Saturday, October 25, 2008

പത്താമുദയം

ഉത്തരമലബാറിലെ ഹൃദയത്തുടിപ്പുണര്‍ത്തുന്ന തെയ്യക്കാലം തുടങ്ങുന്നത് പത്താമുദയം തൊട്ടാണ്. തുലാമാസം പത്താം തീയതിയാണ് പത്താമുദയമെന്നറിയപ്പെടുന്നത്. തുലാപത്ത് തൊട്ട് ഇടവപ്പാതി വരെയുള്ള ആറേഴ്മാസക്കാലമാണ് കളിയാട്ടക്കാലം. ഓര്‍മ്മ വച്ച കാലം തൊട്ട് ഇത്തിരി ആവേശത്തോടേം തെല്ല് ഭയത്തോടേം തള്ളി നീക്കണ ഒരു ദിവസാണ് പത്താമുദയം എനിക്ക്. സ്കൂളില്‍ പോകാതെ കറങ്ങി നടക്കാമെന്നുള്ളതാണ് ആവേശം പകരുന്ന ഘടകം. അന്ന് ഇല്ലത്ത് കുറേ പൂജകളും മറ്റും ഒക്കെണ്ടാകും. ഭദ്രകാളിപൂജ, ഇല്ലത്തെ തേവാരകത്ത് കൂവച്ചാല്‍ ഭഗവതിക്ക് പ്രത്യേക പൂജ, കുരുതി. വര്‍ഷത്തില്‍ ഒരു ദിവസം മാത്രാ ഭഗവതിയുടെ വിഗ്രഹം മൂടിയിരിക്കുന്ന ചുവന്ന പട്ട് മാറ്റുക. അത് പത്താമുദയത്തിനാണ്. അങ്ങിനെ പട്ട് മാറ്റിയാല്‍ അന്ന് ഭഗവതിക്ക് കുരുതി വേണംന്നാ വിശ്വാസം. മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കണ കുരുതിയാണ് ആദ്യം. അത് ഇല്ലത്തുള്ളോര് തന്നെയാ ചെയ്യുക. അത് മാത്രം പോരാ ഭഗവതിക്ക്. ചോരതന്നെ വേണംത്രേ. കോഴിയെ വെട്ടി കുരുതി കൊടുക്കണം. അതു പക്ഷേ പെരുവണ്ണാനാണ് ചെയ്യുക. ഇല്ലത്തെ തെയ്യം കേട്ടാനവകാശമുള്ള പെരുവണ്ണാന്‍ തന്നെ വേണം അതിന്. പടിഞ്ഞാപ്പുറത്ത് മുറ്റത്ത് പട്ടുടുത്ത്, ഭഗവതിയുടേ കോലം കെട്ടി, തോറ്റം പാടി, പെരുവണ്ണാന്‍ കോഴിയെ വെട്ടി ഭഗവതിക്ക് കുരുതി കൊടുക്കും.

കാലത്ത് തുടങ്ങും പത്താമുദയത്തിന്റെ ഒരുക്കങ്ങള്‍. ആദ്യം തേവാരകത്ത് ഭദ്രകാളി പൂജ. കൂവച്ചാല്‍ ഭഗവതിക്ക് കുരുതി, പിന്നെ വലിയ പടിഞ്ഞാറ്റിയില്‍ ധര്‍മ്മ ദൈവങ്ങള്‍ക്ക് കുരുതി. ഇതൊക്കെ അച്ഛനാ സാധാരണ ചെയ്യാറ് പതിവ്. ഞാനും, അനൂം സഹായത്തിന്. കോടി മുണ്ടും ചുറ്റി വല്യ ഗമയിലാകും ഞങ്ങള്‍. മഞ്ഞളും ചുണ്ണാമ്പും കലക്കി കുരുതി ഉണ്ടാക്കുക, നേദിക്കാനുള്ള മലരും, അവിലും ഇളനീരും ഒരുക്കി വയ്ക്കുക, പൂവും അക്ഷതവും ഒരുക്കി വയ്ക്കുക ഇതൊക്കെയാണ് ഞങ്ങളുടെ പണി. നേദ്യം കഴിഞ്ഞാ ഇളനീരിന് അനൂം, ഞാനും തമ്മില്‍ അടികൂടും. ഒന്നില്‍ കൂടുതല്‍ ഇളനീരുണ്ടെങ്കില്‍ വലുതിനു വേണ്ടിയാകും തമ്മില്‍ തല്ല്. ഒടുവില്‍ അച്ഛന്‍ ശുണ്ഠി എടുക്കുന്നതു വരെ തുടരും ഈ അടിപിടി. അകത്തെ പൂജേം കുരുതീം എല്ലാം കഴിയാന്‍ ഉച്ചയാകും. പിന്നെയാ പുറത്ത് പെരുവണ്ണാന്റെ വക കുരുതി.

