ഉത്തരമലബാറിലെ ഹൃദയത്തുടിപ്പുണര്‍ത്തുന്ന തെയ്യക്കാലം തുടങ്ങുന്നത് പത്താമുദയം തൊട്ടാണ്. തുലാമാസം പത്താം തീയതിയാണ് പത്താമുദയമെന്നറിയപ്പെടുന്നത്. തുലാപത്ത് തൊട്ട് ഇടവപ്പാതി വരെയുള്ള ആറേഴ്മാസക്കാലമാണ് കളിയാട്ടക്കാലം. ഓര്‍മ്മ വച്ച കാലം തൊട്ട് ഇത്തിരി ആവേശത്തോടേം തെല്ല് ഭയത്തോടേം തള്ളി നീക്കണ ഒരു ദിവസാണ് പത്താമുദയം എനിക്ക്. സ്കൂളില്‍ പോകാതെ കറങ്ങി നടക്കാമെന്നുള്ളതാണ് ആവേശം പകരുന്ന ഘടകം. അന്ന് ഇല്ലത്ത് കുറേ പൂജകളും മറ്റും ഒക്കെണ്ടാകും. ഭദ്രകാളിപൂജ, ഇല്ലത്തെ തേവാരകത്ത് കൂവച്ചാല്‍ ഭഗവതിക്ക് പ്രത്യേക പൂജ, കുരുതി. വര്‍ഷത്തില്‍ ഒരു ദിവസം മാത്രാ ഭഗവതിയുടെ വിഗ്രഹം മൂടിയിരിക്കുന്ന ചുവന്ന പട്ട് മാറ്റുക. അത് പത്താമുദയത്തിനാണ്. അങ്ങിനെ പട്ട് മാറ്റിയാല്‍ അന്ന് ഭഗവതിക്ക് കുരുതി വേണംന്നാ വിശ്വാസം. മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കണ കുരുതിയാണ് ആദ്യം. അത് ഇല്ലത്തുള്ളോര് തന്നെയാ ചെയ്യുക. അത് മാത്രം പോരാ ഭഗവതിക്ക്. ചോരതന്നെ വേണംത്രേ. കോഴിയെ വെട്ടി കുരുതി കൊടുക്കണം. അതു പക്ഷേ പെരുവണ്ണാനാണ് ചെയ്യുക. ഇല്ലത്തെ തെയ്യം കേട്ടാനവകാശമുള്ള പെരുവണ്ണാന്‍ തന്നെ വേണം അതിന്. പടിഞ്ഞാപ്പുറത്ത് മുറ്റത്ത് പട്ടുടുത്ത്, ഭഗവതിയുടേ കോലം കെട്ടി, തോറ്റം പാടി, പെരുവണ്ണാന്‍ കോഴിയെ വെട്ടി ഭഗവതിക്ക് കുരുതി കൊടുക്കും.
കാലത്ത് തുടങ്ങും പത്താമുദയത്തിന്റെ ഒരുക്കങ്ങള്‍. ആദ്യം തേവാരകത്ത് ഭദ്രകാളി പൂജ. കൂവച്ചാല്‍ ഭഗവതിക്ക് കുരുതി, പിന്നെ വലിയ പടിഞ്ഞാറ്റിയില്‍ ധര്‍മ്മ ദൈവങ്ങള്‍ക്ക് കുരുതി. ഇതൊക്കെ അച്ഛനാ സാധാരണ ചെയ്യാറ് പതിവ്. ഞാനും, അനൂം സഹായത്തിന്. കോടി മുണ്ടും ചുറ്റി വല്യ ഗമയിലാകും ഞങ്ങള്‍. മഞ്ഞളും ചുണ്ണാമ്പും കലക്കി കുരുതി ഉണ്ടാക്കുക, നേദിക്കാനുള്ള മലരും, അവിലും ഇളനീരും ഒരുക്കി വയ്ക്കുക, പൂവും അക്ഷതവും ഒരുക്കി വയ്ക്കുക ഇതൊക്കെയാണ് ഞങ്ങളുടെ പണി. നേദ്യം കഴിഞ്ഞാ ഇളനീരിന് അനൂം, ഞാനും തമ്മില്‍ അടികൂടും. ഒന്നില്‍ കൂടുതല്‍ ഇളനീരുണ്ടെങ്കില്‍ വലുതിനു വേണ്ടിയാകും തമ്മില്‍ തല്ല്. ഒടുവില്‍ അച്ഛന്‍ ശുണ്ഠി എടുക്കുന്നതു വരെ തുടരും ഈ അടിപിടി. അകത്തെ പൂജേം കുരുതീം എല്ലാം കഴിയാന്‍ ഉച്ചയാകും. പിന്നെയാ പുറത്ത് പെരുവണ്ണാന്റെ വക കുരുതി.
