Thursday, December 27, 2007

മംഗലശ്ശേരി നീലകണ്ഠന്‍ vs മുണ്ടയ്ക്കല്‍ ശേഖരന്‍

തളിപ്പറമ്പിനടുത്ത് തലോറയെപ്പറ്റി മറുനാട്ടുകാരറിഞ്ഞിരുന്നത് 2 തലതെറിച്ചവന്മാരുടെ “(കു)പ്രസിദ്ധി”കൊണ്ടായിരുന്നു. അതിലൊന്ന് മറ്റാരുമല്ല ഈയുള്ളവന്‍ തന്നെ. നാടും നഗരവും കുട്ടിച്ചോറാക്കി ഒടുവില്‍ ബ്ലോഗ ലോകത്തെതന്നെ കുളംതോണ്ടാന്‍ എത്തിയിട്ടുള്ള സാക്ഷാല്‍ ജയനാരായണന്‍. മറ്റേയാള്‍ എന്നോളം പ്രശസ്തനല്ലെങ്കിലും തല്ലുകൊള്ളിത്തരത്തില്‍ എന്നോളം തന്നെ പോന്നവന്‍. തല്‍ക്കലത്തേക്ക് നമുക്കയാളെ പുത്തലം ബാബു എന്നു വിളിക്കാം. (ഇതില്‍ അദ്ദേഹത്തിന്റെ യഥാര്‍ഥനാമം എഴുതി എന്നു പറഞ്ഞ് പുള്ളിക്കാരനിനി വിഷമമാകണ്ടല്ലോ.) എന്തായാലും തലോറനാട്ടില്‍ ഈയുള്ളവനോട് മുട്ടാന്‍ അന്നും ഇന്നും ചങ്കൂറ്റമുള്ള ഒരുത്തന്‍. മംഗലശ്ശേരി നീലകണ്ഠന്‍ മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നപോലെ. അടിതടകളില്‍ ഒപ്പത്തിനൊപ്പം. വീട്ടുകാര്‍ക്ക് തലവേദന. നാട്ടുകാര്‍ക്ക് പേടിസ്വപ്നം.
അതിനിടയ്ക്കണ് നാട്ടുകാരുടെ പൊതു വികാരം മാനിച്ച് മഹത്തായ ഒരു ദൌത്യം എന്റെ പിതാശ്രീ എറ്റെടുത്തത്. എന്നെ നേരെയാക്കുക. അച്ഛന്റെ തീരുമാനമറിഞ്ഞ് ഞട്ടിത്തരിച്ച പലരും പറഞ്ഞു,
“ന്റെ രജേട്ടാ‍.. നിങ്ങളിതെന്തു ഭാവിച്ചാ.. അപ്പൂനെ നേരെയക്കുകയോ..? കാര്യമൊക്കെ കാര്യംതന്നെ. ഇത തലോറനാടിന്റെ മൊത്തം ആവശ്യമാണ്. പ്ക്ഷേ ഇരുതലയുള്ള വാള്‍ നക്കുക, തീ തുപ്പുന്ന വ്യാളിയുടെ മുഖത്ത് ഉമ്മ വയ്ക്കുക തുടങ്ങിയ ഭീകര കലാപരിപാടികള്‍ ഏറ്റെടുക്കുന്നതുപോലും ഇത്രേം റിസ്കില്ല. വെറുതെ എന്തിനാ കൂട്ടിയാല്‍ കൂടാത്ത പരിപാടി ഏറ്റെടുക്കുന്നത്? തടി കേടാവുന്ന ഏര്‍പ്പാടാണ്!”