നാട്ടിലെ ഏറ്റവും നല്ല കോഴിക്കാണ് അതാതു വര്‍ഷം കഴുത്തില്‍ കത്തി വീഴാന്‍ യോഗം. കാലത്തു തന്നെ ഇല്ലത്തെ പണിക്കാരാരെങ്കിലും കോഴിയെ വാങ്ങിച്ച് കൊണ്ടരും. പത്തായപ്പുരയുടെ ഉമ്മറത്ത് ഒരു കൊട്ടകൊണ്ട് കോഴിയെ അടച്ചു വച്ചിട്ടുണ്ടാകും. അതു കണ്ടാല്‍ തുടങ്ങും മനസില്‍ ഒരു വെപ്രാളം. ഞാനും അനൂം അതിന്റടുത്ത് ചെന്ന് ഉള്ളീന്ന് ശബ്ദം കേള്‍ക്കുന്നുണ്ടോ എന്ന് നോക്കും. കോട്ട പൊക്കി നോക്കാന്‍ ആരും സമ്മതിക്കില്ല. അതിനെ അഴിച്ചു വിടണംന്ന് തോന്നും ചിലപ്പോ. പക്ഷേ പേടികാരണം ചെയ്യില്ലാന്ന് മാത്രം. അപ്പോളേക്കും പടിഞ്ഞാപ്പുറത്ത് മുറ്റത്ത് പെരുവണ്ണാന്‍ കലശം വച്ചിരിക്കും. വാഴപ്പോളകെണ്ട് സമചതുരാക്രിതിയുള്ള കള്ളികളുണ്ടാക്കി അതില്‍ പന്തം കുത്തി നിര്‍ത്തിയാണ് കലശം വയ്ക്കുക. മനസ് പിടയ്ക്കാന്‍ തുടങ്ങീട്ടുണ്ടാകും അപ്പോളേക്കും.

