Friday, January 18, 2008

കൊയമ്പത്തൂര്‍ മംഗലാപുരം ഫാസ്റ്റ്പാസഞ്ചര്‍ ( ഒരു തല്ലുകൊള്ളിയുടെ യാത്രാവിവരണം)

ഒരു യാത്രാവിവരണം എഴുതി സാക്ഷാല്‍ എസ്.കെ പൊറ്റക്കാടിന് പിന്മുറക്കരനാകുക എന്ന ഉദ്ദേശത്തോടെയൊന്നുമല്ല ഈയുള്ളവന്‍ ഇതെഴുതുന്നത്. ഒരു യത്ര; അത് തല്ലുകൊള്ളിയുടേതാകുമ്പൊള്‍ എന്തെങ്കിലുമൊക്കെ വിവരിക്കാന്‍ കാണുമല്ലോ.. അത് വിനയപൂര്‍വ്വം അവതരിപ്പിക്കുന്നുവെന്നു മാത്രം. എന്തായാലും പറഞ്ഞു വരുന്നത് സാക്ഷാല്‍ തല്ലുകൊള്ളി നടത്തിയ ഒരു മഹത്തായ യാത്രയെപ്പറ്റിയാണ്.


നാടിനേയും നാട്ടാരെയും വിറപ്പിച്ച പഴയ വള്ളിട്രൌസറുകാരന്‍ തല്ലുകൊള്ളി വളര്‍ന്നു. ഒരു പനയോളം. പനയോളം എന്നു കേള്‍ക്കുമ്പൊള്‍ ഖസാക്കിലെ കാറ്റേറ്റിളകുന്ന കരിമ്പനയോളമാ‍ണെന്നു കരുതിയെങ്കില്‍ തെറ്റി. ഇത് ചെടിചട്ടിയില്‍ വയ്ക്കുന്ന വളര്‍ച്ച മുരടിച്ച കുള്ളന്‍ പന. മുകളിലോട്ടുള്ള വളര്‍ച്ച മുരടിച്ചപ്പോ പിന്നെ വളര്‍ച്ച വശങ്ങളിലോട്ടായി. ആ വളര്‍ച്ച ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. അതു വരെ നെരുന്തു പോലിരുന്ന ചെക്കന്‍ ഒരു സുപ്രഭാതത്തില്‍ തടിക്കാ‍ന്‍ തുടങ്ങി. അനുവാണെങ്കില്‍ മെലിയാനും. നാട്ടുകാര്‍ മൂക്കത്ത് വിരല്‍ വച്ചു. “ഈശ്വരാ.. ഈ ചെറുക്കനു കൊടുക്കേണ്ട ഭക്ഷണം കൂടി ഈ തല്ലുകൊള്ളിയാണോ തിന്നണേ..?” പലരും ഇക്കാര്യം അമ്മയൊടും ചോദിക്കാന്‍ തുടങ്ങി. “ അല്ല ഹൈമേ... ഇതെന്താ ഇങ്ങിനേ...?” അമ്മേടെ ചങ്ക് പറിയുമെന്ന അവസ്ഥയായി. എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയ അമ്മ, ഭൂമിമലയാളത്തില്‍ കിട്ടുന്ന വിറ്റാമിന്‍ ഗുളികകളും, പ്രോട്ടീന്‍ പൌഡറുകളും കൊടുത്ത് അനൂന്റെ ആകാരസൌഷ്ടവം വീണ്ടെടുക്കാന്‍ കടുത്ത പ്രയത്നം തുടങ്ങി. കോട്ടയ്ക്കല്‍ ആര്യവൈദ്യ ശാലയുടേയും, എസ്.ഡി ഫാര്‍മ്മസിയുടേയും, നാഗാര്‍ജ്ജുനയുടേയും ചവനപ്രാശങ്ങള്‍ മാറിമാറി തീറ്റിച്ചു. എന്തു ഫലം? അനുവിന്റെ ശോഷിപ്പ് തുടര്‍ന്നു. പകരം കോമ്രെഡ് തല്ലുകൊള്ളി കരുത്തനായിക്കൊണ്ടേ ഇരുന്നു. അങ്ങിനെ ഉരുണ്ടുരുണ്ട് നടക്കുന്ന കാലത്താണ് ഈയുള്ളവന്‍ ചരിത്രപ്രസിദ്ധമായ ആ യാത്രനടത്തുന്നത്.