ഇതുകൂടിക്കേട്ടപ്പൊ അച്ഛനും വാശിയായി. എന്നെ ചട്ടം പഠിപ്പിച്ചേ അടങ്ങൂ എന്ന മഹത്താ‍യ തീരുമാനം അച്ഛന്‍ കൈകൊണ്ടു. എന്നെ അക്ഷരാര്‍ത്ഥത്തില്‍ കോലിന്മേല്‍ നിര്‍ത്തുകയായിരുന്നു പിന്നെ അച്ഛന്‍. അടി കൊണ്ട് കാലിന്റെ തോലു പോകാതിരിക്കാന്‍ വള്ളി ട്രൌസറിനു മുകളില്‍ കവുങ്ങിന്‍പാള വച്ച് കെട്ടേണ്ടിവരും എന്ന അവസ്ഥയായപ്പോള്‍ ഞാനാ‍ തീരുമാനമെടുത്തു. തല്‍ക്കാലത്തേക്കെങ്കിലും ഒരു നല്ലനടപ്പ്. വന്‍ വിജയമായിരുന്നു നല്ലനടപ്പ്. 6മാസം കൊണ്ട് നാട്ടിലെ ഏറ്റവും തലതെറിച്ചവന്‍ എന്ന പേര് എറ്റവും മിടുക്കന്‍ എന്നതിലേക്ക് ഞാന്‍ മാറ്റിയെടുത്തു. അച്ചടക്കം,വിനയം. ഇവനെ കണ്ടുപഠിക്ക് എന്ന് നാട്ടിലെ മുതിര്‍ന്നവര്‍ മറ്റുകുട്ടികളോട് പറഞ്ഞുതുടങ്ങി. അച്ഛനെ നാട്ടുകാര്‍ അഭിനന്ദനം കൊണ്ട് മൂടി. “രാജേട്ടാ സമ്മതിച്ചു.. എന്നാലും നാട്ടുകാരുടെ ഒരു പൊതു ആവശ്യം വിജയകരമായി നിറവേറ്റിയല്ലൊ..”

പക്ഷേ കോമ്രേഡ് നീലകണ്ഠന്റെ വീഴ്ച്ച അതിലും വലിയ അരാജകത്വം നാട്ടില്‍ സൃഷ്ടിക്കുകയായിരുന്നു. നമ്മടെ കോമ്രേഡ് മുണ്ടയ്ക്കല്‍ ശേഖരന്‍ നീലകണ്ഠന്റെ വീഴ്ച്ച ആഘോഷമാക്കി. ബൈപോളാര്‍ തലോറ യുനിപോളാര്‍ തലോറയായി. ശീതയുദ്ധകാല‍ഘട്ടത്തിനു ശേഷമുള്ള ലോകത്തിന്റെ അവസ്ഥയായി തലോറനാട്ടില്‍. ജനം പൊറുതിമുട്ടി. മുന്‍പ് ഏറ്റുമുട്ടലുകള്‍ നേര്‍ക്ക് നേരായിരുന്നത് പ്രതിയോഗി ഇല്ലതായതോടെ നാട്ടുകാര്‍ക്ക് നേരെയാക്കി നമ്മുടെ മുണ്ടയ്ക്കല്‍ശേഖരന്‍. പൊന്തക്കാട്ടില്‍ ഒളിച്ചിരുന്ന് വഴിയാത്രക്കാര്‍ക്ക് കല്ലെറിയല്‍, റോഡ്സൈഡില്‍ പാര്‍ക്ക് ചെയ്ത പഴയ ലാംബി ഓട്ടോയുടെ പെട്രോള്‍ടാങ്കില്‍ കല്ലുപ്പു നിറയ്ക്കുക, അടുത്തവീട്ടിലെ പട്ടിക്ക് ഉള്ളില്‍ മൊട്ടുസൂചി വച്ച ഉണക്കമീന്‍ കൊടുക്കുക. കൊഴിക്കൂട്ടില്‍ എലിവിഷം വയ്ക്കുക തുടങ്ങിയ കലാപരിപാടികളിലൂടെ ശേഖരന്‍ നാട്ടില്‍ അരാജകത്വം അഴിച്ചുവിട്ടു.

ഒരിക്കല്‍ നീലകണ്ഠന്റെ പതനം നേരിട്ട് ആസ്വദിക്കാന്‍ എന്റെ മുന്നിലുമെത്തി കോമ്രേഡ് ശേഖരന്‍. “എന്നോ എന്റെ കാലില്‍തറച്ച മുനയൊടിഞ്ഞ മുള്ളുമാത്രമാണു എനിക്ക് നീ... ആ മുള്ളിന് ഇനി എന്നെ കുത്തി നോവിക്കനാവില്ല; വഴിമാറെടാ മുണ്ടയ്ക്കല്‍ ശേഖരാ.....”
എന്ന ഡയലോഗ് പറഞ്ഞ് ഞാനവനെ അന്ന് വെറുതേ വിട്ടു. പക്ഷേ അഹങ്കാരത്തിന്റെ ആള്‍ രൂപമായി ശേഖരന്‍ നാട് കുട്ടിച്ചോറാക്കി. ഒടുവില്‍ മംഗലശേരി നീലക്ണ്ഠനും മുണ്ടയ്ക്കല്‍ ശേഖരനും തമ്മിലുള്ള യുദ്ധം തലോറ നാട്ടില്‍ അനിവാര്യമായി വന്നു... സാക്ഷാല്‍ദേവാസുരയുദ്ധം”.