പെരുവണ്ണാന്‍ പട്ടുടുത്ത്, കോലം കെട്ടി, തലയിലൊരു ചെറിയ മുടി (കിരീടം) വച്ച് ഒരുങ്ങി നില്‍ക്കും. പടിഞ്ഞാപ്പുറത്ത് ഇറയത്തില്‍ എല്ലാരും കുരുതി കാണാന്‍ നില്‍ക്കുന്നുണ്ടാകും. അച്ഛന്‍ ഒരു കസേരയിട്ട് അവിടെ ഇരിക്കും. പേടികാരണം കസേരയുടെ പിന്നില്‍ ഒളിഞ്ഞ് നില്‍ക്കുകയാവും ഞാന്‍. അനൂന് പക്ഷേ നല്ല ധൈര്യമാണ്. അച്ഛന്റെ മടീല്‍ മൂപ്പര് ഇരിപ്പുണ്ടാകും. പെരുവണ്ണാന്‍ അച്ഛനോട് സമ്മതം ചോദിക്കും. “ ന്റെ മേലാളി പെരുംചെല്ലൂര്‍ ഗ്രാമേ........” അതു കേട്ടാല്‍ അച്ഛന്‍ സമ്മതം മൂളും. അപ്പോ കണ്ണടച്ചാല്‍ പിന്നെ എല്ലാം കഴിഞ്ഞൂന്ന് മനസിലായാലെ ഞാന്‍ കണ്ണു തുറക്കൂ. അച്ഛനെന്നെ മുന്നിലോട്ട് നീക്കി നിര്‍ത്തിയാലും കണ്ണു തുറക്കാന്‍ കൂട്ടാക്കില്ല. ഇടയ്ക്കിടയ്ക്ക് ഭഗവതീടെ അലര്‍ച്ച കേള്‍ക്കാം ചിലപ്പോള്‍ മുരള്‍ച്ച, അട്ടഹാസം. കയ്യിലിരിക്കുന്ന വാളിന്റെ മണികിലുക്കം, ഇടയ്ക്ക് കോഴിയുടെ ശബ്ദം കേള്‍ക്കാം. കഴുത്തില്‍ കത്തി വീഴുന്നതിനു മുന്നെയുള്ള അതിന്റെ ദയനീയമായ ശബ്ദം. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ ചെവിയും പൊത്തി നിലത്ത് കുത്തിയിരിക്കും. എന്നാലും കേള്‍ക്കും തലപോയ കോഴിയുടെ ഉടല്‍ കിടന്ന് പിടയ്ക്കുന്ന ശബ്ദം. ഞാന്‍ ചെവി വീണ്ടും മുറുക്കെ പൊത്തിപ്പിടിക്കും. അച്ഛനെന്നെ എടുത്ത് പൊക്കാന്‍ ശ്രമിച്ചാല്‍ കുതറി ഓടും. അകത്ത് അമ്മമ്മേടെ പിന്നില്‍ ഒളിച്ച് നില്‍ക്കും ഞാന്‍. എല്ലാം കഴിയുമ്പോള്‍ ആശ്വാസത്തോടേ വിഢിച്ചിരി ചിരിക്കും. എല്ലാരും എന്നെ കളിയാക്കുന്നുണ്ടാകും അപ്പോള്‍. അനൂനെ കണ്ട് പഠിക്ക് എന്ന് ചിലപ്പോള്‍ പറയും. അതു കേട്ടാല്‍ എനിക്ക് ശുണ്ഠി വരും. വല്യ ഗമയില്‍ എന്നെ ഓട്ടക്കണ്ണിട്ട് നോക്കുകയാകും അനുവപ്പോള്‍. വേറെ എന്തെങ്കിലും കാരണം കണ്ടു പിടിച്ച് അനൂന് രണ്ട് കിഴുക്ക് വച്ച് കൊടുത്ത് അന്നു തന്നെ ആ കണക്ക് തീര്‍ക്കും ഞാന്‍.

കുരുതി കഴിഞ്ഞാ എല്ലാരും പോകും. ഞങ്ങള്‍ മാത്രാകും പിന്നെ ഇല്ലത്ത്. ആ കോഴിയുടെ പിടച്ചിലാകും അന്നേരവും മനസില്‍. മുറ്റത്തിറങ്ങി കുരുതി നടത്തിയ സ്ഥലത്ത് ചെന്ന് നില്‍ക്കും ഞാന്‍. പുല്ലിലും,മണ്ണിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചോരപ്പാടുകള്‍ കാണുമ്പോ പേടി തോന്നും. രാത്രി ഊണു കഴിക്കുമ്പോ അമ്മയോടു ചോദിക്കും “ആ കോഴിയെ പിന്നെ പെരുവണ്ണാന്‍ എന്തു ചെയ്തിട്ടുണ്ടാകും അമ്മേ...?” പെരുവണ്ണാന്‍ അതിനെ കൂട്ടാന്‍ വച്ച് കഴിച്ചിട്ടുണ്ടാകും എന്ന് അമ്മ പറയും. അപ്പോ ഞാന്‍ അടുത്ത സംശയം ചോദിക്കും. “അല്ല അമ്മേ.. അമ്മ പറയാറില്ലേ കൊന്നാല്‍ പാപം കിട്ടുന്ന്...?” ഉത്തരം മുട്ടിക്കുന്ന ഈ ചോദ്യത്തിന്‍ മറുപടി അമ്മമ്മയാ പറയുക. “കൊന്നാല്‍ പാപം തിന്നാല്‍ തീരുംന്നാ പ്രമാണം...” അപ്പോളെക്ക്കും അടുത്ത സംശയമെത്തും “അപ്പോ അമ്മമ്മേ... കൊല്ലിച്ചാലത്തെ പാപോ...?” പക്ഷേ മറുപടിയില്ലാത്ത സംശയമായി എന്റെ കുഞ്ഞു വായിലെ വലിയ ചോദ്യം അവശേഷിക്കും. രാത്രി അമ്മേ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോളും മനസില്‍ ബാക്കി ആ സംശയം തന്നെയാകും. “കൊല്ലിച്ചാലത്തെ പാപം എങ്ങിനെയാ തീരുക...?”

