ സമ്പത്തിനെയോര്‍ത്ത്‌. അതു ഞങ്ങള്‍ക്കായി പകര്‍ത്തുന്ന നിനക്ക്‌ അഭിനന്ദനങ്ങള്‍

Sapna Anu B.George said...

നല്ല കഥ കേട്ടോ............കണ്ടതില്‍ സന്തോഷം

tom said...

jayaa
putheya kadha ( JEEVITHA KADHA ) kollam... bhudhi kodallathe hridhayam kodezhutheya anubhavakkurippual... anubhavangal athe padi erakki vekkumbhol manassu thanukkum... eppal athu vayanakkarude manassil pukanjukonde erikkum... aa pukachilanu jayaa ninte ezhuthente shakthi.. thudaruka e anubhava sanjaram... thalkalam ,,,,,,,