എട്ടാം ക്ലാസില്‍ പഠിക്കുമ്പോളാണ് ഒറ്റയ്ക്ക് ഊരുചുറ്റാനുള്ള പര്‍മിറ്റ് അച്ഛനുമമ്മയും അനുവദിക്കുന്നത്. ഓണക്കാലത്ത് തൃശ്ശൂര്‍ക്ക് ഒരു തീവണ്ടിയാത്ര. കണ്ണൂരീന്ന് ‘തല്ലുകൊള്ളിത്തരമൊന്നും’ കാണിക്കാതെ തൃശ്ശൂരില്‍ ചെന്നിറങ്ങിയപ്പോ ലോകം കീഴടക്കിയ അഹങ്കാരമായിരുന്നു ഉള്ളില്‍. സത്യത്തില്‍ ഈ യാത്രാവിവരണം തുടങ്ങുന്നത് അവിടുന്നല്ല. 7 ദിവസത്തെ തൃശ്ശൂര്‍ വാസത്തിനു ശേഷം നടത്തിയ മടക്കയാത്രയില്‍ നിന്നാണ്.


കാലത്ത് 9:15 പൂങ്കുന്നം റയില്‍വേസ്റ്റേഷന്‍.


തൃശ്ശൂര്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ലൊക്കല്‍ സ്റ്റേഷനാണ് പൂങ്കുന്നം. ഉരുണ്ട ശരീരവും, വലിയോരു ബാഗുമായി ഈയുള്ളവന്‍ സ്റ്റേഷനിലേക്ക് പ്രവേശിച്ചു. 10 മിനുട്ടിനകം കൊച്ചിയില്‍ നിന്ന് ഷൊര്‍ണ്ണൂര്‍ക്ക് പോകുന്ന പാസഞ്ചര്‍ ട്രയിന്‍ ആഗതനായി. ഷൊര്‍ണ്ണൂര്‍ വരെ അതില്‍, അവിടുന്ന് മംഗലാപുരത്തേക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റിനാണ് അടുത്ത യാത്ര.10:45 ഷൊര്‍ണ്ണൂര്‍ ജംഗ്ഷന്‍.


മുന്നറിയിപ്പുകാരി ചേച്ചി വിളിച്ചു പറഞ്ഞു “ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തൃശ്ശൂരില്‍ നിന്ന് ഒരു തടിയന്‍ ചെക്കനേയും വഹിച്ച് കൊണ്ട് വരുന്ന കൊച്ചിന്‍- നിലമ്പൂര്‍ പാസഞ്ചര്‍ ട്രയിന്‍ അല്‍പ്പസമയത്തിനകം എത്തിച്ചേരും.” വരാനിരിക്കുന്ന വലിയ വിപത്തിനെയോര്‍ത്ത് സ്റ്റേഷനിലെ ജനം അസ്വസ്ഥരായി. ഒരു തടിയന്‍ വരുന്നു എന്ന അനൌണ്‍സ്മെന്റ് കേട്ട സ്റ്റേഷനിലെ ചായ കച്ചവടക്കാര്‍ക്ക് ആവേശമായി. “ചായ.. ചായ, കാപ്പി.., ചായ വട സമൂസ, പഴമ്പൊരീ..” തുടങ്ങിയ സൂക്തങ്ങള്‍ മുഴക്കി അവരെനിക്ക് സ്വാഗതമേകി. ആദ്യം കണ്ട ഒരാളില്‍ നിന്നും മുഴുത്ത ഒരു പഴമ്പൊരിയും, ഒരു പരിപ്പുവടയും വാങ്ങിച്ച് അവര്‍ക്ക് ഞാന്‍ പിന്തുണ പ്രഖ്യാപിച്ചു.


11:15 അനൌണ്‍സ്മെന്റ് ചേച്ചി വീണ്ടും കിടന്നു കാറി. “ യാത്രക്കാരേ.. ശ്രദ്ധിക്കണെ.. പൂ..യ്.. മംഗലാപുരത്തേക്കുള്ള കൊയമ്പത്തൂര്‍ ഫാസ്റ്റ് ഇപ്പം വരുംട്ടാ....” നമ്മളിതെത്ര കേട്ടിരിക്കുണു എന്നമട്ടില്‍ ഒരു പരിപ്പുവടേം കൂടി മേടിച്ച് ഞാന്‍ സ്റ്റേഷനിലെ മേല്‍പ്പാലത്തിനു മുകളിലേക്ക് കയറി. റയില്‍വേ സ്റ്റേഷന്റെ ഏരിയല്‍ ദൃശ്യങ്ങള്‍ ആസ്വദിച്ച് അവിടെ അങ്ങിനെ നിന്നു. അതിനിടേല്‍ അനൌണ്‍സ്മെന്റെകാരി ചേച്ചി ഒന്നൂടെ നിലവിളിച്ചതൊന്നും ശദ്ധിച്ചുമില്ല.