26 comments:

ബൈജു സുല്‍ത്താന്‍ said...

:)

ജിഹേഷ്:johndaughter: said...

Enikkum pediyayirunnu kozhiye kollunnathu kanan.. Pakshe thinnan oru pediyum ella :)

ടെസി said...

ഞാന്‍ എന്താ ഇപ്പ ഇവിടെ പറയ്യാ...

എഴുത്തു വളരെ നന്നായിരിക്കുന്നു... ഇല്ലമൊക്കെ ഞാന്‍ കണ്ടു... അച്ഛനെയും ജയേട്ടനെയും അനൂനെയുമൊക്കെ...

ഇങ്ങനത്തെ കഥകള്‍ ഇനിയും എഴുതുക.. ബ്ലോഗില്‍ ഞാന്‍ അധികം കണ്ടിട്ടില്ലാത്ത ഒരു ശൈലിയാണിതു... അഭിനന്ദങ്ങള്‍.... :)

ഭൂമിപുത്രി said...

തുലാം മാസത്തിലും പത്താമുദയമുണ്ടല്ലേ?
വിഷു കഴിഞ്ഞ് പത്താം ദിവസം ദിവസം-സൂര്യൻ ഉച്ചത്തിൽ നിൽക്കുന്ന ദിവസം-പത്താമുദയം എന്ന് കേട്ടിട്ടുണ്ട്.
അപരിചതമായ ഈ അനുഷ്ഠാനങ്ങൾ കാണുന്നതുപോലെത്തോന്നി വായിച്ചുവന്നപ്പോൾ

തോന്ന്യാസി said...

കൊന്നാല്‍ പാപം തിന്നാല്‍ തീ‍രും, അപ്പോ കൊല്ലിച്ചാലത്തെ പാപോ?

അതൊരു വല്ലാത്ത ചോദ്യമായല്ലോ ആശാനേ.......

എന്നെങ്കിലും ഒരിക്കല്‍ മറുപടി കിട്ടുമായിരിയ്ക്കും അല്ലേ?

ശ്രീ said...

പത്താമുദയത്തെ പറ്റിയുള്ള പോസ്റ്റ് നന്നായി.
:)

Indhu said...

ആദ്യമായി ഇവിടെ എത്തിയതാണ്.ഒറ്റയിരുപ്പില്‍ എല്ലാ പോസ്റ്റും വായിച്ചു...
എഴുത്ത് നന്നായിട്ടുണ്ട്......

lakshmy said...

ജയനാരായണൻ..പോസ്റ്റ് നന്നായിരിക്കുന്നു. അറിയാത്ത കുറെ അചാരാനുഷ്ഠാനങ്ങളെ കൂടി മനസ്സിലായി.നന്ദി

ഇപ്പോഴും ഉണ്ടോ ഈ കോഴിവെട്ടൊക്കെ?

നിരക്ഷരന്‍ said...

കുറേയധികം നാള്‍ മലബാറില്‍ ജീവിച്ചിട്ടും മനസ്സിലാക്കാന്‍ പറ്റാതെ പോയ ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി. നന്ദി മാഷേ....