1992 ജൂണ്‍..

മഴ ആഘോഷമാക്കാറുള്ള കാലം. കനത്ത മഴപെയ്താല്‍ തലോറ നാട്ടിലെ പാടം മുഴുവന്‍ വെള്ളത്തിനടിയിലാകും. മലവെള്ളപ്പാച്ചിലില്‍ കുപ്പം പുഴ നിറഞ്ഞു കവിയുന്നതാണ് കാരണം. കുട്ട്യോള്‍‍ക്കത് ഉത്സവകാലമാണ്. വാഴത്തട കൂട്ടികെട്ടിയ ചങ്ങാടമുണ്ടാക്കി ഞങ്ങള്‍ വെള്ളപ്പൊക്കം കാണാനിറങ്ങും. മലവെള്ളത്തിലൊലിച്ചു വരുന്ന തേങ്ങ പച്ചക്കറികള്‍ തുടങ്ങിയവ സംഭരിക്കലാണ് ഏറ്റവും വലിയ വിനോദം. ഇതിനാണെങ്കില്‍ കുട്ട്യോള്‍ തമ്മില്‍ മത്സരവുമാണ്. ഏറ്റവും സാധനങ്ങള്‍ ആര്‍ക്ക് കിട്ടുന്നു എന്നതാണ് വിജയിയെ നിശ്ചയിക്കുന്നത്. അത്തരമൊരു മഴക്കാലത്താണ് തലോറനാട് ദേവാസുര യുദ്ധവേദിയായി കോമ്രേഡ് നീലക്ണ്ഠനും കോമ്രേഡ് ശേഖരനും തിര്‍ഞ്ഞെടുക്കുന്നത്.

ഇടവപ്പാതി മഴ ഇത്തവണ ഇത്തിരി കനത്തു. മഴ കനത്തപ്പോള്‍ ജില്ലാ കലക്ടര്‍ 2 ദിവസം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പതിവു കലാപരിപാടിയുമായി ഞങ്ങള്‍ ഇറങ്ങി. പക്ഷേ പതിവിനു വിപരീതമായി ഇത്തവണ ശേഖരന്‍ രംഗത്ത്. ഞാനും എന്റെ അനിയനും എത്തുന്നതും കാത്ത് വാഴത്തട ചങ്ങാടവുമായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ കൂട്ടുകാരെ കൈകാര്യം ചെയ്യുകയായിരുന്നു കക്ഷി. എന്നെ ക്ണ്ടതോടെ സഖാവിനു കലിപ്പുകൂടി. ചങ്ങാടത്തില്‍ കയറാന്‍ ശ്രമിച്ച അനൂനെ കക്ഷി വെള്ളത്തില്‍ തള്ളിയിട്ടു.
ഞാന്‍ മീശ പിരിക്കുന്നതിനു പകരം വള്ളി ട്രൌസര്‍ കേറ്റി മസിലുപിടിച്ച് ഒരലക്കന്‍ ഡയലോഗൊന്നു കാച്ചി.

“ശേഖരാ.. നിന്നെ തോടാത്തത് എന്റെ കഴിവുകേടായി നീ കരുതിയെങ്കില്‍ തെറ്റി. നീലകണ്ഠനിപ്പോ ജീവിക്കാന്‍ പഠിക്കുകയാ.. അല്ലേല്‍ കഴിഞ്ഞ തവണ മുട്ടിയപ്പോതന്നെ മോഹന്‍ലാലിന്റെ മാതിരി ശെഖരന്റെ കയ്യ് ഞാന്‍ വെട്ടിയേനേ.., അനൂനെ വിട് ധൈര്യമുണ്ടെങ്കില്‍ നീ എന്നോട് മുട്ടാന്‍ വാ”.

പ്ക്ഷേ.. ശേഖരനിതെത്ര കണ്ടതാ... അനൂനെ അവന്‍ വെള്ളത്തിലിട്ട് മുക്കി. അതോടെ അങ്കക്കലിമൂത്ത് ഞാന്‍ അവന്റെ നേര്‍ക്ക് ചാടി. മൂട്ടു മടക്കി വയറ്റിനിട്ട് ഒരെണ്ണം. എന്നിട്ട് അനുവിനെ വലിച്ച് കറയ്ക്കു കേറ്റി. ഏന്നിലെ നീലകണ്ഠന്‍ ആടുതോമയും കടന്ന് പൂമുള്ളി ഇന്ദുചൂഡനായി. സാക്ഷാല്‍ നരസിംഹാവതാരം.