11:35 രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലേക്ക് കോമ്രേഡ് തീവണ്ടി എത്തി. മേല്‍പ്പലത്തിനു മുകളില്‍ നിന്ന് ഉരുണ്ടുരുണ്ട് ഇറങ്ങൊമ്പോളേക്കും നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ മറ്റൊരുതീവണ്ടിയും ഓടിപ്പാഞ്ഞ് കിതച്ച് നിന്നു. ഏതാണ് എന്റെ വ്ണ്ടി എന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ലായിരുന്നു. നേരെ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലെ വണ്ടിയിലോട്ട് വലിഞ്ഞു കയറി.11:45 കോമ്രേഡ് തീവണ്ടി അരകിന്റലോളം ഭാരമുള്ള ഈയുള്ളവനേയും പേറി ഞരങ്ങിക്കൊണ്ട് മുന്നോട്ട് നീങ്ങി. ഒരു അടിപൊളിയാത്ര... ബാ‍ക്ക് ഗ്രൌണ്ടില്‍ കൂ കൂ.. കൂ കൂ.. തീവ്ണ്ടി കൂകിപ്പായും തീവണ്ടി.. എന്ന ഗാനം വിനീത് ശ്രീനിവാസന്റെ ശബ്ദത്തില്‍. എന്തായാലും തീവണ്ടിപ്പാട്ട് കേട്ടതോണ്ടാകണം നല്ലൊരു ഉറക്കം പാസാക്കി ഈയുള്ളവന്‍. കുംഭകര്‍ണ്ണസേവ കഴിഞ്ഞ് എഴുന്നേറ്റപ്പോളെക്കും വണ്ടി സ്റ്റേഷനിലെത്തി. ഒറ്റയ്ക്ക് വിജയകരമായി തൃശ്ശൂര്‍ യാത്ര നടത്തിയ സന്തോഷത്തില്‍ ഈയുള്ളവന്‍ ബാഗും തൂക്കി പുറത്തേക്കിറങ്ങി. പക്ഷേ ആവേശം മുഴുവന്‍ കെട്ടത് അപ്പോളായിരുന്നു. കൊയമ്പത്തൂര്‍ റയില്‍വേസ്റ്റേഷന്‍. സമയം ഉച്ച ഉച്ചര ഉച്ചേമുക്കല്. തലയ്ക്ക് കയ്യും വച്ച് ഞാനവിടെ ആസനസ്ഥനായി. ഇനിയെന്തു വേണ്ടൂ എന്നറിയാതെ കരച്ചിലിന്റെ വക്കത്തെത്തി നില്‍ക്കുന്ന ഞാന്‍ അന്ന് ആദ്യമായി ദൈവത്തെ നേരില്‍ കണ്ടു.

കഷണ്ടിത്തലയും, കൊമ്പന്‍ മീശയും, ഹാഫ്ക്കയ്യന്‍ വരയന്‍ ഷര്‍ട്ടും,നീല നിറത്തിലുള്ള ലുങ്കിയുമുടുത്ത് സാക്ഷാല്‍ ദൈവം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് മൊഴിഞ്ഞു;

“ മകനെ...... നിനക്കെന്തു വരമാണു വേണ്ടത്...?”

അതുകൂടി കേട്ടതോടെ ഞാന്‍ പൊട്ടിക്കരഞ്ഞോട് പറഞ്ഞു. “എനിക്കെന്റെ അമ്മേക്കാണണം...”

ചെറിയ ഒരു സ്മയിലോടെ ദൈവം വീണ്ടും പറഞ്ഞു..” ഇത്രേം ഉരുണ്ട ശരീരവും വച്ച് ഇവിടെ കുത്തിയിരുന്ന് കരഞ്ഞാല്‍ നിനക്ക് നിന്റെ അമ്മയെ കാണാനൊക്കുമോ..? മകനെ... 2:30ന് മൂന്നാമത്തെ പ്ലാറ്റ്ഫോമില്‍ നിന്ന് പുറപ്പെടുന്ന കണ്ണൂര്‍ പാസഞ്ചറില്‍ കയറുക നിനക്ക് നിന്റെ നാട്ടിലെത്താം”

എന്തായലും ദൈവം കാണിച്ചു തന്ന വഴി പെരുവഴിയായില്ല. രാത്രി 9:30 ആയപ്പോളെക്കും കഷ്ടിച്ച് കണ്ണൂരെത്തി. പിന്നെ ബസ്സ്റ്റാന്റില്‍ ചെന്ന് ബ്സ്സുകയറി തളിപ്പറമ്പ് എത്തി, അവിടുന്ന് ഓട്ടോ പിടിച്ച് ഇല്ലത്തെത്തിയപ്പോളേക്കും സമയം 10;30.