കാണാന്‍ പറ്റാത്തെ കാഴ്ച്ചകളുടെ കൂട്ടത്തില്‍ തെയ്യങ്ങളുമുണ്ട്.

smitha adharsh said...

നന്നായി..നല്ല പോസ്റ്റ്..ഒരുപാടിഷ്ടപ്പെട്ടു..ഈ ശൈലി.

Sarija N S said...

അപ്പു,
എത്രയോ നാളുകള്‍ക്കു ശേഷമാണ് അപ്പു ഇത്? ഞാന്‍ വായിക്കാന്‍ വൈകിപ്പോയല്ലൊ. മേടത്തിലെ പത്താമുദയം മാത്രമായിരുന്നു ഇതു വരെ എനിക്കറിയാവുന്നത്. കുരുതി അത്ര ഇഷ്ടമല്ലെങ്കിലും ആചാരങ്ങളെ ഞാന്‍ എന്നും ഇഷ്ടപ്പെടുന്നു. ഇനിയും എഴുതപ്പൂ ഇങ്ങനെയുള്ള ചടങ്ങുകളെക്കുറിച്ച്

sree said...

pathamudayam vayichu, nannayittund,Illathe palum vellari nadakkumbloe komaram nettiyil vaalu kondu vetti chora varunnathu kanumbole enikku pediyayirunnu.
prasadettan

പോങ്ങുമ്മൂടന്‍ said...

വളരെ നന്നായിരിക്കുന്നു പുടയൂരേ..

അർത്ഥവത്തായ ഒരു ചോദ്യത്തോടെ അവസാനിപ്പിച്ച ഈ പോസ്റ്റും പതിവുപോലെ മനോഹരമായിരിക്കുന്നു.

നന്ദകുമാര്‍ said...

അതൊരു ചോദ്യമായിപ്പോയി!!

പല ആചാരങ്ങളേയും കുറീച്ചുള്ള വിവരണം നന്നായി. മേടം പത്തായിരുന്നു ഞാനറിയുന്ന പത്താമുദയം.
നന്ദി. ഈ വിവരണങ്ങള്‍ക്ക്

നന്ദന്‍/നന്ദപര്‍വ്വം

അമൃതാ വാര്യര്‍ said...

"പക്ഷേ മറുപടിയില്ലാത്ത സംശയമായി എന്റെ കുഞ്ഞു വായിലെ വലിയ ചോദ്യം അവശേഷിക്കും. രാത്രി അമ്മേ കെട്ടിപ്പിടിച്ച് കിടന്നുറങ്ങുമ്പോളും മനസില്‍ ബാക്കി ആ സംശയം തന്നെയാകും. “കൊല്ലിച്ചാലത്തെ പാപം എങ്ങിനെയാ തീരുക...?” "

അല്ല മാഷേ....
ഇപ്പോഴെങ്കിലും
ആ സംശയങ്ങള്‍ക്കെല്ലാമുള്ള
മറുപടി ലഭിച്ചോ ആവോ...?
എവിടെ..അല്ലേ..?
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കൊപ്പം
പരിഹാരം കാണാത്ത സംശയങ്ങളും
ബാക്കി വയ്ക്കുന്നു ....കാലം....

അന്യന്‍ said...

"ജയന്റെ അനുഭവങ്ങള്‍ വായിക്കുന്നത്‌
എനിക്ക്‌ നല്ല ഇഷ്ടമുള്ള കാര്യമാണ്‌...
പലപ്പോഴും സമയം ലഭിക്കാറില്ലാത്തിനാല്‍
ബ്ലോഗ്‌ വായന കുറയുന്നെന്ന്‌ മാത്രം...."

ഉപാസന || Upasana said...

ജയന്‍ നനായി വിശദീകരിച്ചിരിയ്ക്കുന്നു ആചാരങ്ങളേയും സംഭവങ്ങളേയും പറ്റി.
ആശംസകള്‍
:-)
ഉപാസന

ഗീതാഗീതികള്‍ said...