നാട്ടിലെ ഏറ്റവും നല്ല കോഴിക്കാണ് അതാതു വര്‍ഷം കഴുത്തില്‍ കത്തി വീഴാന്‍ യോഗം. കാലത്തു തന്നെ ഇല്ലത്തെ പണിക്കാരാരെങ്കിലും കോഴിയെ വാങ്ങിച്ച് കൊണ്ടരും. പത്തായപ്പുരയുടെ ഉമ്മറത്ത് ഒരു കൊട്ടകൊണ്ട് കോഴിയെ അടച്ചു വച്ചിട്ടുണ്ടാകും. അതു കണ്ടാല്‍ തുടങ്ങും മനസില്‍ ഒരു വെപ്രാളം. ഞാനും അനൂം അതിന്റടുത്ത് ചെന്ന് ഉള്ളീന്ന് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കും. കോട്ട പൊക്കി നോക്കാന്‍ ആരും സമ്മതിക്കില്ല. അതിനെ അഴിച്ചു വിടണംന്ന് തോന്നും ചിലപ്പോ. പക്ഷേ പേടികാരണം ചെയ്യില്ലാന്ന് മാത്രം. അപ്പോളേക്കും പടിഞ്ഞാപ്പുറത്ത് മുറ്റത്ത് പെരുവണ്ണാന്‍ കലശം വച്ചിരിക്കും. വാഴപ്പോളകെണ്ട് സമചതുരാക്രിതിയുള്ള കള്ളികളുണ്ടാക്കി അതില്‍ പന്തം കുത്തി നിര്‍ത്തിയാണ് കലശം വയ്ക്കുക. മനസ് പിടയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും അപ്പോളേക്കും.
പെരുവണ്ണാന്‍ പട്ടുടുത്ത്, കോലം കെട്ടി, തലയിലൊരു ചെറിയ മുടി (കിരീടം) വച്ച് ഒരുങ്ങി നില്‍ക്കും. പടിഞ്ഞാപ്പുറത്ത് ഇറയത്തില്‍ എല്ലാരും കുരുതി കാണാന്‍ നില്‍ക്കുന്നുണ്ടാകും. അച്ഛന്‍ ഒരു കസേരയിട്ട് അവിടെ ഇരിക്കും. പേടികാരണം കസേരയുടെ പിന്നില്‍ ഒളിഞ്ഞ് നില്‍ക്കുകയാവും ഞാന്‍. അനൂന് പക്ഷേ നല്ല ധൈര്യമാണ്. അച്ഛന്റെ മടീല്‍ മൂപ്പര് ഇരിപ്പുണ്ടാകും. പെരുവണ്ണാന്‍ അച്ഛനോട് സമ്മതം ചോദിക്കും. “ ന്റെ മേലാളി പെരുംചെല്ലൂര്‍ ഗ്രാമേ........” അതു കേട്ടാല്‍ അച്ഛന്‍ സമ്മതം മൂളും. അപ്പോ കണ്ണടച്ചാല്‍ പിന്നെ എല്ലാം കഴിഞ്ഞൂന്ന് മനസിലായാലെ ഞാന്‍ കണ്ണു തുറക്കൂ. അച്ഛനെന്നെ മുന്നിലോട്ട് നീക്കി നിര്‍ത്തിയാലും കണ്ണു തുറക്കാന്‍ കൂട്ടാക്കില്ല. ഇടയ്ക്കിടയ്ക്ക് ഭഗവതീടെ അലര്‍ച്ച കേള്‍ക്കാം ചിലപ്പോള്‍ മുരള്‍ച്ച, അട്ടഹാസം. കയ്യിലിരിക്കുന്ന വാളിന്റെ മണികിലുക്കം, ഇടയ്ക്ക് കോഴിയുടെ ശബ്ദം കേള്‍ക്കാം. കഴുത്തില്‍ കത്തി വീഴുന്നതിനു മുന്നെയുള്ള അതിന്റെ ദയനീയമായ ശബ്ദം. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ ചെവിയും പൊത്തി നിലത്ത് കുത്തിയിരിക്കും. എന്നാലും കേള്‍ക്കും തലപോയ കോഴിയുടെ ഉടല്‍ കിടന്ന് പിടയ്ക്കുന്ന ശബ്ദം. ഞാന്‍ ചെവി വീണ്ടും മുറുക്കെ പൊത്തിപ്പിടിക്കും. അച്ഛനെന്നെ എടുത്ത് പൊക്കാന്‍ ശ്രമിച്ചാല്‍ കുതറി ഓടും. അകത്ത് അമ്മമ്മേടെ പിന്നില്‍ ഒളിച്ച് നില്‍ക്കും ഞാന്‍. എല്ലാം കഴിയുമ്പോള്‍ ആശ്വാസത്തോടേ വിഢിച്ചിരി ചിരിക്കും. എല്ലാരും എന്നെ കളിയാക്കുന്നുണ്ടാകും അപ്പോള്‍. അനൂനെ കണ്ട് പഠിക്ക് എന്ന് ചിലപ്പോള്‍ പറയും. അതു കേട്ടാല്‍ എനിക്ക് ശുണ്ഠി വരും. വല്യ ഗമയില്‍ എന്നെ ഓട്ടക്കണ്ണിട്ട് നോക്കുകയാകും അനുവപ്പോള്‍. വേറെ എന്തെങ്കിലും കാരണം കണ്ടു പിടിച്ച് അനൂന് രണ്ട് കിഴുക്ക് വച്ച് കൊടുത്ത് അന്നു തന്നെ ആ കണക്ക് തീര്‍ക്കും ഞാന്‍.
കുരുതി കഴിഞ്ഞാ എല്ലാരും പോകും. ഞങ്ങള്‍ മാത്രാകും പിന്നെ ഇല്ലത്ത്. ആ കോഴിയുടെ പിടച്ചിലാകും അന്നേരവും മനസില്‍. മുറ്റത്തിറങ്ങി കുരുതി നടത്തിയ സ്ഥലത്ത് ചെന്ന് നില്‍ക്കും ഞാന്‍. പുല്ലിലും,മണ്ണിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചോരപ്പാടുകള്‍ കാണുമ്പോ പേടി തോന്നും. രാത്രി ഊണു കഴിക്കുമ്പോ അമ്മയോടു ചോദിക്കും “ആ കോഴിയെ പിന്നെ പെരുവണ്ണാന്‍ എന്തു ചെയ്തിട്ടുണ്ടാകും അമ്മേ...?” പെരുവണ്ണാന്‍ അതിനെ കൂട്ടാന്‍ വച്ച് കഴിച്ചിട്ടുണ്ടാകും എന്ന് അമ്മ പറയും. അപ്പോ ഞാന്‍ അടുത്ത സംശയം ചോദിക്കും. “അല്ല അമ്മേ.. അമ്മ പറയാറില്ലേ കൊന്നാല്‍ പാപം കിട്ടുന്ന്...?” ഉത്തരം മുട്ടിക്കുന്ന ഈ ചോദ്യത്തിന്‍ മറുപടി അമ്മമ്മയാ പറയുക. “കൊന്നാല്‍ പാപം തിന്നാല്‍ തീരുംന്നാ പ്രമാണം...” അപ്പോളെക്ക്കും അടുത്ത സംശയമെത്തും “അപ്പോ അമ്മമ്മേ... കൊല്ലിച്ചാലത്തെ പാപോ...?” പക്ഷേ മറുപടിയില്ലാത്ത സംശയമായി എന്റെ കുഞ്ഞു വായിലെ വലിയ ചോദ്യം അവശേഷിക്കും. രാത്രി അമ്മേ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോളും മനസില്‍ ബാക്കി ആ സംശയം തന്നെയാകും. “കൊല്ലിച്ചാലത്തെ പാപം എങ്ങിനെയാ തീരുക...?”