പക്ഷേ ചെന്നുകേറുമ്പോ മുറ്റത്ത് പതിവില്ലാത്ത ആള്‍ക്കൂട്ടം. കരച്ചിലിന്റെ വക്കത്ത് അച്ഛനും അമ്മയും. സമാധാനിപ്പിക്കാന്‍ നാട്ടുകാര്‍. അതിനിടയിലേ‍ക്കാണ് കോമ്രേഡ് തല്ലുകൊള്ളി തല്ല് ഏറ്റുവാങ്ങാന്‍ തയ്യറായി രംഗപ്രവേശനം ചെയ്തത്.

രണ്ടു കിട്ടിയാല്‍ എന്താ ഇല്ലത്ത് തിരിച്ചെത്ത്യല്ലോ എന്ന ആശ്വാസത്തില്‍ ഞാന്‍. പെരുംതൃക്കൊവിലപ്പനുള്ള വഴിപാടിനു കാശ് മാറ്റിവയ്ക്കുന്ന അച്ഛനുമമ്മയും...എന്തായാലും ചരിത്രപ്രസിദ്ധമായ ഈ യാത്രയില്‍ കോമ്രേഡ് തല്ലുകൊള്ളി 2 കാര്യങ്ങള്‍ പഠിച്ചു.1) ഷൊര്‍ണ്ണൂര്‍ റയില്‍വേസ്റ്റേഷനില്‍ ചെന്നാല്‍ മേല്‍പ്പാലത്തില്‍ കയറിനിന്ന് ഏരിയല്‍ ദൃശ്യങ്ങള്‍ ആസ്വദിച്ച് നില്‍ക്കരുത്. അഥവാ നിന്നാല്‍ മുന്നറിയിപ്പുകാരി ചേച്ചിയുടെ അനൌണ്‍സ്മെന്റ് ശ്രദ്ധിക്കണം.2) ഇനിയും ഇതുപോലെ വഴിതെറ്റി കൊയമ്പത്തൂര്‍ റയില്‍വേസ്റ്റേഷനിലെത്തി സങ്കടപ്പെട്ടിരുന്നാല്‍ വരയന്‍ഹാഫ്കൈ ഷര്‍ട്ടും നീല ലുങ്കിയുമുടുത്ത് വഴികാണിക്കനായി ദൈവം എത്തിക്കോളും.

8 comments:

Surya said...

ഇതെപ്പ സം ഭവിച്ച്? കൊള്ളാം. എഴുതൂ മച്ചുനാ, എഴുതൂ.....പിന്നേം പിന്നേം എഴുതൂ. എഴുതിത്തെളിയട്ടെ! എന്നാലും ആ announcement 'ദാ, ഇപ്പൊ വരുംട്ടോ...' എവിടെയോ കേട്ട് പരിചയം ഉണ്ടല്ലോ!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മുഴങ്ങിക്കേട്ട സൂക്തങ്ങള്‍ ഭയങ്കരം...

തല്ലുകൊള്ളി said...

സൂര്യോപ്പോളേ... അതെ ആ അനൌണ്‍സ്മെന്റ് ശ്രീജിത്തേട്ടന്റെ സംഭാവന തന്നെ..
ഒരു അവസരം കിട്ടിയപ്പോ എടുത്തിട്ട് അലക്കി എന്നു മാത്രം..

yadu said...

Dear Jayettan
All times you amazez me with your new thallukollitharams.. its reali great.. [Thallokollikal jayikkatte jayettan ezhuthatte ennalalle namukk chiriykaan pattu...]

Pradeep said...

Ugranaayittundu maasheeeee kollam
kalakkiyittundu

നിരക്ഷരന്‍ said...

പ്രിയ പറഞ്ഞതിനോട് യോജിക്കാതെ വയ്യ.

sreesobh eravimangalam said...

enthu cholvu njaan innaho.....?
enthoru....mahaanubhaavaloooo....!!

കാക്ക said...

എങ്കിലും ആ തടി ഒരു കേടും കു‌ടാതെ തിരിച്ചു വീട്ടില്‍ എത്തിയല്ലൊ. കാക്കക്കാട്ടു പഗവതീടെ ഓരോ ലീലാവിലാസങ്ങളെ...:)