“ മോനെ ദിനേശാ... 6 മാസം. 6 മാസത്തെ ഇടവേള ക്ഴിഞ്ഞ് ഞാന്‍ വന്നു. ചില കളികള്‍ കളിക്കാനും ചിലത് കളിപ്പിക്കാനും... നീ പോ.. നീ പോ മോനേ ദിനേശാ...”

യെവടെ.. ശേഖരന്‍ രണ്ടും കല്‍പ്പിച്ചാ വ്ന്നേക്കുന്നെ.. അവന്‍ എനിക്കിട്ടൊരെണ്ണം ചാമ്പി. അതുകൂടിയായപ്പോ ഞാന്‍ അവനെ തൂക്കിയെടുത്ത് വെള്ളത്തിലേക്കിട്ടു. എന്നിട്ട് അവന്റെ മുക്കളില്‍ കയറി ഇരുന്നു. ശേഖരന്‍ ശ്വാസം മുട്ടി പീടഞ്ഞു... ഒടുവില്‍ ദയ തോന്നി ഞാന്‍ എഴുന്നേറ്റു. അവനെ വലിച്ച് കരയ്ക്കിട്ടു. എന്നിട്ട് വീണ്ടും കാച്ചി ഒരു ഡയലോഗ്...

“ ശേഖരാ... ഇന്ന്; ഈ നിമിഷം; തല്ലുകൊള്ളിത്തരമവസനിപ്പിച്ച് നല്ല നടപ്പിന് തയ്യാറായാല്‍ നിനക്ക് നന്ന്. ഈനാട്ടില്‍ ഒരു തല്ലുകൊള്ളി മതി. അതിനു ഞാനുണ്ട്. എന്റെ പരിധി കയ്യേറാന്‍ ഇനിയെങ്ങാനും വന്നാല്‍ മോനെ ദിനേശാ പച്ചയ്ക്ക് കൊളുത്തും ഞാന്‍.....”

ദേവാസുര യുദ്ധത്തോടെ തലോറനാട് ശാന്തമായി. പക്ഷേ തല്ലുകൊള്ളിത്തരത്തില്‍ നിന്ന് ഹീറോയ്യിസത്തിലേക്കുള്ള ഈയുള്ളവന്റെ വളര്‍ച്ച തുടങ്ങി എന്ന് മാത്രം പ്രിയ ബ്ലോഗ്ഗ് വായനക്കാര്‍ കരുതരുത്. എത്ര കിടക്കുന്നു ഇനിയും വീരേതിഹാസങ്ങള്‍...

7 comments:

Unknown said...

കൂട്ടുകാരേ... തല്ലുകൊള്ളിത്തരത്തില്‍ നിന്ന് ഹീറോയിസത്തിലേക്കുള്ള ഈയുള്ളവന്റെ വളര്‍ച്ചയല്ലിത്.. ചുമ്മാ ഒരു നല്ലനടപ്പ്..
അഭിപ്രായം പരയുമല്ലോ?

ഭൂമിപുത്രി said...

എന്റമ്മെ!ഇത്രയും വലിയ കഥാപാത്രമാണോ ജയനാ‍രായണന്‍?
Word verification കമന്റുകള്‍വരാന്‍ തടസമാകുമെന്ന ഒരു tip എനിയ്ക്കു കിട്ടിയിട്ടുണ്ട്ട്ടൊ

രാജന്‍ വെങ്ങര said...

എടാ തലോറ തല്ലുകൊള്ളീ.......നീ ആളോരു പ്രസ്ഥാനാണല്ലോ..
എഴുത്തു..നന്നായി കസറി കേട്ടോ.....
വരട്ടെ..
നിന്റെ വീരേതിഹാസങ്ങള്‍.
വീരശൂരപരാക്രമകഥകള്‍.

ഈ വേഡ് വെരിഫിക്കേഷന്‍ മാറ്റിയില്ലെങ്കില്‍ നീ എന്റെ കയ്യ്യിന്നും വാങ്ങും പറ‍ഞ്ഞേക്കാം..

Anonymous said...

cool work yaar.....keep it up...

rasmi said...

sarikkum nannayi........nallonam chirichu...!! keep it up, jaya

നിരക്ഷരൻ said...

ആളൊരു കഥാപാത്രമാണല്ലേ ?

Ranjith chemmad / ചെമ്മാടൻ said...

കൊള്ളാമപ്പീ താങ്കള്‍ ഒരു 'ഉഗ്രപ്രതാപി'യായി വളരട്ടെയെന്നാശംസിയ്ക്കുന്നു...