ദൈവമേ ഇല്ലങ്ങളിലും കോഴിക്കുരുതിയോ?
ഇപ്പോഴുമതു തുടരുന്നുണ്ടോ പുടയൂരേ?

kariannur said...

കോഴികേറിച്ചിനക്കുന്നൂ
കുഴഞ്ഞഹൃദയത്തിലും

Sapna Anu B.George said...

നന്നായിരിക്കുന്നു...

Ratheesh said...

വളരെ നന്നായിരിക്കുന്നു......ഇനിയും എഴുതുക...

രതീഷ്‌

raman said...

vallathe kondu, kaaryam avasaanathe chodyam chodichathu thanneyaavum... nnnaalum.. aa chodyam ozhivaakkunnathu thanne bakkiyullathinte lalithyam, innocence, kusruthi, tenderness, ithyadikkokke chercha

Ashok said...

pediku ipazhum valya matamonnum kanunnillallo!!

catherine said...

You are good at this. Encore.

അഭിമന്യു said...

ഒരു നിമിഷം സുഹൃത്തേ,
നിങ്ങളൊക്കെ വല്യ ബൂലോക പുലികളല്ലേ?
താഴെ കൊടുത്തിരിക്കുന്ന എന്‍റെ പോസ്റ്റില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നു.നിങ്ങളുടെ ബ്ലോഗ് ഞാന്‍ വായിച്ചില്ല, എങ്കില്‍ കൂടി അര്‍ഹതപ്പെട്ട വിഷയമായതിനാലാണ്‌ ഇങ്ങനെ ഒരു കമന്‍റ്‌ ഇട്ടത്, ക്ഷമിക്കണം.ഇനി ആവര്‍ത്തിക്കില്ല, ദയവായി പോസ്റ്റ് നോക്കുക.

അമ്മ നഗ്നയല്ല

Indutty said...

ഇവിടെ ഞങ്ങള്‍ തെക്കന്മാര്‍ക്ക്‌ തെയ്യവും കുരുതിയും ഒന്നും ഇല്ല,അത്തരം അനുഭവങ്ങള്‍ കിട്ടുന്നത് വായനയുടെ ലോകത് നിന്നുമാണ് ..പക്ഷെ മാഷേ ഒരു സംശയം ... മുത്തശ്ശിയും മുത്തശ്ശനും അമ്മയും ഒക്കെ പറഞ്ഞു തന്ന കഥകളില്‍ ഇല്ലങ്ങളില്‍ നടന്നിട്ടുള്ള ,അല്ലെങ്കില്‍ ഇപ്പോളും നടക്കുന്ന പൂജാദി കാര്യത്തിലൊന്നും ഒരു കുരുതി കഥ കേട്ടിട്ടില്ല ..അവര്‍ക്കും ഇത് അറിയില്ലായിരിക്കാം ...എന്നാലും സംശയം ചോദിക്കാമല്ലോ ..താങ്കളുടെ ഇല്ലത്ത് മാത്രം ഉള്ളതാണോ ഇത്തരം ചടങ്ങുകള്‍ ..അതോ മലബാറിലെ ഇല്ലങ്ങളില്‍ ഈ പതിവുണ്ടോ ?ഏതായാലും ആ ചോദ്യം നന്നായിട്ടുണ്ട് ..കൊല്ലിച്ചാലത്തെ പാപം എങ്ങനെ തീരും ...അമ്മയോടും മുത്തശ്ശിയോടും ഇങ്ങനത്തെ എന്തേലും സംശയം ചോദിച്ചാല്‍ അവര്‍ എന്നോട് പറയാറുള്ള ഒരു കാര്യമുണ്ട് ...ഉത്തരം കിട്ടാതാവുമ്പോള്‍ ...."കിന്നാരം ചോദിക്കാതെ പോടീന്നു "...അങ്ങനെ എന്തേലും മറുപടി കിട്ടിയോ ?